ലോകപ്രശസ്ത ഗ്രീക്ക് ദുരന്ത നാടകമായ ഈഡിപ്പസ് കെ പി എ സിയുടെ പുതിയ നാടകമാണ്. മലയാള നാടകരംഗത്തെ യുവ സംവിധായകരുടെ മുൻനിരയിൽ നിൽക്കുന്ന മനോജ് നാരായണൻ സംവിധാനം നിർവ്വഹിച്ച ഈഡിപ്പസ് കോഴിക്കോട് ടാഗോർ ഹാളിൽ അവതരിപ്പിച്ചത് കാണാൻ 2017 ഒക്ടോബർ 7 ന് അവസരം കിട്ടി.
ഈ നാടകം കാണാനുള്ള ക്ഷണം കിട്ടിയപ്പോൾ മനസ്സിൽ വന്നത് അമ്പത്തഞ്ചിലധികം വർഷങ്ങൾക്കു മുൻപ് (1961 ൽ) ഈഡിപ്പസ്സിന്റെ ആദ്യ അവതരണം നടന്നതിന്റെ ഓർമ്മകളാണ്. ഒരു സ്കൂൾ വിദ്യാർത്ഥിയായിരുന്ന അക്കാലത്ത് നാടകം കാണാൻ അവസരം ലഭിച്ചിരുന്നില്ലെങ്കിലും അതേക്കുറിച്ചുള്ള പത്രവാർത്തകൾ മനസ്സിൽ ഇടം പിടിച്ചിരുന്നു. ദേശപോഷിണി കലാസമിതി അവതരിപ്പിച്ച ഈഡിപ്പസ്സിനെക്കുറിച്ചുള്ള വാർത്തകൾ വലിയ പ്രാധാന്യത്തോടെ മാതൃഭൂമി അടക്കമുള്ള പത്രങ്ങൾ പ്രസിദ്ധീകരിച്ചിരുന്നതിന്റെ നേരിയ ഓർമ്മ ഇപ്പോഴുമുണ്ട്. 1937ൽ സ്ഥാപിതമായ ദേശപോഷിണി വായനശാലയുടെ കലാവിഭാഗമാണ് കലാസമിതി. പഴയകാല രേഖകൾ കൃത്യമായി സൂക്ഷിച്ചു വെയ്ക്കുന്ന കാര്യത്തിൽ ദേശപോഷിണി പ്രവർത്തകർ അഭിനന്ദനാർഹമായ രീതിയിൽ പ്രവർത്തിക്കുന്നു എന്ന് നേരിട്ടറിവുള്ളതിനാൽ അവിടത്തെ പ്രകാശനേയും വിശ്വനേയുമൊക്കെ ബന്ധപ്പെട്ടു. അന്നത്തെ ഈഡിപ്പസ്സ് രേഖകൾ ലഭ്യമാക്കി.
ദേശപോഷിണിയുടെ ചരിത്രത്തിൽ പറയുന്നത് ഇങ്ങനെ
“എന്നാല് ഒരു മലയാള നാടകത്തിന്റെ അവതരണ രീതിയെതന്നെ അസൂയാവഹമായി അത്ഭുതപ്പെടുത്തിയ ഗ്രീക്ക് ഇതിഹാസ നാടകമായ ഈഡിപ്പസ് എന്ന നാടകാവതരണത്തിലും അജയ്യത നേടി.2500ലധികം വര്ഷങ്ങള്ക്കുമുമ്പ് സോഫോക്ലിസ് എഴുതിയ ഗ്രീക്കു നാടകം ആദ്യമായി മലയാളത്തില് അരങ്ങത്ത് അവതരിപ്പിച്ചത് ദേശപോഷിണിയാണ്, 1961 ല് പി.കെ മേനോന് നാടക വിവര്ത്തനം ചെയ്തു.അതുവരെ ഉണ്ടായിരുന്ന അവതരണരീതിയെ `ഇഡിപ്പസ് ‘ മാറ്റിമറിച്ചു. പ്രാചീന കാലത്തെ മാസ്മരിക വേഷവിധാനം – ആഹാര്യാഭിനയത്തിന്റെ മികവ്. ഉചിതമായ രംഗശില്പം വരച്ച് സി.പി. രാഘവനും കൂട്ടരും പ്രേക്ഷകരെ ഗ്രീക്ക് സംസ്കാരത്തിന്റെ പഴമയിലേക്ക് നയിച്ചു. ശബ്ദഗാംഭീര്യം കൊണ്ടും ചലനമൃദുത്വംകൊണ്ടും ഒരതുല്യനടന് അരങ്ങുവാണ എം.കുഞ്ഞാണ്ടി, ആംഗികാഭിനയത്തിന്റെ അതുല്യ വിന്യാസത്തിലൂടെ ബാലന്.കെ.നായര്, ഭാവാഭിനയത്തിന്റെ സൂക്ഷ്മതപോലും സ്വായത്തമാക്കി. വാസു പ്രദീപ് പിന്നെ , മച്ചാട്ട് വാസന്തി, വിലാസിനി (കുട്ട്യേടത്തി), കൃഷ്ണവേണി. നാടകപൂര്ണ്ണതയ്ക്ക് അരങ്ങില് ജീവിച്ച അഭിനയ പ്രതിഭകള്.. ഈഡിപ്പസ് കേരളത്തിന്റെ മുക്തകണ്ഠമായ അംഗീകാരമാണ് നേടിയത്.”
ദേശപോഷിണിയുടെ ഫയലുകളിൽ പഴയ ഈഡിപ്പസ് നാടകത്തിന്റെ നോട്ടീസുകളും മറ്റും ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്.പഴയ ഒരു സ്മരണികയിൽ നാടകത്തെക്കുറിച്ച് എം ടി എഴുതിയ കുറിപ്പും അക്കൂട്ടത്തിലുണ്ട്.. ദേശപോഷിണി ഈഡിപ്പസ്സിനെ വീണ്ടും അരങ്ങിലെത്തിച്ചതും ചരിത്രം. 70 കളിൽ അന്നത്തെ യുവ നാടകപ്രവർത്തകനായ രത്നാകരനടക്കം പങ്കെടുത്ത് വിവിധ വേദികളിൽ ഈഡിപ്പസ്സ് അവതരിപ്പിക്കപ്പെട്ടു.
പഴയ ഈഡിപ്പസ് നാടക നോട്ടീസ് |
പഴയ ഈഡിപ്പസ് നാടക നോട്ടീസ് |
എം ടി പഴയ ഈഡിപ്പസ്സിനെക്കുറിച്ച് എഴുതിയ കുറിപ്പിൽ നിന്ന് |
കെ പി എ സി കലേഷ് രചനയും മനോജ് നാരായണൻ സംവിധാനവും നിർവ്വഹിച്ച കെ പി എ സിയുടെ പുതിയ സംരംഭവും അഭിനന്ദനാർഹമായ ഒന്നുതന്നെ. വിവിധ രാജ്യങ്ങളിലെ നാടകപ്രവർത്തകർ ഈഡിപ്പസ്സിന് അവരുടേതായ രംഗഭാഷ്യം നൽകി അരങ്ങിലെത്തിച്ചിട്ടുണ്ട്. മൂല കഥയോട് തികച്ചും നീതി പുലർത്തിയാണ് കലേഷും മനോജും അടങ്ങുന്ന കെ പി എ സി ടീം ഈ ലോകോത്തര ദുരന്തനാടകം രംഗത്ത് എത്തിച്ചിരിക്കുന്നത്. അഭിനേതാക്കളുടെ മികവുറ്റ പ്രകടനം, ചമയം, രംഗപടം എന്നിവ നടത്തിയതിലെ മികവ്, അനുയോജ്യമായ പശ്ചാത്തല സംഗീതം. മനോഹരമായ ദീപ സംവിധാനം. എല്ലാവരും അവരുടെ ഭാഗം സ്തുത്യർഹമായി നിർവ്വഹിച്ചു. രണ്ടേകാൽ മണിക്കൂർ നീളുന്ന നാടകം ഒട്ടും മടുപ്പ് തോന്നാത്ത വിധം കാണികളെ പിടിച്ചിരുത്തും തീർച്ച
കെ പി എ സി യുടെ ഈഡിപ്പസിലെ ഒരു രംഗം |
കെ പി എ സി യുടെ ഈഡിപ്പസിലെ ഒരു രംഗം |
കെ പി എ സി യുടെ ഈഡിപ്പസിലെ ഒരു രംഗം |
കെ പി എ സി യുടെ ഈഡിപ്പസിലെ ഒരു രംഗം |
കെ പി എ സി യുടെ ഈഡിപ്പസിലെ ഒരു രംഗം |
(കടപ്പാട്: ദേശപോഷിണി രേഖകൾക്ക് പ്രകാശൻ, വിശ്വൻ. ഫോട്ടോ സതി ആർവി)
No comments:
Post a Comment