Sunday, November 9, 2008

പ്രിയപ്പെട്ട ഡോക്ടര്‍, ദയവായി എന്നെ രക്ഷിയ്ക്കൂ...

പ്രിയപ്പെട്ട ഡോക്ടര്‍,

വാരികയിലെ മനശ്ശാസ്ത്രജ്ഞനോട്‌ ചോദിക്കൂ എന്ന പംക്തി സ്ഥിരമായി വായിക്കാറുണ്ടെങ്കിലും ഞാന്‍ ആദ്യമായാണ്‌ ഒരു കത്തെഴുതുന്നത്‌. കുറച്ചു ദിവസമായി എന്നെ അലട്ടുന്ന നീറുന്ന ഒരു പ്രശ്നത്തിനു പരിഹാരം തേടിയാണ്‌ ഈ കത്ത്‌.

ഏതാനും ആഴ്ചകള്‍ക്കുമുന്‍പ്‌ കുറേദിവസം യൂറോപ്പിലൂടെ സഞ്ചരിച്ച്‌ അവിടുത്തെ അനുഭവങ്ങളുമായി നാട്ടില്‍ തിരിച്ചെത്തിയശേഷമാണ്‌ എന്റെ അസുഖം ആരംഭിച്ചത്‌.(നാട്ടിലെത്തിയതില്‍പ്പിന്നെ "യൂറോപ്പിലൂടെ" എന്നപേരില്‍ കുറെ ബ്ലോഗ്‌ പോസ്റ്റുകള്‍ നടത്തിയെങ്കിലും, എന്റേയും മറ്റു ബ്ലോഗര്‍മാരുടേയും ഭാഗ്യത്തിനു അവ ആരും ശ്രദ്ധിക്കാത്തതിനാല്‍ അതു മൂലം വലിയ പ്രശ്നം ഉണ്ടായില്ല)പക്ഷേ ഗുരുതരമായ പ്രശ്നം തുടരുകയാണ്‌.

ഇപ്പോള്‍ ഏതൊരു കാര്യം കണ്ടാലും അതെല്ലാം യൂറോപ്പിലേതുമായി താരതമ്യം ചെയ്ത്‌ സംസാരിക്കാനുള്ള ഒരു പ്രവണതയുടെ പിടിയില്‍പ്പെട്ട്‌ ഞാന്‍ ഉഴലുകയാണ്‌. ഉദാഹരണത്തിനു വാഹനബാഹുല്യം കൊണ്ട്‌ ഉണ്ടാകുന്ന റോഡ്‌ ബ്ലോക്കും, കാതടപ്പിക്കുന്ന ഹോണടിയും കണ്ടാല്‍ ഉടനെ ഞാന്‍ പറയുന്നു:

"എന്തൊരു കഷ്ടമാണിത്‌. ഇരുപത്‌ ദിവസത്തെ യൂറോപ്പിലെ യാത്രക്കിടയില്‍ ഒരിക്കല്‍പോലും ഇങ്ങിനെയൊരു കാഴ്ച കാണേണ്ടിവന്നിട്ടില്ല.അവിടെ എത്ര അച്ചടക്കത്തോടെയാണ്‌ വാഹനങ്ങള്‍ കാത്തുനില്‍ക്കുന്നത്‌.തിക്കിത്തിരക്കി ജാമാക്കാതെ ഒന്നിനുപിറകെ ഒന്നായി ക്ഷമാപൂര്‍വം അവര്‍ കാത്തുനില്‍ക്കുന്നു. ഇരുപത്‌ ദിവസത്തിനുള്ളില്‍ ഒരിക്കല്‍ പോലും ഒരു ഹോണടിശബ്ദം കേട്ടിട്ടില്ല നമ്മള്‍ അതൊക്കെ കണ്ടു പഠിയ്ക്കേണ്ടതാണൂ "

ഇനി റോഡിലെ മാലിന്യങ്ങളും അഴുക്കുവെള്ളവും മറ്റും കണ്ടാല്‍ ഉടന്‍ ഞാന്‍ ഇങ്ങനെ പറയാന്‍ തുടങ്ങുന്നു:

"ശ്ശോ വല്ലാത്തൊരു ഗതികേടുതന്നെ. എന്തൊരു വൃത്തികേട്‌? ലണ്ടനിലേയും ആംസ്റ്റര്‍ഡാമിലേയുമൊക്കെ റോഡു കണ്ടാല്‍ വീട്ടിലെ റൂമിനേക്കാള്‍ വൃത്തി. ഇവിടെ അങ്ങിനെയൊരു കാലം വരുമോ?"

ഇങ്ങിനെ പറഞ്ഞ്‌ പറഞ്ഞ്‌ പബ്ലിക്‌ ടോയ്‌ലറ്റിന്റെ കാര്യം വരെ പറഞ്ഞു പോകുന്നു:

"ഹോ! 'പേ ആന്റ്‌ യൂസ്‌' ടോയ്‌ലറ്റില്‍ കയറാന്‍ ഒരു യൂറോ കൊടുത്താലെന്താ, അതിന്റെ ഒരു വൃത്തിയും മെനയും നമുക്കു സ്വപ്നം കാണാന്‍ പറ്റാത്തതല്ലേ?"

ഡോക്ടര്‍, ഞാന്‍ ഉദാഹരണങ്ങള്‍ നീട്ടുന്നില്ല. ചുരുക്കത്തില്‍ പണ്ടൊരു കാര്‍ട്ടൂണില്‍ കണ്ടതു പോലെ " ഓ ഇവിടുത്തെ തേങ്ങയെല്ലാം എന്നാ തേങ്ങയാ, തേങ്ങയെല്ലാം അങ്ങ്‌ അമേരിക്കയിലുള്ളതല്ലിയോ സാക്ഷാല്‍ തേങ്ങ" എന്നു പറയുന്ന അവസ്ഥയിലെത്തുമോ എന്നാണ്‌ എന്റെ പേടി. ഇത്‌ ഒരുതരം മാനസികപ്രശ്നമാണെന്ന തിരിച്ചറിവ്‌ എനിക്കുണ്ട്‌ എന്ന് മാത്രമാണ്‌ ആകെയുള്ള സമാധാനം.

അതുകൊണ്ട്‌ എന്റെ പ്രിയപ്പെട്ട ഡോക്ടര്‍, എത്രയും വേഗം എന്റെ പ്രശ്നത്തിനു ഒരു പരിഹാരം വാരികയിലൂടെ നിര്‍ദേശിച്ച്‌ എന്നേയും എന്റെ കുടുംബത്തേയും രക്ഷിക്കണമെന്നു വിനീതമായി അപേക്ഷിക്കുന്നു.

നന്ദിയോടെ,
വിധേയന്‍

പി എസ്സ്‌: ഡോക്ടര്‍ കുറച്ചുകാലം യൂറോപ്പില്‍ പോയി പ്രാക്ടീസ്‌ ചെയ്തിരുന്നുവെന്ന് അറിയാം. "യൂറോപ്പിലെല്ലാം ഒരു അസുഖം വന്നാല്‍ ആദ്യം ഒരു ജനറല്‍ പ്രാക്ടീഷണറെ കണ്ട്‌ അദ്ദേഹത്തിന്റെ നിര്‍ദ്ദേശമനുസരിച്ച്‌ മാത്രമേ സ്പെഷലിസ്റ്റ്‌ ഇടപെടുകയുള്ളൂ. അതിനാല്‍ ഒരു ജി പി യെ കണ്‍സല്‍ട്ട്‌ ചെയ്യുക" എന്ന മറുപടി ദയവായി നല്‍കരുത്‌ എന്നുകൂടി അഭ്യര്‍ഥിക്കുന്നു.

No comments: