Monday, November 7, 2011

ഓക്ടോബര്‍ വിപ്ലവത്തിന്റെ...

പഴയ സോവിയറ്റ്‌ യൂണിയനിലെ ഓക്ടോബര്‍ വിപ്ലവത്തിന്റെ വാര്‍ഷികദിനമാണ്‌ നവമ്പര്‍ 7. ലോകമെമ്പാടുമുള്ള വിമോചനപ്പോരാട്ടങ്ങള്‍ക്ക്‌ കരുത്തു പകര്‍ന്ന ഒക്ടോബര്‍ വിപ്ലവാനന്തരം സോവിയറ്റ്‌ യൂണിയന്റെ വളര്‍ച്ച അഭൂതപൂര്‍വ്വമായിരുന്നു.സാമ്പത്തിക-സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ-കലാ, കായിക മേഖലകളിലെല്ലാംതന്നെ അസൂയാവഹമായ നേട്ടമാണ്‌ ലെനിന്റേയും പിന്നീട്‌ സ്റ്റാലിന്റേയും നേതൃത്വത്തില്‍ ഈ രാഷ്ട്രം കൈവരിച്ചത്‌. ഇന്ത്യയടക്കം പിന്നീട്‌ സ്വാതന്ത്ര്യം നേടിയ വിവിധ രാജ്യങ്ങള്‍ക്ക്‌ സോവിയറ്റ്‌ യൂണിയന്‍ നല്‍കിയ സഹായങ്ങളും വലുതായിരുന്നു. ലോകപോലീസ്സ്‌ ചമഞ്ഞ്‌ പല രാജ്യങ്ങളേയും തങ്ങളുടെ കാല്‍ക്കീഴിലാക്കാനുള്ള അമേരിക്കന്‍ സാമ്രജ്യത്വനീക്കങ്ങള്‍ക്ക്‌ തടയിടാനും സോവിയറ്റ്‌ യൂണിയന്‍ രംഗത്തുണ്ടായിരുന്നു. 

ദൗര്‍ഭാഗ്യവശാല്‍ ഏഴു പതിറ്റാണ്ടുകള്‍ക്കു ശേഷം തത്വാധിഷ്ടിത നിലപാടുകളില്‍ നിന്ന് വ്യതിചലിച്ചതിന്റെ ഫലമായി സോവിയറ്റ്‌ യൂണിയന്‍ തകര്‍ന്ന് ഛിന്നഭിന്നമായി. സോഷ്യലിസ്റ്റ്‌ ഭരണക്രമം കൈവരിച്ച എല്ലാ നേട്ടങ്ങളും അവിടെ ഇല്ലാതായി. തൊണ്ണൂറുകളില്‍ സോവിയറ്റ്‌ തകര്‍ച്ചയെ സഹര്‍ഷം സ്വാഗതം ചെയ്ത കടുത്ത കമ്മ്യൂണിസ്റ്റ്‌ വിരുദ്ധര്‍ പോലും പിന്നീട്‌ അമേരിക്കന്‍ കടന്നുകയറ്റം കണ്ട്‌ "സോവിയറ്റ്‌ യൂണിയന്‍ ഉണ്ടായിന്നെങ്കില്‍ ഇത്‌ സംഭവിക്കില്ലായിരുന്നു" എന്ന പരിദേവനം നടത്തിയതും ഓര്‍ക്കാം
.
ഇന്ന് പതുക്കെയാണെങ്കിലും പഴയ മുറിപ്പാടുകളില്‍ നിന്ന് റഷ്യയടക്കം ചില മുന്‍ സോവിയറ്റ്‌ രാഷ്ട്രങ്ങള്‍ മോചനം നേടി പുരോഗതിയിലേക്ക്‌ എത്തുന്നുണ്ട്‌. ലോകമുതലാളിത്തം പ്രതിസന്ധികളില്‍പ്പെട്ട്‌ ഉഴലുമ്പോള്‍ സോഷ്യലിസ്റ്റ്‌ പാതയിലൂടെ മാത്രമേ ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങള്‍ക്ക്‌ ആശ്വാസം പകരാനും, പ്രതിസന്ധികളെ അതിജീവിക്കാനും കഴിയൂ എന്ന് കൂടുതല്‍ ആളുകള്‍ തിരിച്ചറിയുന്നു.

No comments: