Tuesday, November 8, 2011

സഖാവ്‌ മജീദിന്റെ ഓര്‍മ്മയ്ക്കു മുന്നില്‍ ...



മൂന്നു പതിറ്റാണ്ടിലേറെക്കാലം നീണ്ടുനിന്ന സുഹൃദ്ബന്ധമായിരുന്നു സഖാവ്‌ മജീദുമായി എനിക്കുണ്ടായിരുന്നത്‌. ഇടതുപക്ഷ-പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ വളര്‍ന്നുവന്ന സഖാവ്‌ പോസ്റ്റല്‍ വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ചപ്പോള്‍ പുരോഗമനപക്ഷത്തുനിന്ന് പ്രവര്‍ത്തിക്കുന്ന എന്‍ എഫ്‌ പി ടി ഇ പ്രസ്ഥാനത്തിനു വലിയ മുതല്‍ക്കൂട്ടായി മാറി. എണ്‍പതുകളിലും തൊണ്ണൂറുകളിലും കേന്ദ്രജീവനക്കാരുടെ കോണ്‍ഫെഡരേഷന്റെ ജില്ലാ സെക്രട്ടറിയെന്ന നിലയില്‍ ഞാന്‍ പ്രവര്‍ത്തിക്കുമ്പോള്‍ പോസ്റ്റല്‍ മേഖലയിലെ സജീവപ്രവര്‍ത്തകന്‍ എന്ന നിലക്ക്‌ സ.മജീദ്‌ രംഗത്തുണ്ടായിരുന്നു. ആ കാലയളവില്‍ പോസ്റ്റല്‍ മേഖലയിലും കേന്ദ്രസര്‍ക്കാര്‍ മേഖലയിലും നടന്ന വിവിധ പ്രക്ഷോഭങ്ങളിലൂടെ നേതൃത്വനിരയുടെ മുന്‍പന്തിയില്‍ സഖാവ്‌ എത്തി. വ്യത്യസ്തസംഘടനകളില്‍ അംഗങ്ങളായ ജീവനക്കാരെയെല്ലാം പൊതു ആവശ്യങ്ങള്‍ ഉന്നയിച്ച്‌ നടക്കുന്ന സമരങ്ങളില്‍ ഒന്നിച്ച്‌ അണിനിരത്തുന്നതില്‍ സഖാവിന്റെ പങ്ക്‌ വലിയതായിരുന്നു. തൊഴിലാളി സംഘടനാരംഗത്ത്‌ സംഘടനാഭേദമെന്യേ മുഴുവന്‍ ജീവനക്കാരുടേയും സ്നേഹാദരങ്ങള്‍ നേടുവാന്‍ മജീദിനു സാധിച്ചിരുന്നു.

സ. മജീദിന്റെ പ്രവര്‍ത്തനരംഗം ഇതു മാത്രമായിരുന്നില്ലെന്നും നമുക്കറിയാം. പുരോഗമനകലാസാഹിത്യസംഘം, കോഴിക്കോട്ടെ നാടകരംഗം തുടങ്ങി ഒട്ടേറെ മേഖലകളില്‍ സഖാവ്‌ സജീവമായിരുന്നു. പി എം താജ്‌ അനുസ്മരണസമിതി, കെ ടി അനുസ്മരണസമിതി, വിവിധ സമ്മേളനങ്ങളോട്‌ അനുബന്ധിച്ച്‌ നടത്തിയ എക്സിബിഷനുകള്‍ ..എല്ലത്തിന്റേയും മുന്‍ നിരയില്‍ സഖാവുണ്ടായിരുന്നു.

2011 ആഗസ്ത്‌ പകുതി മുതല്‍ ഒക്ടോബര്‍ പകുതിവരെ ഞാന്‍ കോഴിക്കോടിനു പുറത്തായിരുന്നു. സ്വിറ്റ്സ്സര്‍ലന്റില്‍ മകന്റെ അടുത്ത്‌. അതിനാല്‍ സഖാവിന്റെ മരണസമയത്തു ഇല്ലായിരുന്നു. തുടര്‍ന്ന് നടന്ന അനുശോചന യോഗങ്ങളിലും പങ്കെടുക്കാനായില്ല.

യാത്രയുടെ ഏതാനും ദിവസം മുന്‍പ്‌ സഖാവിനോട്‌ ആ കാര്യം പറഞ്ഞപ്പോള്‍ തിരിച്ചു വന്നാല്‍ അവിടത്തെ അനുഭവങ്ങള്‍ നമുക്ക്‌ പങ്കുവെക്കണം എന്ന് പറഞ്ഞിരുന്നു. യാദൃഛികമെന്നു പറയാം മജീദ്‌ നമ്മെ വിട്ടുപോയ സപ്തമ്പര്‍ 30നു രണ്ടു മൂന്നു ദിവസം മുന്‍പ്‌ സഖാവിനെക്കുറിച്ച്‌ മകനോട്‌ പറയുകയുണ്ടായി. സ്വിറ്റ്സ്സര്‍ലന്റിലെ വിവിധ നഗരങ്ങളിലെ പോസ്റ്റ്‌ ഓഫീസുകളുടെ മുന്നിലെ ബോര്‍ഡുകളില്‍ നിന്നായിരുന്നു തുടക്കം. പോസ്റ്റ്‌ ഓഫീസിനു മുന്നിലെ ബോര്‍ഡുകളില്‍ എഴുതിയത്‌ "DIE POST " എന്നായിരുന്നു. ഇന്ത്യയിലെ പോസ്റ്റ്‌ ഓഫീസുകള്‍ പടിപടിയായി തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട്‌ സൂചിപ്പിച്ച ശേഷം ഞാന്‍ അവനോട്‌ പറഞ്ഞു, അവിടെ പോസ്റ്റ്‌ ഓഫീസുകള്‍ മരിച്ചുകൊണ്ടിരിക്കുന്നു. ഇവിടെയെന്താ ഈ "DIE POST " എന്നു എഴുതിയത്‌ ? അവനില്‍ നിന്ന് കിട്ടിയ അറിവായിരുന്നു ബോര്‍ഡുകള്‍ ജര്‍മന്‍ ഭാഷയില്‍ ഉള്ളതാണെന്നും "DIE POST " എന്നാല്‍ "THE POST " ആണ്‌ അര്‍ഥമെന്നും. അപ്പോള്‍ ഞാന്‍ പറഞ്ഞത്‌ ഈ കാര്യം മജീദുമായി പങ്കു വെക്കുവാന്‍ പറ്റിയ ഒന്നാണെന്നായിരുന്നു.

ഇനി ഒരു വിവരവും ആ സഖാവുമായി പങ്കിടുവാന്‍ നമുക്കു സാധിക്കില്ലല്ലോ. എല്ലാവരുടേയും സ്നേഹം പിടിച്ചുപറ്റിയ, എല്ലാവരേയും സ്നേഹിക്കാന്‍ മാത്രം അറിഞ്ഞിരുന്ന, വിവിധ മേഖലകളില്‍ എത്രയോ ഉയരങ്ങളില്‍ എത്തേണ്ടിയിരുന്ന സഖാവ്‌ മജീദിന്റെ ഓര്‍മ്മയ്ക്കു മുന്നില്‍ ഒരുപിടി രക്തപുഷ്പങ്ങള്‍ അര്‍പ്പിക്കട്ടെ.

No comments: