തൊണ്ണൂറ്റി ഒമ്പതാമത്തെ വയസ്സില്‍ ഒരാള്‍ നിര്യാതനാകുമ്പോള്‍ അകാല മരണം എന്നു വിശേഷിപ്പിയ്ക്കാനാകില്ല. പക്ഷെ രാഘവന്‍ മാഷിന്റെ മരണം അപ്രതീക്ഷിതമായിരുന്നു എന്ന് തീര്ച്ചയായും പറയാം. പ്രായാധിക്യത്താലുള്ള അസുഖങ്ങളൊക്കെ ഉണ്ടായിരുന്നെങ്കിലും മാഷ് തീരെ കിടപ്പിലായിരുന്നില്ല. “ശരവണ”ത്തില്‍ തന്നെ കാണാനെത്തുന്ന ആരാധകര്‍, സുഹൃത്തുക്കള്‍, ശിഷ്യര്‍ എന്നിവരോടൊക്കെ നിറപുഞ്ചിരിയുമായി, ശിശുസഹജമായ നിഷ്കളങ്കതയോടെ ഹൃദയം തുറന്ന് സംസാരിക്കാനും അദ്ദേഹത്തിന് ഉത്സാഹമായിരുന്നു. മാസ്റ്ററുടെ നൂറാം പിറന്നാള്‍ അതിവിപുലമായി ഡിസമ്പര്‍ മാസത്തില്‍ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു തലശ്ശേരിയും, കേരളവും. അപ്പോഴാണ് ആകസ്മികമായി രാഘവന്‍ മാസ്റ്റര്‍ വിട പറയുന്നത്.
നാലുമാസം മുമ്പ് ശരവണത്തില്‍ പോയി മാഷെ കണ്ട് കുറച്ചുനേരം ചിലവഴിച്ച് തിരിച്ചെത്തി എഴുതിയ ഒരു ബ്ലോഗ് കുറിപ്പ് അവസാനിപ്പിച്ചത് ഈ വരികളോടെയായിരുന്നു
"സാര്ത്ഥകമായ ഒന്നര മണിക്കൂറിനു ശേഷം പിരിയുമ്പോള്‍ വീണ്ടും വരണമെന്ന് പറഞ്ഞാണ് സംഗീതലോകത്തെ ഈ മുത്തച്ഛന് ഞങ്ങളെ യാത്രയാക്കിയത്. വരും തീര്ച്ചയായും വന്നു കാണും എന്ന് മനസ്സില്‍ ഉറപ്പിച്ച് ഞങ്ങള്‍ വിട പറഞ്ഞു"
ഇനി ശരവണത്തില്‍ മാഷില്ല. ഒരു പാടു നല്ല ഓര്മ്മകളും, താന്‍ ഈണം കൊടുത്ത് പ്രശസ്തമാക്കിയ നൂറു കണക്കിന് ഗാനങ്ങളും നമുക്ക് നല്‍കി മാഷ് യാത്രയായി. മാസ്റ്ററുടെ കുടുംബാംഗങ്ങളുടേയും ആരാധകരുടേയും ദു:ഖത്തില്‍ ഞാനും പങ്കു ചേരുന്നു.