Tuesday, October 23, 2007

"പരോപകാര്‍ത്ഥമിദം ബ്ലോഗും".

വാചകത്തോടൊപ്പം,പാചകത്തിലും താല്‍പര്യമുള്ളവര്‍ക്കായി ഒരു പുതിയ കട തുടങ്ങിയിരിയ്ക്കുന്നു.
Hot Dishes അഥവാ പ്രിയതമയുടെ (വി)കൃതികള്‍!
ഇതു വഴിയും അവിടെയെത്താം.

Sunday, October 21, 2007

എങ്ങിനെ?

ഇന്നലെ ഉച്ചക്ക്‌ പ്രിയതമ ചോദിച്ച ചോദ്യം ഇതായിരുന്നു:
"നിങ്ങള്‍ ഈ ബ്ലോഗില്‍ ഒരു പോസ്റ്റ്‌ ഇടുമ്പോഴേക്കും കുറേ ആളുകള്‍ അതു അറിഞ്ഞു കാണാന്‍ വരുന്നത്‌ എങ്ങിനെയാണ്‌"

തികച്ചും ന്യായമായ ചോദ്യം തന്നെ അല്ലെ?
എന്നാല്‍ തുടര്‍ന്ന് നടത്തിയ ഉപമ എന്റെ നെഞ്ഞിലാണ്‌ തറച്ചത്‌.

"ഞാന്‍ വൈകുന്നേരം അടുക്കളയിലെ വെയ്സ്റ്റു ബാസ്കറ്റ്‌ എടുത്ത്‌ പറമ്പില്‍ തട്ടുമ്പോള്‍ കാക്കക്കൂട്ടം വരുന്നതു പോലെ"

അപ്പോള്‍ എന്റെ പോസ്റ്റുകളെല്ലാം വെറും വേയ്സ്റ്റാണെന്നാണോ ഇദ്ദേഹം കരുതുന്നത്‌ എന്നു ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

അങ്ങിനെ ഉദ്ദേശിച്ചിട്ടില്ലെന്ന് പറഞ്ഞ്‌ അദ്ദേഹം തടിയൂരി യെങ്കിലും അദ്ദെഹത്തിന്റേയും ഇദ്ദേഹത്തിന്റേയും സംശയം നില നില്‍ക്കുന്നു.
നിവാരണം തേടിയാണ്‌ ഈ പോസ്റ്റ്‌.

പുതുപോസ്റ്റുകള്‍ ഇറങ്ങിയാല്‍ അറിയാന്‍ കഴിയുന്നത്‌ എങ്ങിനെ?
അതിനുള്ള സംവിധാനം എന്ത്‌?

പഠനത്തിന്റെ ഭാഗമാണ്‌ ഈ ചോദ്യവും.

Saturday, October 20, 2007

ചില്‍ക്കാഴ്ച്ച ബംഗ്ലാവ്‌ തുറന്നിരിക്കുന്നേ...

ഈ കടയുടെ അനുബന്ധസ്ഥാപനമായ "ചില്‍ക്കാഴ്ച്ചകള്‍" തുടങ്ങിയ വിവരം സന്തോഷത്തോടെ അറിയിക്കട്ടെ.

വേണമെങ്കില്‍

ഇതു വഴിയും
അവിടെ എത്താം.

വരിക,കാണുക, കീഴടക്കുക.

Friday, October 19, 2007

ഗുരുതുല്യരേ ഇവിടെ, ഇവിടെ...

കട തുറക്കാറായിട്ടില്ല.
എങ്കിലും സ്വല്‍പ്പം റിപ്പയറുകള്‍ നടത്താമെന്നു കരുതി വന്നതാണ്‌.
മലയാളത്തിലേയ്ക്ക്‌ കയറാന്‍ പറ്റുന്നില്ലെന്ന് ചിലരൊക്കെ പറഞ്ഞതിനാല്‍ ഒരു വാതില്‍ വെച്ചു.
മൂത്താശാരിമാരൊന്നും ഇല്ലാത്തതിനാല്‍ ഒരു പടുപണി ചെയ്തു നോക്കി. കുഴപ്പമില്ല അല്ലേ?

പിന്നെ കടയില്‍ വരുന്നവരുടെ കണക്ക്‌ ഉണ്ടായിരിക്കുന്നത്‌ നല്ലതാണെന്നു കരുതി ഒരു യന്ത്രവും സ്ഥാപിച്ചു. കൊട്ടക്കണക്ക്‌ അറിയാമല്ലോ.
ഇനി ഒരു ക്ലോക്ക്‌ വാങ്ങിവെക്കണമെന്നുണ്ട്‌. എവിടെ കിട്ടുമെന്നു അറിയില്ല.

അറബിയില്‍ നിന്ന് ഇംഗ്ലീഷ്‌ വഴി കിട്ടിയ ഒരു ചൊല്ലുണ്ട്‌

"അവന്‌ അറിവുണ്ട്‌. തനിയ്ക്ക്‌ അറിവുണ്ടെന്നു അവന്‍ അറിയുകയും ചെയ്യുന്നു.അവന്‍ ബുദ്ധിമാന്‍. അവനെ പിന്തുടരുക.

അവന്‌ അറിവുണ്ട്‌. പക്ഷേ തനിയ്ക്ക്‌ അറിവുണ്ടെന്നു അവന്‍ അറിയുന്നില്ല. അവന്‍ ഉറക്കത്തിലാണ്‌. അവനെ ഉണര്‍ത്തുക.

അവന്‌ അറിവില്ല. എന്നാല്‍ തനിയ്ക്ക്‌ അറിവില്ലെന്ന് അവന്‍ അറിയുന്നു. അവനെ പഠിപ്പിയ്ക്കുക.

അവന്‌ അറിവില്ല. തനിയ്ക്ക്‌ അറിവില്ലെന്നു അവന്‍ അറിയുന്നുമില്ല. അവന്‍ വിഡ്ഢി. അവനെ വിടുക".



മറ്റു പല കാര്യങ്ങളിലെന്നപോലെ ബ്ലോഗു വിഷയത്തിലും ഞാന്‍ മൂന്നാം ഗണത്തിലാണ്‌.
അതു കൊണ്ട്‌ ഗുരുഭൂതഗണങ്ങളേ, എന്നെ പഠിപ്പിച്ചാലും!.



Monday, October 15, 2007

തല്‍ക്കാലം കടയടയ്ക്കുന്നു.

ഏതാനും ദിവസങ്ങളായി തുറന്നു പ്രവര്‍ത്തിച്ചുവരുന്ന ഈ കട താല്‍ക്കാലത്തേക്ക്‌ അടച്ചിടുവാന്‍ കടയുടമ തീരുമാനിച്ച വിവരം എല്ലാ മാന്യ ഉപഭോക്താക്കളേയും അറിയിക്കുകയാണ്‌.

കട തുറന്ന അവസരത്തില്‍ സൂചിപ്പിച്ചപോലെ ഉടമയുടെ പല ചൂടുകളിലൊന്നായിരുന്നു ഈ കടയുടെ തുടക്കവും.
"ചൂട്‌" കൂടിയ അവസ്ഥയെ "ഭ്രാന്ത്‌" എന്നും പറയാമല്ലോ.
കഥകളി ഭ്രാന്ത്‌, സിനിമാ ഭ്രാന്ത്‌, ക്രിക്കറ്റ്‌ ഭ്രാന്ത്‌ തുടങ്ങി ഒരുപാട്‌ ഭ്രാന്തുകള്‍!
കടയുടമയുടെ ഭ്രാന്ത്‌ ഇടക്കിടെ മാറി വരുന്നു. ഒരു പുതുകാര്യം ശ്രദ്ധയില്‍പെട്ടാല്‍ പിന്നെ അതായി. അങ്ങിനെയാണ്‌ "മാതൃഭൂമി"വഴി ഇവിടെയെത്തിയത്‌.അല്ലറ ചില്ലറ കാര്യങ്ങള്‍ മനസ്സിലാക്കി വരുമ്പോഴേക്കും, ഇതാ വരുന്നൂ പുതിയവന്‍.
വീഡിയോ എഡിറ്റിംഗ്‌ ആണ്‌ പുതിയ ചൂട്‌.അഡോബ്‌ പ്രീമിയറും,പിനാക്കിളുമൊക്കെയാണ്‌ ഇപ്പോള്‍ ചിന്തയില്‍.
One at a time ആയതിനാല്‍ ബ്ലോഗു ചന്തയിലെ ചൂടന്‍ ചിന്തകള്‍ തല്‍ക്കാലം അടച്ചിടുന്നു.

പിന്നിട്ട ദിവസങ്ങളില്‍ സഹായിക്കുകയും, സഹകരിക്കുകയും ചെയ്ത എല്ലാവരേയും കൃതജ്ഞതാപൂര്‍വം ഓര്‍ക്കുന്നു.
കട വീണ്ടും തുറക്കുമ്പോള്‍ കാണാമെന്ന പ്രതീക്ഷയോടെ താഴിടട്ടെ.

Saturday, October 13, 2007

ഒരു പേരില്‍ എന്തോ ഇരിക്കുന്നില്ലേ ?

"ഒരു പേരില്‍ എന്തിരിക്കുന്നു" എന്നു ആദ്യമായി ചോദിച്ചത്‌ ഷേക്സ്പിയറാണോ എന്നറിയില്ല.

എന്നാല്‍ പേരക്കയടക്കം ഒരുപാടു പേര്‍ ചോദിച്ചുകൊണ്ടേയിരിക്കുന്ന അല്ലെങ്കില്‍ ആത്മഗതം ചെയ്തുകൊണ്ടിരിക്കുന്ന ഒരു വാചകമാണിത്‌.

പറയട്ടെ-ഒരു പേര്‌ ഓര്‍ക്കുമ്പോള്‍/കേള്‍ക്കുമ്പോള്‍/കാണുമ്പോള്‍ നമ്മുടെ മനസ്സില്‍ ചില ചിത്രങ്ങള്‍,ധാരണകള്‍,സങ്കല്‍പ്പങ്ങള്‍ തെളിഞ്ഞു വരില്ലേ.ഉദാഹരണത്തിനു പേരക്കയുടെ കാഞ്ഞങ്ങാട്‌ എന്റെ മനസ്സില്‍ ഉണര്‍ത്തിയ ഒരുപാട്‌ ഓര്‍മ്മച്ചിത്രങ്ങളുണ്ട്‌.ബേക്കല്‍ കോട്ട,നീലേശ്വരം ഭാഗങ്ങളിലെ പുകയിലവയലുകള്‍ (ഇപ്പോള്‍ ഉണ്ടോ ആവോ),മാവുങ്കാല്‍ ഗ്രാമം,തുടങ്ങി കാസര്‍ക്കോട്ടെ പുലിക്കുന്നില്‍ നിന്നുള്ള ചന്ദ്രഗിരി പുഴയുടെ ദൃശ്യംവരെയുള്ള ചിത്രങ്ങള്‍.

രാജീവ്‌ ചേലനാട്ട്‌ ഉണര്‍ത്തിയത്‌ പാലക്കാട്‌ ജില്ലയിലെ വെള്ളിനെഴി ഗ്രാമവും ചേലനാട്ട്‌ അചുതമേനോനെന്ന പ്രഗദ്ഭമതിയെക്കുറിച്ചുള്ള ചില ഓര്‍മ്മകള്‍!

ഇനി ആദ്യമായി കേള്‍ക്കുന്ന പേരുകള്‍ പോലും ഉയര്‍ത്തുന്ന സങ്കല്‍പ്പങ്ങള്‍. ബാലകൃഷ്ണന്‍ അടിയോടി/ബാലരാമ പണിക്കര്‍/ബാലസുബ്രഹ്മണ്യയ്യര്‍/ബാലചന്ദ്ര കിടാവ്‌ എന്നെല്ലാം കേള്‍ക്കുമ്പോള്‍ കുറച്ച്‌ പ്രായമായ ഒരാളാണ്‌ "പ്രതി"എന്ന ധാരണയാണ്‌ ഉണ്ടാവുക അല്ലേ?

ഏന്നാല്‍ ബാലു എന്നായാലോ? ശൈശവ/ബാല്യ/കൗമാര/യുവത്വ മേഖലയിലെ ഒരാള്‍ എന്നു കരുതാനല്ലേ സാധ്യത കൂടുതല്‍.

(എന്റെ പ്രൊഫെയിലില്‍ "പെന്‍ഷന്‍ പറ്റി...." എന്നു കണ്ടതോടെ ചിലരുടെയെങ്കിലും ധാരണകള്‍ തെറ്റുകയും,തിരുത്തേണ്ടി വരികയും,തദ്വാരാ ഇനി ഇവന്റെ അടുത്തേക്കുള്ള പോക്ക്‌ നിര്‍ത്താം എന്നു കരുതുകയും ചെയ്തു എന്നല്ലേ സത്യം? ബൂലോകത്തെ ശരാശരി വയസ്സ്‌35 എന്നാണ്‌ കുഞ്ഞിരാമന്റെ ഗവേഷണ റിപ്പോര്‍ട്ട്‌ വെളിപ്പെടുത്തുന്നത്‌.അതിനാല്‍ അറുപതിന്റെ ചെറുപ്പം കാക്കക്കൂട്ടിലെ കുയിലോ മറിച്ചോ ആണെന്നു കരുതിയാല്‍ തെറ്റില്ല.)

പേരുപുരാണ ചിന്തകള്‍ തുടരും.ഏല്ലാ മാന്യപ്രേക്ഷകര്‍ക്കും ഈദ്‌ ആശംസകള്‍!



.

Wednesday, October 10, 2007

അടവുകള്‍ ആവശ്യമുണ്ട്‌ !

ഗുഞ്ഞിനെ കാണാന്‍ വന്ന നല്ലവരായ എല്ലാവര്‍ക്കും നന്ദി.
ഗുഞ്ഞന്‍ പിച്ച വെക്കാന്‍ തുടങ്ങിയത്‌ കാണുന്നുണ്ടല്ലോ.
ബൂലോകത്തെ പയറ്റില്‍ പിടിച്ചു നില്‍ക്കാന്‍ ഇനിയും കുറെ അടവുകള്‍ അറിയണമെന്നുണ്ട്‌.

1. കമെന്റടിക്കുമ്പോള്‍ ( ഭാര്യ ഇതാ കോപാവിഷ്ടയാകുന്നു !) "ഇവിടെ ഞെക്കുക"
എന്നൊക്കെ അടിച്ച സ്ഥലത്ത്‌ ഒരു വിരല്‍ ചൂണ്ടിയ കൈപ്പത്തി വരുത്തുവാന്‍ ഒരു ആഗ്രഹം. അതിന്റെ സൂത്രപ്പണി പറഞ്ഞു തരുമോ?
ലിങ്കിലേക്ക്‌ തിരിച്ചു വിടാന്‍ എന്തു ചെയ്‌വൂ ഞാന്‍...

2." വ്യൂ മൈ കമ്പ്ലീറ്റ്‌ പ്രൊഫെയില്‍" എന്ന സ്ഥലത്തു പോയ ആര്‍ക്കും പ്രൊഫെയില്‍ കണാന്‍ കഴിഞ്ഞിട്ടില്ലല്ലോ.
എന്താ കാരണം?
ഏനിക്കു അതു എന്റ്‌റി ചെയ്യാനുള്ള സൂത്രം അറിയില്ല എന്നതു തന്നെ.
ആയതിനാല്‍ അടിയന്തിരമായി ഇതിന്റെ പാചകവിധിയും കിട്ടണം.
ചേരുവകള്‍ ഇവിടെ റെഡി. തയ്യാറാക്കുന്ന വിധമാണ്‌ അറിയേണ്ടത്‌.സഹായം പ്രതീക്ഷിക്കുന്നു. എല്ലാവര്‍ക്കും മംഗളം നേരുന്നു ഞാന്‍ മനസ്വിനീ..മംഗളം നേരുന്നു ഞാന്‍.

Tuesday, October 9, 2007

ബ്ലോഗാശാന്മാരോട്‌ ഒരു അഭ്യര്‍ഥന (ഒന്നുരണ്ട്‌ ആശാന്മാരുടെ ബ്ലോഗില്‍ കമന്റായി വിട്ടതിന്റെ പുന:പ്രസിദ്ധീകരണം)

ബൂലോകത്തെ നല്ലവരായ എല്ലാ ബ്ലോഗുടമകളുടേയും സമക്ഷത്തിങ്കല്‍ ഒരു നവജാത ബ്ലോഗുഞ്ഞിന്റെ രക്ഷിതാവ്‌ ബോധിപ്പിക്കുന്നത്‌.
ഒക്ടോബര്‍ 7ന്റെ മാതൃഭൂമി ലേഖനങ്ങളാണ്‌ ഈ ബ്ലോഗുഞ്ഞിന്റെ ജനനത്തിന്‌ ആധാരം.
ഗുട്ടി ജനിച്ച്‌ ആറു ദിവസം പിന്നിട്ടും അതിന്റെ ആരോഗ്യനില തൃപ്തികരമായിട്ടില്ല.
ഗുഞ്ഞിനെ കാണാന്‍ ഒരാള്‍ പോലും എത്തുന്നുമില്ല.
ഈ ഗുഞ്ഞിന്റെ പരിപാലനത്തിനും അതിനെ വളര്‍ത്തി വലുതാക്കാനും വേണ്ട ഉപദേശ നിര്‍ദേശങ്ങള്‍ കിട്ടിയാല്‍ നന്നായിരുന്നു.

ഇപ്പോള്‍ ബ്ലോഗു ലോകത്തില്‍ കയറി നിരന്തര വായനയാണ്‌.ചിരിച്ച്‌ ക്ഷീണിക്കുമ്പോള്‍ സഹായത്തിന്‌ "ധര്‍മപട്ടിണി"യെക്കൂടി വിളിച്ച്‌ അടുത്തിരുത്തും.
സോപ്പല്ല- അടിപൊളി ബ്ലോഗന്മാരാണ്‌ എല്ലവരും.
നിങ്ങളുടെ സഹായം എന്റെ ഗുഞ്ഞിനും നകേണമേ!അതിനെ കാണാന്‍ വരുമല്ലോ.
"ബൂലോകാ സമസ്താ സുഖീനോ ഭവന്തു"

Sunday, October 7, 2007

ചൂടന്‍ ചിന്തയും,കുഞ്ഞിരാമനും പിന്നെ ഞാനും....

വിജയന്‍ മാസ്റ്ററുടെ (പ്രൊഫ.എം.എന്‍.വിജയന്‍)ആകസ്മിക നിര്യാണം ഉണര്‍ത്തിയ ചിന്തകള്‍ എഴുതി പോസ്റ്റ്‌ ചെയ്യാന്‍ ഒരുങ്ങുകയായിരുന്നു.
ഒക്ടോബര്‍ 3 നു ത്രിശ്ശുര്‍ പ്രസ്സ്‌ ക്ലബ്ബില്‍ മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിച്ചിരിക്കെ സ്വതസ്സിദ്ധമായ ചിരിയോടെ കുഴഞ്ഞു വീണു മരിച്ച കാഴ്ച ടിവിയില്‍ കണ്ടത്‌ മനസ്സില്‍ നിന്നു മാഞ്ഞിട്ടില്ല.
മാസ്റ്ററുടെ എണ്ണമറ്റ പ്രഭാഷണങ്ങള്‍,സൗഹൃദ സംഭാഷണങ്ങള്‍ എല്ലാം മനസ്സില്‍ ഓടിയെത്തുന്നു."ചിതയിലെ വെളിച്ചം" എഴുതിയ മാഷ്‌ പ്രസരിപ്പിച്ച ചിന്തയുടെ വെളിച്ചം ഒരുപാടു പേരുടെ മനസ്സിലുണ്ടാകുമെന്നു തീര്‍ച്ച.
എഴുതാന്‍ തയ്യാറെടുക്കുമ്പോഴാണു ഡോര്‍ ബെല്‍ അടിക്കുന്നത്‌. വാതില്‍ തുറന്നപ്പോള്‍ ചിരിച്ചു കൊണ്ട്‌ കുഞ്ഞിരാമന്‍.ഒരു പൊതുമേഖലാ സ്താപനത്തില്‍ നിന്ന് അടുത്തൂണ്‍ പറ്റിപ്പിടിച്ചിരിക്കുന്ന കെ രാമന്‍ ഒരു നല്ല നടനും,സാഹിത്യകാരനും,കലാസ്വാദകനും, ഉം ഉം ഉം എല്ലാമാണു.പരസ്യത്തിലെ മോഹന്‍ലാല്‍ സ്റ്റൈലില്‍ ഒരു ചോദ്യം: "വൈകിട്ടെന്താ പരിപാടി?"
പ്രത്യേകിച്ച്‌ ഒന്നുമില്ല.ഒരു സംഗതിയെഴുതി ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്യാന്‍ ഒരുങ്ങുകയായിരുന്നുവെന്നു പറഞ്ഞു.
ബ്ലോഗോ? അതെന്തുവാടെ സാധനം എന്നായി രാമന്‍. ഈ കാര്യത്തില്‍ നമ്മളിപ്പോള്‍ പി എഛ്‌ ഡി എടുത്തിരിക്കയാണല്ലൊ.(യഥാര്‍ത്ഥത്തില്‍ എല്‍ കെ ജി സ്റ്റാന്‍ ഡേര്‍ഡ്‌ പോലും ഇല്ല,വെറും മാതൃഭൂമി ലേഖനം വായിച്ച അറിവു മാത്രമേ ഉള്ളൂ എന്നതാണു സത്യം)
വിശദമായി പറഞ്ഞുകൊടുത്തു- ബ്ലോഗിന്റെ ഉല്‍പ്പത്തി,ചരിത്രം,സാധ്യതകള്‍,അതിശോഭനമായ ഭാവി... എന്നിട്ട്‌ സ്വന്തം ബ്ലോഗ്‌ കാണിച്ചു കൊടുക്കുകയും ചെയ്തു.
ചൂടന്‍ ചിന്തകള്‍ കണ്ട കുഞ്ഞിരാമന്‍ ഉവാച:സംഭവമൊക്കെ കൊള്ളാം.പക്ഷേ "ഹോട്ട്‌ തോട്ട്സ്‌" എന്നു കേട്ടാല്‍ ചിന്ത മറ്റു വഴിക്കു പോകുമോ എന്നാണ്‍ എന്റെ സംശയം. ഉദാഹരണത്തിനു "സിനിമയിലെ "ഹോട്ട്‌ സീന്‍" എന്നു പറഞ്ഞാല്‍ ചിന്ത നീലയുടെ വഴിക്കു പോകില്ലേ? അതു പോലെ "ഹോട്‌ ഡ്രിംക്സ്‌" എന്നു പറഞ്ഞാല്‍ ചിന്ത പോകുന്നത്‌ ഏതു വഴിയാകുമെന്നു അറിയാമല്ലൊ.(പുള്ളി കുറച്ചു സിനിമകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌. "ബാര്‍ ബാര്‍ ദേഖോ" എന്ന പാട്ട്‌ പാടാറുമുണ്ട്‌.)
സ്വന്തം ചിന്ത ചൂടാകാന്‍ തുടങ്ങുന്നു.ബ്ലോഗുട്ടിയുടെ പേര്‍ പുലിവാലാകുമോ.
പരിഹാരക്രിയയ്ക്ക്‌ രാമയ്യരെത്തന്നെ ആശ്രയിക്കാം
"അല്ല കുഞ്ഞിരാമാ പുലിയുടെ വാലിലെ പിടി ഒഴിവാക്കാന്‍ എന്താ വഴി?
"അത്‌ ഒരു പ്രശ്നമല്ല. പേരു മാറ്റാന്‍ വകുപ്പുണ്ട്‌.നമ്മുടെ രാജേഷിനെ അറിയില്ലേ? അവന്റെ പേരു മാറ്റിയതല്ലേ.നമുക്കും അങ്ങിനെ ചെയ്യാം.
ഏതു രാജേഷ്‌?
എടോ കണ്ടന്‍ കുട്ടി രാജേഷിനെ മറന്നോ?
മറന്നിട്ടില്ല.
സംഭവം ഇങ്ങനെഅച്ഛനും അമ്മയും ചേര്‍ന്ന് ആദ്യസന്താനത്തിനു ഇട്ട പേരു കണ്ടന്‍ കുട്ടി. പത്തു കഴിഞ്ഞ്‌ ജോലിയില്‍ കേറിയപ്പോഴാണു സ്വന്തം പേരിനു അന്തസ്സ്‌ പോരായെന്നു കുട്ടിക്ക്‌ തോന്നിയത്‌. കൊടുത്തൂ ഗസറ്റില്‍ നോട്ടിഫിക്കേഷന്‍. രാജേഷ്‌ ഖന്ന ഹിന്ദിസിനിമയില്‍ കത്തിനില്‍ക്കുന്ന കാലം. എന്നാല്‍ കിടക്കട്ടെ എന്റെ പേരും രാജേഷ്‌.
ഗസറ്റില്‍ പരസ്യം വന്നു,ഓഫീസ്‌ റിക്കാര്‍ഡുകളിലും പേരു മാറ്റി.
പക്ഷെ ജനം കണ്ടന്‍ രാജേഷ്‌ എന്നേ വിളിക്കൂ.
കെ രാമന്‍ തുടരുന്നു.
നമുക്കു ഗസറ്റില്‍ പരസ്യം കൊടുക്കാം:
"ഇനി മുതല്‍ ബ്ലോഗുട്ടിയുടെ പേരു ഹോട്ട്‌ തോട്ട്സ്‌ എന്നായിരിക്കുന്നതല്ല. പകരം ഒരു നല്ല പേരു കണ്ടുപിടിച്ച്‌ ഞങ്ങള്‍ അറിയിക്കുന്നതാണു" എന്നു.
അതിനു പുതിയൊരു പേരു കണ്ടെത്തണ്ടേ? അത്‌ ഈ ബൂലോകത്ത്‌ ഒരു കുട്ടിക്കും ഇല്ലാത്തതാകേണ്ടേ?അല്ലെങ്കില്‍ "ചെക്ക്‌ അവൈലബിലിറ്റി" എന്നു പറഞ്ഞ ശേഷം "സോറീട്ടോ ഈ പേരില്‍ വേറൊരു ബ്ലോഗുട്ടി ഉണ്ട്‌"എന്ന് കാണേണ്ടി വരില്ലേ?
ത്യാഗരാജ സ്വാമികള്‍ പാടിയപോലെ "എന്തു വേണ്ടു കെ രാമാ..."
അപ്പൊ സങ്ങതി അത്ര എളുപ്പമല്ല അല്ലേ? ഞാന്‍ പോയി ആലോചിച്ച്‌ നാളെ പരിഹാരവുമായി വരാം എന്നും പറഞ്ഞ്‌ കുഞ്ഞിരാമന്‍ പോകുന്നു.
ഇത്രയും കാര്യം ഞാന്‍ മാലോകരെ അറിയിക്കുന്നു.

Friday, October 5, 2007

ചൂടിന്റെ തുടക്കം

മൊഴിമാറ്റം വരുത്തിയാല്‍ "ചുടുചിന്ത"യെന്നൊ,"ചൂടന്‍ ചിന്ത"യെന്നൊ അര്‍ഥം വരുന്ന പേരാണു ബ്ലോഗുട്ടിക്ക്‌ ഇട്ടത്‌. പേരിലെങ്കിലും കിടക്കട്ടെ ഒരു ചൂട്‌ എന്നു കരുതി.