Saturday, November 21, 2015

ശാന്താദേവി അനുസ്മരണം ഉണർത്തുന്ന ചില ചിന്തകൾ



മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ “നന്മ”യുടെ ആഭിമുഖ്യത്തിൽ ശാന്താദേവി അനുസ്മരണവും പുരസ്കാരസമർപ്പണവുമായിരുന്നു ഇന്നലെ (നവ.20) വൈകുന്നേരം കോഴിക്കോട് ടൗൺഹാളിലെ പരിപാടി. അവരുടെ നാലാം ചരമ വാർഷികദിനം. തന്റെ എൺപത്തി മൂന്നാം വയസ്സിൽ ശാന്താദേവി അന്തരിച്ചത്. 2010 നവമ്പർ 20നാണ്
പ്രശസ്ത നടനും, നന്മയുടെ സംസ്ഥാനതല ഭാരവാഹിയും ഇപ്പോൾ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ബാബു പറശ്ശേരിയാണ് പരിപാടി ഉൽഘാടനം ചെയ്തത്. ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യാതിഥിയും.
ശാന്താദേവി കോഴിക്കോട്ടുകാരുടെ സ്വന്തം ശാന്തേട്‌ത്തി. ആയിരത്തിലധികം നാടകവേദികളിലും ഏതാണ്ട് അഞ്ഞൂറോളം സിനിമകളിലും ഒട്ടനവധി ടീ വി സീരിയലുകളിലും സ്വതസ്സിദ്ധമായ അഭിനയം കാഴ്ച്ചവെച്ച നടി. അമ്പതുകൊല്ലത്തോളം നീണ്ട അഭിനയ സപര്യയായിരുന്നൂ അവരുടേത്. 1954ൽ വാസു പ്രദീപിന്റെ സ്മാരകം എന്ന നാടകത്തിലൂടെ രംഗപ്രവേശം. രാമു കാര്യാട്ട് സംവിധാനം ചെയ്ത മിന്നാമിനുങ്ങിലൂടെ സിനിമാ പ്രവേശവും. സ്തീകൾ അഭിനയരംഗത്തേക്ക് കടന്നുവരാൻ മടിച്ചിരുന്ന കാലത്ത് സമൂഹത്തിൽനിന്നുയർന്ന എതിർപ്പുകളെ അതിജീവിച്ചാണ് നിലമ്പൂർ ആയിഷയെപ്പോലെ, മറ്റു പല നടികളേയുംപോലെ, ശാന്തേടത്തിയും ഈ രംഗത്തേക്ക് വന്നത്.
മാതാപിതാക്കളുടെ പത്തു മക്കളിലൊരാളായ ദമയന്തിയുടെ ബാല്യകാലം വർണ്ണശബളമായിരുന്നില്ല. പതിനേഴാം വയസ്സിൽ വിവാഹിതയായ അവരുടെ ദാമ്പത്യജീവിതവും ഏറെ നീണ്ടുനിന്നില്ല. പിന്നീടാണ് ദമയന്തി ശാന്താദേവിയാകുന്നതും അഭിനയരംഗത്തേക്കു വരുന്നതും. പിന്നെ കോഴിക്കോട് അബ്ദുൾഖാദർ എന്ന പ്രശസ്ത ഗായകന്റെ ജീവിതസഖിയാകുന്നു. രണ്ടു മക്കളുടെ അമ്മയാകുന്നു. അതിലൊരു മകൻ സത്യജിത് ഗായകനും അഭിനേതാവുമായി പേരെടുക്കുന്നു. ശാന്തേടത്തിക്ക് അഭിനയരംഗത്ത് ധാരാളം അവസരങ്ങൾ ലഭിക്കുന്നു ….“ഇരുട്ടിന്റെ ആത്മാവിലെ” വേലായുധന്റെ അമ്മയുടെ റോൾ അടക്കം മനസ്സിൽ തങ്ങിനിൽക്കുന്ന ഒട്ടേറെ കഥാപാത്രങ്ങൾ, മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരമടക്കം നിരവധി അവാർഡുകൾ, ….. ജീവിതം സുന്ദരസുരഭിലമാകാൻ ഇതൊക്കെ ധാരാളം.
പക്ഷെ കാര്യങ്ങൾ മറിച്ചായിരുന്നു.
ജീവിതപങ്കാളിയായ ഖാദറിക്കയുടെ മരണം, ഇളയ മകൻ സത്യജിത്തിന്റെ ആകസ്മികമായ ആത്മഹത്യ, പ്രായത്തിന്റെ അസ്കിതകൾ മൂർഛിച്ച് രോഗാതുരമായ ശാരീരികാവസ്ഥ, ജീവിതം മുന്നോട്ടുതള്ളി നീക്കാൻ സാമ്പത്തികമായി വരുമാനമൊന്നുമില്ലാത്ത സ്ഥിതി, അവസാനം സ്വന്തം മനസ്സിന്റെ നിയന്ത്രണംപോലും കൈവിട്ടുപോകൽ. ദുരിതപൂർണ്ണമായിരുന്നു അവസാനകാലം. സിനിമാഭിനയംകൊണ്ട് പേരും പ്രശസ്തിയുമൊക്കെ നേടിയിരുന്നെങ്കിലും സാമ്പത്തികഭദ്രത അവർക്കുണ്ടായിരുന്നില്ല. പക്ഷെ വിഭ്രാന്തമായ മനസ്സിൽ അപ്പോഴും സിനിമയും അഭിനയവുമൊക്കെയായിരുന്നു ഉണ്ടായിരുന്നത്. ചികിത്സക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ചില സുഹൃത്തുക്കൾ ശ്രമിക്കുമ്പോൾ അതിനു വിസമ്മതിച്ച് ശാന്തേടത്തി പറയും “നിക്ക് ഷൊറണൂരിൽ ഷൂട്ടിംഗ് ഉള്ളതാ അതിനു പോണം. ആസ്പത്രീപ്പോക്കൊന്നും ഇപ്പ വേണ്ട.”
ഒരു പഴയ ബ്ലാക് ആന്റ് വൈറ്റ് ചിത്രംപോലെ നിറം മങ്ങി, ഒറ്റക്ക് ഒരു മുറിയിൽ താമസിച്ചിരുന്ന അവരുടെ മനസ്സിന്റെ താളം തെറ്റിയതിനാൽ അയൽക്കാരേയും അടുത്ത സുഹൃത്തുക്കളേയുമെല്ലാം അകറ്റുന്ന പെരുമാറ്റമായിരുന്നു അവസാനകാലത്ത്. മരണം ഒരു അനുഗ്രഹം പോലെ ദുരിതക്കയത്തിൽനിന്ന് അവർക്ക് മോചനം നൽകിയെന്നു പറയാം.
ഇത് ഒരു ശാന്താദേവിയുടെ മാത്രം കഥയല്ല. പ്രശസ്തരായ ഒട്ടേറെ കലാകാരന്മാർ, അരങ്ങിൽ ജ്വലിച്ചുനിന്നവർ ജീവിതത്തിൽ സാമ്പത്തിക ഭദ്രത കൈവരിക്കുന്നതിൽ പരാജയപ്പെട്ടവരായുണ്ട്. ജീവിതസായാഹ്നത്തിൽ ആളും ആരവവുമൊഴിഞ്ഞപ്പോൾ നിത്യജീവിതം മുന്നോട്ടു കൊണ്ടുപോകാൻ പ്രയാസമനുഭവിച്ചവർ. അടൂർ സഹോദരിമാർ, കൊച്ചിയിലെ മെഹബൂബ് ഭായി, “അല്ലിയാമ്പൽക്കടവിലന്നരയ്ക്കു വെള്ളം” എന്ന് റോസിയിലെ ഒറ്റ ഗാനം കൊണ്ട് ജനലക്ഷങ്ങളുടെ ആരാധന ഏറ്റുവാങ്ങിയ ജോബ് മാസ്റ്റർ, ഹിന്ദുസ്താനി സംഗീത വിദ്വാൻ ശരച്ചന്ദ്ര മറാഠേ… ..ഈ നിര നീണ്ടു നീണ്ടു പോകും. അവസാനം പലർക്കും മരണം വന്ന് ഈ ദുരിതത്തിൽനിന്ന് മോചനം നൽകുന്നു. ചിലർ മരണത്തെ തേടിപ്പോകുന്നു. ഒരു തീവണ്ടിപ്പാളത്തിനരികിലേക്കോ, ഒരു കയറിൻതുമ്പത്തേക്കോ മറ്റോ.
ആലങ്കോട് ലീലാകൃഷ്ണൻ നിരീക്ഷിച്ചപോലെ ഇങ്ങനെയുള്ളവർ വാസ്തവത്തിൽ രക്തസാക്ഷികളാണ്- സാംസ്കാരിക രക്തസാക്ഷികൾ. ഇവിടെ “അമ്മ”യും “നന്മ”യുമൊക്കെയുണ്ട്. കൈനീട്ടവും മറ്റു ചില്ലറ സഹായങ്ങളും നൽകി വരുന്നുമുണ്ട്. സർക്കാർ വക “അവശകലാകാരന്മാർക്ക് “ (തിക്കോടിയൻ മാഷ് എപ്പോഴും പറയാറുണ്ട് ഈ പ്രയോഗം തെറ്റാണെന്ന്. അത് ശരിയുമാണ്) പെൻഷനും മറ്റുമുണ്ട്. എന്നിട്ടും ചരിത്രം ആവർത്തിക്കുന്നു. സമൂഹം മറ്റു പല കാര്യങ്ങളിലുമെന്നപോലെ ഇവരുടെ കാര്യത്തിലും ക്രിയാത്മകമായി എന്തെങ്കിലും ചെയ്തേ മതിയാകൂ. കാരണം തങ്ങളുടെ ‘നല്ല കാലം’ സമൂഹത്തിനായി നൽകിയവരാണർ

Friday, November 20, 2015

എൻ ഗോപാലകൃഷ്ണൻ അനുസ്മരണം




( ഒരു പൂർവ്വകഥ. പതിനഞ്ച് കൊല്ലം മുമ്പ് ഒരു നവമ്പർ മാസം. മകനെ ടി കെ എം എഞ്ചിനീയറിങ്ങ് കോളേജിൽ ചേർക്കാനായി കൊല്ലത്ത്. അഡ്‌മിഷന്റെ കാര്യങ്ങളുമായി കുട്ടികൾ ഓടി നടക്കുമ്പോൾ, ഞങ്ങൾ രക്ഷിതാക്കൾ ആഡിറ്റോറിയത്തിൽ ഇരിക്കുകയാണ്. എന്റെ അടുത്തുണ്ടായിരുന്നത് മകനെ (അതോ മകളേയോ, ഓർക്കുന്നില്ല) അവിടെ ചേർക്കാൻ വന്ന കവി റോസ് മേരിയായിരുന്നു..- അന്ന് അവർക്ക് “മാധവിക്കുട്ടിയുടെ കാൽച്ചിലങ്കകൾ ‘ കിട്ടിയിരുന്നില്ല- സംഭാഷണത്തിനിടയിൽ ഞാൻ കോഴിക്കോട്ടുനിന്നാണ് വരുന്നതെന്നറിഞ്ഞ അവർ ചോദിച്ചു. കുറച്ചു കൊല്ലങ്ങളായി ചില നല്ല ലേഖനങ്ങൾ വായിക്കാറുണ്ട്, ഒരു എൻ ഗോപാലകൃഷ്ണന്റേതായി. ആൾ കോഴിക്കോടാണല്ലേ? ശരിയാണ് ആൾ ഇപ്പോൾ മറ്റു പല പ്രശസ്തരേയും പോലെ കോഴിക്കോട്ടുകാരനായി മാറിയിരിക്കുന്നു എന്നു അവരോട് പറഞ്ഞു.
മലയാളത്തിൽ എഴുതാൻ ആരംഭിച്ച കാലംതൊട്ട് വായനക്കാർ ശ്രദ്ധിച്ചിരുന്നുവെന്ന് സൂചിപ്പിക്കാനാണ് ഈ സംഭവം ഇവിടെ കുറിച്ചത്)

ആനുകാലികങ്ങളിൽ അതുവരെ അധികം പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത എൻ ഗോപാലകൃഷ്ണൻ എഴുതിയ നർമ്മ, എന്നാൽ കാമ്പുള്ള ധാരാളം ലേഖനങ്ങൾ പ്രസിദ്ധീകൃതമായിരുന്നു അക്കാലത്ത്. റെയിൽവേയിലെ ഉന്നത ഉദ്യോഗത്തിൽനിന്ന് വിരമിച്ച, കോട്ടയംകാരനായ ഗോപിയേട്ടൻ (അടുപ്പമുള്ളവർ വിളിക്കുക ഇങ്ങനെ) കോഴിക്കോട്ടുകാരനായി മാറുകയായിരുന്നു. കടപ്പുറത്ത് ഒരു ഫ്ലാറ്റ് ജീവിതം. കെ പി രാമനുണ്ണി പറഞ്ഞപോലെ ആട്ടോ റിക്ഷാ ഡ്രൈവർമാർ മുതൽ എം ടി വരെ നീളുന്ന വിപുലമായ സുഹൃദ്‌ബന്ധങ്ങൾ. അതിൽ പ്രഗത്ഭരായ ഡോക്ടർമാർ, പോലീസ് ഉദ്യോഗസ്ഥർ, അഭിഭാഷകർ എല്ലാ തലങ്ങളിലുമുള്ളവർ ഉൾപ്പെട്ടിരുന്നു.
നേരത്തെ ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളിൽ എഴുതിയിരുന്ന ഗോപിയേട്ടൻ കോഴിക്കോട് എത്തിയ ശേഷമാണ് മലയാളത്തിൽ എഴുതാൻ ആരംഭിച്ചത്. മാതൃഭൂമിയിലെ എ സഹദേവന്റെ അഭ്യർത്ഥന മാനിച്ച്. അതോടൊപ്പംതന്നെ ഇംഗ്ലീഷിൽനിന്ന് മലയാളത്തിലേയ്ക്കും തിരിച്ചും നിരവധി കൃതികളുടെ പരിഭാഷയും അദ്ദേഹം നിർവ്വഹിച്ചു.
‘വാഴ്‌വ് എന്ന പെരുവഴി’, ‘നമ്മൾ വാഴും കാലം’ എന്നിവയടക്കം നാലു പുസ്തകങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. മുൻ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ ആത്മകഥാംശമുള്ള നോവൽ “ഇന്സൈ,ഡർ” മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതും ഗോപിയേട്ടൻ തന്നെ. കെ.പി. രാമനുണ്ണിയുടെ ‘സൂഫി പറഞ്ഞ കഥ‘, ഇ. വാസുവിന്റെ വന്ദേമാതരം, എം.ടിയുടെ ‘വിലാപയാത്ര’, ‘ഇരുട്ടിന്റെ ആത്മാവ്’ എന്നീ കഥകളും, ‘വാരണാസി’ എന്ന നോവലും ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുകയും ചെയ്തു അദ്ദേഹം. ഒറിയ കവി രമാകാന്തിന്റെ ‘ശ്രീരാധ’ എന്ന മഹാകാവ്യം കവി പി.എം നാരായണനൊപ്പം മലയാളത്തിലേയ്ക്ക പരിഭാഷപ്പെടുത്തിയതിന് 2006ല്‍ വിവര്ത്ത നത്തിനുള്ള കേന്ദ്രസാഹിത്യഅക്കാദമി അവാർഡ് ലഭിച്ചു.
അദ്ദേഹത്തിന്റെ ലേഖനങ്ങൾ വായിച്ചവർ ആ എഴുത്ത് മറക്കില്ല. അതുപോലെ അദ്ദേഹത്തെ കണ്ടവരാരും മറക്കില്ല ആ “സാൽവദോർ ദാലി “ മീശയും !
(അന്തരിച്ച അരവിന്ദന്റെ ചെറിയ മനുഷ്യരും വലിയ ലോകവും ഓർക്കുന്നില്ലേ ? അതിലെ ഗോപിയേട്ടൻ സാക്ഷാൽ എൻ ഗോപാലകൃഷ്ണൻതന്നെ. രാമു ഗോപിയേട്ടന്റെ അനിയൻ ശബരിനാഥും ! ശബരിനാഥ് ചിത്രകലോപാസനയുമായി കൊച്ചിയിൽ സ്ഥിരവാസമാണിപ്പോൾ)
ഒരു എഴുത്തുകാരൻ എന്നതിനപ്പുറം മഹാനായ ഒരു മനുഷ്യസ്നേഹി എന്ന നിലയിലും ഗോപിയേട്ടൻ അറിയപ്പെടുമെന്ന് ഉറപ്പ്. ദാരിദ്ര്യവും അവശതയുമനുഭവിക്കുന്നവർക്ക് എന്നും അദ്ദേഹം ഒരു കൈത്താങ്ങായിരുന്നു. ജോലിയിലിരിക്കുമ്പോഴും വിരമിച്ചശേഷവും തന്റെ വരുമാനത്തില് നല്ലൊരുപങ്ക് അവർക്കായി അദ്ദേഹം നൽകി. കോഴിക്കോട് മെഡിക്കൽ കോളേജിലെ സാന്ത്വനപരിചരണ വിഭാഗത്തിലെ അവശതയനുഭവിക്കുന്നവർക്കുള്ള ധനശേഖരണാർത്ഥം ഗോപിയേട്ടൻ നടത്തിയ “ഭിക്ഷാടനം” കോഴിക്കോട്ടുകാരുടെ ഓർമ്മയിൽനിന്നു മായില്ല.
2014 നവമ്പർ 19നു തന്റെ എൺപതാം വയസ്സിലാണ് എൻ ഗോപാലകൃഷ്ണൻ നിര്യാതനായത്. അദ്ദേഹത്തിന്റെ ഒന്നാം ചരവാർഷികദിനമായ നവ.19നു എൻ ഗോപാലകൃഷ്ണൻ അനുസ്മരണസമിതി, ചാവറ കൾച്ചറൽ സെന്റർ, ബാങ്ക്‌മെൻസ് ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കോഴിക്കോട് കെ പി കേശവമേനോൻ ഹാളിൽ അനുസ്മരണയോഗം ചേർന്നു. എം ടിയായിരുന്നു അനുസ്മരണപ്രഭാഷണം നടത്തേണ്ടിയിരുന്നത്. പക്ഷെ ആരോഗ്യപരമായ കാരണങ്ങളാൽ അദ്ദേഹത്തിനു വരാൻ കഴിഞ്ഞില്ല. പകരം പി വത്സലയാണ് അതു നിർവ്വഹിച്ചത്. കെ പി രാമനുണ്ണി മലയാളി മാഹാത്മ്യം എന്ന വിഷയത്തെ പുരസ്കരിച്ച് സ്മാരക പ്രഭാഷണവും നടത്തി.. പി എം നാരായണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ. പി വി രാമചന്ദ്രൻ, ഡോ. അനിൽ പാലേരി ഫാദർ ജോസ് എടപ്പാടിയിൽ തുടങ്ങിയവർ ഓർമ്മകൾ പങ്കുവെച്ചു. കെ ജെ തോമസ് സദസ്സിനു സ്വാഗതമാശംസിച്ചു. രാാധാകൃഷണൻ നായർ നന്ദിയും പറഞ്ഞു. ഗോപിയേട്ടന്റെ സഹധർമ്മിണി, അനിയൻ ശബരിനാഥ്, കുടുംബാംഗങ്ങൾ, ഗോപിയേട്ടന്റെ ഫ്ലാറ്റിലെ അയൽവാസികൾ, സുഹൃത്തുക്കൾ എല്ലാം അടങ്ങുന്നതായിരുന്നൂ സദസ്സ്
എൻ ഗോപാലകൃഷ്ണനെക്കുറിച്ച് മാങ്ങാട് രത്നാകരൻ ഏഷ്യനെറ്റിലെ യാത്ര എന്ന പരിപാടിക്കായി നിർമ്മിച്ച ഹ്രസ്വചിത്രപ്രദർശനവും ഉണ്ടായിരുന്നു.
അനുസ്മരണയോഗം ഭംഗിയായി നടത്താൻ മുൻകൈയ്യെടുത്ത കെ ജെ തോമസ്സും കൂട്ടുകാരും അഭിനന്ദനമർഹിക്കുന്നു. വരുംവർഷങ്ങളിലും എൻ ഗോപാലകൃഷ്ണൻ അനുസ്മരണം ഇതുപോലെ നല്ല രീതിയിൽത്തന്നെ നടത്താൻ കഴിയട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു.