Monday, August 25, 2014

നഷ്ടങ്ങളുടെ കണക്കില്‍ ഇതുകൂടി....


ഇന്നലെ പൊക്കുന്നു കയറി ഗുരുവായൂരപ്പന്‍ കോളേജിലേയ്ക്ക്‌ ഒരിക്കല്‍കൂടി പോകണമെന്നു കരുതിയതാണ്‌. പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ നടന്ന വൃക്ഷദിനാചരണത്തില്‍ പങ്കെടുക്കുവാന്‍. കടുത്ത ജലദോഷവും നേരിയ പനിയും കാരണം ഒഴിവാക്കാന്‍ നിര്‍ബ്ബന്ധിതനായി.

നൂറേക്കര്‍ സ്ഥലത്ത്‌ പരന്നുകിടക്കുന്ന ഗുരു കോളേജ്‌ പരിസരം പാരിസ്ഥിതികകാര്യങ്ങളില്‍ ഒരു നല്ല മാതൃകയാണ്‌. വൃക്ഷലതാദികളാല്‍ സമൃദ്ധമായ പരിസരമൊരുക്കുന്നതില്‍ മുന്‍ അദ്ധ്യാപകനും പ്രമുഖ പരിസ്ഥിതിപ്രവര്‍ത്തകനുമായ പ്രൊഫസര്‍ ശോഭീന്ദ്രന്‍ മാഷ്‌ നേതൃത്വം നല്‍കുന്ന പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയുടെയുടെ പങ്കും ചെറുതല്ല. മുപ്പ്പത്തിയഞ്ച്‌ ആല്‍മരങ്ങള്‍ കൂടി നട്ട്‌ ഇന്നലത്തെ വൃക്ഷദിനാചരണം നടത്തി.

"ഒരുവട്ടം കൂടിയെന്നോര്‍മ്മകള്‍ മേയുന്ന" കോളേജില്‍ പോകണമെന്ന തീരുമാനത്തിനു മറ്റൊരു കാരണവും കൂടിയുണ്ടായിരുന്നു. ഒരു മധുരപ്പതിനേഴുകാരനായിരുന്നപ്പോള്‍ 1964ല്‍ ആദ്യമായി കുന്നു കയറിയതിന്റെ സുവര്‍ണ്ണ ജൂബിലി വര്‍ഷമാണിത്‌. അമ്പതു കൊല്ലം മുമ്പ്‌ നടത്തിയ ആ കയറ്റവും തുടര്‍ന്നുള്ള പഠനകാലവും മനസ്സില്‍ ഇന്നും മായാതെ കിടക്കുന്നു. ഒരു വര്‍ഷത്തെ പ്രീ യുണിവേര്‍സിറ്റി മാറ്റി രണ്ടു വര്‍ഷത്തെ പ്രീ ഡിഗ്രി ആയതിന്റെ ആദ്യ ബാച്ചായിരുന്നു ഞങ്ങളുടേത്‌. അങ്ങനെ പ്രീ ഡിഗ്രി ഒന്നാം ബാച്ചില്‍ ഒന്നാം ഗ്രൂപ്പിലാണ്‌ അവിടെ ചേര്‍ന്നത്‌.
അന്നത്തെ പ്രിന്‍സിപ്പല്‍ പ്രൊഫ. മാധവന്‍ നമ്പ്യാര്‍ സാര്‍, ഫിസിക്സിലെ പ്രൊഫ. കുങ്കന്‍ നായര്‍ (എന്‍ സി സി യുടെ ചാര്‍ജും മാഷിനായിരുന്നു. കോളെജ്‌ വിട്ടിട്ടും മാഷിന്റെ വീട്ടില്‍ പലപ്പോഴും പോകുമായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യാസഹോദരന്‍ എന്റെ സഹപ്രവര്‍ത്തകനായതിനാല്‍ എനിയ്ക്കും ഒരു കുടുംബാംഗത്തിന്റെ പരിഗണന കിട്ടി) നന്ദകുമാര്‍, കെമിസ്റ്റ്രിയിലെ ഗോപിനാഥന്‍ നായര്‍, ശങ്കരന്‍ കുട്ടി സാര്‍, കണക്കിലെ ഐ ജി ബി ( ശാശ്ത്ര സാഹിത്യ പരിഷത്ത്‌ പ്രവര്‍ത്തന്‍ കൂടിയായമാഷെ ഇപ്പോഴും ഇടക്കെല്ലാം കാണാറുണ്ട്‌), ഇംഗ്ലീഷിലെ മേജര്‍ കെ യു മേനോന്‍ ("യു ജസ്റ്റ്‌ നോട്ട്‌ ദ പോയന്റ്‌"... മേനോന്‍ സാര്‍ ഒരു മണിക്കൂറില്‍ എത്ര ജസ്റ്റ്‌ പ്രയോഗം പറയുമെന്ന് എണ്ണുന്ന ഹോബിയുണ്ടായിരുന്നു ചിലര്‍ക്ക്‌) റാവു സാര്‍, ഹിന്ദിയിലെ നാരായണന്‍ കുട്ടി മാസ്റ്റര്‍ തുടങ്ങി അദ്ധ്യാപകരുടെ നീണ്ട നിര ഓര്‍മ്മയില്‍ പച്ചപിടിച്ചു നില്‍പ്പുണ്ട്‌. മറ്റൊരു അപൂര്‍വ്വ സൗഭാഗ്യവും ഓര്‍മ്മച്ചെപ്പില്‍ ഭദ്രമായി സൂക്ഷിക്കുന്നു. സ്വകാര്യ കോളേജ്‌ അദ്ധ്യാപകരുടെ സംഘടനയായ എ കെ പി സി ടി എ നടത്തിയ ഒരു സത്യഗ്രഹസമരത്തിന്‌ പിന്തുണ അറിയിച്ച്‌ സംസാരിക്കുവാന്‍ കേന്ദ്രജീവനക്കാരുടെ ഒരു സംഘടനാപ്രവര്‍ത്തകനെന്ന നിലയില്‍ എനിയ്ക്ക്‌ പോകേണ്ടിവന്നു. സത്യഗ്രഹികളായി ഇരുന്നവരില്‍ നേരത്തെ സൂചിപ്പിച്ച പലരും ഉണ്ടായിരുന്നു. അദ്ധ്യാപക സംഘടനാ നേതാവായ നാരായണന്‍ കുട്ടി മാസ്റ്റര്‍ പറഞ്ഞു " കൊല്ലങ്ങള്‍ക്കു മുമ്പ്‌ താന്‍ ഞങ്ങളുടെ ക്ലാസ്സുകളില്‍ ഇരുന്നു, ഇപ്പോള്‍ ഞങ്ങള്‍ക്ക്‌ ഒരു നല്ല ക്ലാസ്സ്‌ തരികയും ചെയ്തു" അല്‍പ്പസ്വല്‍പ്പം അഭിമാനമൊക്കെ തോന്നിയ സന്ദര്‍ഭമായിരുന്നു അതും.

1964 ലെ പ്രീ ഡിഗ്രീ ബാച്ചിന്റെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച്‌ ഇക്കൊല്ലം ഒരു കൂടിച്ചേരല്‍ വേണമെന്ന് ആ ബാച്ചിലെ ഹരിദാസും ( ഹരി പിന്നീട്‌ അതേ കോളേജിലെ പ്രിന്‍സിപ്പലായാണ്‌ ജോലിയില്‍ നിന്ന് വിരമിച്ചത്‌) ഗോപിനാഥനും (കോളേജ്‌ ലൈബ്രേറിയനായി പിന്നീട്‌) പറഞ്ഞിരുന്നു, കഴിഞ്ഞ കൊല്ലം. പിന്നീട്‌ നീക്കമൊന്നും കണ്ടില്ല. അലസിപ്പോയിരിയ്ക്കാം ആ ആലോചന!

ഇപ്പോള്‍ കോളേജിലെ വളരെക്കുറച്ച്‌ അദ്ധ്യാപരെ മാത്രമേ നേരില്‍ പരിചയമുള്ളു. ടി വി സുനിത ടീച്ചറേയും ഡി കെ ബാബു മാഷിനേയും പോലെ ചുരുക്കം പേരെ മാത്രം.
പിന്‍ തലമുറയിലെ കുറെ പൂര്‍വ്വവിദ്യാര്‍ത്ഥികളെ കാണാനും പരിചയപ്പെടാനുമുള്ള സന്ദര്‍ഭം കൂടിയാണ്‌ ഇന്നലെ പോകാന്‍ കഴിയാത്തതിനാല്‍ നഷ്ടമായത്‌.

No comments: