Monday, December 14, 2015

അഷ്ടമൂർത്തി ചോദിക്കുന്നു “ആർക്കുവേണം എഴുത്തുകാരനെ ?”



നിരക്ഷരന്റെ പുസ്തകപ്രകാശനച്ചടങ്ങ് കഴിഞ്ഞ് തൃശ്ശൂരിൽ നിന്ന്  കോഴിക്കോട്ട് തിരിച്ചെത്തിയപ്പോൾ  ഡിസ 11നു രാത്രി പത്തരമണി കഴിഞ്ഞിരുന്നു. നല്ല യാത്രാക്ഷീണം. തൊണ്ടവേദന, ജലദോഷത്തിന്റെ വരവറിയിച്ച് മൂക്കൊലിപ്പ്. ഒരു കുളി പാസ്സാക്കി രണ്ടു ചപ്പാത്തിയും അകത്താക്കി കിടന്നു. നന്നായി ഉറങ്ങി. ശനിയാഴ്ച്ച രാവിലെ ഉണരുമ്പോൾ കടുത്ത ജലദോഷം. രസം അതല്ല, ശബ്ദം ഘനഗംഭീരമായിരിക്കുന്നു. എം ഡി രാമനാഥൻ മട്ട്. എന്തരോ മഹാനു ഭാവലൂ പാടി റിക്കാർഡ് ചെയ്താലോ എന്ന് ആലോചിച്ചെങ്കിലും സാഹസത്തിനു മുതിർന്നില്ല. രണ്ടു ദിവസം പൂർണ്ണ വിശ്രമം.

ഇതുകൊണ്ടുണ്ടായ ഗുണം അഷ്ടമൂർത്തി “ബാലു മാഷ്‌ക്ക് സ്നേഹത്തോടെ” തന്ന രണ്ടു പുസ്തകങ്ങളിൽ ഒരെണ്ണം വായിച്ചു തീർക്കാനായി എന്നതാണ്. “ആർക്കുവേണം എഴുത്തുകാരനെ ?” എന്ന പുസ്തകം.  മൂർത്തി 2008-15 കാലയളവിൽ എഴുതിയ, ജനയുഗം, ദേശാഭിമാനി, വാരികകളിൽ പ്രസിദ്ധീകൃതങ്ങളായ 29 ലേഖനങ്ങൾ സമാഹരിച്ചതാണ് ഈ പുസ്തകം. പല ലേഖനങ്ങളും പണ്ട് വായിച്ചതാണെങ്കിലും പുനർവായന ഒട്ടും മടുപ്പുളവാക്കിയില്ല. മൂർത്തിയുടെ കഥകൾപോലെത്തന്നെ ലളിതസുന്ദരം. നർമ്മത്തിന്റെ മേമ്പൊടിയോടെ എഴുത്ത് / വായന / എഴുത്തുകാരൻ / പുസ്തകം എന്നീ വിഷയങ്ങൾ കേന്ദ്രീകരിച്ചുള്ളവയാണ് ലേഖനങ്ങൾ. ഇവയിൽ സൂചിപ്പിച്ച സാഹചര്യങ്ങളിലൂടെ “ഞാനും” കടന്നുപോയിട്ടുള്ളതാണല്ലോ എന്ന് വായനക്കാരിൽ വലിയ വിഭാഗം ചിന്തിക്കും.

അഷ്ടമൂർത്തിയെ വായിച്ചു തുടങ്ങുന്നത് 1970 കൾ മുതൽക്കാണ്. അന്ന്  കെ വി അഷ്ടമൂർത്തി എന്നായിരുന്നു പേര് !. മൂർത്തി മാത്രമല്ല, അശോകൻ ചരുവിൽ, സി വി ബാലകൃഷ്ണൻ, കൊച്ചുബാവ, എം ഡി രാധിക, നളിനി ബേക്കൽ, കെ എം രാധ, ഉഷാ നമ്പ്യാർ തുടങ്ങി ഒട്ടേറെ യുവ കഥാകാരന്മാർ/ കാരികൾ രംഗപ്രവേശം ചെയ്ത കാലമാണത്. കൊച്ചുബാവ പോയി. ചിലരൊക്കെ  എഴുത്തു നിർത്തി. അഷ്ടമൂർത്തിയടക്കം  പലരും ഇന്നും സജീവം ദേശാഭിമാനി സ്റ്റഡി സർക്കിൾ, ദേശാഭിമാനി വാരിക, എം എൻ കുറുപ്പ്, തായാ ട്ട്, വിജയൻ മാഷ്, സിദ്ധാർത്ഥൻ “കോട്ടൺ ഫോറസ്റ്റ്” എന്തെല്ലാം ഓർമ്മകൾ.

ഗൗരവമേറിയ വിഷയങ്ങളാണ് അഷ്ടമൂർത്തി നർമ്മമധുരമായി എഴുതുന്നത്. സ്വാനുഭവങ്ങളുടെ കണ്ണി ചേർത്ത് എഴുതിയ ലേഖനങ്ങൾക്കെല്ലാം പൊതുപ്രസക്തി ഉണ്ടുതാനും. പുസ്തകങ്ങൾ സൂക്ഷിച്ചു വെക്കുന്നതിലെ പ്രയാസങ്ങൾ (ചിതലരിച്ച പുസ്തകങ്ങൾ) പുസ്തകം വാങ്ങിയിട്ടും/കിട്ടിയിട്ടും വായിക്കാൻ കഴിയാത്ത അനുഭവം (തുറക്കാത്ത പുസ്തകങ്ങൾ), എഴുത്തുകാർ നേരിടേണ്ടി വരുന്ന അവഗണന (എഴുത്തുകാരൻ എവിടെയിരിക്കണം), “സാംസ്കാരിക നായകന്മാർ  ഒപ്പിട്ട്” പുറപ്പെടുവിക്കുന്ന പ്രസ്താവന ( സാംസ്കാരിക നായകരെ ആർക്കാണ് പേടി) തുടങ്ങി ഈ സമാഹാരത്തിലെ എല്ലാ ലേഖനങ്ങളും ആലോചനാമൃതം തന്നെ.

വായനാതൽപ്പരരായ സുഹൃത്തുക്കൾക്ക്   വായിക്കാൻ പുസ്തകങ്ങൾ നൽകുകയെന്നത് എന്റെ ദൗർബ്ബല്യമാണ്. മൂർത്തി വിലാസിനിയെ ഉദ്ധരിച്ച്  “പുസ്തകം നാരീശ്ചൈവ പരഹസ്തം ഗതം ഗതം” എന്നു പറയുന്നുണ്ടെങ്കിലും  (ഇംഗ്ലീഷിൽ Books lend means Books lost !!) മറ്റൊരിടത്ത്  “പുസ്തകങ്ങൾ  കൈമാറുന്നത് ഒരർത്ഥത്തിൽ സ്നേഹം കൈമാറലാണ്” എന്നും പറയുന്നുണ്ട്.  കൈമാറിയ ‘സ്നേഹം’ തിരിച്ചുകിട്ടാത്ത അനുഭവം ഏറെയുണ്ടെങ്കിലും (ഹോ .. ഭാഗ്യലക്ഷ്മിയുടെ സ്വരഭേദങ്ങൾ ഒരു കൊല്ലം മുമ്പ് മറ്റൊരു ഭാഗ്യത്തിനു കൊടുത്തത് നിർഭാഗ്യവശാൽ  ഇനിയും തിരിച്ചെത്തിയില്ല)  ഈ പുസ്തകവും വായിക്കാൻ താൽപ്പര്യമുള്ളവർക്ക് കൈമാറുന്നതിൽ  മൂർത്തി പരിഭവിക്കില്ലെന്നു കരുതുന്നു.


അഷ്ടമൂർത്തിയിൽനിന്ന് കൂടുതൽ കഥകളും ലേഖനങ്ങളും തീർച്ചയായും പ്രതീക്ഷിക്കാം

No comments: