മഴ ബാബുരാജിനെ പാടുമ്പോള്‍
ജൂലൈ 26. സന്ധ്യ 7 മണി. ആകാശം ഇരുണ്ടതെങ്കിലും പുറത്ത് മഴ പെയ്യുന്നില്ല.
ജൂലൈ 26. സന്ധ്യ 7 മണി. ആകാശം ഇരുണ്ടതെങ്കിലും പുറത്ത് മഴ പെയ്യുന്നില്ല.
അളകാപുരിയുടെ ഹാളിനകത്ത് മഴയുടെ സംഗീതം തുടങ്ങാനുള്ള തയ്യാറെടുപ്പാണ്. ഇവിടെ മഴ എന്നത് വളര്‍ന്നു വരുന്ന ഒരു ഗായികയുടെ പേരാണ്. കാലിക്കറ്റ് യുണിവേര്‍സിറ്റി ജീവനക്കാരിയും ഗായികയുമായ ഹസീനയുടേയും ദേശാഭിമാനി വാരിക ചീഫ് സബ് എഡിറ്റര്‍ ഷിബു മുഹമ്മദിന്റേയും മകളാണ് ഈ പതിനാലുകാരി. കോഴിക്കോട് പ്രോവിഡന്‍സ് ഗേള്‍സ് ഹൈസ്കൂളില്‍ പത്താം തരം വിദ്യാര്‍ഥിനി. ഏഴുവര്‍ഷം മുന്‍പ് സംഗീതാഭ്യസനം ആരംഭിച്ച മഴ ഹിന്ദുസ്ഥാനി സംഗീതത്തിലാണ് ഇപ്പോള്‍ പഠനം തുടരുന്നത്. നിരവധി വേദികളില്‍ പാടി സംഗീതാസ്വാദകരുടെ പ്രശംസ പിടിച്ചുപറ്റിയ പ്രതിഭാധനയായ കുട്ടി. "മഴ ബാബുരാജിനെ പാടുമ്പോള്‍" എന്ന പേരില്‍ മെഹ്‌ഫില്‍ സായാഹ്നമാണ് സംഘാടകര്‍ ഒരുക്കിയിരിയ്ക്കുന്നത്. വിവിധ മണ്ഡലങ്ങളില്‍ പ്രശസ്ഥരായവരുള്‍പ്പെടെ ക്ഷണിയ്ക്കപ്പെട്ടവരുടെ ഒരു വലിയ സദസ്സ് മഴയുടെ സംഗീതത്തിന് കാതോര്‍ത്തിരിയ്ക്കയാണ് ഹാളിന്നുള്ളില്‍.
ഏഴര മണിയോടെ മഴയുടെ ആലാപനം ആരംഭിച്ചു. കോഴിക്കോടിന്റെ അഭിമാനമായ "ബാബുക്ക" എന്ന എം എസ് ബാബുരാജിന്റെ അനശ്വരഗാനങ്ങളാണ് മഴ അവതരിപ്പിയ്ക്കുന്നത്. മലയാളികള്‍ എക്കാലവും മനസ്സില്‍ സൂക്ഷിക്കുന്ന "തേടുന്നതാരെ ശൂന്യതയില്‍..." എന്ന ഗാനത്തോടെ മഴ ആരംഭിക്കുന്നു. തുടര്‍ന്ന് "അനുരാഗനാടകത്തിന്‍ അന്ത്യമാം രംഗംതീര്‍ന്നു" തുടങ്ങി ബാബുരാജിന്റെ പത്തോളം ഗാനങ്ങള്‍ മഴ മനോഹരമായി ആലപിച്ചു. ഇവയ്ക്കു പുറമെ സദസ്സ്യരുടെ ആവശ്യപ്രകാരം "സോജാ രാജകുമാരീ സോജാ" എന്ന ഗാനവും കോഴിക്കോട് അബ്ദുള്‍ ഖാദര്‍ പാടി അനശ്വരമാക്കിയ "മായരുതേ വനരാധേ" (രചന വാസു പ്രദീപ്) എന്ന ഗാനവും മഴ പാടി. ദേശ് രാഗം അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയ ഈ മനോഹരഗാനത്തോടെ ഗാനസന്ധ്യ അവസാനിച്ചപ്പോള്‍ സംഗീതസാന്ദ്രമായ ഒരു സായാഹ്നത്തില്‍ ഒത്തുചേരാന്‍ കഴിഞ്ഞ സന്തോഷത്തോടെയാണ് സദസ്യര്‍ ഹാള്‍ വിട്ടിറങ്ങിയത്.
മെഹ് ഫിലില്‍ മഴയ്ക്ക് അകമ്പടിയായി റോഷന്‍ ഹാരിസ് (തബല), ഇബ്രാഹിംകുട്ടി (സിത്താര്‍), കബീര്‍ ചാവക്കാട് (ഹാര്‍മോണിയം), ലത്തീഫ് ചാവക്കാട് (ഗിറ്റാര്‍) എന്നിവരുണ്ടായിരുന്നു. ഉപകരണ സംഗീതത്തില്‍ പയറ്റിത്തെളിഞ്ഞ ഈ കലാകാരന്മാര്‍ മഴയുടെ ആലാപനത്തിന്റെ മാറ്റുകൂട്ടുന്നതില്‍ നല്ല പങ്കു വഹിച്ചു.
നിരന്തര സാധനയും കൂടുതല്‍ സദസ്സുകളും ഈ കൊച്ചു ഗായികയെ ഉയങ്ങളിലേയ്ക്ക് എത്തിക്കുമെന്നതില്‍ സംശയിക്കേണ്ട. യുവഗായികമാരില്‍ പ്രശസ്ഥരായ ഗായത്രി, മഞ്ജരി, സിതാര എന്നിവരുടെ നിരയിലെ ഒരു കണ്ണിയായി ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ മഴയും എത്തുമെന്ന് തീര്‍ച്ചയായും നമുക്ക് പ്രതീക്ഷിക്കാം മഴയ്ക്ക് അഭിനന്ദനങ്ങളും ആശംസകളും നേരുന്നു.
No comments:
Post a Comment