Monday, May 19, 2008

മാ കമന്റേഷു ബ്ലോഗറേ!

ആനന്ദമാര്‍ഗത്തില്‍ ആറാടിക്കൊണ്ടിരിയ്ക്കുന്ന സാമിമാരുടേയും ആസാമിമാരുടേയും കാലമാണല്ലോ ഇത്‌.
അക്കാഡമി നടത്തുന്ന ശില്‍പ്പശാലകളിലൂടെ ബ്ലോഗാരംഭം നടത്തി ബൂലോഗത്തെത്തിയ ഒരു കൂട്ടം നവബ്ലോഗര്‍മാര്‍ ബ്ലോഗാനന്ദസാമിയെ സമീപിക്കുന്നു. തങ്ങള്‍ പോസ്റ്റിയ കൃതികള്‍ ആരും കാണുകയോ കമന്റിടുകയോ ചെയ്യുന്നില്ല ഒരു പരിഹാരം ഉപദേശിച്ചുതരണം എന്നായിരുന്നു അവരുടെ ആവശ്യം.

ഭഗവത്ഗീത കലക്കി കുടിച്ച സാമി ഉവാച:

"കുട്ടികളേ, ഭഗവാന്‍ ഗീതയില്‍ പറയുന്നതെന്താണ്‌?
കര്‍മ്മണ്യേ വാധികാരിഷ്ടേ
മാ ഫലേഷു കദാചന:

അതായത്‌ അല്ലയോ അര്‍ജുനാ, ഫലം ഇഛിക്കാതെ, ഫലത്തെക്കുറിച്ച്‌ ചിന്തിക്കാതെ
നീ നിന്റെ കര്‍മ്മം ചെയ്യുക എന്നാണ്‌ ഇതിന്റെ അര്‍ഥം.

ഒരു ചെറിയ പാഠഭേദം വരുത്തി ഇങ്ങിനെ നമുക്ക്‌ പറയാം

കര്‍മ്മണ്യേ വാധികാരിഷ്ടേ
മാ കമന്റേഷു ബ്ലോഗറേ!

അതായത്‌ ഒരു ബ്ലോഗര്‍ എന്ന നിലയ്ക്ക്‌ നിങ്ങളുടെ കര്‍മ്മം പോസ്റ്റുകള്‍ ഇടുക എന്നതാണ്‌. ആ കര്‍മ്മം ആത്മാര്‍ഥമായി ചെയ്യുകയും, കമന്റുകള്‍ കിട്ടുക എന്ന ഫലത്തെക്കുറിച്ച്‌ ചിന്തിക്കാതിരിക്കുകയും ചെയ്യുക. ഓം ശാന്തി ശാന്തി ശാന്തി!"

(ആത്മഗതം: നിങ്ങളുടെ വ്യഥ എനിക്കു മനസ്സിലാകുന്നു കുട്ടികളേ. ഞാനും നിങ്ങളില്‍ ഒരുവനാണല്ലോ.)

നവബ്ലോഗര്‍മാര്‍ സംതൃപ്തിയോടെ തിരിച്ചുപോയി കര്‍മനിരതരാകുന്നു.
ശുഭം.

Wednesday, May 7, 2008

ആലാപനം നിലച്ചു...

ആലാപനം എന്ന പേരില്‍ ആരംഭിച്ച മ്യൂസിക്‌ ബ്ലോഗ്‌ രണ്ട്‌ ദിവസം നിലനിന്നു.
ചില സാങ്കേതിക തകരാറുകളാല്‍ മെയ്‌ ഏഴു മുതല്‍ ആലാപനം നിലച്ചു കാണുന്നു.
ശരിയാക്കാനുള്ള ശ്രമത്തിലാണ്‌.

ആലാപനത്തിന്റെ കര്‍ട്ടന്‍ റെയ്‌സര്‍ ഇതായിരുന്നു.

Thursday, May 1, 2008

കോഴിക്കോട്‌ ശില്‍പ്പശാല

ബ്ലോഗ്‌ അക്കാഡമിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോടു വെച്ചു നടത്തിയ ശില്‍പ്പശാല വളരെയേറെ പ്രയാജനകരമായിരുന്നു. ചില അത്യാവശ്യ കാര്യങ്ങള്‍ക്കായി അഞ്ചു മണിയോടെ പോകേണ്ടി വന്നതിനാല്‍ മുഴുവന്‍ സമയം പങ്കെടുക്കാന്‍ കഴിയാത്തതിന്റെ നഷ്ടബോധം തീര്‍ന്നിട്ടില്ല.
പനമ്പഴം പഴുക്കുമ്പോള്‍ കാക്കയ്ക്ക്‌ വായില്‍പ്പുണ്ണ്‍ എന്നു പറഞ്ഞ പോലെ അഞ്ചു ദിവസമായി നെറ്റ്‌ കിട്ടാത്തതിനാല്‍ പ്രതികരണവും വൈകി. "ബെറ്റര്‍ ലേറ്റ്‌ ദാന്‍ നെവര്‍" തത്വമനുസരിച്ച്‌ ഇപ്പോള്‍ പ്രതികരിച്ചതാണേ!