Monday, December 14, 2015

അഷ്ടമൂർത്തി ചോദിക്കുന്നു “ആർക്കുവേണം എഴുത്തുകാരനെ ?”



നിരക്ഷരന്റെ പുസ്തകപ്രകാശനച്ചടങ്ങ് കഴിഞ്ഞ് തൃശ്ശൂരിൽ നിന്ന്  കോഴിക്കോട്ട് തിരിച്ചെത്തിയപ്പോൾ  ഡിസ 11നു രാത്രി പത്തരമണി കഴിഞ്ഞിരുന്നു. നല്ല യാത്രാക്ഷീണം. തൊണ്ടവേദന, ജലദോഷത്തിന്റെ വരവറിയിച്ച് മൂക്കൊലിപ്പ്. ഒരു കുളി പാസ്സാക്കി രണ്ടു ചപ്പാത്തിയും അകത്താക്കി കിടന്നു. നന്നായി ഉറങ്ങി. ശനിയാഴ്ച്ച രാവിലെ ഉണരുമ്പോൾ കടുത്ത ജലദോഷം. രസം അതല്ല, ശബ്ദം ഘനഗംഭീരമായിരിക്കുന്നു. എം ഡി രാമനാഥൻ മട്ട്. എന്തരോ മഹാനു ഭാവലൂ പാടി റിക്കാർഡ് ചെയ്താലോ എന്ന് ആലോചിച്ചെങ്കിലും സാഹസത്തിനു മുതിർന്നില്ല. രണ്ടു ദിവസം പൂർണ്ണ വിശ്രമം.

ഇതുകൊണ്ടുണ്ടായ ഗുണം അഷ്ടമൂർത്തി “ബാലു മാഷ്‌ക്ക് സ്നേഹത്തോടെ” തന്ന രണ്ടു പുസ്തകങ്ങളിൽ ഒരെണ്ണം വായിച്ചു തീർക്കാനായി എന്നതാണ്. “ആർക്കുവേണം എഴുത്തുകാരനെ ?” എന്ന പുസ്തകം.  മൂർത്തി 2008-15 കാലയളവിൽ എഴുതിയ, ജനയുഗം, ദേശാഭിമാനി, വാരികകളിൽ പ്രസിദ്ധീകൃതങ്ങളായ 29 ലേഖനങ്ങൾ സമാഹരിച്ചതാണ് ഈ പുസ്തകം. പല ലേഖനങ്ങളും പണ്ട് വായിച്ചതാണെങ്കിലും പുനർവായന ഒട്ടും മടുപ്പുളവാക്കിയില്ല. മൂർത്തിയുടെ കഥകൾപോലെത്തന്നെ ലളിതസുന്ദരം. നർമ്മത്തിന്റെ മേമ്പൊടിയോടെ എഴുത്ത് / വായന / എഴുത്തുകാരൻ / പുസ്തകം എന്നീ വിഷയങ്ങൾ കേന്ദ്രീകരിച്ചുള്ളവയാണ് ലേഖനങ്ങൾ. ഇവയിൽ സൂചിപ്പിച്ച സാഹചര്യങ്ങളിലൂടെ “ഞാനും” കടന്നുപോയിട്ടുള്ളതാണല്ലോ എന്ന് വായനക്കാരിൽ വലിയ വിഭാഗം ചിന്തിക്കും.

അഷ്ടമൂർത്തിയെ വായിച്ചു തുടങ്ങുന്നത് 1970 കൾ മുതൽക്കാണ്. അന്ന്  കെ വി അഷ്ടമൂർത്തി എന്നായിരുന്നു പേര് !. മൂർത്തി മാത്രമല്ല, അശോകൻ ചരുവിൽ, സി വി ബാലകൃഷ്ണൻ, കൊച്ചുബാവ, എം ഡി രാധിക, നളിനി ബേക്കൽ, കെ എം രാധ, ഉഷാ നമ്പ്യാർ തുടങ്ങി ഒട്ടേറെ യുവ കഥാകാരന്മാർ/ കാരികൾ രംഗപ്രവേശം ചെയ്ത കാലമാണത്. കൊച്ചുബാവ പോയി. ചിലരൊക്കെ  എഴുത്തു നിർത്തി. അഷ്ടമൂർത്തിയടക്കം  പലരും ഇന്നും സജീവം ദേശാഭിമാനി സ്റ്റഡി സർക്കിൾ, ദേശാഭിമാനി വാരിക, എം എൻ കുറുപ്പ്, തായാ ട്ട്, വിജയൻ മാഷ്, സിദ്ധാർത്ഥൻ “കോട്ടൺ ഫോറസ്റ്റ്” എന്തെല്ലാം ഓർമ്മകൾ.

ഗൗരവമേറിയ വിഷയങ്ങളാണ് അഷ്ടമൂർത്തി നർമ്മമധുരമായി എഴുതുന്നത്. സ്വാനുഭവങ്ങളുടെ കണ്ണി ചേർത്ത് എഴുതിയ ലേഖനങ്ങൾക്കെല്ലാം പൊതുപ്രസക്തി ഉണ്ടുതാനും. പുസ്തകങ്ങൾ സൂക്ഷിച്ചു വെക്കുന്നതിലെ പ്രയാസങ്ങൾ (ചിതലരിച്ച പുസ്തകങ്ങൾ) പുസ്തകം വാങ്ങിയിട്ടും/കിട്ടിയിട്ടും വായിക്കാൻ കഴിയാത്ത അനുഭവം (തുറക്കാത്ത പുസ്തകങ്ങൾ), എഴുത്തുകാർ നേരിടേണ്ടി വരുന്ന അവഗണന (എഴുത്തുകാരൻ എവിടെയിരിക്കണം), “സാംസ്കാരിക നായകന്മാർ  ഒപ്പിട്ട്” പുറപ്പെടുവിക്കുന്ന പ്രസ്താവന ( സാംസ്കാരിക നായകരെ ആർക്കാണ് പേടി) തുടങ്ങി ഈ സമാഹാരത്തിലെ എല്ലാ ലേഖനങ്ങളും ആലോചനാമൃതം തന്നെ.

വായനാതൽപ്പരരായ സുഹൃത്തുക്കൾക്ക്   വായിക്കാൻ പുസ്തകങ്ങൾ നൽകുകയെന്നത് എന്റെ ദൗർബ്ബല്യമാണ്. മൂർത്തി വിലാസിനിയെ ഉദ്ധരിച്ച്  “പുസ്തകം നാരീശ്ചൈവ പരഹസ്തം ഗതം ഗതം” എന്നു പറയുന്നുണ്ടെങ്കിലും  (ഇംഗ്ലീഷിൽ Books lend means Books lost !!) മറ്റൊരിടത്ത്  “പുസ്തകങ്ങൾ  കൈമാറുന്നത് ഒരർത്ഥത്തിൽ സ്നേഹം കൈമാറലാണ്” എന്നും പറയുന്നുണ്ട്.  കൈമാറിയ ‘സ്നേഹം’ തിരിച്ചുകിട്ടാത്ത അനുഭവം ഏറെയുണ്ടെങ്കിലും (ഹോ .. ഭാഗ്യലക്ഷ്മിയുടെ സ്വരഭേദങ്ങൾ ഒരു കൊല്ലം മുമ്പ് മറ്റൊരു ഭാഗ്യത്തിനു കൊടുത്തത് നിർഭാഗ്യവശാൽ  ഇനിയും തിരിച്ചെത്തിയില്ല)  ഈ പുസ്തകവും വായിക്കാൻ താൽപ്പര്യമുള്ളവർക്ക് കൈമാറുന്നതിൽ  മൂർത്തി പരിഭവിക്കില്ലെന്നു കരുതുന്നു.


അഷ്ടമൂർത്തിയിൽനിന്ന് കൂടുതൽ കഥകളും ലേഖനങ്ങളും തീർച്ചയായും പ്രതീക്ഷിക്കാം

Sunday, December 13, 2015

തൃശ്ശൂരുമുണ്ട് മിടുമിടുക്കരായ ആട്ടോക്കാർ


സങ്കുചിത പ്രാദേശികവാദം പറയുകയല്ല. കോഴിക്കോട്ടെ ആട്ടോ റിക്ഷാ ഡ്രൈവർമാരെക്കുറിച്ച് ഞങ്ങ "കോയിക്കോട്ടുകാ" അഭിമാനിക്കാറുണ്ട്. നല്ല സാമൂഹിക ബോധമുള്ളവ. കല, സംസ്കാരം, സാഹിത്യം, കായികം, സംഗീതം എന്നുതുടങ്ങി വിവിധ മണ്ഡലങ്ങളി ശരാശരിയിലും കൂടിയ അറിവുള്ളവരാണ് അവരിലേറെയും.. നന്മ നിറഞ്ഞ മനസ്സിന്നുടമകളാണവർ (ചില അപവാദങ്ങൾ ഉണ്ടെന്നു മറക്കുന്നില്ല, മറച്ചുവെയ്ക്കുന്നുമില്ല) ആട്ടോ ചാർജ്ജ് വാങ്ങുന്ന കാര്യത്തിലും മര്യാദ പാലിക്കുന്നവർ. മീറ്റർ ചാർജ്ജ് അനുസരിച്ച് കൃത്യമായി കൊടുത്താൽ മതി. കലാകാരന്മാരോടുള്ള സ്നേഹത്തിന് ഉദാഹരണമായി  ഒരു ഹാർമ്മോണിയവുമായി ആട്ടോയിൽ സഞ്ചരിച്ച ആളോട് “ങ്ങള് പാട്ടുകാരനാ അല്ലേ, ഈ ഓട്ടം നമ്മടെ വക ഫ്രീ” എന്നു പറഞ്ഞ കഥയും കേട്ടിട്ടുണ്ട്. അടുത്തിട  പേരറിയാത്ത രണ്ടു മനുഷ്യരുടെ ജീവൻ രക്ഷിക്കാൻ ഡ്രൈനേജിന്റെ മാൻ ഹോളിൽ  ചാടിയിറങ്ങുകയും സ്വജീവൻ നഷ്ടപ്പെടുത്തുകയും ചെയ്ത നൗഷാദിന്റെ മനുഷ്യസ്നേഹവും ഏറെ ചർച്ച ചെയ്തു കഴിഞ്ഞതാണ്.

തൃശ്ശൂർ യാത്രയിൽ കണ്ടുമുട്ടിയ ആട്ടോക്കാരൻ ജസ്റ്റിൻ ആന്റണിയും വ്യത്യസ്തത പുലർത്തുന്ന ഒരാളായാണ് അനുഭവപ്പെട്ടത്. ഡിസ. 11 നു അഷ്ടമൂർത്തീ സവിധത്തിൽനിന്നിറങ്ങി ഉച്ചഭക്ഷണവും കഴിച്ച് അക്കാദമി ഹാളിലേയ്ക്ക് പോകാനായി സച്ചിദാനന്ദൻ പുഴങ്കരയും ഞാനും കയറിയ ആട്ടോ റിക്ഷയുടെ സാരഥിയായിരുന്നു ജസ്റ്റിൻ. ഓട്ടം തുടങ്ങിയതുമുതൽ മുന്നിൽനിന്ന്  പാട്ട് കേൾക്കുന്നു. പാടുന്നത് ജസ്റ്റിൻ തന്നെ. പാട്ടിൽ നല്ല താൽപ്പര്യമാണല്ലേ എന്നു ചോദിച്ചപ്പോൾ പുള്ളി പറഞ്ഞു തുടങ്ങി. പാടും. തൃശ്ശൂരെ പല ഗാനമേളാ ട്രൂപ്പുകളിലും പാടാറുണ്ട്. ചില ടെലിവിഷൻ ചാനലുകളിലെ മത്സരത്തിനുള്ള ഓഡീഷനിലും പങ്കെടുത്ത് വിജയിച്ചിട്ടുണ്ട് എന്നെല്ലാം. “വരമഞ്ഞളാടിയ രാവിന്റെ മാറിൽ” എന്ന പ്രശസ്ത ഗാനം രചിച്ച കവി സച്ചിദാനന്ദൻ പുഴങ്കരയാണ് എന്റെ കൂടെ ആട്ടോവിലിരിക്കുന്നത് എന്നു അറിയിച്ചപ്പോൾ ജസ്റ്റിൻ കൂടുതൽ വാചാലനായി. വോയ്‌സ് ഓഫ് ട്രിച്ചൂരും ജോൺസൻ മാഷുമൊക്കെ സംഭാഷണത്തിൽ കടന്നുവന്നു. അക്കാദമിയിലെത്തിയാൽ നിങ്ങൾക്കായി ഞാനൊരു പാട്ടു പാടിത്തരുന്നുണ്ട് എന്ന് ജസ്റ്റിൻ.

ആട്ടോ അക്കാദമി കോമ്പൗണ്ടിലെത്തി. വണ്ടി നിർത്തി ജസ്റ്റിനും ഞങ്ങളും പുറത്തിറങ്ങി. ഒരു ചാനൽ ഓഡീഷനിൽ  വിദ്യാധരൻ മാഷ് ഓ കെ പറഞ്ഞ പാട്ട് പാടാമെന്നു പറഞ്ഞ് ജസ്റ്റിൻ പാടി.  ദേവരാജൻ മാസ്റ്ററുടെ സംഗീതത്തിൽ യേശുദാസ് പാടിയ  “ പ്രളയ പയോധിയിൽ ഉറങ്ങിയുണർന്നൊരു പ്രഭാ മയൂഖമേ കാലമേ” നല്ല ശാരീരം. മനോഹരമായി പാടി. ‘സംഗതി’കളും തെറ്റില്ല. ഞങ്ങൾ നന്നായി ആസ്വദിച്ചു. അവസരങ്ങൾ കിട്ടിയാൽ ഉയരങ്ങളിൽ എത്താൻ സാധ്യതയുള്ള ഒരു പ്രതിഭാധനൻ തന്നെ ജസ്റ്റിൻ.

സച്ചീ, ജസ്റ്റിൻ പാടുമ്പോൾ ഒരു വീഡിയോ, അല്ലെങ്കിൽ അക്കാദമി പശ്ചാത്തലത്തിൽ ആട്ടോയടക്കം  ഒരു ഫോട്ടോയെങ്കിലും  എടുക്കാൻ എന്തേ നമുക്ക് തോന്നാതിരുന്നത് ! ങാ വേണ്ടത് വേണ്ട സമയത്ത് തോന്നൂലാ എന്നതാണല്ലോ നമ്മടെ കുഴപ്പം !!

ജസ്റ്റിൻ ഉയരങ്ങളിലെത്തട്ടെ എന്ന്  ആശംസിക്കാം നമുക്ക്. അല്ലേ

Saturday, December 12, 2015

“മുസ്‌രീസിലൂടെ”…. നിരക്ഷരന്റെ പുസ്തകം



പ്രിയ സുഹൃത്തുക്കളിരൊളായ  മനോജ്  രവീന്ദ്രൻ, നിരക്ഷരൻ എന്ന എഴുത്തുപേരിൽ എഴുതിയ “മുസ്‌രീസിലൂടെ” എന്ന പുസ്തകത്തിന്റെ  പ്രകാശനമായിരുന്നു, ഇന്നലെ ( 2015 ഡിസമ്പർ 11) തൃശൂർ സാഹിത്യ അക്കാഡമി ഹാളിൽ. ഔപചാരിക പ്രകാശനം നേരത്തെ നടന്നതാണെങ്കിലും ഒരു പൊതുപരിപാടി എന്ന നിലയിലുള്ള ചടങ്ങ് ഇതായിരുന്നു. ജോൺ പോൾ പുസ്തകത്തിന്റെ ആദ്യപ്രതി  കെ എ ബീനക്കു നൽകിയായിരുന്നു പ്രകാശനം നിർവ്വഹിച്ചത്. പൂയപ്പള്ളി തങ്കപ്പൻ പുസ്തക പരിചയം, സുസ്മേസ് ചന്ദ്രോത്തും വി കെ ആദർശും, സജിത മഠത്തിലും ആശംസകൾ നേർന്നു സംസാരിച്ചു.. പ്രസാധകരായ മെന്റർ ബുക്സിലെ വിനോദ് കോട്ടയിൽ സ്വാഗതം. നിരക്ഷരൻ നന്ദി. ഇത്രയുമായിരുന്നൂ പരിപാടി. അക്ഷരസ്നേഹികളായ  നിരക്ഷര സുഹൃത്തുക്കളാൽ നിരഞ്ഞ സദസ്സ്.

മനോജ് തന്റെ പേരിന്റെ കൂടെ വാലുപോലെ കൊണ്ടുനടക്കുന്നത് നിരക്ഷരൻ എന്ന തൂലികാനാമമാണ്. പലരുടെ കാര്യത്തിലും, പലപ്പോഴും, തൂലികാനാമം മാത്രമേ പലർക്കും അറിയൂ,. ഉറൂബിന്റെ, തിക്കോടിയന്റെ അങ്ങനെ ഒരുപാടുപേരുടെ യഥാർത്ഥ പേരെന്തെന്ന് അറിയാത്ത ഒരു തലമുറ ഇവിടെയുണ്ട്. നിരക്ഷരനും ആ ശ്രേണിയിലേയ്ക്കു വന്നേക്കാം.
ബ്ലോഗെഴുത്ത് ഒരു പ്രാന്തായി മാറിയ 2006-07 കാലത്താണ് ഈ പഴയ എണ്ണപ്പാടം എഞ്ചിനീയർ ‘നിരക്ഷരൻ’ എന്ന എഴുത്തുപേര് സ്വീകരിച്ചത് എന്നാണ് എന്റെ ഊഹം.  ഇതുപോലുള്ള പേരുകളുടെ ഒരു കുത്തൊഴുക്കുകാലമായിരുന്നു അത്.  വിശാല മനസ്­കൻ, നിഷ്‌കളങ്കൻ, സഹയാത്രികൻ, ചിത്രകാരൻ, പ്രയാസി, പേരക്ക  തുടങ്ങി കറിവേപ്പില എന്നുവരെ എഴുത്തുപേരായി സ്വീകരിച്ച ബ്ലോഗർമാരുണ്ടായിരുന്നു അക്കാലത്ത്. (കൂട്ടത്തിൽ പറയട്ടെ, പലരുടേയും ബ്ലോഗുകൾ 2010 നു ശേഷം നാമമാത്രമോ അല്ലെങ്കിൽ നിർജ്ജീവമോ ആണെന്ന് തോന്നുന്നു. നിരക്ഷരൻ ബ്ലോഗ് അതിനും അപവാദം)

നിരക്ഷരൻ എന്നാണ് സ്വയം വിശേഷിപ്പിക്കുന്നതെങ്കിലും അക്ഷരങ്ങളെടുത്ത് അമ്മാനമാടാനുള്ള  ഈ കക്ഷിയുടെ കഴിവ് കുറെ വർഷങ്ങളായി നാം കണ്ടുകൊണ്ടിരിക്കുന്നു. യാത്രകൾ, അനുഭവം, പുസ്തകാസ്വാദനം തുടങ്ങി വിവിധ മേഖലകളിൽ വ്യാപരിക്കുന്നൂ ആ എഴുത്ത്. എഴുത്തിൽ മാത്രം ഒതുങ്ങുന്നുമില്ല നിരക്ഷരജീവിതം. ഒരു ആക്റ്റിവിസ്റ്റ് എന്ന നിലയിൽ സാമൂഹിക, സാംസ്കാരിക മണ്ഡലങ്ങളിൽ സജീവ ഇടപെടലാണ് മനോജിന്റേത്. എന്നാൽ പലരേയുംപോലെ  കേവലം ഒരു “ആം ചെയർ ആക്റ്റിവിസ്റ്റ്” അല്ലതാനും.. ഉദാഹരണത്തിനു  “മരം, ഭൂമിക്കൊരു പച്ചക്കുട ഭാവിക്കൊരു ശ്വാസക്കുട” എന്ന മുദ്രാവാക്യമുയർത്തി  പ്രവർത്തിക്കുന്ന ഗ്രീൻ വെയിനിന്റെ കേരളത്തിലെ മുഖ്യ സംഘാടകൻ എന്ന നിലയിൽ കഴിഞ്ഞ രണ്ടു വർഷമായി  കേരളത്തിലുടനീളം യാത്ര ചെയ്ത് വൃക്ഷത്തൈകൾ നട്ടുകൊണ്ടിരിക്കുന്നു.  സമൂഹത്തിലെ തിന്മകൾക്കെതിരെ പ്രതികരിക്കുന്നതിൽ എന്നും മുന്നിൽ നിൽക്കുന്ന നിരക്ഷരൻ, സിനിമയിലും ഒരു കൈ നോക്കിയിട്ടുണ്ട്.  കായിക രംഗത്തേയ്ക്കും ഓടിക്കയറിയ മനോജ് കുറേയേറെ ഹാഫ് മാറാത്തോൺ മത്സരങ്ങളിൽ പങ്കെടുത്ത അനുഭവം നമ്മോട് പങ്കുവെച്ചിട്ടുള്ളതാണല്ലൊ. സത്യം,  ഇങ്ങേര് കൈവെക്കാത്ത മേഖലകൾ ചുരുക്കം.

മെന്റർ മാഗസിനിൽ കഴിഞ്ഞ രണ്ടു വർഷത്തോളമായി പ്രസിദ്ധീകരിച്ചുവന്ന മനോജിന്റെ യാത്രാവിവരണ ലേഖനങ്ങൾ സമാഹരിച്ചതാണ് മുസ്‌രീസിലൂടെ  എന്ന ഈ പുസ്തകം. വർഷങ്ങൾ നീണ്ട ഗവേഷണവും അദ്ധ്വാനവും ഇതിന്റെ പിറകിലുണ്ട്.  അതിലുപരി ഈ പുസ്തകത്തിന്റെ സവിശേഷത ഇന്ത്യയിൽ Augmented  Reality  എന്ന സാങ്കേതിക സംവിധാനം ഉപയോഗിച്ച് പ്രസിദ്ധീകരിക്കപ്പെടുന്ന ആദ്യ പുസ്തകമാണിത് എന്നതാണ്.

എല്ലാ പുസ്തകപ്രകാശനവേളകളിലും ഞാൻ ആശംസിക്കാറുള്ളത് പുസ്തകം നല്ലതുപോലെ വായിക്കപ്പെടട്ടെ, വിറ്റുപോകട്ടെ എന്നാണ്. നിരക്ഷരനും അതേ ആശംസ നൽകുന്നു. പുറമെ സാഹിത്യ അക്കാദമിയുടേതടക്കം പല പുരസ്കാര ലബ്ധികളും നേരുന്നു  (എന്റെ ആശംസകൾ ഫലിക്കാറുണ്ട് എന്ന് അനുഭവം J ). പുസ്തകം ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്യുന്ന കാര്യവും ഗൗരവപൂർവ്വം ആലോചിക്കാവുന്നതാണ്.

ഇനി ഈ തൃശ്ശൂർ  യാത്രയെക്കുറിച്ചു്:  കുറച്ചുകാലമായി യാത്രകൾ ശരീരത്തിനു ചെറിയ തോതിലെങ്കിലും പരിക്കുകളേൽപ്പിക്കുന്നുണ്ട്.  പക്ഷേ ഇത്തരം യാത്രകളിൽ നിന്നു കിട്ടുന്ന സ്നേഹ-സൗഹൃദങ്ങളുടെ കുളിർകാറ്റ് ആ പരിക്കുകളെ അവഗണിക്കാൻ മനസ്സിനെ  പ്രാപ്തമാക്കുന്നു എന്നതാണ് യാഥാർത്ഥ്യം. ഇക്കുറി കോഴിക്കോട്ടുനിന്ന് ചാലക്കുടി വഴിയാണ് തൃശ്ശൂരിലെത്തിയത് !. വ്യാഴാഴ്ച്ച വൈകീട്ട് ചാലക്കുടിയിൽ സച്ചിയുടെ കൂട്ടിൽ. പിറ്റേന്ന് രാവിലെ തൃശ്ശൂരിൽ ജ്യേഷ്ഠ സഹോദരസ്ഥാനീയനായ എഴുത്തുകാരൻ ഇ ഹരികുമാർ എന്ന ഹരിയേട്ടന്റെ ഫ്ലാറ്റിലും. പിന്നെ അഷ്ടമൂർത്തി, രാമൻ മുണ്ടനാട് തുടങ്ങിയവരെക്കൂടി ( രണ്ടുപേരും ഓൺലൈൻ സുഹൃത്തുക്കൾ, നേരിൽ കാണുന്നത് ആദ്യമായി) കണ്ട ശേഷമാണ് അക്കാഡമി ഹാളിൽ ഹാജർ നൽകിയത്. അവിടെ സ്വാമി സംവിദാനന്ദ് , ഇതുവരെ നേരിൽ “ഏറ്റുമുട്ടിയിട്ടില്ലാത്ത” വിശ്വം, മനോജ് , ജ്യോർമയി, ചിത്തിര തുടങ്ങി നീണ്ട ഒരു നിര. ഹാളിൽ ഉണ്ടായിട്ടും നേരിൽ കാണാൻ കഴിയാത്ത ഒട്ടേറെ എഫ് ബി സുഹൃത്തുക്കൾ വേറെയും ഉണ്ടാകാം.

സച്ചി, ഹരിയേട്ടൻ കുടുംബങ്ങളുടെ ആതിഥേയത്വം, മൂർത്തി സ്നേഹപൂർവ്വം തന്ന രണ്ടു പുസ്തകങ്ങൾ, നിരക്ഷരപുസ്തകം വാങ്ങാൻ എന്നെ അനുവദിക്കാതെ അത് സ്വയം വാങ്ങി എന്റെ സഞ്ചിയിലിട്ടുതന്ന സംവിദ്.  കടപ്പാടുകൾ കൂടിക്കൂടി വരുന്നു. സന്തോഷം ഇവിടെ എഴുതുന്നു, നന്ദി മനസ്സിൽത്തന്നെ സൂക്ഷിക്കുന്നു.


(പുസ്തക പ്രകാശനച്ചടങ്ങിന്റെ ഫോട്ടോ എന്റെ പുതിയ യുവസുഹൃത്ത് അജു സ്നേഹത്തോടെ അയച്ചുതന്നത്).