വിനോദ് സുകുമാരന് അഭിനന്ദനങ്ങള്‍
2011ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിയ്ക്കപ്പെട്ടപ്പോള്‍ കോഴിക്കോട് അല്‍ ഹിന്ദ് എലൈറ്റ് അപ്പാര്‍ട് മെന്റ് നിവാസികള്‍ക്ക് പ്രത്യേക സന്തോഷത്തിനു വകയായി. എലൈറ്റ് നിവാസിയായ വിനോദ് സുകുമാരനാണ് ഏറ്റവും മികച്ച ചിത്രസംയോജകനുള്ള പുരസ്കാരം ലഭിച്ചത്. നാടകരംഗത്ത് ശ്രദ്ധേയനായ പി ബാലചന്ദ്രന്‍ സംവിധാനം ചെയ്ത "ഇവന്‍ മേഘരൂപന്‍" എന്ന സിനിമയിലെ ചിത്ര സംയോജനമാണ് വിനോദിനെ അവാര്‍ഡിനു അര്‍ഹനാക്കിയത്.
ഒരു വ്യാഴവട്ടത്തിലേറെയായി ചലച്ചിത്രരംഗത്തു പ്രവര്‍ത്തിക്കുന്ന വിനോദ് സുകുമാരന്‍ തൃശ്ശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയിലെ പഠനശേഷം പൂനെ ഫിലിം ഇന്‍സ്റ്റി റ്റ്യൂട്ടില്‍ നിന്നാണ് മാസ്റ്റര്‍ ഡിപ്ലോമ നേടിയത്. നേരത്തെ നാടകരംഗത്ത് അരങ്ങിലും അണിയറയിലും തന്റെ കഴിവുകള്‍ തെളിയിച്ചിട്ടുള്ള വിനോദ് ചലച്ചിത്ര രംഗത്തും തന്റെ കഴിവുകള്‍ കാഴ്ച്ച വെച്ചുകൊണ്ടിരിക്കുന്നു. പൂനയിലെ പഠനം പൂര്‍ത്തിയാക്കിയശേഷം ബോളിവുഡിലെ പ്രഗത്ഭരുടെകൂടെയാണ് വിനോദിന്റെ സിനിമാജീവിതം ആരംഭിച്ചത്. പ്രശസ്ത ചിത്രസംയോജക രേണു സലൂജയോടൊപ്പം മഹേഷ് ഭട്ട്, സുഭാഷ് ഘായ്, സുധീര്‍ മിശ്ര തുടങ്ങിയവരുടെ ഹിന്ദി സിനിമകളില്‍ എഡിറ്ററായി പ്രവര്‍ത്തിച്ച ശേഷം കേരളത്തിലെത്തി. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പ്രശസ്ത സംവിധായകന്‍ ശ്യാമപ്രസാദിന്റെ സിനിമകളുടെ സ്ഥിരം എഡിറ്ററാണ് വിനോദ്. അകലെ, ഒരേ കടല്‍ തുടങ്ങി അരികെ വരെ എത്തിനികുന്നു ആ കൂട്ടുകെട്ട്. ശ്യാമിന്റെ "അഗ്നിസാക്ഷി"യില്‍ അസോസിയേറ്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചു.
ചിത്രസംയോജകന്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ത്തന്നെ ഒരു സംവിധായകന്‍ എന്ന നിലയിലും വിനോദ് സുകുമാരന്‍ തന്റെ പ്രാഗത്ഭ്യം പലതവണ തെളിയിച്ചിട്ടുണ്ട്. ഒരു സംവിധായകന്റെ ആദ്യസിനിമക്കുള്ള ദേശീയ പുരസ്കാരം (2002) നേടിയിട്ടുള്ള വിനോദ് നിരവധി ഹ്രസ്വചിത്രങ്ങളുടെ സംവിധായകനുമാണ്. ഇപ്പോള്‍ സ്വന്തമായി സംവിധാനം നിര്‍വ്വഹിക്കുന്ന ഒരു മുഴുനീളചിത്രത്തിന്റെ പണിപ്പുരയിലാണ് ഇദ്ദേഹം.
ഭാവനയുടേയും കഴിവിന്റേയും കാര്യത്തിലെന്നപോലെ പുരസ്കാര ലബ്ധിയുടെ കാര്യത്തിലും വിനോദ് സുകുമാരന്‍ സമ്പന്നനാണ് നേരത്തെ 2008ല്‍ മികച്ച ചിത്രസംയോജകനുള്ള സംസ്ഥാന പുരസ്കാരം (ചിത്രം: "ഒരേ കടല്‍") വിനോദിനായിരുന്നു. ഫിലിം ക്രിട്ടിക് അസോസിയേഷന്‍ അവാര്‍ഡ് (2005- അകലെ), മാതൃഭൂമി പുരസ്കാരം (2005: അകലെ) തുടങ്ങി നിരവധി അവാര്‍ഡുകള്‍ നേടിയ വിനോദിന്റെ സിനിമകള്‍ വിവിധ അന്താരാഷ്ട്രമേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും അഭിനന്ദനങ്ങളും പുരസ്കാരങ്ങളും നേടുകയും ചെയ്തിട്ടുണ്ട്. വിവിധ ചലച്ചിത്ര പഠനസ്ഥാപനങ്ങളില്‍ ഗസ്റ്റ് ലക്ചററായും വിനോദിന്റെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്
ഈ യുവ ചലച്ചിത്രകാരനില്‍ നിന്ന് ഒട്ടേറെ നല്ല സിനിമകള്‍ വരും ഇനിയും നമുക്ക് പ്രതീക്ഷിക്കാം. വിനോദിനു ഒരിക്കല്‍ കൂടി അഭിനന്ദനങ്ങളും ആശംസകളും നേരുന്നു.
(വിവരങ്ങള്‍ക്ക് കടപ്പാട് വിക്കിപീഡിയയോട്)
No comments:
Post a Comment