Wednesday, April 1, 2015

കെ ടി അനുസ്മരണവും ഒരു ഓട്ടോ ഡ്രൈവറും




കെടാത്ത തീയായി (പ്രയോഗം എം എ ബേബിയുടേത് ) മലയാളി മനസ്സുകളിൽ ഇന്നും ജ്വലിച്ചുനിൽക്കുന്ന കെ ടി മുഹമ്മദിന്റെ ഏഴാം ചരമവാർഷികദിനമായിരുന്നു മാർച്ച് 25. ഇതോടനുബന്ധിച്ച് മാർച്ച് 24, 25 തിയ്യതികളിൽ കെ ടി അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട്ട് വിവിധ പരിപാടികൾ ഉണ്ടായിരുന്നു. 24 നു കെ ടി യുടെ നാൽക്കവല എന്ന നാടകം നഗരത്തിലെ ഒരു നാൽക്കവലയിൽ തെരുവുനാടകമായി അവതരിപ്പിച്ചു,. 25നു സ്കിറ്റ് മത്സരം, സെമിനാറുകൾ, പ്രഭാഷണങ്ങൾ, നാടകരംഗത്തെ പ്രശസ്തരെ ആദരിക്കൽ, കെ ടിയുടെ തന്നെ തീക്കനൽ നാടകാവതരണം. ഒരു മുഴുദിന പരിപാടി. നല്ല സദസ്സും. കെ ടിക്ക് ഉചിതമായ സ്മരണാഞ്ജലി.
ഓട്ടോ ഡ്രൈവർ ഇതിൽ രംഗത്തുവരുന്നത് 25നു വൈകുന്നേരമാണ്. താമസസ്ഥലത്തുനിന്നിറങ്ങി ടൗൺഹാളിലെ പരിപാടിക്കു പോകാനായി ഞാൻ ഒരു ഓട്ടോ വിളിക്കുന്നു. കയറിയശേഷം ടൗൺ ഹാളിലേയ്ക്ക് പോകാം എന്ന് നിർദ്ദേശം നൽകി. ഏതാനും ദൂരം മുന്നോട്ടു നീങ്ങിയപ്പോൾ ഡ്രൈവർ ചോദിച്ചു.
അവിടെ കെ ടിയുടെ അനുസ്മരണ പരിപാടികൾക്കാവും അല്ലേ?
അത്ഭുതം തോന്നിയില്ല. കോഴിക്കോട്ടെ ഓട്ടോ ഡ്രൈവർമാർ വ്യത്യസ്തരാണ്. നല്ല മര്യാദക്കാർ. യാത്രക്കാരോട് മീറ്ററിൽ കാണിക്കുന്ന നിരക്കിൽ മാത്രം (ചിലപ്പോൾ അതിൽ കുറച്ചും) ചാർജ്ജ് വാങ്ങുന്നവർ നല്ല പെരുമാറ്റം.കൈമുതലായുള്ളവർ. സാഹിത്യം സാംസ്കാരികം, സംഗീതം, കല, ഫുട്ട്ബാൾ വിഷയം ഏതുമാകട്ടെ അവയിലൊക്കെ അഭിരുചിയും സാമാന്യ അറിവും ഉള്ളവരാണ് ഒരു വലിയ വിഭാഗം. ഓട്ടോത്തൊഴിലാളികൾ. ഈ നല്ല പാരമ്പര്യത്തിന് ചില്ലറ അപവാദങ്ങൾ ഉണ്ടെങ്കിലും മഹാഭൂരിപക്ഷംപേരും ഈ ഗണത്തിൽപ്പെടുന്നു എന്ന് അറിയാവുന്നതുകൊണ്ടാണ് അത്ഭുതം തോന്നാതിരുന്നത്.
അതെ കെ ടിയുടെ അനുസ്മരണ പരിപാടിയിൽ പങ്കെടുക്കാൻ തന്നെയാണ് പോകുന്നത്. എന്ന് മറുപടി പറഞ്ഞു.
തുടർന്ന് കെ ടിയുടെ നാടകങ്ങളെക്കുറിച്ച്, അവ കേരളീയ സമൂഹത്തിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് എല്ലാം വാചാലനായ ഡൈവർ അവസാനം ചോദിച്ചു
ഞാൻ ഒരു കാര്യം പറഞ്ഞാൽ ങ്ങക്ക് അതിലെന്തെങ്കിലും ചെയ്യാൻ പറ്റുമോ
കാര്യം പറയൂ ചെയ്യാൻ പറ്റുമോ എന്ന് നോക്കാം
കെ ടിയെ ഓർക്കാൻ മാനാഞ്ചിറ ഭാഗത്ത് ഒരു പ്രതിമ വെച്ചിട്ടുണ്ടല്ലോ. മ്മക്കൊക്കെ അത് കെ ടി മുഹമ്മദ് എന്ന വല്ല്യ കലാകാരന്റെയാണെന്നറിയാം. എന്നാൽ പുത്യ കുട്ട്യേൾക്ക് അത് ആരാ ന്ന് അറിയില്ല. അവര്ക്ക് ഇങ്ങനത്തെ കാര്യങ്ങളിലൊന്നും താൽപ്പര്യോം ഇല്ല. വായനേം ഇല്ല. അതോണ്ട് പ്രതിമേടെ ചോട്ടില് കെ ട്ടീന്റെ പേര് എഴുതിവെക്കാൻ ഒരു ഏർപ്പാടുണ്ടാക്കണം. പ്രതിമ ണ്ടാക്യ താടിക്കാരനോട് ഞാൻ പറഞ്ഞതാ ഇത് ( ആ താടിക്കാരൻ പ്രശസ്ത ശിൽപ്പി ജീവൻ തോമസ്!) ഒന്നും നടന്നില്ല. ഇനീം പേര് എഴുതിവെച്ചില്ലെങ്കി ഞാൻ ഒരു പോസ്റ്റർ അവുടെ ഒട്ടിക്കും. ടൗൺ ഹാളില് ഇതിന്റെ ഒക്കെ ആൾക്കാരുണ്ടാവൂലേ, ങ്ങള് അവരോടു പറഞ്ഞു ശര്യാക്കണം.
ശരിയാണ്. കെ ടിയുടെ ശിൽപ്പത്തിനോടൊപ്പം ഒരു ഫലകമില്ല, ഒന്നും എഴുതിവെച്ചിട്ടുമില്ല.
നിങ്ങൾ പറഞ്ഞത് ശരിയായ അത്യാവശ്യമായ കാര്യമാണ്. ഏതായാലും പോസ്റ്ററൊന്നും ഒട്ടിക്കണ്ട. ഒരു മാർബിൾ ഫലകത്തിൽ വേണ്ട കാര്യങ്ങൾ ഉൾപ്പെടുത്തി ശിൽപ്പത്തോടൊപ്പം സ്ഥാപിക്കാൻ എന്തെങ്കിലും ചെയ്യാമോ എന്ന് ഞാനും നോക്കാം.
ഓട്ടോ റിക്ഷ ടൗൺഹാളിലെത്തി. ഇറങ്ങി കാശുകൊടുത്ത് പിരിയുമ്പോൾ അയാൾ വീണ്ടും പറഞ്ഞു
ഞാൻ പറഞ്ഞത് ങ്ങള് മറക്കല്ലേ
ഭാഗ്യം. ടൗൺഹാളിൽ നഗരസഭയുടെ ഉത്തരവാദപ്പെട്ട ചിലരുണ്ടായിരുന്നു. അവരോട് ഓട്ടോ ഡൈവർ മുന്നോട്ടുവെച്ച ആവശ്യത്തെക്കുറിച്ച് (വാസ്തവത്തിൽ അത് അയാളുടെ മാത്രം ആവശ്യമല്ലല്ലോ ) സംസാരിച്ചു. വൈകാതെ നഗരസഭ ഇക്കാര്യത്തിൽ വേണ്ടതു ചെയ്യാമെന്ന ഉറപ്പും കിട്ടി.
രാത്രി തിരികെ വീട്ടിലെത്ത്യശേഷം നഗരമാതാവിന്റെ സ്റ്റാഫിലെ സുരേഷ് കുമാറിനേയും വിളിച്ച് കാര്യം പറഞ്ഞു.
“നാളെത്തന്നെ ഒരു നോട്ട് എഴുതി മേയർക്ക് കൊടുക്കാം കഴിവതും വേഗം നമുക്കത് ശരിയാക്കാം ബാലുവേട്ടാ” എന്ന് സുരേഷും ഉറപ്പു തന്നു.
കാര്യം ശരിയാകട്ടെ, വേഗം.

പറയാതിരിയ്ക്കുവതെങ്ങനെ ഞാൻ




ഇ ഹരികുമാർ ലബ്ധപ്രതിഷ്ഠനായ എഴുത്തുകാരനാണ്. ദിനോസറിന്റെ കുട്ടിയും, ശ്രീപാർവ്വതിയുടെ പാദവും ഒക്കെ നമുക്കുതന്ന പ്രിയ കഥാകാരൻ. ഉമ്മുക്കുൽസൂന്റെ വീട് എന്ന കഥ കലാകൗമുദി ഓണപ്പതിപ്പിൽ പ്രസിദ്ധീകരിച്ചത് കഴിഞ്ഞകൊല്ലമായിരുന്നു. അന്ന് വായിച്ച കഥ. ഇന്നലെ വീണ്ടും കേട്ടു, സൗമ്യ ബിജുവിന്റെ ശബ്ദത്തിൽ. സൈകതം ബുക്സ് പുറത്തിറക്കിയ ആഡിയോ സിഡിയിൽ ഇതടക്കം 12 കഥകളുടെ ശബ്ദാവിഷ്കാരമുണ്ട്. സൗമ്യയോടൊപ്പം ആർ ദാമോദറും മഞ്ജു പ്രസന്നയും ശബ്ദം നൽകിയ കഥകൾ. കഥയിലെ വികാരം ഒട്ടും ചോർന്നുപോകാതെ, മികവുറ്റ ശബ്ദനിയന്ത്രണവും വായനാശൈലിയും കൊണ്ട് നല്ല ശ്രാവ്യാനുഭവം. സൗമ്യ-മഞ്ജു-ദാമോദരന്മാർക്ക് അഭിനന്ദനങ്ങൾ.
കഥകൾ വായിച്ച് അനുഭവിപ്പിക്കുന്ന രീതി ആകാശവാണി പണ്ടേ തുടങ്ങിയിരുന്നു. ദശാബ്ദങ്ങൾക്കു മുമ്പ് കേട്ട ചില കഥകൾ, ഉണ്ണികൃഷ്ണൻ പുതൂരിന്റെ നക്ഷത്രക്കുഞ്ഞ് (പേര് ഇതുതന്നെയോ എന്ന് ഉറപ്പില്ല) പോലുള്ളവ ഇന്നും മനസ്സിൽ തങ്ങി നിൽക്കുന്നുണ്ട്. കവിതകളുടെ ശബ്ദാവിഷ്കാരം കാസറ്റ് / സി ഡി രൂപങ്ങളിൽ കമ്പോളത്തിലുണ്ടെങ്കിലും കഥകൾ വളരെ കുറച്ചേ കണ്ടിട്ടുള്ളൂ. സി രാധാകൃഷ്ണന്റെ ചില കഥകൾ ഹൈ ടെക് ബുക്സ് കാസറ്റിലാക്കിയത് അറിയാം. എന്നാൽ സൈകതത്തിന്റെ ഈ സംരംഭത്തിനു മുൻമാതൃകകളില്ലെന്നു തോന്നുന്നു. അഭിനന്ദനാർഹവും അനുകരണീയവും.

സൈകതത്തിന്റെ പുസ്തകപ്രകാശനം, എറണാകുളത്ത്




സൈകതം ബുക്സിന്റെ പ്രസാധനപാതയിലെ ഒരു നാഴികക്കല്ലാകും മാർച്ച് 22 നു എറണാകുളം ബി ടി എഛിൽ നടന്ന ആറു പുസ്തകങ്ങളുടെ പ്രസാധനച്ചടങ്ങ് എന്നു തോന്നുന്നു. ഏതാണ്ട് നൂറ്റി ഇരുപത്തഞ്ചിലധികം പുസ്തകങ്ങൾ സൈകതം പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്നാണെന്റെ അറിവ്. (തെറ്റെങ്കിൽ തിരുത്താം). എന്നാൽ മാർച്ച് 22 ന്റെ പരിപാടി പലതുകൊണ്ടും വേറിട്ടു നിൽക്കുന്നു. പ്രശസ്തരും അവരുടെ കൂടെ നല്ല ഭാവിവാഗ്ദാനങ്ങളെന്ന് ഉറപ്പിക്കാവുന്നവരുമായ ആറുപേരുടെ പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്. ഇ ഹരികുമാറിന്റെ “ഉമ്മുക്കുൽസൂന്റെ വീട്” എന്ന കഥാസമാഹാരം (ഇതിന്റെ ആഡിയോ സി ഡിയും കൂടെ), സി ആർ നീലകണ്ഠന്റെ “ ഹരിത വർത്തമാനങ്ങൾ” എന്ന ലേഖനസമാഹാരം, പ്രിയ എ എസ്സിന്റെ “ പൂക്കാതിരിക്കാൻ എനിക്കാവതില്ലേ” എന്ന കഥാസമാഹാരം, വി എം ഗിരിജയുടെ “ഇരുപക്ഷം പെടുമിന്ദുവല്ല ഞാൻ” എന്ന കവിതാസമാഹാരം, മീര രമേഷിന്റെ “ഇലവീട്” എന്ന കവിതാസമാഹാരം, അനീഷ് പുതുവലിന്റെ “നിഴലുകളുടെ ചുരുക്കെഴുത്ത്” എന്ന കവിതാസമാഹാരം എന്നിവയാണവ.

ഔപചാരികളൊക്കെ ഒഴിവാക്കിയായിരുന്നു, പരിപാടി. അദ്ധ്യക്ഷനും ഉൽഘാടകനും ഒന്നുമില്ല. ലീലാവതി റ്റീച്ചറും സാനു മാഷും സംസാരിച്ചു. പുസ്തകങ്ങളെ പരിചയപ്പെടുത്തി ഹ്രസ്വഭാഷണങ്ങളും നടന്നു. തുടർന്ന് രചയിതാക്കളും ഏതാനും വാക്കുകളിൽ തങ്ങളുടെ വികാരം പങ്കുവെച്ചു. അത്ര മാത്രം.

പുസ്തകങ്ങൾ കെട്ടിലും മട്ടിലും നല്ല നിലവാരം പുലർത്തുന്നുണ്ട്. എടുത്തുപറയാൻ ആഗ്രഹിക്കുന്നത് മീര രമേഷിനെക്കുറിച്ച്. ഈ ആറു പുസ്തകങ്ങളിൽ ഒന്ന് മീരയുടെ കവിതകളാണ്. നാലെണ്ണത്തിന്റെ കവർ രൂപകൽപ്പന ചെയ്തതും മീര തന്നെ. അങ്ങനെ എഴുത്തും വരയും ഒരു പക്ഷേ സംഗീതവും ( കവിതാലാപനം കേട്ടപ്പോൾ തോന്നിയത്) വഴങ്ങുന്ന മീര ഉയരങ്ങളിലെത്തുമെന്ന് ഉറപ്പ്.
ഉത്സാഹക്കമ്മറ്റിയൊക്കെ ഉണ്ടായിരുന്നെങ്കിലും Man of the day ദാമോദർ രാധാകൃഷ്ണൻ തന്നെയായിരുന്നു. ഭാരം ചുമക്കാൻ ഗണേഷും, അനീഷും, അഭിലാഷും ഒക്കെ ഉണ്ടായിരുന്നത് മറന്നിട്ടില്ല!! എന്റെ സന്തോഷം ഇ ഹരികുമാർ, പ്രിയ, ഗിരിജ-നീലകണ്ഠൻ ദമ്പതികൾ, അനീഷ്, മീര എന്നിവരെയും പിന്നെ സച്ചിദാനന്ദൻ, ശ്രീകുമാർ കരിയാട്, സോക്രട്ടീസ് വാലത്ത്, അരുൺ ഗാന്ധി തുടങ്ങി കുറേയേറെ കാവ്യകേളിക്കാരെയും കാണാനായി എന്നതാണ്.. ദുഃഖം സോക്കർ അടക്കമുള്ളവരോട് ഒരു വാക്കുപോലും മിണ്ടാനൊത്തില്ലല്ലോ എന്നും. തിരക്കായിരുന്നൂ എല്ലാവരും..