Tuesday, June 12, 2012

പാര്‍വ്വതി ബാബുള്‍

                                                                  പാര്‍വ്വതി ബാബുള്‍

ബാബുള്‍ ഗായിക പാര്‍വ്വതിയെ വീണ്ടും ഓര്‍മ്മിപ്പിച്ച്തതിന്‌ മനോജ്‌ രവീന്ദ്രന്‌ നന്ദി.
ഒരു ഫെയ്‌സ്‌ ബുക്ക്‌ കമന്റില്‍ ഒതുങ്ങാത്തതിനാല്‍ കുറെക്കാലമായി പൊടിപിടിച്ചുകിടന്ന ഈ ബ്ലോഗ്‌ ഉപയോഗിക്കാമെന്ന് കരുതി.എറണാകുളം ടൗണ്‍ഹാളില്‍ നടന്ന പാര്‍വ്വതിയുടെ ബാവുള്‍ സംഗീതത്തെക്കുറിച്ചായിരുന്നു മനോജിന്റെ ഫെയ്‌സ്‌ ബുക്ക്‌ പോസ്റ്റ്‌. അതു വായിച്ചപ്പോള്‍ സുമാര്‍ എട്ടുമാസം മുന്‍പ്‌ പാര്‍വ്വതിയെയും ഭര്‍ത്താവ്‌ രവിയേയും തികച്ചും യാദൃഛികമായി പരിചയപ്പെട്ട ഓര്‍മ്മ വന്നു. രസകരമായ ഓര്‍മ്മ.

സ്ഥലം സ്വിറ്റ്‌സ്‌സര്‍ലന്റിലെ സൂറിക്ക്‌ എയര്‍പോര്‍ട്ട്‌.  രണ്ടുമാസം ഓള്‍ട്ടണിലുള്ള മകന്റെ കുടുംബത്തോടൊപ്പം ചിലവഴിച്ച്‌ നാട്ടിലേയ്ക്ക്‌ തിരിച്ചുവരുന്ന ദിവസം-2011 ഒക്ടോബര്‍ 14. ചെക്‌ ഇന്‍ കഴിഞ്ഞ്‌ എയര്‍പോര്‍ടിലെ ലൗഞ്ചില്‍ ഇരിക്കുകയായിരുന്നു ഞങ്ങള്‍. കുറച്ചപ്പുറത്ത്‌  മൂന്നു നാലു പേര്‍ ഒരു മേശക്ക്‌ ചുറ്റുമിരുന്ന് സംസാരിക്കുന്നു. ഒരുപാടുപേര്‍ ഇരിക്കുന്ന ലൗഞ്ചില്‍ ഇവരെ പ്രത്യേകം ശ്രദ്ധിക്കാന്‍ കാരണം അതിലെ ഒരു സ്ത്രീയുടെ കാവിവസ്ത്രവും കഴുത്തിലെ രുദ്രാക്ഷമാലകളും നീണ്ട ജഡയുമായിരുന്നു.
മകന്‍ പറഞ്ഞു ചിലപ്പോള്‍ വല്ല ഇന്ത്യന്‍ സന്യാസിനിയുമാകും.

കുറച്ചു കഴിഞ്ഞ്‌ സെക്യൂരിറ്റി ചെക്കിംഗും എല്ലാം തീര്‍ത്ത്‌ ഡിപ്പാര്‍ച്ചര്‍ ഗേറ്റിനു മുന്നില്‍ കാത്തിരിപ്പ്‌. ആകാശപ്പക്ഷി പുറപ്പെടാന്‍ ഒരുമണിക്കൂറിലധികം പിന്നെയും ബാക്കി.

കാത്തിരിപ്പിന്റെ മടുപ്പ്‌ മാറ്റാന്‍ അവിടെയുള്ള ഒരു കോഫീ ഷോപ്പില്‍ പോയി. അതാ അവിടേയും ആ "സന്യാസിനി"യും കൂട്ടുകാരും. അതിനിടെ ആ കൂട്ടുകാരിലൊരാള്‍ കൂടെയുള്ള കഷണ്ടിക്കാരനോട്‌ ചോദിക്കുന്നത്‌ കേട്ടു: രവിയേട്ടന്‌ കാപ്പി വേണ്ടേ?
മലയാളത്തില്‍ വന്ന ഈ ചോദ്യം മനസ്സില്‍ കുറിച്ചിട്ടു, സ്വയം പറഞ്ഞു-ഇത്‌ ഞാന്‍ കാച്ചും.

കാപ്പി ചിനോ കുടിച്ച്‌ പുറത്തു വന്ന് നേരെ കഷണ്ടിയുടെ അടുത്തേക്ക്‌ ചെന്ന് ചോദിച്ചു: അല്ലാ രവി ഇവിടെ എങ്ങനെ എത്തി?
രവിക്ക്‌ അത്ഭുതം. എന്തു പറയണമെന്ന് അറിയാത്ത അവസ്ഥ. എന്നെ ഓര്‍ക്കുന്നില്ലെന്നോ അറിയില്ലെന്നോ പറയാന്‍ വയ്യ. ആരാണെന്ന് ചോദിക്കാനും വൈമുഖ്യം.

സസ്പെന്‍സ്‌ അധികം നീട്ടാതെ എനിക്ക്‌ താങ്കളേയോ താങ്കള്‍ക്ക്‌ എന്നേയോ അറിയില്ലെന്നും "രവിയേട്ടനു കാപ്പി വേണ്ടേ" എന്ന കൂട്ടുകാരന്റെ ചോദ്യത്തില്‍ പിടിച്ചുതൂങ്ങിയാണ്‌ ഇവിടെ എത്തിയത്‌ എന്നും പറഞ്ഞു. പിന്നീട്‌ വിശദമായ പരിചയപ്പെടല്‍. രവി തിരുവനന്തപുരം സ്വദേശി. "സന്ന്യാസിനി" ഭാര്യ ബംഗാളിയായ പാര്‍വ്വതി. ബാവുല്‍ ഗായിക. കൂടെയുള്ളവര്‍ ഒരു ഫ്ലൂട്ട്‌ ആര്‍ടിസ്റ്റും ഒരു താളവാദ്യ കലാകാരനും. സ്വിറ്റ്‌സ്‌സര്‍ലന്റില്‍ ചില നഗരങ്ങളില്‍ ബാവുള്‍ സംഗീതപരിപാടി അവതരിപ്പിച്ച്‌ മടങ്ങുകയാണ്‌. ബാവുള്‍ സംഗീതമടക്കമുള്ള വിവിധ നാടന്‍ കലാരൂപങ്ങള്‍ വിദേശരാജ്യങ്ങളിലെ ചില സംഘടനകളുടെ സഹായത്തോടെ വര്‍ഷങ്ങളായി അവതരിപ്പിച്ചുവരുന്ന ഒരു ഗ്രൂന്റെ തലവനാണ്‌ രവി.

"പാര്‍ബൊതി"   ബെംഗാളിയായതിനാല്‍  എന്റെ കൈവശമുള്ള ബംഗാളി പുറത്തെടുത്തു: "അമീ തുമീ ബോലോബാഷി"
പിന്നെ കോഴിക്കോട്ടെ ചിത്രകാരി കബിത മുഖര്‍ജിയിലേക്കും അവരുടെ ഭര്‍ത്താവ്‌ പ്രഭാകരനിലേക്കും പ്രഭാകരന്റെ ഏട്ടന്‍ ചിന്ത രവിയിലേക്കുമെല്ലാം സംഭാഷണം നീണ്ടു. കബിതയും ചിന്ത രവിയുമെല്ലാം പാര്‍വ്വതിയുടെ അടുത്ത സുഹൃത്തുക്കള്‍. രവിയുടെ മരണം സംഭവിക്കുമ്പോള്‍ വിദേശത്തായതിനാല്‍ അറിയാന്‍ വൈകി തുടങ്ങി ഒരുപാടു കാര്യങ്ങള്‍ സംസാരിച്ചു. തിരോന്തരത്തെ കലാ-സാംസ്കാരിക രംഗത്തുപ്രവര്‍ത്തിക്കുന്ന എന്റെ പല സുഹൃത്തുക്കളെയും രവിക്കും അറിയാം.
അങ്ങനെ ഇരുന്നും നടന്നും സംസാരിച്ച്‌ "സ്മോക്ക്‌ റൂമി"ലെത്തി ഓരോ ദിനേശ്‌ ബീഡിയും വലിച്ച്‌, ടെലിഫോണ്‍ നമ്പറുകളും ഇ മെയില്‍ ഐഡിയും കൈമാറി കോഴിക്കോട്ട്‌ പരിപാടിക്ക്‌ വരുമ്പോള്‍ കാണാമെന്നും പറഞ്ഞ്‌ ഞങ്ങള്‍ പിരിഞ്ഞു. അപ്പോഴേക്കും ബോര്‍ഡിംഗ്‌ തുടങ്ങിക്കഴിഞ്ഞിരുന്നു.

സീറ്റ്‌ ബെല്‍റ്റ്‌ മുറുക്കുമ്പോഴും ഞാന്‍ ആലോചിച്ചത്‌ പാര്‍വ്വതി വലിച്ച ബീഡിയുടെ മണത്തിനു എന്തായിരുന്നൂ പ്രത്യേകത എന്നായിരുന്നു.ഇപ്പോള്‍ എനിക്കറിയാം..പറയില്ല.