Sunday, October 7, 2007

ചൂടന്‍ ചിന്തയും,കുഞ്ഞിരാമനും പിന്നെ ഞാനും....

വിജയന്‍ മാസ്റ്ററുടെ (പ്രൊഫ.എം.എന്‍.വിജയന്‍)ആകസ്മിക നിര്യാണം ഉണര്‍ത്തിയ ചിന്തകള്‍ എഴുതി പോസ്റ്റ്‌ ചെയ്യാന്‍ ഒരുങ്ങുകയായിരുന്നു.
ഒക്ടോബര്‍ 3 നു ത്രിശ്ശുര്‍ പ്രസ്സ്‌ ക്ലബ്ബില്‍ മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിച്ചിരിക്കെ സ്വതസ്സിദ്ധമായ ചിരിയോടെ കുഴഞ്ഞു വീണു മരിച്ച കാഴ്ച ടിവിയില്‍ കണ്ടത്‌ മനസ്സില്‍ നിന്നു മാഞ്ഞിട്ടില്ല.
മാസ്റ്ററുടെ എണ്ണമറ്റ പ്രഭാഷണങ്ങള്‍,സൗഹൃദ സംഭാഷണങ്ങള്‍ എല്ലാം മനസ്സില്‍ ഓടിയെത്തുന്നു."ചിതയിലെ വെളിച്ചം" എഴുതിയ മാഷ്‌ പ്രസരിപ്പിച്ച ചിന്തയുടെ വെളിച്ചം ഒരുപാടു പേരുടെ മനസ്സിലുണ്ടാകുമെന്നു തീര്‍ച്ച.
എഴുതാന്‍ തയ്യാറെടുക്കുമ്പോഴാണു ഡോര്‍ ബെല്‍ അടിക്കുന്നത്‌. വാതില്‍ തുറന്നപ്പോള്‍ ചിരിച്ചു കൊണ്ട്‌ കുഞ്ഞിരാമന്‍.ഒരു പൊതുമേഖലാ സ്താപനത്തില്‍ നിന്ന് അടുത്തൂണ്‍ പറ്റിപ്പിടിച്ചിരിക്കുന്ന കെ രാമന്‍ ഒരു നല്ല നടനും,സാഹിത്യകാരനും,കലാസ്വാദകനും, ഉം ഉം ഉം എല്ലാമാണു.പരസ്യത്തിലെ മോഹന്‍ലാല്‍ സ്റ്റൈലില്‍ ഒരു ചോദ്യം: "വൈകിട്ടെന്താ പരിപാടി?"
പ്രത്യേകിച്ച്‌ ഒന്നുമില്ല.ഒരു സംഗതിയെഴുതി ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്യാന്‍ ഒരുങ്ങുകയായിരുന്നുവെന്നു പറഞ്ഞു.
ബ്ലോഗോ? അതെന്തുവാടെ സാധനം എന്നായി രാമന്‍. ഈ കാര്യത്തില്‍ നമ്മളിപ്പോള്‍ പി എഛ്‌ ഡി എടുത്തിരിക്കയാണല്ലൊ.(യഥാര്‍ത്ഥത്തില്‍ എല്‍ കെ ജി സ്റ്റാന്‍ ഡേര്‍ഡ്‌ പോലും ഇല്ല,വെറും മാതൃഭൂമി ലേഖനം വായിച്ച അറിവു മാത്രമേ ഉള്ളൂ എന്നതാണു സത്യം)
വിശദമായി പറഞ്ഞുകൊടുത്തു- ബ്ലോഗിന്റെ ഉല്‍പ്പത്തി,ചരിത്രം,സാധ്യതകള്‍,അതിശോഭനമായ ഭാവി... എന്നിട്ട്‌ സ്വന്തം ബ്ലോഗ്‌ കാണിച്ചു കൊടുക്കുകയും ചെയ്തു.
ചൂടന്‍ ചിന്തകള്‍ കണ്ട കുഞ്ഞിരാമന്‍ ഉവാച:സംഭവമൊക്കെ കൊള്ളാം.പക്ഷേ "ഹോട്ട്‌ തോട്ട്സ്‌" എന്നു കേട്ടാല്‍ ചിന്ത മറ്റു വഴിക്കു പോകുമോ എന്നാണ്‍ എന്റെ സംശയം. ഉദാഹരണത്തിനു "സിനിമയിലെ "ഹോട്ട്‌ സീന്‍" എന്നു പറഞ്ഞാല്‍ ചിന്ത നീലയുടെ വഴിക്കു പോകില്ലേ? അതു പോലെ "ഹോട്‌ ഡ്രിംക്സ്‌" എന്നു പറഞ്ഞാല്‍ ചിന്ത പോകുന്നത്‌ ഏതു വഴിയാകുമെന്നു അറിയാമല്ലൊ.(പുള്ളി കുറച്ചു സിനിമകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌. "ബാര്‍ ബാര്‍ ദേഖോ" എന്ന പാട്ട്‌ പാടാറുമുണ്ട്‌.)
സ്വന്തം ചിന്ത ചൂടാകാന്‍ തുടങ്ങുന്നു.ബ്ലോഗുട്ടിയുടെ പേര്‍ പുലിവാലാകുമോ.
പരിഹാരക്രിയയ്ക്ക്‌ രാമയ്യരെത്തന്നെ ആശ്രയിക്കാം
"അല്ല കുഞ്ഞിരാമാ പുലിയുടെ വാലിലെ പിടി ഒഴിവാക്കാന്‍ എന്താ വഴി?
"അത്‌ ഒരു പ്രശ്നമല്ല. പേരു മാറ്റാന്‍ വകുപ്പുണ്ട്‌.നമ്മുടെ രാജേഷിനെ അറിയില്ലേ? അവന്റെ പേരു മാറ്റിയതല്ലേ.നമുക്കും അങ്ങിനെ ചെയ്യാം.
ഏതു രാജേഷ്‌?
എടോ കണ്ടന്‍ കുട്ടി രാജേഷിനെ മറന്നോ?
മറന്നിട്ടില്ല.
സംഭവം ഇങ്ങനെഅച്ഛനും അമ്മയും ചേര്‍ന്ന് ആദ്യസന്താനത്തിനു ഇട്ട പേരു കണ്ടന്‍ കുട്ടി. പത്തു കഴിഞ്ഞ്‌ ജോലിയില്‍ കേറിയപ്പോഴാണു സ്വന്തം പേരിനു അന്തസ്സ്‌ പോരായെന്നു കുട്ടിക്ക്‌ തോന്നിയത്‌. കൊടുത്തൂ ഗസറ്റില്‍ നോട്ടിഫിക്കേഷന്‍. രാജേഷ്‌ ഖന്ന ഹിന്ദിസിനിമയില്‍ കത്തിനില്‍ക്കുന്ന കാലം. എന്നാല്‍ കിടക്കട്ടെ എന്റെ പേരും രാജേഷ്‌.
ഗസറ്റില്‍ പരസ്യം വന്നു,ഓഫീസ്‌ റിക്കാര്‍ഡുകളിലും പേരു മാറ്റി.
പക്ഷെ ജനം കണ്ടന്‍ രാജേഷ്‌ എന്നേ വിളിക്കൂ.
കെ രാമന്‍ തുടരുന്നു.
നമുക്കു ഗസറ്റില്‍ പരസ്യം കൊടുക്കാം:
"ഇനി മുതല്‍ ബ്ലോഗുട്ടിയുടെ പേരു ഹോട്ട്‌ തോട്ട്സ്‌ എന്നായിരിക്കുന്നതല്ല. പകരം ഒരു നല്ല പേരു കണ്ടുപിടിച്ച്‌ ഞങ്ങള്‍ അറിയിക്കുന്നതാണു" എന്നു.
അതിനു പുതിയൊരു പേരു കണ്ടെത്തണ്ടേ? അത്‌ ഈ ബൂലോകത്ത്‌ ഒരു കുട്ടിക്കും ഇല്ലാത്തതാകേണ്ടേ?അല്ലെങ്കില്‍ "ചെക്ക്‌ അവൈലബിലിറ്റി" എന്നു പറഞ്ഞ ശേഷം "സോറീട്ടോ ഈ പേരില്‍ വേറൊരു ബ്ലോഗുട്ടി ഉണ്ട്‌"എന്ന് കാണേണ്ടി വരില്ലേ?
ത്യാഗരാജ സ്വാമികള്‍ പാടിയപോലെ "എന്തു വേണ്ടു കെ രാമാ..."
അപ്പൊ സങ്ങതി അത്ര എളുപ്പമല്ല അല്ലേ? ഞാന്‍ പോയി ആലോചിച്ച്‌ നാളെ പരിഹാരവുമായി വരാം എന്നും പറഞ്ഞ്‌ കുഞ്ഞിരാമന്‍ പോകുന്നു.
ഇത്രയും കാര്യം ഞാന്‍ മാലോകരെ അറിയിക്കുന്നു.

7 comments:

Visala Manaskan said...

പ്രിയ ബാലു,

ബ്ലോഗ് കാണാന്‍ വൈകി. ബൂലോഗത്തിലേക്ക് സ്വാഗതം.

പ്രിന്റ് എടുത്ത് വീട്ടിലേക്കുള്ള വഴി ക്കാണ് വായിക്കുക. ഓഫീസില്‍ കരുവാന്റെ വളപ്പിലെ മുയലിന്റെ പോലെയാണിരിപ്പ്. ആ രീതിയില്‍ വായിച്ചാല്‍ ഒരു വായനക്ക് ഗുമ്മുണ്ടാവില്ല!

അപ്പോള്‍ ഞാന്‍ ഇത് പ്രിന്റെടുത്ത് വായിച്ച് അഭിപ്രായം പറയാം ട്ടോ!

:) എല്ലാവിധ ആശംസകളും.

കുറുമാന്‍ said...

ബൂലോഗത്തിലേക്ക് സ്വാഗതം ബാലു.

Rajeeve Chelanat said...

ബാലൂ,

പുതിയ ഗുഞ്ഞിനെ കണ്ടു.
എഴുതിയേ തീരൂ എന്നു വരുമ്പോള്‍ മാത്രം എഴുതുക.
ആശംസകളോടെ
രാജീവ് ചേലനാട്ട്

Visala Manaskan said...

thudakkam, nannaayittundu.
thudarnnezhuthuka...

Balu said...

നന്ദി..എല്ലാവര്‍ക്കും നന്ദി!

നിരക്ഷരൻ said...

6 കൊല്ലം കഴിഞ്ഞ് സ്വാഗതം പറഞ്ഞാൽ സ്വീകരിക്കുമോ ? :)

Balu said...

സ്വീ-കരിച്ചിരിയ്ക്കുന്നു :)