Friday, July 31, 2009

മലബാറിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലേക്ക്‌ എത്തിനോക്കാന്‍ ഒരു കൈ സഹായം തരുമോ

കേരളാ സ്റ്റേറ്റ്‌ ലൈബ്രറി കൗണ്‍സിലില്‍ അഫിലിയേറ്റ്‌ ചെയ്ത ഏഴായിരത്തിലധികം ഗ്രന്ഥാലയങ്ങളുണ്ട്‌. കേരളത്തിലെ ഗ്രന്ഥാലയ പ്രസ്ഥാനത്തിന്റെ സമഗ്രവും കഴിവതും സമ്പൂര്‍ണവുമായ ഒരു ചരിത്രനിര്‍മ്മാണത്തിനുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാണ്‌ ലൈബ്രറി കൗണ്‍സില്‍ പ്രവര്‍ത്തകര്‍. ഈ ആവശ്യത്തിലേക്ക്‌ മലബാറിലെ, പ്രത്യേകിച്ച്‌ കോഴിക്കോട്‌ ജില്ലയിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലേക്ക്‌ വെളിച്ചം വീശുവാന്‍ ഉതകുന്ന സൂചനകളും അനുബന്ധരേഖകള്‍ ലഭിക്കാനുള്ള മാര്‍ഗ്ഗവും കിട്ടിയാല്‍ ഉപകാരം.


കേരളത്തിലെ മറ്റു പല പ്രദേശങ്ങളിലെന്നപോലെ കോഴിക്കോടു ജില്ലയിലും ഗ്രന്ഥശാലാപ്രസ്ഥാനം ആരംഭിച്ചത്‌ ഇരുപതാം നൂറ്റാണ്ടിന്റെ  രണ്ടാം ദശകത്തോടെയാണെന്നു കരുതാം. കോഴിക്കോടു മുന്‍സിപ്പാലിറ്റിയുടെ നേതൃത്വത്തില്‍  1890ല്‍ സ്ഥാപിതമായ കലിക്കറ്റ്‌ പബ്ലിക്ക്‌ ലൈബ്രറിയും (പിന്നീട്‌ ഇതിന്റെ പേര്‍ സെന്‍ട്രല്‍   ലൈബ്രറി എന്നായി മാറി) ഏതാനും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ കീഴിലുണ്ടായിരുന്ന പൊതുഗ്രന്ഥാലയങ്ങളുമാണ്‌ 1920 കള്‍ക്കു മുമ്പ്‌ ഉണ്ടായിരുന്നത്‌.


ദേശീയ സ്വാതന്ത്ര്യപോരാട്ടകാലത്ത്‌, 1920,30,40 കളില്‍ സേവനതല്‍പ്പരരായ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഒട്ടേറെ ഗ്രാമീണവായനശാലകളും ഗ്രന്ഥാലയങ്ങളും രൂപീകൃതമായി   സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ കേന്ദ്രങ്ങളായിരുന്നു ഇവ. മഹാത്മാ ഗാന്ധിജി, കെ കേളപ്പന്‍, ഏ കെ ജി, ഈ എം എസ്‌, മുഹമ്മദ്‌ അബ്ദുറഹിമാന്‍ സാഹിബ്‌ എന്നിവരടക്കമുള്ള പല ദേശീയനേതാക്കളും മലബാറിലെ ഗ്രന്ഥാലയങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്‌.

ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമെന്ന നിലക്കു ഹിന്ദി പഠനം, വയോജന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ എന്നിവയിലെല്ലാം വായനശാലാ പ്രവര്‍ത്തകര്‍ സജീവമായിരുന്നു.

1937ല്‍ കോഴിക്കോട്‌ ടൗണ്‍ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ച്‌ മലബാര്‍ ലൈബ്രറി അസ്സോസിയേഷന്‍ രൂപീകരിക്കപ്പെട്ടു.സ്വതന്ത്രമായി പ്രവര്‍ത്തിച്ചു വന്ന ഗ്രന്ഥാലയങ്ങളെ ഏകോപിപ്പിച്ച്‌ ഒരു കുടക്കീഴില്‍ കൊണ്ടുവരികയെന്നതായിരുന്നു ലക്ഷ്യം.


(1977 വരെ നടന്ന നല്ല പ്രവര്‍ത്തനം
തുടര്‍ന്നു ഓര്‍ഡിനന്‍സിലൂടെ ജനാധിപത്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ കൂച്ചുവിലങ്ങ്‌.
1989 ലെ കേരളാ പബ്ലിക്ക്‌ ലൈബ്രറീസ്‌ ആക്റ്റ്‌. വീണ്ടും പ്രവര്‍ത്തനങ്ങളുടെ പുഷ്ക്കലകാലം).


ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ കേരള രാഷ്ട്രീയത്തില്‍ വന്ന മാറ്റങ്ങളുടെ പ്രതിഫലനങ്ങള്‍ ഗ്രന്ഥാലയങ്ങളുടെ രൂപീകരണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരിലും സ്വാധീനം ചെലുത്തിയതായി കാണാം.കോണ്‍ഗ്രസ്സ്‌-കോണ്‍ഗ്രസ്സ്‌ സോഷ്യലിസ്റ്റ്‌-കമ്മ്യൂണിസ്റ്റ്‌ എന്ന രീതിയിലുള്ള പരിണാമം പൊതുവെ ഇവിടേയും ഉണ്ടായിരുന്നു.

തികച്ചും പുരോഗമനപരമായ ഉദ്ദേശലക്ഷ്യങ്ങള്‍- നിശാപാഠശാലകള്‍ ( സാക്ഷരതാ പ്രസ്ഥാനത്തിന്റെ മുന്‍ഗാമി), ഹിന്ദിപഠനം, വായനാ സംസ്കാരം വളര്‍ത്തല്‍. സമ്പന്നവിഭാഗങ്ങളുടെ കുത്തകയായിരുന്ന പഠനവും വായനയും ജനകീയവല്‍ക്കരിക്കപ്പെടുന്നു.
ഏതു പ്രസ്ഥാനത്തിനും എക്കാലത്തും മാതൃകയാക്കേണ്ട വിധത്തിലുള്ള ചിട്ടയായ പ്രവര്‍ത്തനം      (6,7 ദശകങ്ങള്‍ക്കു മുന്‍പുള്ള മിനുറ്റ്സ്‌ പുസ്തകമെല്ലാം ഇന്നും സൂക്ഷിച്ചിട്ടുള്ള ഒട്ടേറെ ഗ്രന്ഥാലയങ്ങള്‍ "ദേശപോഷിണി" അടക്കം ) സാമ്പത്തിക കാര്യങ്ങളിലെ കൃത്യത,   അച്ചടക്കം,. ദേശീയ- അന്തര്‍ ദേശീയ കാര്യങ്ങള്‍ കൃത്യമായി വിലയിരുത്തുകയും നിലപാടുകള്‍ എടുക്കുകയും ചെയ്തതിന്റെ രേഖകള്‍ ലഭ്യം.

കോഴിക്കോട്‌ ജില്ലയില്‍ ലഭ്യമായ കണക്കനുസരിച്ച്‌ 480ല്‍ അധികം ഗ്രന്ഥാലയങ്ങളുണ്ട്‌

ഈ വിഷയത്തില്‍ തല്‍പ്പരരായവരുടെ സഹായങ്ങളും ഉപദേശനിര്‍ദ്ദേശങ്ങളും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കേരള സ്റ്റേറ്റ്‌ ലൈബ്രറി കൗണ്‍സില്‍ നടത്തുന്ന ഗ്രന്ഥായങ്ങളുടെ ചരിത്രനിര്‍മ്മാണത്തില്‍ കോഴിക്കോട്‌ ജില്ലയില്‍ അന്വേഷണം നടത്താന്‍ നിയോഗിയ്ക്കപ്പെട്ടവരില്‍ ഒരാളെന്ന നിലയില്‍ എനിയ്ക്ക്‌ നിങ്ങളുടെ പ്രതികരണങ്ങള്‍ ഉപയോഗപ്രദമാകും