Friday, June 16, 2017

ചരിത്രത്തിലേയ്ക്കുള്ള വാതായനങ്ങൾ



1917 ലെ മഹത്തായ റഷ്യൻ വിപ്ളവം ലോക ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളിലൊന്നാണ്. വ്ളാഡിമർ ഇലിയിച്ച് ഉലിയാനോവ് എന്ന ലെനിൻ നേതൃത്വം നൽകി ബ്വോൾഷെവിക് പാർട്ടി വിജയത്തിലെത്തിച്ച ഒക്ടോബർ വിപ്‌ളവം, തുടർന്ന് സംസ്ഥാപിതമായ സോവിയറ്റ് യൂണിയൻ എന്ന രാഷ്ടം, രണ്ടാം ലോക മഹായുദ്ധത്തിൽ സോവിയറ്റ് യൂണിയൻ വഹിച്ച പങ്ക്, യുദ്ധാനന്തരം സാമ്രാജ്യത്ത നുകക്കീഴിൽനിന്ന് സ്വാതന്ത്ര്യം പ്രാപിച്ച നിരവധി രാഷ്ട്രങ്ങൾക്ക് അവർ നൽകിയ പിന്തുണയും സഹായങ്ങളും. ചരിത്ര വിദ്യാർത്ഥികൾ ശ്രദ്ധാപൂർവ്വം പഠിക്കുന്ന സംഭവങ്ങളാണിവയെല്ലാം. സാമ്പത്തിക രംഗത്തും, ശാസ്ത്ര സാങ്കേതിക, കലാ സാംസ്കാരിക കായിക രംഗങ്ങളിലുമെല്ലാം  മുൻനിരയിൽ സ്ഥാനമുറപ്പിക്കാൻ സോവിയറ്റ് യൂണിയനു കഴിഞ്ഞുവെന്നതും ചരിത്രം. ആന്തരികമായി നിലനിന്ന വിവിധ പ്രശ്നങ്ങളാൽ 1991ൽ സോവിയറ്റ് യൂണിയൻ തകരുകയും അംഗരാജ്യങ്ങൾ വിഘടിച്ചുപോവുകയും ചെയ്തു. സോവിയറ്റ് അംഗരാജ്യങ്ങളിൽ പ്രമുഖമായ റഷ്യ പതുക്കെ പതുക്കെ പഴയ പ്രതാപം വീണ്ടെടുത്തുകൊണ്ടിരിക്കയാണിപ്പോൾ

ദീർഘകാലമായി മനസ്സിൽ കൊണ്ടുനടക്കുന്ന സ്വപ്നമായിരുന്നു ഒരു റഷ്യൻ യാത്ര.  ആ സ്വപ്നം സാക്ഷാത്കരിച്ചത് കണ്ണൂർ മുഴപ്പിലങ്ങാട് കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വപ്നതീരം എന്ന ടൂർ ഓപ്പറേറ്റിങ്ങ്  സ്ഥാപനം തന്നെയായെന്നത് യാദൃച്ഛികം. പ്രിയ സുഹൃത്ത് ബാലൻ കുനിയിൽ വഴിയാണ് സ്വപ്നതീരത്തിലെ ഷിജിനിലേയ്ക്കെത്തുന്നത്. അങ്ങനെ മെയ് 22 മുതൽക്ക് 30 വരെ നീളുന്ന മോസ്കോ- സെന്റ് പീറ്റേർസ്‌ബർഗ്ഗ് യാത്രാ സംഘത്തിൽ ഞാനും നല്ലപാതിയും അംഗങ്ങളായി.

മെയ് 22 രാവിലത്തെ ശാരീരിക അവസ്ഥയും മോസ്ക്കോവിലെ കാലാവസ്ഥയും കണ്ടപ്പോൾ ഈ യാത്ര ആസ്വാദ്യകരമാകുമോ എന്നൊരു ആശങ്കയുണ്ടായിരുന്നു. എനിയ്ക്ക് കടുത്ത ജലദോഷവും നേരിയ പനിയും. മോസ്കോവിൽ കഴിഞ്ഞ രണ്ടു ദിവസമായി നല്ല മഴയാണെന്ന റിപ്പോർട്ട്. ശക്തിയേറിയ മരുന്നുകൾ കഴിച്ച് പനിയെ വരുതിയിലാക്കി വൈകീട്ട് ഞങ്ങൾ കൊച്ചിയിലേയ്ക്ക് പുറപ്പെട്ടു. നെടുമ്പാശ്ശേരിയിൽനിന്ന് ഖത്തർ എയർവേയ്സിൽ ദോഹ വഴിയാണ് മോസ്ക്കോവിലെയ്ക്കുള്ള യാത്ര. രാത്രി 12 മണിക്കു മുമ്പായി യാത്രാ സംഘാംഗങ്ങളായ 24 പേരും സ്വപ്നതീരം പ്രതിനിധി ഷിജിനും എയർപോർട്ടിൽ എത്തി. എയർപോർട്ടിലെ ചിട്ടവട്ടങ്ങൾ പൂർത്തിയാക്കി 23 നു രാവിലെ  3.30നു യാത്ര ആരംഭിച്ചു. ദോഹയിൽ ഇറങ്ങി ഒന്നര മണിക്കൂറിനു ശേഷം മോസ്കോവിലേയ്ക്ക്. പ്രാദേശികസമയം 12 മണിയ്ക്ക്  മോസ്കോ എയർപോർട്ടിലെത്തി. (ഇന്ത്ന്യിലെ സമയത്തേക്കാൾ രണ്ടര മണിക്കൂർ പിറകിലാണ് മോസ്കോ സമയം).  എമിഗ്രേഷൻ, സെക്യൂരിറ്റി ചെക്കിംഗ്, ബാഗേജ് കലക്ഷൻ എല്ലാം കഴിച്ച്  മോസ്ക്കോവിലെ താമസത്തിന് ഏർപ്പാടാക്കിയ ഹോട്ടലിൽ എത്തിയത് നാലു മണിയോടെ

ഞങ്ങൾ താമസിച്ച ഹോട്ടൽ കോസ്മോസ് ചരിത്രപ്രാധാന്യമുള്ള ഒന്നാണ്.. 1980 ലെ സമ്മർ ഒളിമ്പിക്‌സ് റഷ്യയിൽ നടന്നപ്പോൾ കായികതാരങ്ങൾക്ക് താമസിക്കാനായി നിർമ്മിച്ച വാസസ്ഥലങ്ങളിൽ ഒന്ന് കോസ്മോസ്  ഹോട്ടലായിരുന്നു. 25 നിലകളിലായി 1777 മുറികൾ ഉൾക്കൊള്ളുന്നതാണ് ഈ മനോഹര സൗധം. ഫ്രാൻസുമായുള്ള സൗഹൃദത്തിന്റെ പ്രതീകമായി ഫ്രഞ്ച് പ്രസിഡന്റായിരുന്ന  ചാൾസ് ഡിഗോളിന്റെ ഒരു കൂറ്റൻ ശിൽപ്പവും ഹോട്ടൽ മുറ്റത്ത് സ്ഥാപിച്ചിട്ടുണ്ട്.

കോസ്മോസ് ഹോട്ടൽ
കോസ്മോസ് ഹോട്ടൽ മറ്റൊരു ദൃശ്യം


യാത്രയാരംഭിക്കുമ്പോൾ ഭയപ്പെട്ടപോലെ മഴയുടെ ശല്യം ഉണ്ടായിരുന്നില്ല. സാമാന്യം തെളിഞ്ഞ അന്തരീക്ഷം തന്നെ. സുഖകരമായ തണുപ്പുണ്ട്. വൈകുന്നേരം/ രാത്രി ആകുമ്പോഴേക്കും തണുപ്പിന്റെ കാഠിന്യം വർദ്ധിക്കും. 8-9* C വരെയാകുമെന്നാണ് തോന്നുന്നത്. തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങൾ കരുതിയതിനാൽ വലിയ പ്രശ്നമുണ്ടാകില്ല. ഹോട്ടലിലേയ്ക്ക് പ്രവേശിക്കുന്നതിനു മുമ്പ് സുരക്ഷാ പരിശോധനയ്ക്കു വിധേയരാകണം. 

വിമാനത്താവളങ്ങളിലുള്ളതുപോലെ പെട്ടികളും ബാഗുകളും മറ്റും സ്ക്രീനിംഗ് നടത്തിയേ അകത്തു കടക്കാൻ പറ്റൂ. ഹോട്ടലിൽ ചെക്ക് ഇൻ ചെയ്യാൻ പാസ്സ്പോർട്ടുകൾ കൗണ്ടറിൽ കൊടുക്കണം. .
ചിട്ടവട്ടങ്ങൾ പൂർത്തിയാക്കി കോസ്മോസ് ഹോട്ടലിലെ ഇരുപതാം നിലയിൽ അനുവദിച്ച് മുറിയിൽ കയറി. സാമാന്യം നല്ല ഒരു മുറി. ചെറിയ ഒരു വിശ്രമം, കുളി എല്ലാം തീർത്ത് താഴെ ലോബിയിൽ വന്നു. സമയം വൈകീട്ട് അഞ്ചു കഴിഞ്ഞിരിക്കുന്നു. ഉച്ച ഭക്ഷണം കഴിച്ചിട്ടില്ല. ഇനി ഉച്ച ഭക്ഷണവും രാത്രി ഭക്ഷണവും കൂടി ഒരു “ലന്നർ” ആക്കാമെന്നു കരുതി. (ലഞ്ച് + ഡിന്നർ = ലന്നർ. ഒരു പുതിയ വാക്കു് കണ്ടു പിടിച്ചു. ബ്രേക്ക് ഫാസ്റ്റ് + ലഞ്ച് = ബ്രഞ്ച്  പോലെ ഒന്ന് !! )


ഭക്ഷണം കഴിച്ച് സംഘാംഗങ്ങൾ ഒന്നു നടക്കാനിറങ്ങി. ഹോട്ടലിന്റെ അരികെത്തന്നെയുള്ള വിദിൻഹാ (ഉച്ചാരണം ഇങ്ങനെത്തന്നെയോ എന്നുറപ്പില്ല !!) പാർക്കും എക്സിബിഷൻ സെന്ററും ലക്ഷ്യമാക്കി നടന്നു. പോകുന്ന വഴിയിൽത്തന്നെയാണ് കോസ്മോനോടിക്സ് മ്യൂസിയവും. പാർക്കിന്റെ ഭീമൻ പ്രവേശന കവാടവും ശിൽപ്പ ചാരുതയാർന്നതുതന്നെ. അതിനു മുകളിലായി കറ്റയേന്തിയ സ്ത്രീയും പുരുഷനും നിൽക്കുന്ന കൂറ്റൻ ശിൽപ്പവുമുണ്ട്. പാർക്കിന്നുള്ളിലെ കെട്ടിടത്തിന്റെ അറ്റകുറ്റപണികൾ നടന്നുകൊണ്ടിരിക്കയാണ്

കൾച്ചറൽ മ്യൂസിയവും അതിനു മുന്നിലെ  പ്രശസ്തമായ വർക്കർ ആന്റ് കോൽക്കോസ് വുമൻ (ചുറ്റികയേന്തിയ തൊഴിലാളിയും, അരിവാളേന്തിയ സ്ത്രീയും) എന്ന ശിൽപ്പവും പരിസരത്തു തന്നെയാണ്. 78 അടി ഉയരത്തിൽ സ്റ്റെയിൻലസ്സ് സ്റ്റീലിൽ പണികഴിച്ച ഈ ശിൽപ്പവും വിനോദ സഞ്ചാരികളുടെ പ്രത്യേകം ആകർഷിക്കുന്ന ഒന്നുതന്നെ 

കറ്റയേന്തിയ സ്ത്രീയും പുരുഷനും





വർക്കർ ആന്റ് കോൽക്കോസ് വുമൻ

വർക്കർ ആന്റ് കോൽക്കോസ് വുമൻ
വർക്കർ ആന്റ് കോൽക്കോസ് വുമൻ സ്മാരകത്തിനു മുന്നിൽ സംഘാംഗങ്ങൾ


സമയം വൈകീട്ട് 8 മണിയായി, പക്ഷെ സൂര്യൻ അസ്തമിച്ചിട്ടില്ല. ശക്തമായ തണുപ്പ്. സംഘാംഗങ്ങൾ പാർക്കിൽ നടത്തം തുടരുകയാണ്. ശരീരം പ്രതിഷേധിക്കാൻ തുടങ്ങിയതിനാൽ ഞാനും നല്ല പാതിയും ഹോട്ടലിലേയ്ക്ക് തിരിച്ചു നടന്നു. രാത്രി സുഖമായ ഉറക്കം.

മെയ് 24 നു രാവിലെ ഒമ്പതരയോടെ സംഘാംഗങ്ങൾ പുറത്തേക്കിറങ്ങി. രാവിലെ 
കോസ്മോനോടിക്സ് മ്യൂസിയം സന്ദർശിക്കുകയെന്നതാണ് പരിപാടി
351 മീറ്റർ ഉയരത്തിൽ 65 ഡിഗ്രി വളഞ്ഞ് നിൽക്കുന്ന അതിമനോഹരമായി രൂപകൽപ്പന ചെയ്ത ഒരു നിർമ്മിതിയടങ്ങുന്ന  കെട്ടിടസമുച്ചയത്തിലാണ് മ്യൂസിയം സ്ഥാപിച്ചിരിക്കുന്നത്.
സോവിയറ്റ് യൂണിയന്റെ ബഹിരാകാശ ഗവേഷണ-പര്യവേക്ഷണ ചരിത്രം ഇവിടെ വിശദമായി പ്രദർശിപ്പിച്ചിരിക്കുന്നു. വാലന്റിന ടെറസ്കോവ, യൂറി ഗഗാറിൻ, ലൈക്ക, സ്പുട്നിക്, സോയൂസ് പാഠപുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും പരിചിതമായ പേരുകളാണല്ലോ ഇവയെല്ലാം. ഇവയെക്കുറിച്ച്, ഇതിനപ്പുറം റഷ്യയുടെ ബഹിരാകാശ പര്യവേക്ഷണ ചരിത്രത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വിവരണങ്ങളും, ചിത്രങ്ങളും ശിൽപ്പ മാതൃകകളും ഈ മ്യൂസിയത്തിൽ കാണാം.


കോസ്മോനോടിക്സ് മ്യൂസിയം ഒരു ദൂരക്കാഴ്ച്ച
കോസ്മോനോടിക്സ് മ്യൂസിയം പുറത്തുനിന്ന്

കോസ്മോനോടിക്സ് മ്യൂസിയത്തിനുള്ളിൽ


കോസ്മോനോടിക്സ് മ്യൂസിയത്തിനുള്ളിൽ
യൂറി ഗഗാറിൻ

കോസ്മോനോടിക്സ് മ്യൂസിയത്തിനുള്ളിൽ
കോസ്മോനോടിക്സ് മ്യൂസിയത്തിനുള്ളിൽ

കോസ്മോനോടിക്സ് മ്യൂസിയത്തിനുള്ളിൽ



കോസ്മോനോടിക്സ് മ്യൂസിയം

സംഘാംഗങ്ങൾ കോസ്മോനോടിക്സ് മ്യൂസിയത്തിനു മുന്നിൽ

സെന്റ് പീറ്റേർസ് ബർഗ്ഗിലേയ്ക്ക്

ഉച്ച ഒന്നരയോടെ മെട്രോ ട്രെയിനിൽ മോസ്ക്കോ റെയിൽവേ സ്റ്റേഷനിലേയ്ക്ക്.. 1935 ലാണ് മോസ്കോവിൽ മെട്രോ ട്രെയിൻ സർവ്വീസ് ആരംഭിച്ചത്. മോസ്കോവിൽനിന്ന് സെന്റ് പീറ്റേർസ് ബർഗ്ഗിലേയ്ക്കുള്ള നോൺ സ്റ്റോപ്പ് തീവണ്ടിയിലായിരുന്നു യാത്ര. ഏതാണ്ട് 650 കി മി ദൂരം ( നമ്മുടെ തിരുവനന്തപുരത്തുനിന്ന്് കാസർകോട്ടേക്കുള്ളതിൽ അധികം ദൂരം) 4 മണിക്കൂർ സമയം കൊണ്ടു ഓടിയെത്തി

ബാൾട്ടിക് കടൽത്തീരത്തെ അതിമനോഹരമായ നഗരമാണ്  സെന്റ് പീറ്റേർസ് ബർഗ്ഗ്. റഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരം. ചരിത്രപ്രാധാന്യം കണക്കിലെടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം തന്നെ ഈ പുരാതന നഗരത്തിനാണെന്നു തോന്നുന്നു. യുനെസ്കോവിന്റെ ലോക പൈതൃക സ്ഥാനങ്ങളിൽ ( World heritage sites) ഈ നഗരവും ഇവിടത്തെ ഒട്ടേറെ സ്മാരക സൗധങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. റഷ്യയുടെ സാംസ്കാരിക തലസ്ഥാനമാണ് സെന്റ് പീറ്റേർസ് ബർഗ്ഗ് എന്ന് പറയാം.

ഈ തുറമുഖ നഗരത്തിന് വെനീസിനോട് ചില സാമ്യങ്ങളുണ്ട്. ജലസമൃദ്ധമായ നേവാ നദിയും അതിലേയ്ക്ക് ഒഴുകിയെത്തുന്ന നിരവധി ചെറു നദികളും കനാലുകളും അവയ്ക്കു കുറുകെയുള്ള ഒട്ടനവധി പാലങ്ങളും ഈ നഗരത്തിന്റെ മനോഹാര്യതയ്ക്ക് മാറ്റുകൂട്ടുന്നു. ഒരു ടൂറിസ്റ്റ് സൗഹൃദ നഗരമായ സെന്റ് പീറ്റേർസ്‌ബർഗ്ഗിൽ ജലയാത്ര ആസ്വദിക്കാനായി ഏറെയാളുകൾ എത്തുന്നുണ്ട്. പഴമയുടെ പാരമ്പര്യവും പ്രൗഢിയും നില നിർത്തുന്ന കെട്ടിട സമുച്ചയങ്ങളാണ് ഈ നഗരത്തിലുള്ളത്. ആധുനിക രീതിയിൽ പണിത അംബരചുംബികളായ കോൺക്രീറ്റ് നിർമ്മിതികൾ വിരളമാണെന്നു പറയാം.”മഹാനായ പീറ്റർ ചക്രവർത്തി”യും (Peter the great എന്നാണ് ഇവിടുത്തുകാർ സംബോധന ചെയ്യുന്നത്) അദ്ദേഹത്തിന്റെ പിൻഗാമികളും ഈ നഗരം സുന്ദരമായി പടുത്തുയർത്തുന്നതിൽ അഭിനന്ദനാർഹമായ പങ്കാണ് വഹിച്ചിട്ടുള്ളത്. സഞ്ചാരികളുടെ കണ്ണിനും മനസ്സിനും സംതൃപ്തി നൽ‌കുന്ന ഒട്ടനവധി കാഴ്ച്ചകൾ ഈ നഗരത്തിലുണ്ട്. ആദ്യകാലത്ത് സെന്റ് പീറ്റേർസ് ബർഗ്ഗ് എന്ന പേരിൽ അറിയപ്പെട്ട നഗരം പിന്നീട് പെട്രോഗ്രാഡും, പിന്നെ ലെനിൻഗ്രാഡുമായാണ് അറിയപ്പെട്ടിരുന്നത്. 1991നു ശേഷം വീണ്ടും സെന്റ് പീറ്റേർസ് ബർഗ്ഗ് എന്ന പേരിൽത്തന്നെ അറിയപ്പെടാൻ തുടങ്ങിയെന്നതും ചരിത്രം.

 
സെന്റ് പീറ്റേർസ് ബർഗ്ഗ് 

സെന്റ് പീറ്റേർസ് ബർഗ്ഗ് 


പീറ്റർഹോഫ്  കൊട്ടാരവും പൂന്തോട്ടവും

സെന്റ് പീറ്റേർസ്‌ബർഗ്ഗിലെ മനോഹരമായ ഒരു ടൂറിസ്റ്റ് ഡസ്റ്റിനേഷനാണ് പീറ്റർഹോഫ് കൊട്ടാര സമുച്ചയവും പൂന്തോട്ടവും. ഭാവനാപൂർണ്ണമായ കാഴ്ച്ചപ്പാടോടെ പ്രകൃതിയെ എങ്ങനെ അതിസുന്ദരമായി രൂപകൽപ്പന ചെയ്യാമെന്നതിന്റെ മറ്റൊരു ഉദാഹരണം. കൊട്ടാരക്കെട്ടിനു താഴെ രണ്ടു തട്ടുകളിലായി കണ്ണെത്താദൂരം നീണ്ടു കിടക്കുന്ന ഉദ്യാനഭംഗി. ശിൽപ്പങ്ങളും ജലധാരകളും പൂന്തോപ്പുകളുമായി ബാൾട്ടിക് തീരത്ത്  സ്ഥിതിചെയ്യുന്ന ഈ പ്രദേശം ചുറ്റി നടന്നു കാണുവാൻ മണിക്കൂറുകളെടുക്കും. സന്ദർശകരുടെ സൗകര്യാർത്ഥം ബാറ്ററി വണ്ടികൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇവിടെ. യുനെസ്‌കോവിന്റെ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ചതാണ് പീറ്റഹോഫ് ഗ്രാൻഡ് പാലസും 















ഹെർമിറ്റേജ് മ്യൂസിയം, വിന്റർ പാലസ്


സെന്റ്പീറ്റേർസ് ബർഗ്ഗിലെ വിന്റർ പാലസും ഹെർമിറ്റേജ് മ്യൂസിയവും വിനോദ സഞ്ചാരികൾക്കും ചരിത്ര വിദ്യാർത്ഥികൾക്കും ഒരു പോലെ പ്രിയപ്പെട്ട ആകർഷണ കേന്ദ്രങ്ങളാണ്.  പാരമ്പര്യത്തിന്റെ പ്രൗഢി വിളിച്ചോതുന്ന, അതിബൃഹത്തായ കെട്ടിട സമുച്ചയത്തിൽ സ്ഥിതിചെയ്യുന്ന ഹെർമിറ്റേജ് മ്യൂസിയം ലോകത്തിലെ പ്രധാന മ്യൂസിയങ്ങളിലൊന്നാണ്. 30 ലക്ഷത്തിലധികം  പെയിന്റിംഗുകളും, ശിൽപ്പങ്ങളും മറ്റും ഇവിടെയുണ്ടെന്നാണ് ഒരു കണക്ക്. മൈക്കൽ ആഞ്ജലോ, ലിയനാർഡോ ഡാവിഞി , റൂബൻ തുടങ്ങി വിശ്വപ്രസിദ്ധ കലാകാരന്മാരുടെ സൃഷ്ടികൾ ഇവിടെ കാണാം.വിശാലമായ അകത്തളങ്ങളിലൂടെ നടന്ന് ഇതെല്ലാം കണ്ടുതീർക്കാൻ മണിക്കൂറുകൾ വേണ്ടിവരും. പതിനായിരക്കണക്കിന് സന്ദർശകരാണ് ഓരോ ദിവസവും ഇവിടെയെത്തുന്നത്.
ഹെർമിറ്റേജ് മ്യൂസിയം
ഹെർമിറ്റേജ് മ്യൂസിയം അകം കാഴ്ച്ചകൾ

ഹെർമിറ്റേജ് മ്യൂസിയം അകം കാഴ്ച്ചകൾ


ഹെർമിറ്റേജ് മ്യൂസിയം അകം കാഴ്ച്ചകൾ


ഹെർമിറ്റേജ് മ്യൂസിയം അകം കാഴ്ച്ചകൾ

ഹെർമിറ്റേജ് മ്യൂസിയം അകം കാഴ്ച്ചകൾ

ഹെർമിറ്റേജ് മ്യൂസിയം അകം കാഴ്ച്ചകൾ

ഹെർമിറ്റേജ് മ്യൂസിയം അകം കാഴ്ച്ചകൾ

ഹെർമിറ്റേജ് മ്യൂസിയം അകം കാഴ്ച്ചകൾ

ഹെർമിറ്റേജ് മ്യൂസിയം അകം കാഴ്ച്ചകൾ

ഹെർമിറ്റേജ് മ്യൂസിയം അകം കാഴ്ച്ചകൾ

ഹെർമിറ്റേജ് മ്യൂസിയം അകം കാഴ്ച്ചകൾ

ഹെർമിറ്റേജ് മ്യൂസിയം അകം കാഴ്ച്ചകൾ

ഹെർമിറ്റേജ് മ്യൂസിയം അകം കാഴ്ച്ചകൾ

ഹെർമിറ്റേജ് മ്യൂസിയം അകം കാഴ്ച്ചകൾ

ഹെർമിറ്റേജ് മ്യൂസിയം അകം കാഴ്ച്ചകൾ

ഹെർമിറ്റേജ് മ്യൂസിയം അകം കാഴ്ച്ചകൾ

ഹെർമിറ്റേജ് മ്യൂസിയം അകം കാഴ്ച്ചകൾ

ഹെർമിറ്റേജ് മ്യൂസിയം അകം കാഴ്ച്ചകൾ

ഹെർമിറ്റേജ് മ്യൂസിയം അകം കാഴ്ച്ചകൾ

ഹെർമിറ്റേജ് മ്യൂസിയം അകം കാഴ്ച്ചകൾ

ഹെർമിറ്റേജ് മ്യൂസിയം അകം കാഴ്ച്ചകൾ

ഹെർമിറ്റേജ് മ്യൂസിയം അകം കാഴ്ച്ചകൾ

ഹെർമിറ്റേജ് മ്യൂസിയം അകം കാഴ്ച്ചകൾ

ഹെർമിറ്റേജ് മ്യൂസിയം അകം കാഴ്ച്ചകൾ

ഹെർമിറ്റേജ് മ്യൂസിയം അകം കാഴ്ച്ചകൾ
സെയ്ന്റ് ഐസക്സ് കത്തീഡ്രലും മറ്റു കൃസ്തീയ ദേവാലയങ്ങളും

റഷ്യയിൽ മതപരമായ ചടങ്ങുകൾക്ക് നിരോധനമുണ്ടോ, അവിടെ ആരാധനാലയങ്ങളുണ്ടോ. പലരുടേയും മനസ്സിലുദിക്കുന്ന ചോദ്യങ്ങളാണിവ. കൃസ്ത്യൻ ഓർത്തഡോക്സ് വിഭാഗത്തിൽപ്പെട്ട വലിയ ഒരു ജനവിഭാഗം റഷ്യയിലുണ്ട്. ലോകത്തിലെ പ്രശസ്തമായ നിരവധി കൃസ്തീയ ദേവാലയങ്ങളും സ്ഥിതിചെയ്യുന്നത് റഷ്യയിൽത്തന്നെയാണുതാനും. സെന്റ് നിക്കോളാസ് കത്തീഡ്രൽ, സെയിന്റ് ഐസക്‌സ് കത്തിഡ്രൽ, ചർച്ച് ഓഫ് ദി സേവിയർ ഓൺ ബ്ലഡ് തുടങ്ങി വിവിധ കൃസ്തീയ ദേവാലയങ്ങൾ സന്ദർശിക്കാൻ ഈ യാത്രയിൽ അവസരം ലഭിച്ചു. വിശ്വാസികൾക്ക്  ഇഷ്ടാനുസരണം പ്രാർത്ഥന നടത്താനുള്ള സൗകര്യം റഷ്യയിലെ പള്ളികളിലുണ്ടെന്ന് അറിവും ഇതോടൊപ്പം കിട്ടി.. സെന്റ് നിക്കോളാസ് കത്തീഡ്രലിൽ ഞങ്ങൾ പോയപ്പോൾ അവിടെ പ്രാർത്ഥന നടക്കുകയായിരുന്നു. ആരാധനാലയത്തിനുള്ളിൽ ഫോട്ടോ എടുക്കുന്നതിനു നിരോധനമുണ്ടായിരുന്നെങ്കിലും 200 റൂബിൾ നൽകി ഒരു മെഴുകുതിരി വാങ്ങി കത്തിച്ചുവെയ്ക്കാൻ  അനുവാദമുണ്ടായിരുന്നു !! 

ശിൽപ്പചാരുതകൊണ്ട് നമ്മെ വിസ്മയിപ്പിക്കുന്നവയാണ് ഈ പള്ളികളെല്ലാം. ചില പള്ളികളാവട്ടെ ദശാബ്ദങ്ങൾക്കു മുമ്പുതന്നെ മ്യൂസിയങ്ങളായി മാറ്റപ്പെട്ടവയുമാണ്. ഉദാഹരണത്തിന്  വലിപ്പത്തിൽ റഷ്യയിലെ ഒന്നാമത്തേതും ലോകത്തിലെ നാലാമത്തേതുമായ സെയിന്റ് ഐസക്‌സ് കത്തിഡ്രൽ വത്തിക്കാനിലെ സെന്റ് പീറ്റേർസ് ബസേലിക്കയേയും സിസ്റ്റേർൺ ചാപ്പലിനേയും മറ്റും ഓർമ്മിപ്പിക്കുന്ന വിധത്തത്തിലുള്ള അതിമനോഹരമായ ഒരു മ്യൂസിയമാണിന്ന്. ലോകപ്രശസ്ത കലാകാരന്മാരുടെ പെയിന്റിംഗുകളും, ശിൽപ്പങ്ങളും ചുവർച്ചിത്രങ്ങളും കൊണ്ട് ദൃശ്യ സമ്പന്നമാണ് ഇവിടവും
സെന്റ് നിക്കോളാസ് കത്തീഡ്രൽ

സെന്റ് നിക്കോളാസ് കത്തീഡ്രൽ

ചർച്ച് ഓഫ് ദി സേവിയർ ഓൺ ബ്ലഡ്

ചർച്ച് ഓഫ് ദി സേവിയർ ഓൺ ബ്ലഡ്


സെയിന്റ് ഐസക്‌സ് കത്തിഡ്രൽ
(Photo courtesy: Wikipedia)
സെയിന്റ് ഐസക്‌സ് കത്തിഡ്രൽ 

സെയിന്റ് ഐസക്‌സ് കത്തിഡ്രൽ.
നിർമ്മിതിയുടെ വലിപ്പം അറിയുവാൻ തൂണുകൾ ശ്രദ്ധിക്കുക

സെയിന്റ് ഐസക്‌സ് കത്തിഡ്രൽ 

സെയിന്റ് ഐസക്‌സ് കത്തിഡ്രൽ മേൽത്തട്ടിലെ ചിത്രങ്ങൾ

സെയിന്റ് ഐസക്‌സ് കത്തിഡ്രൽ 

സെയിന്റ് ഐസക്‌സ് കത്തിഡ്രൽ 

A model of the wooden framework used to erect the columns of 
St. Isaac's Cathedral is on display inside.


സെയിന്റ് ഐസക്‌സ് കത്തിഡ്രൽ 
  
സെയിന്റ് ഐസക്‌സ് കത്തിഡ്രൽ 



സെയിന്റ് ഐസക്‌സ് കത്തിഡ്രൽ 

സെയിന്റ് ഐസക്‌സ് കത്തിഡ്രൽ 

സെയിന്റ് ഐസക്‌സ് കത്തിഡ്രൽ 

നേവാനദിയിലെ ഉയരുന്ന പാലങ്ങൾ
നേവാനദിയിലും അനുബന്ധ നദികളിലും കനാലുകളിലുമായി നൂറുകണക്കിനു പാലങ്ങളാണുള്ളത്. പണ്ടുകാലത്ത് നേവയിലൂടെ പോകുന്ന കപ്പലുകൾക്ക് സഞ്ചരിക്കാനായി കുറുകെയുള്ള പാലങ്ങൾ ഉയർത്തുന്ന പരിപാടി ഉണ്ടായിരുന്നു. ഇപ്പോൾ വിനോദസഞ്ചാരികൾക്കുള്ള ആകർഷണമായി രാത്രി പന്ത്രണ്ട് മണിയ്ക്ക് ശേഷം ഈ പാലങ്ങൾ ഉയർത്തുന്ന കാഴ്ച്ച ഒരുക്കിയിട്ടുണ്ട്.. നദിയുടെ ഇരുകരകളിലുമുള്ള കെട്ടിടങ്ങളും പാലങ്ങളും വൈദ്യുത ദീപങ്ങളാൽ അലങ്കരിച്ച് ചേതോഹരമാക്കിയിരിക്കുന്നു. സുഖകരമായ തണുപ്പുള്ള രാത്രിയിൽ ഈ കാഴ്ച്ചകൾ ആസ്വദിച്ചുള്ള ബോട്ടുയാത്രയും നല്ല ഒരു അനുഭവം തന്നെ.








അറോറ

സെന്റ് പീറ്റേർസ് ബർഗ്ഗിൽ ബാൾട്ടിക്ക് കടൽത്തീരത്ത് നങ്കൂരമിട്ടിരിക്കുന്ന ഈ റഷ്യൻ പടക്കപ്പലിന് ഒരു നൂറ്റാണ്ടിലധികം, കൃത്യമായി പറഞ്ഞാൽ 117 വർഷം പഴക്കമുണ്ട്. ചരിത്രത്തിൽ ഇടം പിടിച്ച അറോറ കാണുവാനായി ദിവസവും ആയിരക്കണക്കിന് സന്ദർശകരാണ് ഇവിടെയെത്തുന്നത്. റഷ്യയും ജപ്പാനുമായുള്ള യുദ്ധത്തിൽ സജീവ പങ്കാളിത്ത വഹിച്ച മൂന്നു പടക്കപ്പലുകളിൽ ഒന്നാണിത്. 1917 ലെ ഒക്ടോബർ വിപ്‌ളവത്തിൽ ആദ്യത്തെ വെടിയുയർന്നതും ഈ കപ്പലിൽനിന്നു തന്നെയാണ്.  രണ്ടാം ലോക മഹായുദ്ധത്തിലും മികച്ച സേവനം നൽകിയ റഷ്യയിലെ ഏറ്റവും പഴക്കം ചെന്ന ഈ പടക്കപ്പൽ 1957 മുതൽ ഒരു മ്യൂസിയം കപ്പലായി ഈ തീരത്തു നിറുത്തിയിട്ടിരിക്കയാണ്..

ഒരു മ്യൂസിയം കപ്പൽ ആണെങ്കിലും അറോറയിൽ  ഇന്നും നാവിക സൈനിക പരിശീലനവും പരേഡുകളും മറ്റും നടക്കുന്നുണ്ട്.



അറോറയിൽ പരിശീലം നടക്കുന്നു, സന്ദർശകർ ഫോട്ടോ എടുക്കുന്നു.


പശ്ച്ചാത്തലത്തിൽ അറോറ

ഫിൻലാൻഡ്‌സ്‌കി റെയിൽവേ സ്റ്റേഷൻ, ലെനിൻ ചത്വരം

ഏറെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളാണ് സെന്റ് പീറ്റേർസ് ബർഗ്ഗിലെ ഫിൻലാൻഡ്‌സ്‌കി റെയിൽവേ സ്റ്റേഷനും പരിസരവും. കാലം 1917. ദീർഘകാലമായി നിലനിന്നിരുന്ന രാജഭരണം കടപുഴക്കിയെറിഞ്ഞ്  വിപ്‌ളവകാരികൾ അധികാരം കൈക്കലാക്കി. അവസാനത്തെ സ്സാർ ചക്രവർത്തി നിക്കോളാസ് രണ്ടാമൻ സ്ഥാനഭ്രഷ്ടനായി. എന്നാൽ രാജഭരണകാലത്തെ ദുരിതങ്ങൾക്ക് അറുതിവരുമെന്നും തങ്ങൾക്ക് മെച്ചപ്പെട്ട ജീവിതം കൈവരുമെന്നും പ്രതീക്ഷിച്ച റഷ്യൻ ജനതയുടെ ആഗ്രഹങ്ങൾ സഫലമാക്കാൻ കരൻസ്കിയുടെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാറിന് കഴിഞ്ഞില്ല. സ്വാഭാവികമായും തൊഴിലാളികളും കർഷകരും മറ്റു സാമാന്യ ജനങ്ങളും സർക്കാറിനെതിരായി തിരിഞ്ഞു. സൈനികമേധാവിയായി നിയമിക്കപ്പെട്ട ജനറൽ കെർണിലോവിന്റെ സ്വേഛാധിപത്യ ഭരണം സ്ഥിതി കൂടുതൽ വഷളാക്കുകയും ചെയ്തു. സർക്കാറിനെതിരെ ജനവികാരം ശക്തമായി.

ഈ ഘട്ടത്തിലാണ് ലെനിൻ റഷ്യയിലേയ്ക്ക് തിരിച്ചു വരുന്നത്. സാർ ഭരണകാലത്ത്  അറസ്റ്റു ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ ലെനിൻ നാടു വിടുകയും പുറത്തുനിന്ന് കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനം സംഘടിപ്പിക്കുകയുമായിരുന്നു. റഷ്യയിൽ സ്ഥിതിഗതികൾ വഷളാകുന്നുവെന്നു കണ്ട അദ്ദേഹം വർഷങ്ങൾക്കുശേഷം സ്വിറ്റ്സ്‌സർലൻഡിൽനിന്ന് ജർമ്മനി, ഫിൻലൻഡ് വഴി അന്നത്തെ പെട്രോഗ്രാഡിലുള്ള (ഇന്നത്തെ സെന്റ് പീറ്റേർസ്‌ബർഗ്ഗ്) റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങി. ചരിത്രപ്രാധാന്യമുള്ള ആ റെയിൽവേ സ്റ്റേഷനാണ് ഫിൻലാൻഡ്‌സ്‌കി റെയിൽവേ സ്റ്റേഷൻ. സ്റ്റേഷൻ പരിസരത്ത് തടിച്ചുകൂടിയ പതിനായിരങ്ങളെ ആവേശം കൊള്ളിച്ച് ലെനിൻ പ്രസംഗിച്ച ചത്വരവും ഇതിനു തൊട്ടടുത്ത്. മനോഹരമായി പരിപാലിക്കപ്പെടുന്ന, നിറയെ പൂക്കളും ജലധാരാ യന്ത്രങ്ങളും, ഇരിപ്പിടങ്ങളുമെല്ലാം സജ്ജീകരിച്ച ചത്വരത്തിൽ ലെനിന്റെ വലിയ ഒരു പൂർണ്ണകായ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്. സഞ്ചാരികളുടെ ഒരു പ്രധാന ആകർഷണകേന്ദ്രങ്ങളാണ് ഇവ രണ്ടും.


ഫിൻലാൻഡ്‌സ്‌കി റെയിൽവേ സ്റ്റേഷനും മുന്നിലെ ലെനിൻ ചറ്റ്വരവും

ലെനിന്റെ പൂർണ്ണകായ പ്രതിമ
ലെനിന്റെ പൂർണ്ണകായ പ്രതിമ (A close up photo)


ലെനിൻ ചത്വരത്തിലെ പുഷ്പകംബളം

ഫിൻലാൻഡ്‌സ്‌കി റെയിൽവേ സ്റ്റേഷൻ



പുഷ്കിൻ

അലക്സാൻഡർ പുഷ്കിൻ ലോകപ്രശസ്തനായ റഷ്യൻ കവിയും എഴുത്തുകാരനുമാണെന്ന് നമുക്കറിയാം. എന്നാൽ റഷ്യയിൽ സെന്റ് പീറ്റേർസ് ബർഗ്ഗിൽ നിന്ന് പത്തിരുപത്തഞ്ച് കിലോമീറ്റർ ദൂരെ പുഷ്കിൻ എന്ന പേരിൽ ഒരു മുൻസിപ്പൽ നഗരമുണ്ടെന്ന് അറിയുന്നവർ ഒരു പക്ഷെ കുറവായിരിക്കും. പ്രശസ്തനായ എഴുത്തുകാരനോടുള്ള  ആദരവിന്റെ ഭാഗമായിത്തന്നെയാണ്  രാഷ്ട്രം അദ്ദേഹത്തിന്റെ നൂറാം ചരമവാർഷിക വേളയിൽ (1937ൽ) അതുവരെ ഡെറ്റ്സ്‌കോയെ സെലോ (കുട്ടികളുടെ ഗ്രാമം) എന്ന പേരിൽ അറിയപ്പെട്ടിരുന്ന പ്രദേശത്തിന് പുഷ്കിൻ എന്ന് പുനർനാമകരണം നടത്തിയത്.

കാതറീൻ കൊട്ടാരം, അലക്സാണ്ടർ കൊട്ടാരം, ഒരു കൃസ്തീയ ദേവാലയം, മ്യൂസിയം, വിശാലമായ ഉദ്യാനം, സുന്ദരമായ തടാകങ്ങൾ എന്നിവയാൽ അതിമനോഹരമാണ് ഈ പ്രദേശം. പ്രവേശന കവാടത്തിനരികെ പുഷ്കിന്റെ ഒരു ശിൽപ്പവും സ്ഥാപിച്ചിട്ടുണ്ട്. യുനെസ്കോവിന്റെ സംരക്ഷിത സ്മാരകങ്ങളിൽ ഈ പ്രദേശവും ഇടം നേടിയിട്ടുണ്ട്.

പുഷ്കിൻ കാഴ്ച്ചകൾ

പുഷ്കിൻ പ്രതിമ

പുഷ്കിൻ മ്യൂസിയം

പുഷ്കിൻ കൃസ്തീയ ദേവാലയം

പുഷ്കിൻ കൊട്ടാരത്തിനു മുന്നിൽെന്റെ രാജ്ഞി

പുഷ്കിൻ ഉദ്യാനത്തിൽ ഷിജിനും ഒരു റഷ്യൻ അമ്മയും കുഞ്ഞും

പുഷ്കിൻ

പുഷ്കിൻ,. തടാകതീരത്ത്

പുഷ്കിൻ കൊട്ടാരം


പുഷ്‌കിൻ പ്രതിമയ്ക്കു മുന്നിൽ സംഘാംഗങ്ങൾ
ഗൈഡ് വെറോനിക്കയോടൊപ്പം



തിരികെ വീണ്ടും മോസ്ക്കോവിലേയ്ക്ക്

പുഷ്കിനിൽ നിന്ന്  തിരികെ വീണ്ടും മോസ്കോവിലേയ്ക്കുള്ള യാത്ര വിമാനത്തിലായിരുന്നു. 2 മണിക്കൂർ സമയമെടുത്ത് രാത്രി 12 മണിക്ക്  മോസ്ക്കോവിലെത്തി. ഒന്നര മണിയോടെ വീണ്ടും ഹോട്ടൽ കോസ്മോസിൽ ചെക്ക് ഇൻ ചെയ്തു. ഇനി രണ്ടു ദിവസം വീണ്ടും മോസ്ക്കോ നഗര ക്കാഴ്ച്ചകളിലൂടെ


റെഡ് സ്‌ക്വയർ, ക്രെംലിൻ, ലെനിൻ മുസ്സോളിയം, സെന്റ് ബാസിൽസ്  കത്തീഡ്രൽ

മോസ്‌ക്കോ എന്നു കേൾക്കുമ്പോൾ മനസ്സിലെത്തുന്ന ലാൻഡ് മാർക്കുകളാണിവയെല്ലാം. മോസ്ക്കോവിന്റെ ഹൃദയഭാഗം എന്ന് ഈ പ്രദേശത്തെ വിശേഷിപ്പിക്കാമെന്നു തോന്നുന്നു. റെഡ് സ്ക്വയർ എന്ന പേരു സൂചിപ്പിക്കുന്ന വിധത്തിൽ ക്രെംലിൻ മതിൽക്കെട്ടും ലെനിൻ മുസ്സോളിയമടക്കമുള്ള നിർമ്മിതികളുമെല്ലാം ചുവന്ന നിറമുള്ള നിർമ്മാണ സാമഗ്രികൾ കൊണ്ട് പണിതീർത്തവതന്നെ. വിദേശരാജ്യങ്ങളിൽനിന്നും റഷ്യയുടെ വിവിധ പ്രദേശങ്ങളിൽനിന്നും  പതിനായിരങ്ങളാണ് ദിവസവും ഈ പ്രദേശത്ത് സന്ദർശകരായെത്തുന്നത്. ഇവരിൽ വിനോദ സഞ്ചാരികളായെത്തുന്നവരുണ്ട്, സോഷ്യലിസ്റ്റ് ആഭിമുഖ്യത്താൽ മനസ്സിൽ അലയടിച്ചുയരുന്ന ആവേശത്താൽ ഒരു തീർത്ഥാടനം പോലെ ഇവിടം സന്ദർശിക്കാനെത്തുന്നവരുമുണ്ട്. ആവേശത്തിമർപ്പോടെ പാട്ടുപാടിയും മുദ്രാവാക്യം മുഴക്കിയും ചുവപ്പുകൊടിയും ബാനറുകളുമൊക്കെയായി എത്തിയ നിരവധി സംഘങ്ങളെ ഞങ്ങൾ കണ്ടുമുട്ടി. വിദ്യാർത്ഥികളും, യുവജനങ്ങളും വയോജനങ്ങളുമെല്ലാം ഇത്തരം സംഘങ്ങളിലുണ്ടായിരുന്നു. കിലോമീറ്ററുകൾ നീളുന്ന ക്യൂവിൽ മണിക്കൂറുകളോളം കാത്തുനിന്ന് ലെനിൻ മുസ്സോളിയത്തിനുള്ളിൽ പ്രവേശിച്ച് ലെനിന്റെ ഭൗതികശരീരം ഒരുനോക്കു കാണുകയും അഭിവാദ്യമർപ്പിക്കുകയും ചെയ്ത നിർവൃതിയിൽ  പുറത്തിറങ്ങി വന്നവരാണവർ. മുസ്സോളിയത്തിനു മുന്നിൽ നിരനിരയായി സ്ഥാപിച്ച ലെനിന്റെ പിൻഗാമികളായ പ്രസിഡന്റുമാരുടെ അർദ്ധകായ പ്രതിമൾക്ക് മുന്നിൽ ആദരമർപ്പിച്ച് സ്ക്വയറിലേയ്ക്കിറങ്ങിയവരാണരിൽ പലരും. ചില സംഘങ്ങളുടെ കൂടെ പാട്ടുപാടിയും കൂടെനിന്ന് ഫോട്ടോയെടുത്തുമൊക്കെയാണ് ഞങ്ങളുടെ സംഘം റെഡ് സ്ക്വയറിൽ നിന്ന് മടങ്ങിയത്















Add caption


മ്യൂസിയം ഓഫ്  ഗ്രെയ്‌റ്റ് പാട്രിയോട്ടിക് വാർ

രണ്ടാം ലോകമഹായുദ്ധത്തിലെ റഷ്യൻ പങ്കാളിത്തസ്മരണകൾ ഉണർത്തുന്ന അതിഗംഭീരമായ ഒരു മ്യൂസിയമാണ്  “മഹത്തായ ദേശാഭിമാന യുദ്ധ”ത്തിന്റെ ഈ മ്യൂസിയം.2500 ഓളം ഹെക്ടർ സ്ഥലത്ത് പരന്നു കിടക്കുന്ന വിക്ടറി പാർക്കിലാണ് അതിബൃഹത്തായ ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത്.
20000 സ്ക്വയർ മീറ്റർ സ്ഥലത്ത് ഒരുക്കിയിരിക്കുന്ന മ്യൂസിയത്തിൽ അത്യപൂർവ്വങ്ങളായ ഫോട്ടോഗ്രാഫുകളും, ചരിത്ര രേഖകളും, ആയുധങ്ങളും, ശിൽപ്പങ്ങളും നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന വിധത്തിൽ സജ്ജീകരിച്ചിരിക്കുന്നു. പടയാളികളുടെ യൂനിഫോമുകൾ, കത്തുകൾ, ടൈപ്പ് റൈറ്റർ അടക്കമുള്ള അന്നത്തെ ഓഫീസ് സാമഗ്രികൾ തുടങ്ങി വിശദമായി കണ്ടുതീർക്കാൻ ദിവസങ്ങൾ വേണ്ടിവരും.
മ്യൂസിയത്തിനകത്തെ ഹാൾ ഓഫ് ഗ്‌ളോറി  പ്രത്യേക പരാമർശം അർഹിക്കുന്ന ഒന്നാണ്. യുദ്ധത്തിൽ നാടിനുവേണ്ടി  ജീവൻ ബലിയർപ്പിച്ച ധീര സൈനികർക്കുള്ള ആദരവായാണ്  ഈ ഹാൾ ഒരുക്കിയിരിക്കുന്നത്. തൂവെള്ള മാർബിൾ കൊണ്ട് നിർമ്മിതമായ ഹാളിന്റെ മദ്ധ്യത്തിൽ വിജയ സൈനികന്റെ ("Soldier of Victory,")  ഒരു കൂറ്റൻ വെങ്കല ശിൽപ്പം. അന്തരീക്ഷത്തിലേയ്ക്ക് തലയുയർത്തി നിൽക്കുന്നു. ചുറ്റുമുള്ള ചുമരുകളിൽ സോവിയറ്റ് യൂണിനിലെ ഏറ്റവും വലിയ സൈനിക ബഹുമതി നേടിയ 11800 സൈനികരുടെ പേരുകൾ ആലേഖനം ചെയ്തിരിക്കുന്നു. ആ ധീരയോദ്ധാക്കൾ അർഹിക്കുന്ന ബഹുമതിതന്നെ ഈ ഹാൾ, യുദ്ധത്തിൽ ജീവൻ ത്യജിക്കേണ്ടി വന്നവരുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ച ഒരു  ഇലക്ട്രോണിക് ഓർമ്മപ്പുസ്തകവും ഇതോടനുബന്ധിച്ച് കാണാം.






ഹാൾ ഓഫ് ഗ്‌ളോറി

ഹാൾ ഓഫ് ഗ്‌ളോറി




ഹാൾ ഓഫ് ഗ്‌ളോറി വിജയ സൈനികന്റെ ("Soldier of Victory,")  ഒരു കൂറ്റൻ വെങ്കല ശിൽപ്പം.

ഹാൾ ഓഫ് ഗ്‌ളോറി

ഹാൾ ഓഫ് ഗ്‌ളോറി

വിജയ സൈനികന്റെ ("Soldier of Victory,")   വെങ്കല ശിൽപ്പം.







മോസ്ക്കോ യുനിവേർസിറ്റി
ലോമൊനോസോവ് മോസ്ക്കോ സ്റ്റേറ്റ് യുണിവേർസിറ്റി എന്നാണ് മോസ്ക്കോ യുണിവേർസിറ്റിയുടെ മുഴുവൻ പേര്. ലോകത്തിലെ ഏറ്റവും വലിയ സർവ്വകലാശാലകളിലൊന്നാണ് മോസ്ക്കോ യുണിവേർസിറ്റി. 1955ൽ സ്ഥാപിതമായ ലോമോനോസോവിൽ അര ലക്ഷത്തോളം വിദ്യാർത്ഥികൾ പഠിക്കുന്നുവെന്നാണ് ഒരു കണക്ക്.  പലയിടങ്ങളിലായി പരന്നുകിടക്കുന്ന യുണിവേർസിറ്റിയുടെ പ്രധാന മന്ദിരം പുറമെ നിന്ന് കാണാനേ കഴിഞ്ഞുള്ളൂ. ഞങ്ങൾ പോയ ദിവസം അവിടെ. എന്തോ ഒരു ദുരിതാശ്വാസ ഫണ്ടു സമാഹരണത്തിനായുള്ള കൂട്ടയോട്ടം നടക്കുകയായിരുന്നു. ഉച്ചഭാഷിണിയിൽ ഗാനങ്ങളും, ആർപ്പുവിളികളും, ഓട്ടക്കാരെ പ്രോത്സാഹിപ്പിക്കലും എല്ലാമായി ബഹളമയം.





റഷ്യയിൽ കണ്ട കലാപരിപാടികൾ

ആറു ദിവസത്തെ റഷ്യൻ പര്യടനത്തിനിടയിൽ രണ്ടു കലാപരിപാടികൾ കാണാൻ അവസരമുണ്ടായി. റഷ്യയിലെ നാടോടി ഗാന-നൃത്ത പരിപാടിയും റഷ്യൻ സർക്കസ്സും. ഹാസ്യത്തിനു മുൻതൂക്കം നൽകി അവതരിപ്പിക്കപ്പെട്ട നാടോടി ഗാന നൃത്തപരിപാടി ആസ്വാദ്യകരമായിരുന്നു. റഷ്യൻ സർക്കസ്സ് ലോകപ്രശസ്തമാണല്ലോ. പണ്ട് കേരളത്തിലൂണ്ടായിരുന്ന കലാനിലയം സ്ഥിര നാടകവേദി പോലെ ഒരു സ്ഥിരം സർക്കസ്സ് വേദിയാണ് നിക്കുലിൻ സർക്കസ്സ്.വേദി. അവിടെയാണ് റഷ്യൻ സർക്കസ്സ് കാണാൻ പോയത്. ട്രപ്പീസ് അടക്കം ചുരുക്കം സർക്കസ്സ് ഇനങ്ങളേ ഉണ്ടായിരുന്നുള്ളൂ എങ്കിലും അവിടെ അവതരിപ്പിക്കപ്പെട്ട മാജിക്ക് ഷോ അതി ഗംഭീരമായിരുന്നു എന്ന് പറയാതെ വയ്യ.


ഇതിനു പുറമെ തെരുവോരത്ത് ഗാനാലാപനം നടത്തുന്ന / സംഗീതോപകരണങ്ങൾ കൈകാര്യം ചെയ്യുന്ന ചില കലാകാരന്മാരേയും കണ്ടുമുട്ടി. പല വിദേശനഗരങ്ങളിലും ഇത് ഒരു സ്ഥിരം കാഴ്ച്ചയാണ്. സെന്റ് പീറ്റേർസ്‌ബർഗ്ഗിൽ വഴിയോരത്ത് സിത്താർ വായിക്കുന്ന കലാകാരനെയാണ് കണ്ടത്
റഷ്യൻ നാടോടി ഗാന നൃത്ത പരിപാടി



സെന്റ് പീറ്റേർസ്‌ബർഗ്ഗിൽ വഴിയോരത്ത് സിത്താർ വായിക്കുന്ന കലാകാരൻ
റഷ്യൻ സർക്കസ്സ് വേദി

ഭാഷ പ്രധാന പ്രശ്നം തന്നെ

ഏഴു ദിവസത്തെ സന്ദർശനത്തിനു ശേഷം മെയ് 29 നു രാവിലെ മോസ്ക്കോവിൽ നിന്ന് മടക്കയാത്ര. ദോഹ, കൊച്ചി വഴി കോഴിക്കോട്ടേക്ക്. തിരികെ എത്തിയ ശേഷം നേരിട്ടും അല്ലാതേയും സുഹൃത്തുക്കളുടെ അന്വേഷണം യാത്ര എങ്ങനെയുണ്ടായിരുന്നൂ എന്നുതന്നെയായിരുന്നു. ഒറ്റ വാചകത്തിൽ പറഞ്ഞാൽ ചരിത്ര ഭൂമിയിലേയ്ക്കുള്ള ഈ യാത്ര ഒരുപാട് നല്ല അനുഭവങ്ങൾ സമ്മാനിച്ച അവിസ്മരണീയമായ ഒന്നു തന്നെ എന്നാണ്. സ്വപ്നതീരം പ്രവർത്തകർ പറഞ്ഞപോലെ റഷ്യ ഇപ്പോഴും ഒരു ടൂറിസ്റ്റ് സൗഹൃദ  പ്രദേശമായി വളർന്നുകൊണ്ടിരിക്കുന്നതേ ഉള്ളൂ. ഗ്രൂപ്പ് വിസ ലഭിക്കുവാനുള്ള കടമ്പകൾ ഏറെയുണ്ടെന്നാണ് അവർ സാക്ഷ്യപ്പെടുത്തുന്നത്. ഈ യാത്രയിൽ അനുഭവപ്പെട്ട ഒരു പ്രധാന പ്രശ്നം ഭാഷ തന്നെയായിരുന്നു. വിമാനത്താവളത്തിൽ, തീവണ്ടിയിൽ, ഹോട്ടലുകളിൽ ഷോപ്പിംഗ് സ്ഥലങ്ങളിൽ എല്ലായിടത്തും നമ്മുടെ കൈയിലെ ഇംഗ്‌ളീഷ് കൊണ്ട് പ്രയോജനമില്ലാത്ത അവസ്ഥയായിരുന്നു മിക്കവാറും. റഷ്യൻ ഒഴികെയുള്ള ഭാഷകൾ കൈകാര്യം ചെയ്യുന്നതിൽ റഷ്യക്കാർക്കുള്ള പരിമിതി അഥവാ കഴിവില്ലായ്മ അനുഭവിച്ച ദിവസങ്ങളായിരുന്നു പിന്നിട്ടത്. സെന്റ് പീറ്റേർസ് ബർഗ്ഗിൽ വെറോണിക്ക എന്ന ഞങ്ങളുടെ ഗൈഡ് അവരുടെ ദൗത്യം തൃപ്തികരമായി നിർവ്വഹിച്ചു എന്ന് പറയാതെ വയ്യ.

സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും  ഇന്ത്യയിൽ നിന്നാണ് വരുന്നതെന്ന് അറിയുമ്പോൾ അവരുടെ മുഖത്തു വിരിയുന്ന പുഞ്ചിരിയും സ്നേഹപ്രകടനവും എടുത്തുപറയേണ്ടതാണ്. പണ്ടേ പറഞ്ഞു കേട്ടത് ജവഹർലാൽ നെഹറുവിനെപ്പോലെത്തന്നെ (ഒരു പക്ഷേ അതിലധികവും)  റഷ്യൻ ജനതക്ക് പ്രിയങ്കരനായിരുന്നു ഇന്ത്യൻ സിനിമയിലെ ഷോമാനായിരുന്ന രാജ് കപൂർ എന്നാണ്. ഞങ്ങളുമായി ഇടപെട്ട നിരവധി പേർ ഷാറൂഖ് ഖാൻ, സൽമാൻ ഖാൻ എന്നിരുടെ നാട്ടിൽനിന്ന് വരുന്നവരെന്ന പരിഗണനയാണ് നൽകിയത് !!

ഒരു പാക്കേജ് ടൂറിന്റെ പരിമിതികൾ എല്ലാം ഉണ്ടെങ്കിലും അവിസ്മരണീയം തന്നെയായിരുന്നൂ ഈ യാത്രയും. ഏഴു ദിവസത്തെ റഷ്യൻ പര്യടനം.. സംഘാംഗങ്ങളിൽ  മൂന്നു പേരൊഴികെയുള്ളവരെയെല്ലാം (സ്വപ്നതീരം പ്രതിനിധി ഷിജിൻ അടക്കം) ആദ്യമായി കാണുന്നു. പരിചയപ്പെടുന്നു. ശാരീരിക അവശതകൾ മൂലം ഞങ്ങൾക്ക് “കൂടെ ഓടാൻ” കഴിയാതെ വന്നപ്പോഴെല്ലാം സഹായ ഹസ്തം നീട്ടുന്നു.  സ്നേഹസമ്പന്നരായ സുഹൃത്തുക്കളെന്ന നിലയിൽ അവരെല്ലാം  മനസ്സിൽ ഇടം പിടിക്കുന്നു. ഓർമ്മയുടെ ചെപ്പിൽ സൂക്ഷിക്കാൻ ഇതെല്ലാം ധാരാളം അല്ലേ. നന്ദി എല്ലാ സഹയാത്രികർക്കും നന്ദി.

(പിൻകുറിപ്പ്: ഇതിൽ ഉൾക്കൊള്ളിച്ച ചില സ്ഥിതിവിവര കണക്കുകൾ ഇന്റർ നെറ്റിൽ നിന്ന് എടുത്തതാണ്. ചില ഫോട്ടോകൾക്ക് കടപ്പാട് സംഘാംഗങ്ങൾക്ക്, പ്രത്യേകിച്ച് ദീപക്കിന്)