ഇതിനു മുന്പും ബ്ലോഗിലെ ഒരു പോസ്റ്റിനു നിമിത്തമായത് ഫെയ് സ് ബുക്കിലെ ഒരു പോസ്റ്റും ചില കമന്റുകളുമായിരുന്നു. ഈ കുറിപ്പിനും പ്രചോദനം മറ്റൊരു ഫെയ് സ് ബുക്ക് പോസ്റ്റ്-കമന്റുകള്‍ തന്നെ. തുടക്കം ഇങ്ങനെയായിരുന്നു.
പ്രശസ്ത ബ്ലോഗറും സോഷ്യല്‍ ആക്ടിവിസ്റ്റുമായ മനോജ് രവീന്ദ്രന് നിരക്ഷരന് ഒരു മുരളി മേനോന്റെ പോസ്റ്റ് ഷെയര്‍ ചെയ്തതിനു ഞാന്‍ ഇട്ട കമന്റും മറുകമന്റുകളും താഴെ..
Balu Melethil,
Manoj Ravindran ഓ, അങ്ങിനെ... ഈ എന്‍ രാധ മറ്റൊരുകാര്യം ഓര്മ്മിപ്പിച്ചു. ഈ പോസ്റ്റിന്റെ യഥാര്‍ഥ ഉടമയുടെ (ഞാന്‍ ഉദ്ദേശിക്കുന്ന മുരളി മേനോനെങ്കില്‍) അമ്മയും ഞാനുമൊക്കെ ജോലിചെയ്ത ഓഫീസില്‍ ഒരു എന്‍ രാധ ഉണ്ടായിരുന്നു. "നിവേദ്യ"മൊക്കെ ഇറങ്ങുന്നതിനു ദശാബ്ദങ്ങള്ക്കുമുന്നെ സ്ഥിരമായി നടക്കാറുള്ള ഒരു സംഭവം. ഒന്നിലധികം രാധമാര്‍ ഉള്ളതിനാല്‍, എന്‍ രാധയുടെ കണവന് സാമി ഫോണില്‍ രാധ ഇരുക്കാ എന്നു അന്വേഷിയ്ക്കുമ്പോള്‍ ഞങ്ങള്‍ എന്‍ രാധയാണോ എന്ന് ചോദിയ്കും. സാമിയുടെ പ്രതികരണം "ഉങ്ക രാധയല്ല, എന്‍ രാധ ആക്കും" എന്നായിരിയ്ക്കും എപ്പോഴും. സാമി വലിയ തമാശക്കാരനായിരുന്നു.... അകാലത്ത് വിട പറഞ്ഞു.
(ഞാന്‍ ഉദ്ദേശിച്ച മുരളി, -ലണ്ടന്‍ സ്കൂളിലൊക്കെ നാടകം പഠിച്ച ആള്‍- ആണെങ്കില്‍ മുരളിക്കും പ്രതാപന് എന്ന സുഹൃത്തിനുമൊക്കെ (ആ ആളും ഇന്നില്ല) ആദ്യമായി ഒരു വലിയ സദസ്സ് ഒരുക്കിയത് (1978- കോഴിക്കോട് ടൗണ്‍ഹാള്‍) ഞാനാണെന്ന് "അഹങ്കരിക്കാനും" വകയുണ്ട്!
Murali Menon: ബാലു ഉദ്ദേശിച്ച മുരളി മേനോന്‍ അല്ല ഈ മുരളി മേനോന്‍. ആ മുരളി മേനോന്‍ (Muralee Menon എന്നാണ് Face Book a/c) തൃശൂര്‍ ഡ്രാമാ സ്കൂളിലാണ് പഠിച്ചത്. ആ കാലഘട്ടത്തില്‍ കേരളവര്‍മ്മയില്‍ പഠിച്ച ഞാനും ഞങ്ങളുടെ കളിയരങ്ങ് എന്ന കാമ്പസ് തിയേറ്ററും ഒക്കെ ഒരുമിച്ച് സഹകരിച്ച് പ്രവര്ത്തിച്ചിരുന്നു. പിന്നെ ബാലു പറഞ്ഞതുപോലെ അദ്ദേഹം ലണ്ടനിലായിരുന്നു. ദാ ഈയിടെ ലണ്ടനില്‍ പോയി കഴിഞ്ഞ ആഴ്ചയാണ് തിരിച്ചു വന്നത്. ഇനി വിശേഷം അശേഷം ഇല്ലെന്ന് കരുതുന്നു
അന്ന് മുരളിയായിരുന്ന ഇന്നത്തെ പ്രശസ്ത നാടകപ്രവര്‍ത്തകന്‍ മുരളീ മേനോന്റെ 77-78 കാലത്തെ ചില കലാപ്രവര്‍ത്തനങ്ങള്‍ക്ക് അരങ്ങൊരുക്കാന്‍ നിയോഗമുണ്ടായ ആളെന്ന നിലയില്‍ അന്നത്തെ കാര്യങ്ങള്‍ മനസ്സില്‍ 'റീ വൈന്ഡ്" ചെയ്യുകയും അന്നത്തെ ചില ഫോട്ടോകള് വീണ്ടെടുക്കാന്‍ മാനാഞ്ചിറ ടെലെഫോണ് എക്സ്ചേഞ്ചില്‍ പോകുകയും ചെയ്തു. വര്ഷങ്ങളോളം അവിടുത്തെ റിക്രിയേഷന്‍ ക്ലബ്ബ് ഹാളിന്റെ ചുവരുകളില്‍ തൂക്കിയിരുന്ന ആ കാലഘട്ടത്തിലെ മിക്ക ഫോട്ടോകളും കാലപ്പഴക്കത്തെത്തുടര്ന്ന് കേടാവുകയും ഒരു ഗുദാമിലേയ്ക്ക് മാറ്റുകയും ചെയ്തിരുന്നു. "നനഞ്ഞിറങ്ങിയ സ്ഥിതിക്ക് കുളിച്ച് കയറുകതന്നെ" എന്നു കരുതി ഗുദാമില് തിരഞ്ഞു. ഒരുവിധം വ്യക്തതയുള്ള കുറച്ചെണ്ണം സംഘടിപ്പിച്ചു. മറ്റു പലതും തീരെ മോശമായ അവസ്ഥയിലായിരുന്നു. (കിട്ടിയ ഫോട്ടോകള് ഇവിടെ കാണാം.).
കാലം 1976-77... അടിയന്തിരാവസ്ഥക്കാലം. കോഴിക്കോട് മാനാഞ്ചിറ ടെലെഫോണ് എക്സ്ചേഞ്ചില്‍ ഏതാണ്ട് അഞ്ഞൂറോളം ജീവനക്കാര്‍ ഉണ്ടായിരുന്നു അക്കാലത്ത്. ഇവരില് ഒരുപാടുപേര് കലാസാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ കഴിവും താല്പ്പര്യവുമുള്ളവര്‍. എന്നാല്‍ ഒന്നരവര്‍ഷത്തോളമായി തുടരുന്ന അടിയന്തിരാവസ്ഥയുടെ കരാളദിനങ്ങളില് ഭീതിദമായ അന്തരീക്ഷമായിരുന്നു അവിടേയും. "നാവടക്കൂ പണിയെടുക്കൂ" എന്ന മുദ്രാവാക്യം ..പത്രങ്ങള്‍ക്ക് കടുത്ത സെന്‍ സര്‍ഷിപ്പ്.... രണ്ടു സഹപ്രവര്‍ത്തകര്‍ മിസ പ്രകാരം അറസ്റ്റുചെയ്യപ്പെട്ട് ജയിലില്‍.... സ്ത്രീകളടക്കം അമ്പതിലധികം പേരെ അകാരണമായി പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി ചോദ്യംചെയ്യലിനു വിധേയരാക്കിയ അനുഭവം.... ഇത്തരമൊരു സാഹചര്യത്തില്‍ എങ്ങിനെ കലാസാംസ്കാരികപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പറ്റുമെന്നായിരുന്നൂ ഒരു വലിയ വിഭാഗം ജീവനക്കാര്‍ ചിന്തിച്ചത്
ഏന്നാൽ പ്രതികൂലസാഹചര്യത്തിലും റിക്രിയേഷന്‍ ക്ലബ്ബ് പോലുള്ള വേദികള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്ന ചിന്താഗതിയുള്ളവരും കുറവായിരുന്നില്ല. അങ്ങിനെ ക്ലബ്ബിന്റെ ഭാരവാഹിത്വം പുതിയ കൈകളില്‍ ഏല്‍പ്പിച്ച് പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിയ്ക്കുവാന്‍ തീരുമാനിക്കുകയും ഒരു പുതിയ കമ്മറ്റിയെ തിരഞ്ഞെടുക്കുകയും ചെയ്തു. ഭരണഘടനപ്രകാരം റിക്രിയേഷന്‍ ക്ലബ്ബിന്റെ പ്രസിഡന്റ് ഓഫീസ് മേധാവി ഡിവിഷണല്‍ എഞ്ചിനീയറാണ്. ബാക്കി ഭാരവാഹികള്‍ അംഗങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരും. ഏകകണ്ഠമായി തിരഞ്ഞെടുത്ത കമ്മറ്റിയില് സെക്രട്ടറിയാകാനുള്ള നിയോഗം ഈയുള്ളവനായിരുന്നു.
കുറേ കാലമായി പ്രവര്ത്തനരഹിതമായി കിടന്ന ക്ലബ്ബ് ചലനാത്മകമാക്കാന്‍ വലിയ പിന്തുണയാണ് എല്ലാവരില്‍ നിന്നും ലഭിച്ചത്. ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഒരു കൈയെഴുത്തുമാസിക പ്രസിദ്ധീകരിക്കുക, മാസംതോറും ഏതെങ്കിലും വിഷയത്തില്‍ പ്രഭാഷണം നടത്തുക തുടങ്ങിയ കാര്യങ്ങള്‍ വിജയകരമായി മുന്നേറി. ഈ പരിപാടികളിലെ പങ്കാളിത്തമാണ് കുറേകാലമായി നിലച്ചുപോയ ക്ലബ്ബിന്റെ വാര്ഷികാഘോഷം വിപുലമായി നടത്തുകയെന്ന ആശയത്തിലെത്തിച്ചത്. ക്ലബ്ബ് അംഗങ്ങളുടേയും കുടുബാംഗങ്ങളുടേയും കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കാനും ആസ്വദിക്കാനുമുള്ള ഒരു നല്ല അവസരമായി വാര്ഷികാഘോഷത്തെ മാറ്റണമെന്നും തീരുമാനമായി.
ഒരു ചെറിയ ഗാനമേള, കുറച്ച് നൃത്തനൃത്യങ്ങള്‍, ഒരു മണിക്കൂറിനുള്ളില്‍ തീരുന്ന നാടകം തുടങ്ങിയ പരിപാടികള്‍. ആഘോഷത്തിന്റെ ഭാഗമായി ജീവനക്കാര്ക്കും അവരുടെ കുട്ടികള്ക്കും
ഇന്ഡോർ ഗെയിംസ് മൽസരങ്ങള്‍ നടത്താനും തീരുമാനിച്ചു. ഇതിനു മുന്‍പ് വാര്ഷികാഘോഷം നടത്തിയതൊക്കെ ആഫീസിലെ ഹാളിന്നുള്ളില്‍ വെച്ചായിരുന്നു. ഇതില്നിന്ന് വ്യത്യസ്സ്ഥമായി ടൗണ്ഹാളില് വെച്ച് പരിപാടി നടത്തണമെന്ന അഭിപ്രായവും സ്വീകരിക്കപ്പെട്ടു. നഗരത്തിലെ ഒരു പ്രശസ്ഥവ്യക്തി ഉല്ഘാടകനായി വേണമെന്നും അത് തിക്കോടിയന്‍ മാഷ് തന്നെയായിരിയ്ക്കണമെന്ന കാര്യത്തിലും ഏകാഭിപ്രായമായിരുന്നു. ഞങ്ങളില്‍ പലരുടേയും ജ്യേഷ്ഠസഹോദരതുല്യനായ "അരങ്ങു കാണാത്ത നടനു"മായുള്ള ഹൃദയബന്ധം തന്നെയായിരുന്നു ഈ തീരുമാനത്തിനു പിന്നില്‍. തിക്കോടിയന്‍ മാഷെ സമീപിച്ചപ്പോള്‍ സസന്തോഷം ഞങ്ങളുടെ ആവശ്യം അംഗീകരിച്ചു. കൂട്ടത്തില്‍ ഒരു നാടകവും തന്നു പരിപാടിയില് അവതരിപ്പിയ്ക്കാന്‍. "ആരാന്റെ കുട്ടി" എന്ന ഹാസ്യരസപ്രധാനമായ ഒരു നല്ല നാടകം.
വാര്ഷികാഘോഷത്തിനുള്ള തയ്യാറെടുപ്പുകള്‍ നല്ലനിലയില്‍ പുരോഗമിച്ചു. ഒരു വശത്ത് നാടകം, നൃത്തനൃത്യങ്ങള്‍ ഗാനമേള എന്നിവയുടെ റിഹേര്സലുകള്‍.(നാടക-സിനിമാ രംഗങ്ങളില്‍ പ്രശസ്ഥരായ നെല്ലിക്കോട് ഭാസ്കരന്, എം കുഞ്ഞാണ്ടി എന്നിവര്‍ പലപ്പോഴും നാടകറിഹേര്സലുകള്ക്ക് വരികയും വിലപ്പെട്ട ഉപദേശനിര്‍ദ്ദേശങ്ങള്‍ തരികയും ചെയ്തുവെന്ന് നന്ദിയോടെ ഓര്ക്കുന്നു.) മറുവശത്ത് വിവിധ ഇനങ്ങളില്‍ മല്‍സരങ്ങള്‍. 1977 മാര്ച്ച് 15 നു ടൗണ്ഹാളിലേയ്ക്ക് ആത്മവിശ്വാസത്തോടെ പോകാമെന്ന് ഉറപ്പായി. ഒരു കാര്യത്തില്‍ മാത്രമേ ആശങ്കയുണ്ടായിരുന്നുള്ളൂ. മോശമല്ലാത്ത ഒരു സദസ്സ് അവിടെ ഉണ്ടാകുമോ എന്ന കാര്യത്തില്‍.
സംഘാടകരുടെ പ്രതീക്ഷകളെ കവച്ചുവെച്ച് അക്ഷരാര്‍ഥത്തില്‍ നിറഞ്ഞുകവിഞ്ഞ ഒരു സദസ്സായിരുന്നൂ ടൗണ്ഹാളിലേത്. ജീവനക്കാരും കുടുംബാംഗങ്ങളും പൊതുജനങ്ങളും ഹാളിന്നുള്ളിലും പുറത്ത് വരാന്തയിലും നിറഞ്ഞു. തിക്കോടിയന്‍ മാഷ് സ്വതസ്സിദ്ധമായ ശൈലിയില്‍ സരസമായി സംസാരിച്ച് ഉല്‍ഘാടനം നിര്വ്വഹിച്ചു.
( സ്വാഗതം: ബാലു. വേദിയില്‍ ബാബുക്കുട്ടന്‍, തിക്കോടിയന്‍, ആര്‍ രാഘവന്‍)
തുര്ടന്ന് വിവിധ കായിക കലാമല്സരവിജയികള്ക്കുള്ള സമ്മാനവിതരണവും കലാപരിപാടികളും. ശാസ്ത്രീയനൃത്തം, ഒപ്പന, തിരുവാതിരകളി... "ആരാന്റെ കുട്ടി" എന്ന മലയാള നാടകവും. അവസാനം ജീവനക്കാരും ചില അതിഥിഗായകരും ചേര്ന്ന് അവതരിപ്പിച്ച ഗാനമേളയോടെ 1977 ലെ വാര്ഷികാഘോഷപരിപാടിയകള്ക്ക് തിരശ്ശീലവീണു. സദസ്യര്‍ക്ക് നിറഞ്ഞ സംതൃപ്തിയും സംഘാടകര്‍ക്ക് തികഞ്ഞ ആത്മവിശ്വാസവും നല്കീ ഈ പരിപാടികള്‍.
(ഗാനമേളയില്‍ സതി സുരേന്ദ്രന്‍ പാടുന്നു)
( "ആരാന്റെ കുട്ടി" നാടകത്തില്‍ അഭിനയിച്ചവര്‍ സംവിധായകരോടൊപ്പം)
( സദസ്സ് മറ്റൊരു ദൃശ്യം)
ഈ വിജയം ഒരു വലിയ കൂട്ടായ്മയുടെ ഫലമായുണ്ടായതായിരുന്നു. ഉത്തരവാദിത്തങ്ങള്‍ അതതു മേഖലകളില്‍ കഴിവുള്ളവര്‍ക്ക് വിഭജിച്ചുനല്‍കി പൊതുമേല്നോട്ടം നടത്തി യഥാസമയം അവ നടന്നുവെന്ന് ഉറപ്പുവരുത്തുകയെന്ന താരതമ്യേന ചെറിയ ജോലിമാത്രമേ സെക്രട്ടറിയെന്ന നിലയ്ക്ക് എനിയ്ക്കുണ്ടായിരുന്നുള്ളൂ. ഓരോ കാര്യവും ഭംഗിയായി പൂര്ത്തീകരിക്കാന് ആഴ്ച്ചകളോളം വിശ്രമരഹിതമായി പ്രവര്ത്തിച്ച കൂട്ടുകാരാണ് യഥാര്‍ഥ അഭിനന്ദനം അർഹിക്കുന്നത്. എം വി സദാനന്ദന്‍, പി കുഞ്ഞിരാമന്‍, ടി ആര്‍ എസ്, ശശികല, നാരായണിക്കുട്ടി അമ്മ, എം പി പങ്കജം , ക്രിസ്റ്റി സെബാസ്റ്റ്യന്‍, ബാബുക്കുട്ടന്‍, പി ആര്‍ രവി, ദാമു, രാജന് പരപ്പനങ്ങാടി, സാഹിത്യകാരന് കൂടിയായ അസിസ്റ്റന്റ് എഞ്ചിനീയര്‍ പാറന്നൂര്‍ പത്മനാഭന് തുടങ്ങി ഈ നിര നീണ്ടുപോകും.
77ലെ വിജയം കൂടുതല്‍ നല്ലനിലയില്‍ 78 ലും വാര്ഷികാഘോഷം നടത്താന്‍ പ്രചോദനമായി. മുന് വർഷത്തെപ്പോലെത്തന്നെ വിവിധ കലാപരിപാടികള്ക്കുള്ള തയ്യാറെടുപ്പ് തുടങ്ങി. ഇക്കുറി ഒരു ഇംഗ്ലീഷ് നാടകം കൂടി വേണമെന്ന "പുതു തലമുറയുടെ" ആവശ്യവും കണക്കിലെടുത്തു. കോളേജ് വിദ്യാഭാസം കഴിഞ്ഞയുടന്‍ ജോലിയില്‍ പ്രവേശിച്ച ആ അനിയന്മാർ തന്നെ നാടകം തിരഞ്ഞെടുത്ത് അവതരിപ്പിക്കാമെന്ന് ഉറപ്പും തന്നു. അങ്ങിനെ ജീന്‍ പോള്‍ സാര്‍ത്രെയുടെ "മെന്‍ വിതൗട്ട് ഷാഡോസ്" എന്ന നാടകത്തിനുള്ള തയ്യാറെടുപ്പും ആരംഭിച്ചു.
(Men behind the "Shadows"..Sitting
from left C M Moothorankutty, Rasheed Ali, T Y Aravindakshan, Marykutty, K
Abdulla, K P Abdul Samad,Standing from left T S Prakash, Jayadev(friend
of Vamadev), Paul F Chethalan, Saduettan, Vamadev, K R Purushothaman, V V
Jamaludhenn..1978)
ക്ലബ്ബ് അംഗങ്ങളും കലാഭിരുചിയുള്ളവരുമായ രുഗ്മിണി അമ്മ, നാരായണിക്കുട്ടി അമ്മ എന്നിവരുടെ മക്കൾ (വിദ്യാർത്ഥികളായ) മുരളി, പ്രതാപന് എന്നിവരുടെ ഒരു മൈമും അവതരിപ്പിയ്ക്കാമെന്ന് തീരുമാനിച്ചു. ഇവരില് മുരളി ഇന്ന് പ്രശസ്തനായ നാടക-സിനിമാ പ്രവര്ത്തകനാണ്.മുരളീ മേനോന്‍ എന്ന പേരില് അറിയപ്പെടുന്നു തൃശ്ശൂരിലെ സ്കൂള്‍ ഓഫ് ഡ്രാമ, ലണ്ടനിലെ തിയേറ്ററുകള് എന്നിവയിലൊക്കെ നാടകം പഠിച്ച് ആ രംഗത്ത് ഉറച്ചു നില്ലുന്നു. പ്രതാപന് അകാലത്ത് ലോകത്തോട് വിടപറഞ്ഞു.
(മൈം...മുരളിയും പ്രതാപനും 1978)
78ലും ടൗണ്ഹാളില് തന്നെയായിരുന്നൂ വാര്‍ഷികാഘോഷപരിപാടികള്‍ അരങ്ങേറിയത്. കോഴിക്കോട് ആകാശവാണി ഡയറക്ടറും പ്രശസ്ഥ ശാസ്ത്ര സാഹിത്യകാരനുമായ കോന്നിയൂര്‍ ആര്‍ നരേന്ദ്രനാഥ് ഉല്‍ഘാടനം നിര്വ്വഹിച്ചു. നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി വിജയകരമായി പരിപാടികള്‍ നടന്നു.
(കോന്നിയൂര്‍ ആര്‍ നരേന്ദ്രനാഥ് 1978 ലെ വാര്‍ഷികാഘോഷ പരിപാടികള്‍ ഉല്‍ഘാടനം
ചെയ്യുന്നു)
1979ലും ഇതിനു സമാനമായ രീതിയില്ത്തന്നെ വാര്ഷികാഘോഷം ഗംഭീരമായി നടത്തി. (രണ്ടു വര്ഷം കഴിഞ്ഞാല്‍ ക്ലബ്ബിന്റെ പ്രധാന ഭാരവാഹികള്‍ മാറുകയും പുതിയ ആളുകള് ആ സ്ഥാനത്ത് വരികയും വേണമെന്ന തീരുമാനത്തിന്റെ ഭാഗമായി ഞാന്‍ സ്ഥാനമൊഴിയുകയും കെ ദാമോദരനെ ക്ലബ്ബ് സെക്രട്ടരിയായി തിരഞ്ഞെടുക്കുകയു ചെയ്തിരുന്നു). മലയാള സിനിമാരംഗത്തെ (നാടക രംഗത്തേയും) അഭിനയപ്രതിഭ ബാലന്‍ കെ നായരായിരുന്നു ഇത്തവണത്തെ മുഖ്യാതിഥി. കഴിഞ്ഞ വര്ഷങ്ങളിലെ പാരമ്പര്യം പരിപാടികളുടെ വൈവിധ്യത്തിലും ഗുണമേന്മയിലും ഇക്കുറിയും തുടര്ന്നു.
(ബാലന്‍ കെ നായര്‍ 1979 ലെ വാര്‍ഷികാഘോഷ പരിപാടികള്‍ ഉല്‍ഘാടനം ചെയ്യുന്നു)
മൂന്നു വര്ഷം തുടര്ച്ചയായി ക്ലബ്ബ് വാര്‍ഷികം വിജയകരമായി നടത്തിയപ്പോള് ഈ പ്രവര്ത്തനം കൂടുതല്‍ വിപുലമായ മേഖലയിലേയ്ക്ക് വ്യാപിപ്പിക്കാമെന്ന ചിന്ത ഉയര്ന്നുവന്നു. അന്ന് പോസ്റ്റ് ആന്റ് ടെലഗ്രാഫ് എന്ന ഒരു വകുപ്പിനു കീഴിലായിരുന്നു ടെലിഫോണ്‍, ടെലഗ്രാഫ്, പോസ്റ്റല്‍, ആര്‍ എം എസ് എന്നീ വിഭാഗങ്ങള്‍. വിവിധ ആഫീസുകളിലായി ആയിരത്തിലധികം ജീവനക്കാര്‍. പി ആന്റ് ടി കുടുംബാംഗങ്ങള്‍ എന്ന നിലയില്‍ സംഘടനാ രംഗത്തും മറ്റു പൊതുവേദികളിലും ഒരുമിച്ച് പ്രവര്ത്തിക്കുന്നവര്‍. എല്ലാ ആഫീസുകളിലും റിക്രിയേഷന്‍ ക്ലബ്ബുകളുടെ പ്രവര്ത്തനവും വാര്ഷികാഘോഷങ്ങളും ഏറ്റക്കുറച്ചിലുകളോടെ നടക്കുന്നുണ്ടുതാനും. എന്നാല്‍ എന്തുകൊണ്ട് പി ആന്റ് ടി ക്ലബ്ബുകളുടെ വാര്ഷികാഘോഷം സംയുക്തമായി നടത്തിക്കൂടാ എന്നായിരുന്നു ഞങ്ങളുടെ ചിന്ത. നിരവധി കൂടിയാലോചനകള്ക്കുശേഷം 1981ല് പി അന്റ് ടി ക്ലബ്ബുകളുടെ സംയുക്തവാര്ഷികാഘോഷം ടാഗോര്‍ ഹാളില്‍ വിപുലമായി നടത്താന്‍ തീരുമാനിച്ചു. സാമ്പത്തികമടക്കം ഒട്ടേറെ പ്രതിബന്ധങ്ങള് ഉണ്ടായിരുന്നെങ്കിലും നിശ്ചയധാര്ഡ്യത്തോടെയുള്ള കൂട്ടായ പ്രവര്ത്തനഫലമായി നല്ല നിലയില്‍ അതും നടന്നു. എഴുത്തുകാരന് സി രാധാകൃഷ്ണന് ഉല്‍ഘാടനം നിര്വ്വഹിച്ച ആ സംയുക്ത വാര്ഷികാഘോഷവും കോഴിക്കോട്ടെ പി ആന്റ് ടി ക്ലബ്ബുകളുടെ ചരിത്രത്തില് പുതിയ ഒരു അദ്ധ്യായമായി.
അതേക്കുറിച്ച് പിന്നീട് എപ്പോഴെങ്കിലും.
(പിന്‍കുറിപ്പ്: മൂന്നര പതിറ്റാണ്ടോളം പിറകിലെ കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ സഹായിച്ച പി കുഞ്ഞിരാമന്‍, സദുവേട്ടന്‍, വി പി രമ, റഷീദ് അലി എന്നിവര്‍ക്ക് നന്ദി. വസ്തുതാപരമായ തെറ്റുകള്‍ ഒഴിവാക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്.എങ്കിലും പിശകുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കുമല്ലോ)
(പിന്‍കുറിപ്പ്: മൂന്നര പതിറ്റാണ്ടോളം പിറകിലെ കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ സഹായിച്ച പി കുഞ്ഞിരാമന്‍, സദുവേട്ടന്‍, വി പി രമ, റഷീദ് അലി എന്നിവര്‍ക്ക് നന്ദി. വസ്തുതാപരമായ തെറ്റുകള്‍ ഒഴിവാക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്.എങ്കിലും പിശകുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കുമല്ലോ)
No comments:
Post a Comment