Monday, March 30, 2015

കൊച്ചിയിൽനിന്നു കിട്ടിയ കൊച്ചല്ലാസന്തോഷങ്ങൾ 2



എറണാകുളത്തു പോകുമ്പോൾ ജയശ്രീയെ വീട്ടിൽപ്പോയി കാണണമെന്ന് തീരുമാനിച്ചതാണ്. രണ്ടുകൊല്ലം മുമ്പ് “അലിക്കയുമൊത്ത് ഒരു പകൽ” പരിപാടിയിൽ ജയശ്രി സുധ ടീച്ചർ എന്നിവരെ കണ്ടിരുന്നു. അമ്മയുടെ വയറ്റിൽ പിറന്ന സഹോദരിമാർ എനിയ്ക്കില്ലെങ്കിലും സഹോദരീതുല്യരായി ഞാൻ കണക്കാക്കുന്ന കുറെപ്പേരുണ്ട്. അവരിലൊരാളാണ് ജയശ്രീ തോട്ടെക്കാട്ട്.
ഞാൻ തങ്ങിയ ഹോട്ടലിന്റെ ‘വിളിപ്പാടകലെയാണ്’’ ജയശ്രീയുടെ ഫ്ലാറ്റ് എന്നതിനാൽ അവിടെ എത്തുകയെന്നത് വളരെ എളുപ്പമായി. ഗണേശുമൊത്ത് ശനിയാഴ്ച്ച രാത്രി പോയി, കുറച്ചുനേരം സംസാരിച്ചിരുന്നു. നല്ല വായനക്കാരിയായ ജെ ടി കുറെ കവിതകളും എഴുതിട്ടുണ്ട്. അടുത്തിട പ്രസിദ്ധീകൃതമായ “പാട്ടിന്റെ പാടവരമ്പിലൂടെ പുറകോട്ട്” എന്ന തന്റെ കവിതാ സമാഹാരം ഒരു കോപ്പി സ്നേഹത്തോടെ അവർ എനിയ്ക്കു തരികയും ചെയ്തു. സന്തോഷം തന്നെ.
പിറ്റേന്നു കാലത്ത് , കോഴിക്കോട്ട് സ്ഥിരതാമസവും എറണാകുളത്ത് ഇടക്കെല്ലാം ഹൃസ്വകാലതാമസവും ഉള്ള പ്രിയസുഹൃത്ത്  കൃഷ്ണകുമാറിനെ  അപ്രതീക്ഷിതമായി കാണാനും ഇടവന്നു. ജയശ്രീയെ കണ്ടു ഹോട്ടലിൽ തിരിച്ചെത്തിയപ്പോഴാണ് ഈ അനിയന്റെ ഫോൺ

“ബാലുവേട്ടൻ എറണാകുളത്തുണ്ടല്ലെ? ഞാനും ഇപ്പോ ഇവിടെ ഉണ്ട്. എവിടെയാ താമസം?”

ഞാൻ അജന്ത റീജൻസിയിലാണ്, മെഡിക്കൽ ട്രസ്റ്റിനടുത്ത് എന്നു പറഞ്ഞപ്പോൾ “ആഹാ… നമ്മൾ വളരെ അടുത്തടുത്താണല്ലോ. ഏതായാലും നാളെ രാവിലെ കാണാം” എന്നായി അനിയൻ.

ദീർഘകാലം ഇംഗ്ലണ്ടിൽ, ഓക്സ്ഫെഡിൽ (ഞാനൊക്കെ പണ്ട് ഓക്സ്ഫോർഡ് എന്നാണ് പറഞ്ഞിരുന്നത്!) ആയിരുന്ന കൃഷ്ണകുമാർ കോഴിക്കോട്ടായാലും കൊച്ചിയിലായാലും രാവിലെ സൈക്കിളിൽ ഒരു 15-20 കി മി ദൂരം യാത്ര ചെയ്യും. തലയിൽ ഹെൽമെറ്റും ഫ്ലൂറസെന്റ് ജാക്കറ്റും ധരിച്ച് കൈയിൽ ഒരു ക്യാമറയും സൈക്കിളിൽ ഘടിപ്പിച്ച ഒരു മൂവി ക്യാമറയുമായി. Bicycling with a camera എന്നാണ് അദ്ദേഹത്തിന്റെ ഒരു രീതി. ഇഷ്ടപ്പെട്ട സ്ഥലങ്ങളിൽ സൈക്കിൾ നിർത്തി ഫോട്ടോ എടുക്കും. മനസ്സിൽ ഇടംപിടിക്കുന്ന വ്യക്തികളെ പരിചയപ്പെട്ട് അവരുടേയും ഫോട്ടോ എടുക്കും. വലിയ മാറ്റമില്ലാതെ തുടരുന്ന ഒരു പ്രക്രിയ.

ഞായറാഴ്ച്ച രാവിലെ സൈക്കിൾ യാത്ര കഴിഞ്ഞ് ഏഴുമണിയോടെ അടുത്തുള്ള അമ്പിസ്വാമിയുടെ ഹോട്ടലിനുമുന്നിൽ കാണാമെന്ന് തീരുമാനിച്ചു. രാവിലെ കൃത്യസമയത്ത് ഞങ്ങൾ രണ്ടുപേരും അവിടെ എത്തുകയും ചെയ്തു. സ്വാമിയുടെ കടയിലെ സ്വാദിഷ്ടമായ ഇഡ്ഡലികളെ ഹിംസിച്ച് കാപ്പിയും അകത്താക്കി ഞങ്ങൾ അനിയന്റെ വാസസ്ഥലത്തേക്ക് നടന്നു.

മനോഹരമായി ഒരുക്കിയ ആ ഒറ്റമുറി ഫ്ലാറ്റിൽ കുറച്ചുനേരം ചിലവഴിച്ചു. ഇറങ്ങാൻ നേരം തന്റെ സഹോദരീഭർത്താവ് ഡോ. വല്ലത്ത് ബാലകൃഷ്ണൻ രചിച്ച A Passion Named Life എന്ന, ഒരു ഡോക്ടറുടെ ഓർമ്മക്കുറിപ്പുകൾ രേഖപ്പെടുത്തിയ ബൃഹത്തായ പുസ്തകവും തന്നു. (ഈ പുസ്തകത്തിന്റെ ഒരു കോപ്പി എനിയ്ക്കായി കരുതിവെച്ചത് കോഴിക്കോട്ടുണ്ട്. പല കാരണങ്ങളാൽ കണ്ടുമുട്ടാൻ വൈകിയതിനാൽ കൈപ്പറ്റാൻ കഴിയാതിരുന്നതാണ്.) ഇതും തികച്ചും സന്തോഷകരം.
തിരികെ ഹോട്ടലിലെത്തി ലോബിയിലിരിക്കുമ്പോളാണ്   ബിനു ആനമങ്ങാട് വരുന്നത് അന്ന് പ്രകാശനം ചെയ്യുന്ന പുസ്തകങ്ങളിലൊന്നിന്റെ രചയിതാവ് മീരയുടെ കസിനാണ് ബിനു. അതിലുമുപരി എന്റെ പ്രിയസ്നേഹിതന്റെ മകൾ, എന്റെ മരുമകൾ തന്നെ. ബിനുവിന്റെ നേതൃത്വത്തിലുള്ള Green Pepper Publica ഇതിനകം കുറച്ചു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ഫറാ ബേക്കറുടെ “ഇന്ന് എന്റെ പേര് പലസ്തീൻ എന്നാകുന്നു” (മൊഴിമാറ്റം കെ സി ശൈജൽ), അഷിതയുടെ ഹൈക്കു കവിതകൾ എന്നിവ അതിൽപ്പെടും. ബിനുവിന്റെ രണ്ടാമത്തെ കവിതാ സമാഹാരം ‘ഫിഷ് തെറാപ്പി’യും അടുത്തിടയാണ് പുറത്തിറങ്ങിയത്.ഒരു ഒലീവ് പ്രസിദ്ധീകരണം.
“ബാലുമാമന് ഞങ്ങളുടെ പുസ്തകങ്ങൾ കിട്ടിയോ” എന്നായിരുന്നു ചോദ്യം. നീ തരാതെ എവിടുന്നു കിട്ടാനാ എന്നു ചോദിച്ചപാടേ തോൾ സഞ്ചിയിൽ നിന്ന് മൂന്നു പുസ്തകങ്ങളും എടുത്തുതന്നു. അതും വാങ്ങി. ഇവരുടെയൊക്കെ സ്നേഹോദാരത സന്തോഷമല്ലാതെ മറ്റെന്താണ് എനിക്ക് നൽകുന്നത്.

No comments: