Friday, November 18, 2011

വ്യത്യസ്തമായ ഒരു വിവാഹസമ്മാനം..


വിവാഹവേളയില്‍ നവദമ്പതിമാര്‍ക്ക്‌ സമ്മാനങ്ങള്‍ നല്‍കുന്ന രീതി ലോകത്ത്‌ എല്ലായിടത്തുമുണ്ട്‌. എന്തു നല്‍കുന്നു എന്നത്‌ പല ഘടകങ്ങളേയും ആശ്രയിച്ചിരിയ്ക്കും. എന്നാല്‍ സാധാരണയില്‍ നിന്ന് തികച്ചും വ്യത്യസ്തമായ/വിചിത്രമായ ഒരു വിവാഹസമ്മാനം നല്‍കുന്നതില്‍ ഒരര്‍ഥത്തില്‍ പങ്കാളിയായ അനുഭവം,

സ്വിറ്റ്സ്‌ സര്‍ലന്റിലെ റിഗി എന്ന ടൂറിസ്റ്റ്‌ കേന്ദ്രം. വിശാലമായ തടാകക്കരയിലെ പുല്‍ത്തകിടിയില്‍ കുടുബത്തോടൊപ്പം ഇരിക്കുകയായിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്ന് വന്ന സന്ദര്‍ശകര്‍ ചുറ്റും കാഴ്ച്ചകള്‍ കണ്ട്‌ നടക്കുന്നു. അതിനിടയിലാണ്‌ വര്‍ണ്ണാഭമായ വസ്ത്രങ്ങളണിഞ്ഞ്‌ ചരടില്‍ കോര്‍ത്ത ബലൂണുകളും കൈയ്യില്‍ ക്യാമറകളുമെല്ലാമായി ഒരു കൂട്ടം പെണ്‍കുട്ടികള്‍ പലരേയും സമീപിക്കുന്നതു കണ്ടത്‌. പിന്നീട്‌ അവര്‍ ഞങ്ങളുടെ അടുത്തുമെത്തി

"ഇംഗ്ലീഷ്‌ അറിയാമോ" എന്നായിരുന്നു ആദ്യത്തെ ചോദ്യം.

 അറിയാമെന്ന് പറഞ്ഞു. തുടര്‍ന്ന് ഒരു കുട്ടി കാര്യം അവതരിപ്പിച്ചു. അവരുടെ കൂട്ടുകാരിയുടെ വിവാഹമാണ്‌. അവള്‍ക്ക്‌ സമ്മാനമായി ലോകത്തിലെ വിവിധ ഭാഷകളില്‍ I Love You എന്ന് ആലേഖനം ചെയ്ത്‌ ഒരു ഒരു വലിയ തുണി കൊടുക്കാനുദ്ദേശിക്കുന്നു. ഇതിനകം ഒരുപാടു ഭാഷകളില്‍ എഴുതിയത്‌ ലഭിച്ചു. ഞങ്ങള്‍ ഏതു രാജ്യത്തു നിന്ന് വന്നവരാണ്‌, ഭാഷ ഏതാണ്‌, സ്വന്തം ഭാഷയില്‍ ആ തുണിയില്‍ എഴുതിത്തരാമോ എന്ന് ചോദിക്കുകയും ചെയ്തു.

നമ്മുടെ മലയാളവും അതില്‍ കിടക്കട്ടേയെന്നു കരുതി, അവര്‍ ആവശ്യപ്പെട്ടതുപോലെ "ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു" എന്ന് മലയാളത്തില്‍ എഴുതി. ഇത്‌ ഇന്ത്യയില്‍ കേരളം എന്ന സംസ്ഥാനത്തിലെ ഭാഷയായ മലയാളമാണെന്ന് ഇംഗ്ലീഷിലും രേഖപ്പെടുത്തി.
നന്ദി അറിയിച്ച്‌ അടുത്ത ആളെത്തേടി അവര്‍ യാത്രയായി.

അവരുടെ കൂട്ടുകാരിയുടെ വിവാഹം കഴിഞ്ഞിരിക്കും. നേരിട്ടറിയാത്ത ആ സ്വിറ്റ്സ്‌ സര്‍ലന്റുകാരിയുടെ വിവാഹസമ്മാനശേഖരത്തില്‍ മലയാളമുള്‍പ്പെടെ വിവിധ ഭാഷകള്‍ ആലേഘനം ചെയ്ത ആ തുണിയും ഉണ്ടാകും തീര്‍ച്ച. 
ആ പെണ്‍കുട്ടിയ്ക്ക്‌ വിവാഹ മംഗളാശംസകള്‍ നേരട്ടെ

1 comment:

Unknown said...

ഇത്തരം മനോഹരമായ അപേക്ഷയെ സര്‍വാത്മനാ അംഗീകരിച്ചേനെ,അവിടെയുണ്ടായിരുന്നെങ്കില്‍.കാഷുചെലവില്ലാത്ത കാര്യമാണെന്നത് മറ്റൊരു വിഷയം.സ്നേഹത്തെ നമ്മുടെ നാട്ടുഭാഷയില്‍ സ്വീകരിക്കാനുള്ള അവരുടെ വെമ്പല്‍. അതൊരു വെമ്പല്‍. വെറുതെയല്ല,വെറുതെയായില്ല-ബാലുമാഷെ ഞങ്ങളുടെ പ്രതിനിധിയായി ഞങ്ങള്‍ അവിടെയ്ക്ക് പറഞ്ഞയച്ചത്!Really great