Tuesday, October 17, 2017

“ശതചിത്ര” പ്രദർശനം

ഒരാഴ്ച്ചയിലേറെയായി നഗരത്തിലെ പൊതു-സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കാറില്ലായിരുന്നു. വീട്ടിൽ നിന്ന് വിട്ടുനിൽക്കാനാകാത്ത സാഹചര്യമായിരുന്നു കാരണം. വി ടി കുമാരൻ മാസ്റ്റർ പുരസ്കാര സമർപ്പണമടക്കം കുറേ പരിപാടികൾ അങ്ങനെ മിസ്സായി. ഏതായാലും ഇന്ന് ( 17.10.2017) പുറത്തിറങ്ങി, ഒരു നല്ല പരിപാടിക്ക് സാക്ഷിയുമായി
മലപ്പുറം കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ സംരഭമാണ് വരക്കൂട്ടം. ഷമീം, അനീസ് തുടങ്ങി കലയോട് പ്രതിബദ്ധതയുള്ള കുറേപ്പേർ. അവർക്ക് വഴി കാട്ടാൻ വി പി ഷൗക്കത്തലിയെപ്പോലുള്ള പ്രതിഭാധനരും. മൂന്നു വർഷം മാത്രം പ്രായമുള്ള ഈ കൂട്ടായ്മ അഭൂതപൂർവ്വമായ ഒരു പ്രദർശനമാണ് കോഴിക്കോട്ട് ആർട്ട് ഗാലറിയിൽ ഒരുക്കിയിരിക്കുന്നത്. ശതചിത്ര എന്ന പേർ സൂചിപ്പിക്കുന്നതുപോലെ നൂറു പേരുടെ ചിത്രങ്ങളുടെ പ്രദർശനം. ഒരുങ്ങിക്കഴിഞ്ഞപ്പോൾ ചിത്രങ്ങളും ശിൽപ്പങ്ങളുമായി 120 ൽ അധികം കലാകാരന്മാരുടെ ഓരോ സൃഷ്ടികൾ വീതമുണ്ട് പ്രദർശനത്തിൽ. ഉൽഘാടകനായ സി വി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടത് ഇത് ഒരു റിക്കാർഡ് ആയിരിക്കുമെന്നാണ്. ഇത്രയും പേരുടെ ഒരു കൂട്ടു പ്രദർശനം ഇതുവരെ നടന്നതായി അറിവില്ല. ബഹുസ്വരതക്കു മേൽ കടുത്ത കടന്നാക്രമണങ്ങൾ വന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇത്തരം നീക്കങ്ങൾക്ക് പ്രത്യേക പ്രസക്തിയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
വി പി ഷൗക്കത്തലിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉൽഘാടന യോഗത്തിൽ കമാൽ വരദൂർ, പ്രഭാകരൻ, പോൾ കല്ലാനോട്, ഉദയകുമാർ, ശ്രീജ പള്ളം, കബിത മുഖോപാദ്ധ്യായ, സുനിൽ അശോകപുരം കൽക്കി സുബ്രഹ്മണ്യം ( ഇവർ ട്രാൻസ് ജന്റർ വിഭാഗത്തിലെ ചിത്രകാരിയാണ്) തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു. അനീസ് വടക്കൻ സ്വാഗതവും മുക്താർ നന്ദിയും പറഞ്ഞു.
എനിക്ക് നേരിട്ട് പരിചയമുള്ള കുറേ പേരുടെ സൃഷ്ടികൾ ഈ പ്രദർശനത്തിലുണ്ട്.എന്നത് ഏറെ സന്തോഷകരം. ഷൗക്കുവിനു പുറമെ പ്രഭാകരൻ, കബിത, പോൾ മാഷ്, സുനിൽ അശോകപുരം, ശ്രീജ പള്ളം എന്നിവരെ ഇന്ന് കാണുകയും ചെയ്തു. മീര രമേഷിനെ  പ്രതീക്ഷിച്ചെങ്കിലും ഇന്ന് അവർ വന്നില്ല നാളെ വന്നേയ്ക്കുമെന്ന് ഷൗക്കു. ഉഷ രാമലിംഗം എന്ന ബംഗളൂരു ചിത്രകാരിയുൾപ്പെടെ ചിലരെ പരിചയപ്പെടുകയുമുണ്ടായി.
പ്രദർശനത്തിലെ ചില ചിത്രങ്ങളും ശിൽപ്പങ്ങളും താഴെ



മോപ്പസാങ്ങ് വാലത്തിന്റെ പെയിന്റിംഗ്





കാനായിക്ക് സമർപ്പണം. ഉണ്ണി കാനായിയുടെ ശിൽപ്പം



മീരാ രമേഷിന്റെ രചന



ശ്രീജ പള്ളം തന്റെ സൃഷ്ടിക്കു മുന്നിൽ

കബിത മുഖോപാധ്യായയുടെ പെയിന്റിംഗ്

ഉൽഘാടന വേദി. ഷൗക്കത്തലി, അദ്ധ്യക്ഷ പ്രസംഗം

സി വി ബാലകൃഷ്ണൻ ഉൽഘാടനം

കൽക്കി സുബ്രഹ്മണ്യവും കബിത മുഖോപാധ്യായയും

കരയുന്ന ബുദ്ധനും ചിരിക്കുന്ന വെടിയുണ്ടകളും. പ്രേം പി ലക്ഷ്മണന്റെ ശിൽപ്പം ശിൽപ്പം






ഉഷ രാമലിംഗം തന്റെ രചനയ്ക്കു മുന്നിൽ



വി പി ഷൗക്കത്തലിയും സൃഷ്ടിയും

നിലയ്കക്കാത്ത നിലവിളി  കൽക്കി സുബ്രഹ്മണ്യത്തിന്റെ പെയിന്റിംഗ്

No comments: