Wednesday, November 12, 2008

യൂറോപ്പിലൂടെ

(യൂറോപ്പിലൂടെ എന്ന പേരില്‍ പത്തുഭാഗമായി പോസ്റ്റു ചെയ്ത അനുഭവങ്ങള്‍ പല സുഹൃത്തുക്കളുടേയും പ്രേരണയാല്‍ ഒറ്റ പോസ്റ്റായി ഇടുകയാണ്‌.)

യാത്രകള്‍- അതു ചെറുതായാലുംവലിയതായാലും- ഒരു സൗഭാഗ്യമായി കരുതുന്ന എനിയ്ക്ക്‌ ഒരു വിദേശയാത്രക്കുള്ള അവസരം ഒത്തുവന്നത്‌ അടുത്തിടമാത്രമായിരുന്നു. യൂറോപ്പിലെ ഒന്‍പതു രാജ്യങ്ങളിലൂടെ 16 ദിവസം നീണ്ട ഒരു യാത്ര. ചില സഥലങ്ങളില്‍ ഒരു ഓട്ടപ്രദക്ഷിണമായിരുന്നെങ്കില്‍പ്പോലും ഒരുപാട്‌ നല്ല അനുഭവങ്ങള്‍ നല്‍കിയ ആ യാത്രയുടെ നഖചിത്രം വരയ്ക്കാന്‍ ശ്രമിക്കുകയാണ്‌, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്‌ എന്നീ സ്ഥലങ്ങളില്‍ നിന്നു പുറപ്പെട്ട 29 പേരടങ്ങുന്ന സംഘം ദോഹയില്‍ ഒത്തുചേരുകയും തുടര്‍ന്നു ലണ്ടനിലേക്ക്‌ യാത്ര തുടരുകയുമായിരുന്നു. ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തില്‍ ഇറങ്ങി. ഇമിഗ്രേഷന്‍,സെക്യൂരിറ്റി ചെക്ക്‌, കസ്റ്റംസ്‌ ക്ലിയറന്‍സ്‌ എന്നിവയെല്ലാം കഴിഞ്ഞ്‌ ആദ്യരാത്രി വിശ്രമം.
പി റ്റെ ദിവസം രാവിലെ ലണ്ടന്‍ നഗരക്കാഴ്ചകളിലേക്ക്‌.ബക്കിംഗ്‌ഹാം കൊട്ടാരം,സെന്റ്‌ പീറ്റേര്‍സ്‌,തെംസ്‌ നദീതീരത്തിലൂടെ ലണ്ടന്‍ ബ്രിഡ്ജ്‌, ടവര്‍ ബ്രിഡ്ജ്‌ എന്നിവയെല്ലാം കണ്ട ശേഷം ഉച്ചഭക്ഷണം.

തുടര്‍ന്ന് ലോകപ്രശസ്തമായ മദാം തുസ്സാദ്‌ സ്‌ വാക്സ്‌ മ്യുസിയം കാണാന്‍ യാത്രയായി.സാമൂഹ്യ-രാഷ്ട്രീയ-കലാ-കായികരംഗങ്ങളില്‍ പ്രശസ്ഥരായ നൂറുകണക്കിനു മഹദ്വ്യക്തികളുടെ ജീവന്‍ തുടിക്കുന്ന മെഴുകുപ്രതിമകളുടെ ഈ മ്യൂസിയത്തില്‍ മഹാത്മാഗാന്ധിയടക്കമുള്ള ഒട്ടനവധി ഇന്‍ഡ്യക്കാര്‍ക്കും ഗണനീയസ്ഥാനം നല്‍കിയിട്ടുണ്ട്‌.

ലണ്ടന്‍ ഐ(മില്ലെനിയം വീല്‍) യിലേയ്ക്കായിരുന്നു പിന്നീട്‌ പോയത്‌.

ലണ്ടന്‍-ഒരു പക്ഷിവീക്ഷണം
ലോകപ്രശസ്ഥമായ ലണ്ടന്‍ ഐ (മില്ലെനിയം വീല്‍)യില്‍ നിന്ന് ഒരു കാഴ്ച്ച.135 മീറ്റര്‍ ഉയരത്തില്‍ നിന്ന് ലണ്ടന്‍ നഗരത്തിലെ കെട്ടിടങ്ങളും, തെംസ്‌ നദിയും, അതിലെ യാനപാത്രങ്ങളും എല്ലാം കാണുവാന്‍ പ്രതിവര്‍ഷം 30 ലക്ഷത്തില്‍ അധികം പേര്‍ ഇവിടെ എത്തുന്നു








തെംസ്‌ നദിയുടെ പശ്ചാത്തലത്തില്‍ വെസ്റ്റ്മിനിസ്റ്റര്‍ ആബി..



ടവര്‍ ബ്രിഡ്ജ്‌



ലണ്ടനില്‍ നിന്ന് പാരീസിലേയ്ക്കുള്ള യാത്ര റെയില്‍മാര്‍ഗ്ഗമായിരുന്നു. പ്രശസ്തമായ യൂറോ സ്റ്റാറില്‍. ലണ്ടനിലെ സെന്റ്‌ പാന്‍ക്രാസ്‌ സ്റ്റേഷനില്‍നിന്നു പാരീസിലെ ഗാരെ ദു നോര്‍ഡ്‌ സ്റ്റേഷനിലേക്കുള്ള 495 കി മി ദൂരം രണ്ടരമണിക്കൂറു കൊണ്ട്‌ ഓടിയെത്തുന്ന, അതിവേഗ-ആഡംബരസമൃദ്ധിയോടുകൂടിയ വണ്ടിയില്‍. യാത്രയുടെ ഒരുഭാഗം ഇംഗ്ലീഷ്ചാനലിന്റെ അടിയില്‍ നിര്‍മ്മിച്ച ടണലിലൂടെയാണ്‌.







ഗാരെ ദു നോര്‍ഡ്‌ സ്റ്റേഷന്‍




പാരീസിലൂടെ ഒരു ഓട്ടപ്രദക്ഷിണമായിരുന്നു. ഗൈഡ്‌ മിസ്സ്‌ കാതറീനയുടെ വിവരണങ്ങള്‍ കേട്ടുകൊണ്ട്‌ പ്രധാനസ്ഥലങ്ങള്‍ 'കവര്‍' ചെയ്ത്‌ ഈഫല്‍ ഗോപുരത്തിലെത്തി. 1000 അടിയോളം ഉയരത്തില്‍ തലയുയര്‍ത്തിനില്‍ക്കുന്ന ഈ ഗോപുരം ഗുസ്താവ്‌ ഈഫല്‍ എന്ന ആര്‍കിടെക്റ്റിന്റെ രൂപകല്‍പ്പനയില്‍ 1889 ല്‍ പൂര്‍ത്തീകരിച്ചുവെന്നു ചരിത്രം. ജനകോടികളുടെ സന്ദര്‍ശനകേന്ദ്രമായ ഈഫലില്‍ നല്ല തിരക്കുതന്നെ.




ഗോപുരത്തിന്റെ മൂന്നാംതലത്തില്‍നിന്നുള്ള പാരീസ്‌ കാഴ്ച്ച ചേതോഹരം.




ഈഫലില്‍ നിന്നുള്ള പക്ഷിവീക്ഷണത്തിനുശേഷം, രാത്രി ഒരു ലിഡോഷോകൂടി കണ്ടു.
പിറ്റേദിവസം ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസ്സല്‍സ്സിലേയ്ക്ക്‌ പുറപ്പെട്ടു.

പാരീസില്‍ നിന്ന് ബ്രസ്സല്‍സ്സിലേക്ക്‌ "ലോങ്ങ്‌ ഡിസ്റ്റന്റ്‌ കോച്ചി"ലായിരുന്നു യാത്ര. 315 കി മി ദൂരം പ്രകൃതിമനോഹരമായ ദൃശ്യങ്ങള്‍ ആസ്വദിച്ചുകൊണ്ട്‌ മൂന്നുമണിക്കൂറില്‍ താഴെ സമയത്തിനുള്ളില്‍ പിന്നിട്ടു.

ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസ്സല്‍സ്‌ അതിമനോഹരമായ ഒരു പട്ടണമാണ്‌.



പ്രധാന ആകര്‍ഷണങ്ങളിലൊന്ന് അറ്റോമിയമാണ്‌. 1958 ല്‍ ആന്ദ്രേ വാട്ടര്‍കീന്‍ എന്ന എന്‍ജിനീയറുടെ ഭാവനയുടെ പൂത്തീകരണമായിരുന്നു 335 അടി ഉയരത്തില്‍ 9 ഭീമാകാര ഉരുക്കുഗോളങ്ങള്‍ അടങ്ങുന്ന ഈ നിര്‍മ്മിതി. ഒരു ഭ്രാന്തിന്റെ നീക്കിബാക്കി എന്ന നിലയ്ക്ക്‌ ആദ്യകാലത്തു കണ്ട അറ്റോമിയം ഇന്നു വിവിധ സര്‍ക്കാര്‍ ഓഫീസുകളുടെ കേന്ദ്രമാണ്‌.




ബ്രസ്സല്‍സ്സില്‍ നിന്നു യാത്ര തുടര്‍ന്നത്‌ ഹോളണ്ടിലെ ആംസ്റ്റര്‍ഡാമിലേയ്ക്കായിരുന്നു.


ബ്രസ്സല്‍സ്സില്‍ നിന്നു യാത്ര തുടര്‍ന്നത്‌ ഹോളണ്ടിലെ ആംസ്റ്റര്‍ഡാമിലേയ്ക്കായിരുന്നു. യൂറോപ്പില്‍ മിക്കവാറും സ്ഥലങ്ങളില്‍ റോഡുമാര്‍ഗ്ഗമുള്ള യാത്രയില്‍ കാണൂന്ന പ്രകൃതിദൃശ്യങ്ങള്‍ സമാനമാണ്‌. ഫലഭൂയിഷ്ടമായ കൃഷിയിടങ്ങള്‍, നോക്കെത്താദൂരത്തോളമുള്ള പച്ചപുല്‍പ്പരപ്പുകള്‍, ദൂരെ ആല്‍പ്സ്‌ പര്‍വ്വതനിരകള്‍. നീണ്ടുകിടക്കുന്ന റോഡില്‍ ഇടക്കിടെയുള്ള ടണലുകള്‍. യാത്ര സുഖകരമായിരുന്നു.

ഇപ്പോള്‍ നെതര്‍ലാന്റ്‌ എന്ന പേരില്‍ അറിയപ്പെടുന്ന ഈ രാജ്യം നേരത്തെ ഹോളണ്ട്‌ എന്നും അതിനു മുന്‍പ്‌ ഡച്ച്‌ എന്നുമുള്ള പേരുകളിലായിരുന്നു അറിയപ്പെട്ടിരുന്നത്‌. ആംസ്റ്റര്‍ഡാം നഗരത്തിന്റെ വലിയ ഒരു ഭാഗം സമുദ്രനിരപ്പിനു താഴെയാണ്‌.എന്നാല്‍ ശാസ്ത്രീയമായി തോടുകളും, നീര്‍ത്തടങ്ങളും നിര്‍മ്മിച്ച്‌ ഈ പ്രതികൂലസാഹചര്യത്തെ അവര്‍ മറികടക്കുകയും അതിമനോഹരമായി നഗരത്തെ നിലനിര്‍ത്തുകയും ചെയ്യുന്നു.

നെതര്‍ലാന്റ്സിലെ കാഴ്ച്ചകള്‍ മനസ്സില്‍ മായാതെ കിടക്കുന്നു. ഇതില്‍ മുന്നിട്ടു നില്‍ക്കുന്നത്‌ "മദുരോദം" തന്നെ. ഹോളണ്ടിലെ ഏറ്റവും ചെറിയ നഗരം! 18000 സ്ക്വയര്‍ മീറ്റര്‍ സ്ഥലത്ത്‌ ഒരുക്കിയ ഹോളണ്ടിന്റെ ചെറുപതിപ്പ്‌! ഹോളണ്ടില്‍ കണ്ടിരിക്കേണ്ട ഇരുനൂറോളം സ്ഥലങ്ങള്‍/കെട്ടിടങ്ങള്‍/പള്ളികള്‍/റെയില്‍ വെ സ്റ്റേഷന്‍/എയര്‍പോര്‍ട്‌ തുടങ്ങിയവയുടെയെല്ലാം ചെറുമാതൃകകള്‍ ഇവിടെയുണ്ട്‌-വിശദാംശങ്ങള്‍ തരിമ്പുപോലും ഒഴിവാക്കാതെ.

മദുരോദം കാഴ്ച്ചകള്‍






മദുരോദരത്തിനു ശേഷം ഒരു ഡയമണ്ട്‌ കട്ടിംഗ്‌ ഫക്ടറിയിലേയ്ക്കാണ്‌ പോയത്‌. കരിക്കട്ടയില്‍ നിന്നു വജ്രത്തിലേയ്ക്കുള്ള രൂപ-ഭാവമാറ്റങ്ങള്‍ ഇവിടെ വിശദീകരിക്കുന്നു. അതോടൊപ്പം ലക്ഷങ്ങള്‍ വിലമതിക്കുന്ന വജ്രശേഖരപ്രദര്‍ശനവും വില്‍പ്പനയും ഇവിടെയുണ്ട്‌.

വജ്രമനോഹാരിത







ആംസ്റ്റര്‍നദിയിലെ അണക്കെട്ട്‌ ഉള്ള സ്ഥലം എന്ന അര്‍ഥത്തിലാണുപോല്‍ ആംസ്റ്റര്‍ഡാം എന്ന പേരു ഈ നഗരത്തിനു ലഭിച്ചത്‌. ആംസ്റ്റര്‍ നദിയിലൂടെയുള്ള ജലയാത്രയും ആഹ്ലാദജനകമായിരുന്നു.

ഹോളണ്ട്‌ റ്റുലിപ്പ്‌ പുഷ്പങ്ങളുടെ നാടാണ്‌. എന്നാല്‍ സീസണല്ലാത്തതിനാല്‍ കണ്ട്‌ ആസ്വദിക്കാന്‍ കഴിഞ്ഞില്ല. ഏതായാലും താമസം "ഗോള്‍ഡന്‍ റ്റുലിപ്‌" ഹോട്ടലിലായിരുന്നു.



യാത്ര തുടരുന്നത്‌ ജര്‍മനിയിലെ പ്രശസ്തമായ കൊളോണ്‍ പള്ളിയിലേക്ക്‌.





ആംസ്റ്റര്‍ദാമില്‍ നിന്ന് കൊളോണിലേയ്ക്കു മുന്നൂറോളം കി മി ദൂരമുണ്ട്‌. ബസ്സില്‍ യാത്ര തുടര്‍ന്നു. മൂന്നു മണിക്കൂര്‍ കൊണ്ട്‌ കൊളോണ്‍ നഗരത്തിലെത്തി.കൊളോണിലെ പ്രധാന ആകര്‍ഷണം കൊളോണ്‍ കത്തിഡ്രല്‍ തന്നെ. മനുഷ്യന്റെ ഭാവനയുടേയും അധ്വാനശേഷിയുടേയും പ്രതീകമായി തലയുയര്‍ത്തി നില്‍ക്കുന്നു ഈ പള്ളി. പതിമൂന്നാം നൂറ്റാണ്ടില്‍ പണി തുടങ്ങിയ ഈ പള്ളിയുടെ നിര്‍മാണമ്മ് പൂര്‍ത്തീകരിച്ചത്‌ 600 വര്‍ഷത്തിനു ശേഷമാണത്രേ. 144 മീറ്റര്‍ ഉയരവും 86 മീറ്റര്‍ വീതിയുമുള്ള പള്ളി ശില്‍പ്പചാതുര്യത്തിന്റെ മഹനീയ മാതൃകയാണ്‌. രണ്ടാം ലോകമഹായുദ്ധത്തിലേറ്റ പരിക്കുകള്‍ പരിഹരിച്ച്‌ ലക്ഷക്കണക്കിനു തീര്‍ഥാടകരേയും വിനോദസഞ്ചാരികളുടേയും ആകര്‍ഷണകേന്ദ്രമായി കൊളോണ്‍ കത്തിഡ്രല്‍ നിലകൊള്ളുന്നു.






കൊളോണ്‍ കത്തിഡ്രലില്‍ നിന്ന് പോയത്‌ ജര്‍മ്മനിയിലെ തന്നെ ബോപ്പാര്‍ഡിലേക്കാണ്‌. റൈന്‍ നദീതീരത്തുള്ള ബോപ്പാര്‍ഡ്‌ മുതല്‍ സങ്ക്ത്‌ ഗോര്‍ വരെ റൈന്‍ നദിയിലൂടെയുള്ള യാത്രയും രസകരം. ഇരുവശത്തും ഇടതൂര്‍ന്ന കാടുകളും ചിലയിടങ്ങളില്‍ പഴയ മാതൃകയിലുള്ള കെട്ടിടങ്ങളും, ചില പള്ളികളും എല്ലാം കണ്ട്‌ ക്രുയിസ്‌ യാത്ര തുടര്‍ന്നു.





സങ്ക്ത്‌ ഗോറിലെത്തിയ ശേഷം ബസ്സില്‍ ഹെപ്പെന്‍ഹൈമിലേയ്ക്ക്‌.


ജര്‍മ്മനിയിലെ ഹെപ്പെന്‍ഹൈമില്‍ നിന്നു റ്റിറ്റിസീ, ബ്ലാക്‌ ഫോറസ്റ്റ്‌ വഴി സ്വിറ്റ്സ്സ്‌സര്‍ലാന്റിലെ ഏന്‍ഗല്‍ബര്‍ഗ്‌ വരെയായിരുന്നു യാത്രയുടെ അടുത്ത ഘട്ടം. മനോഹമായ ഭൂപ്രദേശങ്ങള്‍ താണ്ടി ഡ്രൂബയിലെത്തി. ആല്‍പ്സ്‌ നിരയുടെ
ബ്ലാക്‌ ഫോറസ്റ്റ്‌ എന്ന പേരില്‍ അറിയപ്പെടുന്ന ഭാഗത്താണ്‌ ഡ്രൂബ.കാടുകള്‍ നിറഞ്ഞ മലനിരകളും, തടാകങ്ങളും, ഇടക്കെല്ലാം കൊച്ചു ടൗണ്‍ഷിപ്പുകളും പിന്നിട്ട്‌ ഒരു കുക്കൂ ഫാക്ടറി സന്ദര്‍ശനം.



ഒരു ഭീമന്‍ കുക്കൂ ക്ലോക്ക്‌





വീണ്ടും യാത്ര- ഷഫാസെന്നിലേയ്ക്ക്‌.പ്രശസ്ഥമായ റൈന്‍ നദി, വെള്ളച്ചാട്ടമായി പരിണമിക്കുന്നത്‌ ഇവിടെയാണ്‌.



റൈന്‍ ഫാള്‍സില്‍ കുറച്ചുസമയം ചിലവിട്ടശേഷം സ്വിറ്റ്സ്സ്സര്‍ലാന്റ്സിലെ ഏന്‍ഗല്‍ബര്‍ഗിലേയ്ക്ക്‌


ഏന്‍ഗല്‍ബര്‍ഗ്‌ സ്വിറ്റ്സ്‌സര്‍ലാന്റിലെ ഏറ്റവും ഉയരം കൂടിയ മലനിരകളില്‍ രണ്ടാമനായ മൗണ്ട്‌ റ്റിറ്റ്‌ലിസിന്റെ താഴ്‌വാരമാണ്‌. മൗണ്ട്‌ റ്റിറ്റ്ലിസിലേയ്ക്കുള്ള യാത്ര കേബിള്‍കാറില്‍.
സമതലത്തില്‍ നിന്ന് ആരംഭിച്ച്‌ പുല്‍മേടുകള്‍ക്കും തടാകങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും മീതെ ഉയര്‍ന്നുയര്‍ന്നുള്ള യാത്ര ഓര്‍മ്മയില്‍ എന്നെന്നും പച്ചപിടിച്ചു നില്‍ക്കുന്നതാണ്‌.

കേബിള്‍കാറില്‍ നിന്നുള്ള ദൃശ്യം




സമുദ്രനിരപ്പില്‍ നിന്ന് 10000 അടി ഉയരത്തിലാണ്‌ റ്റിറ്റ്‌ലിസ്‌. ചുറ്റും മഞ്ഞുമാത്രം. അന്തരീക്ഷതാപം മൈനസ്‌ 4 ഡിഗ്രി സെന്റിഗ്രേഡ്‌.





പക്ഷേ റ്റിറ്റ്‌ലിസില്‍ അതിവിശാലമായ സ്ഥലത്ത്‌ ടൂറിസം ഓഫീസുകളും,റസ്റ്റാറന്റ്‌ ഷോപ്പിംഗ്‌ കോംപ്ലെക്സ്‌ എന്നിവയെല്ലാം അടങ്ങുന്ന കെട്ടിടത്തിനുള്ളില്‍ തണുപ്പിന്റെ ശല്യമില്ലാത്ത സുഖകരമായ അന്തരീക്ഷം.



മൗണ്ട്‌ റ്റിറ്റ്‌ലിസില്‍ നിന്നു താഴെയിറങ്ങിയ ശേഷം സ്വിറ്റ്സ്‌സര്‍ലന്റിലെ പ്രസിദ്ധമായ ലൂസേര്‍ണ്‍ തടാകക്കരയിലേയ്ക്കാണ്‌ പോയത്‌. സഞ്ചാരികളുടെ ആകര്‍ഷണകേന്ദ്രങ്ങളാണ്‌ തടാകവും വുഡ്ഡന്‍ ബ്രിഡ്ജും.




യാത്ര തുടരുന്നത്‌ യൂറോപ്പിലെ
ഏറ്റവും ഉയരമുള്ള കൊടുമുടിയായ യുങ്ങ്‌ ഫറാവോവിലേയ്ക്ക്‌.


(ഇംഗ്ലീഷില്‍ സ്പെല്ലിംഗ്‌ Jung frau Joch ആണ്‌. മലയാള ഉച്ചാരണം ശരിയോയെന്നറിയില്ല. സ്വിസ്സില്‍ "ജ" ഇല്ലപോലും-പകരം "യ" ആണെന്ന് അഭിജ്ഞമതം).

യൂറോപ്പിലെ ഏറ്റവും ഉയരമേറിയ കൊടുമുടിയാണ്‌ യുങ്ങ്‌ ഫ്രോ-11333 അടി ഉയരമെന്നാണ്‌ കണക്ക്‌. ഉയരത്തിന്റെ കാര്യത്തില്‍ ഇന്‍ഡ്യയിലെ റോത്തങ്ങ്‌ പാസ്സെല്ലാം (ഉയരം 12000 അടിയില്‍ മീതെ) മുന്നില്‍ നില്‍ക്കുന്നു. എന്നാല്‍ യാത്രാസൗകര്യത്തിലും മലമുകളിലെ ക്രമീകരണങ്ങള്‍, മറ്റു സൗകര്യങ്ങള്‍ എന്നിവയിലെല്ലാം യുങ്ങ്‌ ഫ്രോ ബഹുദൂരം മുന്നില്‍ത്തന്നെ.

താഴ്‌വാരപ്രദേശമായ ഇന്റര്‍ലേക്കണില്‍ നിന്ന് റെയില്‍മാര്‍ഗമാണ്‌ യുങ്ങ്‌ ഫ്രോവിലേക്കു യാത്ര.ആധുനികസൗകര്യങ്ങളുള്ള റെയില്‍ വേ സ്റ്റേഷനുകളാണ്‌ തുടക്കം മുതല്‍ കൊടുമുടിവരെ. അഞ്ചുമിനിറ്റ്‌ ഇടവിട്ട്‌ മുകളിലേക്കും താഴേക്കും വണ്ടികള്‍ ഓടിക്കൊണ്ടിരിക്കും. വണ്ടിയില്‍ നിന്നുള്ള പക്ഷിവീക്ഷണദൃശ്യങ്ങള്‍ നയനാനന്ദകരം. യുങ്ങ്ഫ്രോ റെയില്‍വെയുടെ പിതാവ്‌ എന്നറിയപ്പെടുന്നത്‌ അഡോല്‍ഫ്‌ ഗുയേര്‍. 1894 അദ്ദേഹം സമര്‍പ്പിച്ച പ്രോജക്ട്‌ ആണ്‌ പിന്നീട്‌ യാഥാര്‍ത്ഥ്യമായത്‌.








യുങ്ങ്‌ ഫ്രോയുടെ മുകളിലും റ്റിറ്റ്‌ ലിസ്‌ പോലെ എല്ലാ സൗകര്യങ്ങളും ലഭ്യമാണ്‌. റസ്റ്റാറന്റുകള്‍, സുവനീര്‍ ഷോപ്പുകള്‍ എന്നിവക്കെല്ലാം പുറമേ ഇവിടെ ഒരു പോസ്റ്റോഫീസുമുണ്ട്‌. ലോകത്തിന്റെ നാനാഭാഗത്തുനിന്നും വരുന്ന സഞ്ചാരികളില്‍ വളരെപ്പേര്‍ സ്വന്തം നാടിലേയ്ക്ക്‌ ഒരു കത്തെങ്കിലും ഈ പോസ്റ്റോഫീസില്‍ പോസ്റ്റ്‌ ചെയ്യുന്നു. രണ്ട്‌ ആഴ്ചയ്ക്കുള്ളില്‍ നിര്‍ദ്ദിഷ്ടസ്ഥലത്ത്‌ കത്തെത്തുമെന്നു അധികൃതരുടെ ഉറപ്പ്‌.

മഞ്ഞുമലയില്‍ കുറേനേരം ചിലവഴിക്കുകയും, റസ്റ്റാറന്റിലെ ലൈവ്‌ മ്യൂസിക്ക്‌ ആസ്വദിച്ചുകൊണ്ട്‌ ഭക്ഷണം കഴിക്കുകയും, അല്‍പസ്വല്‍പം സ്മരണികകള്‍ വാങ്ങുകയും ചെയ്തശേഷം പോസ്റ്റോഫീസില്‍ പോയി ഒരു കത്തും പോസ്റ്റുചെയ്ത്‌ തിരികെയിറങ്ങാന്‍ വണ്ടിയില്‍ കയറി.






ഇന്റര്‍ലേക്കണില്‍ എത്തി പുറംകാഴ്ചകള്‍ ആസ്വദിച്ചു നടന്നു.

തുടര്‍ന്നുള്ള യാത്ര സ്വിസ്സിന്റെ അതൃത്തിയിലെ ലിച്ചെന്‍സ്റ്റൈന്‍ എന്ന കൊച്ചു "രാജ്യം" താണ്ടി ആസ്റ്റ്‌റിയയിലേയ്ക്ക്‌.



സ്വിറ്റ്സ്‌ സര്‍ലാന്റിന്റെ അതൃത്തിയിലെ ഒരു കൊച്ചു സ്വതന്ത്ര രാജ്യമാണ്‌ ലിച്ചെന്‍സ്റ്റൈന്‍. വിസ്തീര്‍ണം 161 സ്ക്വയര്‍ കി മി. ജനസംഖ്യ 35000 ല്‍ താഴെ. തലസ്ഥാനമായ വഡൂസിലെ ജനസംഖ്യ ആറായിരത്തില്‍ താഴെ മാത്രവും. കൊച്ചുരാജ്യമാണെങ്കിലും സാമ്പത്തികസ്ഥിതിയിലും പ്രകൃതിമനോഹാരിതയിലും ഒട്ടും പിറകിലല്ല ലിച്ചെന്‍സ്റ്റൈന്‍. ടൂറിസ്റ്റുകളെ കേന്ദ്രീകരിച്ച്‌ നല്ല കച്ചവടവും ഇവിടെ നടക്കുന്നു




ലിച്ചെന്‍സ്റ്റൈനില്‍ നിന്നു നേരെ ആസ്റ്റ്‌ റിയയിലെ ഇന്‍സ്ബ്രൂക്കിലേക്ക്‌.മനോഹരമായ ഭൂപ്രദേശങ്ങളിലൂടെ ഒരു ദീര്‍ഘയാത്ര.

ക്രിസ്റ്റല്‍ ആഭരണപ്രേമികളുടെ ഇഷ്ടബ്രാന്‍ഡായ സ്വറോവ്‌സ്കിയുടെ മ്യൂസിയം ഈ വഴിയിലാണ്‌ സ്ഥിതിചെയ്യുന്നത്‌.പ്രകൃതി കനിഞ്ഞനുഗ്രഹിച്ച പ്രദേശത്ത്‌ മനോഹരമായി സംവിധാനം ചെയ്ത മ്യൂസിയം ഒട്ടനവധി സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു

സ്വറോവ്‌സ്കി മ്യൂസിയത്തില്‍












സ്വറോവ്‌സ്കി മ്യൂസിയം കണ്ട ശേഷം ഇന്‍സ്‌ബ്രൂക്കിലേക്കുള്ള യാത്ര തുടര്‍ന്നു.



ധാന്യങ്ങള്‍, പഴവര്‍ഗ്ഗങ്ങള്‍ എന്നിവയുടെ നീണ്ടുകിടക്കുന്ന കൃഷിയിടങ്ങള്‍ പിന്നിട്ട്‌ ഇന്‍സ്‌ബ്രൂക്കിലെത്തി.

ഇന്‍സ്‌ ബ്രൂക്കില്‍നിന്ന് നാനൂറോളം കിമി ദൂരം യാത്രയാണ്‌ ഇറ്റലിയിലെ വെനീസിലേയ്ക്ക്‌.വെനീഷ്യന്‍ കായലിലെ 118 ദ്വീപുകളുടെയും തുരുത്തുകളുടേയും സമൂഹമാണ്‌ വെനീസ്‌.ജലാശങ്ങളുടെ നാടായ വെനീസില്‍ എത്താന്‍ നാലുമണിക്കൂറിലേറെ സമയമെടുത്തു. ഇറ്റലിയുടെ അതിര്‍ത്തി കടന്നു കുറേ യാത്ര ചെയ്തപ്പോഴേക്കും ഭൂപ്രകൃതിയിലെല്ലാം ചെറിയ മാറ്റം കണ്ടുതുടങ്ങി. ഭൂപ്രകൃതിയില്‍ മാത്രമല്ല പൊതുവേ ജീവിതരീതിയിലും സംസ്കാരത്തിലുമെല്ലാം മറ്റുപല യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നു വ്യത്യസ്ഥമാണ്‌ ഇറ്റലി. വെനീസും,റോമും, ഫ്ലോറന്‍സുമെല്ലാം തിരക്കേറിയ ഒരു ഇന്ത്യന്‍ നഗരത്തിന്റെ പ്രതീതി ഉളവാക്കി. വൃത്തിയുടെ കുറവും ചുമരെഴുത്തുകളും എല്ലാം ഇവിടങ്ങളില്‍ കണ്ടു. ഇറ്റലിയില്‍ പിടിച്ചുപറിയും കവര്‍ച്ചയും ചൂതാട്ടവുമെല്ലാം നിര്‍ബാധം നടക്കുമെന്ന മുന്നറിയിപ്പ്‌ നേരത്തേതന്നെ ലഭിച്ചിരുന്നു.

വെനീസിലെ ട്രോണ്‍ചെട്ടോ മുതല്‍ സാന്‍ മാര്‍കോ വരെ ജലാശയത്തിലൂടെ യന്ത്രവല്‍കൃത ബോട്ടില്‍ യാത്ര. ഇരുവശത്തും ചരിത്രപ്രാധാന്യമുള്ള നിരവധി കെട്ടിടങ്ങള്‍. ടൂറിസ്റ്റുകളെയും വഹിച്ച്‌ ഒട്ടനവധി ചെറുതും വലുതുമായ ജലയാനങ്ങള്‍. വലിയ ആഡംബരകപ്പലുകള്‍ വരെ കാണാം.

വെനീസ്‌ ദൃശ്യങ്ങള്‍






സഞ്ചാരികളുടെ ചിത്രം വരച്ചു കൊടുക്കുന്ന കലാകാരന്‍





സാന്‍ മാര്‍കോ സഞ്ചാരികളുടെ ബാഹുല്യം കൊണ്ട്‌ വീര്‍പ്പുമുട്ടുന്ന ചെറിയ ഇടമാണ്‌. ഒട്ടനവധി കൊച്ചു തോടുകളും അവയിലെ പാലങ്ങളും ഇവിടെ കാണാം. വെനീസിന്റെ സ്മരണികകള്‍ വില്‍പ്പനയ്ക്കുള്ള നൂറുകണക്കിനു ഷോപ്പുകള്‍, റസ്റ്റാറന്റുകള്‍,അവയ്ക്കിടയില്‍ ഛായാചിത്രം വരച്ചുകോടുക്കുന്ന ചിത്രകാരന്മാര്‍- ആകെ ബഹളമയം തന്നെ.

തിരികെ ട്രോണ്‍ചെട്ടോവിലേക്കു വീണ്ടും ജലയാത്ര.
പിറ്റേന്ന് രാവിലെ റോമിലേയ്ക്കുള്ള യാത്രയായിരുന്നു ഏറ്റവും ദൈര്‍ഘ്യമേറിയത്‌. ആറു മണിക്കൂര്‍ സമയമെടുത്ത്‌ 550 കിമി സഞ്ചരിച്ച്‌ റോമില്‍ എത്തി. റോമാനഗരത്തിന്റെ ചരിത്രവും സംസ്കാരവും വിശദമാക്കുന്ന ദൃശ്യ-ശ്രാവ്യ അനുഭവമായ എലിവേറ്റര്‍ ഷോ കണ്ടു. പിറ്റേന്നു കാണാന്‍ പോകുന്ന സ്ഥലങ്ങളുടെ ചരിത്രപശ്ചാത്തലം വിവരിച്ച ഒരു കര്‍ട്ടന്‍ റെയ്‌ സര്‍.

റോമിലൂടെ









ചരിത്രസ്മരണകള്‍ ഉറങ്ങിക്കിടക്കുന്ന റോം നഗരപ്രദക്ഷിണം ജീവിതത്തിലെ മറ്റൊരു അവിസ്മരണീയ അനുഭവം. കല്ലില്‍കൊത്തിവെച്ച കവിത പോലെ കൂറ്റന്‍ ശില്‍പ്പങ്ങള്‍. കൊത്തുപണികളാല്‍ അലംകൃതമായ കെട്ടിടങ്ങള്‍, കൊളോസ്സിയമടക്കമുള്ള രാജകീയപാരമ്പര്യത്തിന്റെ അവശിഷ്ടങ്ങള്‍.പ്രശസ്തമായ പള്ളികള്‍. റോമിലെ കാഴ്ച്ചകള്‍ വിവരണാതീതം.

റോമില്‍ നിന്നു വത്തിക്കാനിലേയ്ക്ക്‌.ലോകമെമ്പാടുമുള്ള റോമന്‍ കത്തോലിക്ക്‌ മതവിശ്വാസികളുടെ പരിശുദ്ധപിതാവിന്റെ ആസ്ഥാനമായ സ്വതന്ത്രരാജ്യം. ഇറ്റലിയുടെ ഉള്ളില്‍ത്തന്നെയെങ്കിലും ഈ സ്വതന്ത്രരാജ്യത്തിന്റെ ക്രമസമാധാനം സ്വിസ്സ്‌ പോലീസാണ്‌ നിര്‍വഹിക്കുന്നത്‌.

വത്തിക്കാന്‍ മ്യൂസിയം, സെന്റ്‌ പീറ്റേര്‍സ്‌ ബസേലിക്ക, സിസ്റ്റൈന്‍ ചാപ്പല്‍ എന്നിവിടങ്ങളെല്ലാം ഗൈഡിന്റെ വിവവരണത്തോടൊപ്പം നടന്നുകണ്ടു.മൈക്കല്‍ ആഞ്ജലോ,ലിയോണാര്‍ഡോ ഡാവഞ്ചി,റാഫേല്‍ തുടങ്ങിലോകപ്രശസ്ഥരായ ഒരുപാടു കലാകാരന്മാരുടെ സൃഷ്ടികളുടെ കമനീയശേഖരം ഇവിടെ കാണാം. ഈ ദൃശ്യവിസ്മയങ്ങള്‍ക്കു മുന്നില്‍ വാക്കുകള്‍ക്ക്‌ പ്രസക്തി നഷ്ടപ്പെടുന്നു.

വത്തിക്കാനില്‍ നിന്നു











കലയുടേയും വിശ്വാസത്തിന്റേയും കേന്ദ്രമായ വത്തിക്കാനില്‍ നിന്ന് ലോകാത്ഭുതങ്ങളിലൊന്നായ പിസയിലെ ചെരിഞ്ഞ ഗോപുരത്തിലേക്കാണ്‌ യാത്ര തുടര്‍ന്നത്‌. സഞ്ചാരികളുടെ ബാഹുല്യം ഇവിടേയും ഒട്ടും കുറവല്ല.

പിസ ദൃശ്യങ്ങള്‍





ആര്‍ണോ നദീതീരത്തുള്ള ഫ്ലോറന്‍സായിരുന്നു യാത്രയിലെ അടുത്ത ലക്ഷ്യം. ഒരുപാടു കൃസ്റ്റ്യന്‍ പള്ളികളുടെ കേന്ദ്രമായ ഫ്ലോറന്‍സും പ്രശസ്ഥ ചിത്രകാരന്മാരുടേയും ശില്‍പ്പികളുടേയും കേന്ദ്രമായിരുന്നു.അതോടൊപ്പം തന്നെ ആതുരശുശ്രൂഷാരംഗത്തെ കെടാവിളക്കായ ഫ്ലോറന്‍സ്‌ നൈറ്റിംഗ്‌ ഗേല്‍, രാഷ്ട്രീയചിന്തകനായിരുന്ന മാക്കിയവെല്ലി തുടങ്ങി ഒട്ടനവധി പ്രശസ്തരും ഫ്ലോറന്‍സിന്റെ സന്തതികളായിരുന്നു.

ഫ്ലോറന്‍സ്‌- ഒരു പക്ഷിവീക്ഷണം





സഞ്ചാരികളുടെ ചിത്രം വരച്ചു കൊടുക്കുന്ന കലാകാരന്‍



എക്കാലവും മനസ്സില്‍ സൂക്ഷിയ്ക്കാന്‍ ഒരുപാടു നല്ല അനുഭവങ്ങളുമായി ഈ യാത്രയുടെ അവസാനഘട്ടം ആരംഭിയ്ക്കുന്നു.
മിലാന്‍ വിമാനത്താവളത്തില്‍ നിന്ന് ദോഹ വഴി തിരികെ ദൈവത്തിന്റെയും എന്റെയും സ്വന്തം നാടായ കേരളത്തിലേയ്ക്ക്‌."നാളീകേരത്തിന്റെ നാട്ടിലെനിയ്ക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്‌.." എന്ന പാട്ടു മൂളിക്കൊണ്ട്‌.

"യൂറോപ്പിലൂടെ" ഇതി: സമാപ്തം.