മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ “നന്മ”യുടെ ആഭിമുഖ്യത്തിൽ ശാന്താദേവി അനുസ്മരണവും പുരസ്കാരസമർപ്പണവുമായിരുന്നു ഇന്നലെ (നവ.20) വൈകുന്നേരം കോഴിക്കോട് ടൗൺഹാളിലെ പരിപാടി. അവരുടെ നാലാം ചരമ വാർഷികദിനം. തന്റെ എൺപത്തി മൂന്നാം വയസ്സിൽ ശാന്താദേവി അന്തരിച്ചത്. 2010 നവമ്പർ 20നാണ്
പ്രശസ്ത നടനും, നന്മയുടെ സംസ്ഥാനതല ഭാരവാഹിയും ഇപ്പോൾ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ബാബു പറശ്ശേരിയാണ് പരിപാടി ഉൽഘാടനം ചെയ്തത്. ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യാതിഥിയും.
ശാന്താദേവി കോഴിക്കോട്ടുകാരുടെ സ്വന്തം ശാന്തേട്‌ത്തി. ആയിരത്തിലധികം നാടകവേദികളിലും ഏതാണ്ട് അഞ്ഞൂറോളം സിനിമകളിലും ഒട്ടനവധി ടീ വി സീരിയലുകളിലും സ്വതസ്സിദ്ധമായ അഭിനയം കാഴ്ച്ചവെച്ച നടി. അമ്പതുകൊല്ലത്തോളം നീണ്ട അഭിനയ സപര്യയായിരുന്നൂ അവരുടേത്. 1954ൽ വാസു പ്രദീപിന്റെ സ്മാരകം എന്ന നാടകത്തിലൂടെ രംഗപ്രവേശം. രാമു കാര്യാട്ട് സംവിധാനം ചെയ്ത മിന്നാമിനുങ്ങിലൂടെ സിനിമാ പ്രവേശവും. സ്തീകൾ അഭിനയരംഗത്തേക്ക് കടന്നുവരാൻ മടിച്ചിരുന്ന കാലത്ത് സമൂഹത്തിൽനിന്നുയർന്ന എതിർപ്പുകളെ അതിജീവിച്ചാണ് നിലമ്പൂർ ആയിഷയെപ്പോലെ, മറ്റു പല നടികളേയുംപോലെ, ശാന്തേടത്തിയും ഈ രംഗത്തേക്ക് വന്നത്.
മാതാപിതാക്കളുടെ പത്തു മക്കളിലൊരാളായ ദമയന്തിയുടെ ബാല്യകാലം വർണ്ണശബളമായിരുന്നില്ല. പതിനേഴാം വയസ്സിൽ വിവാഹിതയായ അവരുടെ ദാമ്പത്യജീവിതവും ഏറെ നീണ്ടുനിന്നില്ല. പിന്നീടാണ് ദമയന്തി ശാന്താദേവിയാകുന്നതും അഭിനയരംഗത്തേക്കു വരുന്നതും. പിന്നെ കോഴിക്കോട് അബ്ദുൾഖാദർ എന്ന പ്രശസ്ത ഗായകന്റെ ജീവിതസഖിയാകുന്നു. രണ്ടു മക്കളുടെ അമ്മയാകുന്നു. അതിലൊരു മകൻ സത്യജിത് ഗായകനും അഭിനേതാവുമായി പേരെടുക്കുന്നു. ശാന്തേടത്തിക്ക് അഭിനയരംഗത്ത് ധാരാളം അവസരങ്ങൾ ലഭിക്കുന്നു ….“ഇരുട്ടിന്റെ ആത്മാവിലെ” വേലായുധന്റെ അമ്മയുടെ റോൾ അടക്കം മനസ്സിൽ തങ്ങിനിൽക്കുന്ന ഒട്ടേറെ കഥാപാത്രങ്ങൾ, മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരമടക്കം നിരവധി അവാർഡുകൾ, ….. ജീവിതം സുന്ദരസുരഭിലമാകാൻ ഇതൊക്കെ ധാരാളം.
പക്ഷെ കാര്യങ്ങൾ മറിച്ചായിരുന്നു.
ജീവിതപങ്കാളിയായ ഖാദറിക്കയുടെ മരണം, ഇളയ മകൻ സത്യജിത്തിന്റെ ആകസ്മികമായ ആത്മഹത്യ, പ്രായത്തിന്റെ അസ്കിതകൾ മൂർഛിച്ച് രോഗാതുരമായ ശാരീരികാവസ്ഥ, ജീവിതം മുന്നോട്ടുതള്ളി നീക്കാൻ സാമ്പത്തികമായി വരുമാനമൊന്നുമില്ലാത്ത സ്ഥിതി, അവസാനം സ്വന്തം മനസ്സിന്റെ നിയന്ത്രണംപോലും കൈവിട്ടുപോകൽ. ദുരിതപൂർണ്ണമായിരുന്നു അവസാനകാലം. സിനിമാഭിനയംകൊണ്ട് പേരും പ്രശസ്തിയുമൊക്കെ നേടിയിരുന്നെങ്കിലും സാമ്പത്തികഭദ്രത അവർക്കുണ്ടായിരുന്നില്ല. പക്ഷെ വിഭ്രാന്തമായ മനസ്സിൽ അപ്പോഴും സിനിമയും അഭിനയവുമൊക്കെയായിരുന്നു ഉണ്ടായിരുന്നത്. ചികിത്സക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ചില സുഹൃത്തുക്കൾ ശ്രമിക്കുമ്പോൾ അതിനു വിസമ്മതിച്ച് ശാന്തേടത്തി പറയും “നിക്ക് ഷൊറണൂരിൽ ഷൂട്ടിംഗ് ഉള്ളതാ അതിനു പോണം. ആസ്പത്രീപ്പോക്കൊന്നും ഇപ്പ വേണ്ട.”

ഒരു പഴയ ബ്ലാക് ആന്റ് വൈറ്റ് ചിത്രംപോലെ നിറം മങ്ങി, ഒറ്റക്ക് ഒരു മുറിയിൽ താമസിച്ചിരുന്ന അവരുടെ മനസ്സിന്റെ താളം തെറ്റിയതിനാൽ അയൽക്കാരേയും അടുത്ത സുഹൃത്തുക്കളേയുമെല്ലാം അകറ്റുന്ന പെരുമാറ്റമായിരുന്നു അവസാനകാലത്ത്. മരണം ഒരു അനുഗ്രഹം പോലെ ദുരിതക്കയത്തിൽനിന്ന് അവർക്ക് മോചനം നൽകിയെന്നു പറയാം.
ഇത് ഒരു ശാന്താദേവിയുടെ മാത്രം കഥയല്ല. പ്രശസ്തരായ ഒട്ടേറെ കലാകാരന്മാർ, അരങ്ങിൽ ജ്വലിച്ചുനിന്നവർ ജീവിതത്തിൽ സാമ്പത്തിക ഭദ്രത കൈവരിക്കുന്നതിൽ പരാജയപ്പെട്ടവരായുണ്ട്. ജീവിതസായാഹ്നത്തിൽ ആളും ആരവവുമൊഴിഞ്ഞപ്പോൾ നിത്യജീവിതം മുന്നോട്ടു കൊണ്ടുപോകാൻ പ്രയാസമനുഭവിച്ചവർ. അടൂർ സഹോദരിമാർ, കൊച്ചിയിലെ മെഹബൂബ് ഭായി, “അല്ലിയാമ്പൽക്കടവിലന്നരയ്ക്കു വെള്ളം” എന്ന് റോസിയിലെ ഒറ്റ ഗാനം കൊണ്ട് ജനലക്ഷങ്ങളുടെ ആരാധന ഏറ്റുവാങ്ങിയ ജോബ് മാസ്റ്റർ, ഹിന്ദുസ്താനി സംഗീത വിദ്വാൻ ശരച്ചന്ദ്ര മറാഠേ… ..ഈ നിര നീണ്ടു നീണ്ടു പോകും. അവസാനം പലർക്കും മരണം വന്ന് ഈ ദുരിതത്തിൽനിന്ന് മോചനം നൽകുന്നു. ചിലർ മരണത്തെ തേടിപ്പോകുന്നു. ഒരു തീവണ്ടിപ്പാളത്തിനരികിലേക്കോ, ഒരു കയറിൻതുമ്പത്തേക്കോ മറ്റോ.
ആലങ്കോട് ലീലാകൃഷ്ണൻ നിരീക്ഷിച്ചപോലെ ഇങ്ങനെയുള്ളവർ വാസ്തവത്തിൽ രക്തസാക്ഷികളാണ്- സാംസ്കാരിക രക്തസാക്ഷികൾ. ഇവിടെ “അമ്മ”യും “നന്മ”യുമൊക്കെയുണ്ട്. കൈനീട്ടവും മറ്റു ചില്ലറ സഹായങ്ങളും നൽകി വരുന്നുമുണ്ട്. സർക്കാർ വക “അവശകലാകാരന്മാർക്ക് “ (തിക്കോടിയൻ മാഷ് എപ്പോഴും പറയാറുണ്ട് ഈ പ്രയോഗം തെറ്റാണെന്ന്. അത് ശരിയുമാണ്) പെൻഷനും മറ്റുമുണ്ട്. എന്നിട്ടും ചരിത്രം ആവർത്തിക്കുന്നു. സമൂഹം മറ്റു പല കാര്യങ്ങളിലുമെന്നപോലെ ഇവരുടെ കാര്യത്തിലും ക്രിയാത്മകമായി എന്തെങ്കിലും ചെയ്തേ മതിയാകൂ. കാരണം തങ്ങളുടെ ‘നല്ല കാലം’ സമൂഹത്തിനായി നൽകിയവരാണർ
No comments:
Post a Comment