Wednesday, October 21, 2015

ഭക്ഷണപ്രിയനായ ശ്രീ കെ പി കേശവമേനോൻ





ഒക്ടോബർ 20  ലക്കം മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ ഡോ. എം ജി എസ് നാരായണനുമായി എ എം ഷിനാസ് നടത്തിയ ഒരു അഭിമുഖമുണ്ട്.. “ചരിത്രത്തിലെ ഗോമാംസം: ജീവിതത്തിലെ ഗോമാംസം”. ഗോമാംസം ഭക്ഷിക്കുന്നതിനെക്കുറിച്ച് ചൂടുപിടിച്ച ചർച്ചകളും കൊലപാതകമടക്കമുള്ള അപലപനീയ സംഭവങ്ങളും നടക്കുന്ന ഇക്കാലത്ത് ചരിത്രത്തിൽ ഗോമാംസത്തിന്റെ സ്ഥാനമാണ് എം ജി എസ് ഈ അഭിമുഖത്തിൽ ഷിനാസുമായി പങ്കുവെക്കുന്നത്

ലേഖനത്തിന്റെ തുടക്കത്തിൽ കോഴിക്കോട്ടെ ഭക്ഷണപ്രിയരിൽ “ഒന്നാം റാങ്കുകാരനായ” (പ്രയോഗം എം ജി എസ്സിന്റേതുതന്നെ) കെ പി കേശവമേനോന്റെ പ്രസിദ്ധമായ ഭക്ഷണപ്രേമം എം ജി എസ് വിശദമായി പ്രതിപാദിക്കുന്നു. ഈ വിഷയത്തിൽ ദശാബ്ദങ്ങൾക്കു മുമ്പുണ്ടായ ഒരു അനുഭവം ഓർക്കാൻ ഈ ലേഖനം ഇടയാക്കി.

സംഭവം ഇങ്ങനെ. കണ്ണൂരിൽ ഒരു സംഘടനയുടെ സമ്മേളനം ഉൽഘാടനം ചെയ്യാൻ അഭ്യർത്ഥിച്ച് ഞങ്ങൾ ചിലർ ശ്രീ കേശവമേനോനെ സമീപിക്കുന്നു. സമ്മതം. എം ജി എസ് എഴുതിയപോലെ ഭക്ഷണച്ചിട്ടകൾ എന്തായിരിക്കന്മെന്ന് ആരാഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു.
പ്രാതലിനു ഒരു രണ്ട് ഇഡ്ഡലി, ചട്‌ണിയും കൂട്ടി.
അത്ഭുതം. ധാരാളം ഭക്ഷണം കഴിക്കുമെന്ന് പേരുകേട്ട ഇദ്ദേഹത്തിനു പ്രാതൽ (പുതുഭാഷയിൽ ബ്രേയ്‌ക്ക് ഫാസ്റ്റ്) വെറും രണ്ട് ഇഡ്ഡലിയോ !!
അത്ഭുതത്തിനു അധിക ആയുസ്സുണ്ടായിരുന്നില്ല.
മേനോൻ തുടരുകയായിരുന്നു. പിന്നെ ഒരു രണ്ട് ഇഡ്ഡലി സാമ്പാർ കൂട്ടി. പിന്നെ രണ്ടെണ്ണം ചട്ണിപ്പൊടി കൂട്ടിയാവാം. പിന്നെ രണ്ടെണ്ണം നെയ്യു കൂട്ടിയും. രണ്ടെണ്ണം ഉള്ളിസ്സമ്മന്തി കൂട്ടി. അവസാനം രണ്ട്എണ്ണം വെറുതെയും തിന്നാം.
പുറമെ നേന്ത്രപ്പഴം പുഴുങ്ങിയത്, കാപ്പി എന്നിവ സമൃദ്ധമായി വേണം.
എല്ലാം തയ്യാറായിരുക്കുമെന്ന് ഉറപ്പു നൽകി. കേശവമേനോൻ സമ്മേളനത്തിനു പോയി. “ലഘുവായ” പ്രാതൽ ആസ്വദിച്ചു കഴിച്ചു. സമ്മേളനം ഉൽഘാടനം ചെയ്ത് തിരികെ പോരുകയും ചെയ്തു.

(കെ പി കേശവ മേനോന്റെ തൊട്ടടുത്തിരുന്ന് ഒരു കല്ല്യാണസ്സദ്യ ഉണ്ണാനുള്ള ഭാഗ്യവും ഒരിക്കൽ ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ ഇലയിൽ വിളമ്പാനായി മാത്രം രണ്ടുപേർ നിയോഗിക്കപ്പെട്ടിരുന്നു, അന്ന്)