Monday, July 30, 2012

I am saying NO to smoking......


"ജാതകവശാല്‍" അറുപത്തഞ്ചു വയസ്സു കഴിഞ്ഞാല്‍ ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നാണ്‌ അമ്മ പണ്ട്‌ പറഞ്ഞത്‌. കാരണം ജാതകം 65 വരെ മാത്രമേ എഴുതാന്‍ ധൈര്യമുണ്ടായുള്ളൂ ജോത്സ്യന്‌. ശിഷ്ടകാലം ഞാന്‍ തന്നെ എഴുതേണ്ടിയിരിയ്ക്കുന്നു.

ഏതായാലും അമ്മയുടെ നിര്‍ദേശം നടപ്പിലാക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായി പത്തുനാല്‍പ്പതു
കൊല്ലമായി തുടരുന്ന പുകവലിശീലം നിര്‍ത്താന്‍ തീരുമാനിച്ചിരിയ്ക്കയാണ്‌. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുകള്‍ക്കും സന്തോഷം നല്‍കുന്ന വാര്‍ത്തയായിരിക്കും ഇത്‌. അതേ സമയം എന്റെ സ്ഥിരം ബ്രാന്‍ഡായ ദിനേശിന്റെ നിര്‍മാതാക്കള്‍ക്കും, ചില്ലറവില്‍പ്പനക്കാര്‍ക്കും അത്ര സന്തോഷകരമല്ലാത്തതും.



നാല്‍പ്പതു കൊല്ലം മുമ്പ്‌ "അവിവാഹിതരുടെ മട"യിലെ ജീവിതകാലത്ത്‌ (എല്ലാവരും തുടങ്ങുന്നതുപോലെ) ഒരു രസത്തിനായി ആരംഭിച്ചതാണ്‌ ഈ (ദു)ശീലം. ഗോപിയേട്ടനും മറ്റ്‌ ഏട്ടന്മാരും ബീഡി വലിച്ച്‌ മൂക്കില്‍ കൂടെ പുക വിടുന്നതും പുകവളയങ്ങള്‍ തീര്‍ക്കുന്നതുമെല്ലാം കണ്ട്‌ അവരില്‍നിന്ന് "പ്രചോദനം"  ഉള്‍ക്കൊണ്ട്‌, "ഓസി"നു കിട്ടിയ ബീഡികൊണ്ടായിരുന്നൂ തുടക്കം. പിന്നെ ഊണിനു ശേഷം ഒന്ന്, എല്ലാ ഭക്ഷണശേഷവും ഓരോന്ന് എന്നിങ്ങനെ പുരോഗമിച്ചു,  പോകപ്പോകെ ഞാനും ഒരു അംഗീകൃത വലിക്കാരനായി. ബ്രാന്‍ഡ്‌ പിന്നീട്‌ ഒരിക്കലും മാറ്റിയിട്ടില്ല, കേരളാ ദിനേശ്‌ ബീഡി തന്നെ. വലി നിറുത്താതിരിക്കാന്‍ ഒരു കാരണവും പറയാറുണ്ടായിരുന്നു. കണ്ണൂര്‍ ജില്ലയിലെ പതിനായിരക്കണക്കിനു ബീഡിത്തൊഴിലാളികള്‍ ജോലിചെയ്തിരുന്ന മാംഗളൂര്‍ ഗണേഷ്‌ ബീഡിക്കമ്പനി പൂട്ടുകയും മുഴുവന്‍പേരുടേയും കഞ്ഞികുടി മുട്ടുകയും ചെയ്തപ്പോള്‍ കേരള സര്‍ക്കാരിന്റെ സഹായത്തോടെ ആരംഭിച്ച സഹകരണസംഘമായിരുന്നൂ കേരള ദിനേശ്‌ ബീഡി വര്‍ക്കേര്‍സ്‌ കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റി. സൊസൈറ്റിയുടെ കീഴില്‍ ബീഡിതെറുത്ത്‌ ഉപജീവനം നേടുന്ന പതിനായിരങ്ങളുടെ അന്നം മുട്ടിക്കാന്‍ എനിയ്ക്കാവില്ല എന്നായിരുന്നു യുക്തി. കൂട്ടത്തില്‍ പറയട്ടെ മൂന്നു പ്രാവശ്യം ഞാന്‍ വലി നിറുത്തിയിട്ടുണ്ട്‌. എനിയ്ക്കൊരു ഹൃദയമുണ്ട്‌ എന്ന് തെളിയിക്കപ്പെട്ട ആശുപത്രിവാസത്തിനു ശേഷമുള്ള ദിവസങ്ങളില്‍. സായിപ്പിന്റെ ഭാഷയില്‍ പറയുന്നതുപോലെ " It is very easy to stop smoking, but not that easy to continue as a non smoker ". പിന്നേയും കഥ തുടര്‍ന്നു.


പ്രശസ്തരായ ഒരുപാടു പുകവലിയന്മാരുണ്ട്‌-ആഗോള തലത്തിലും, ദേശീയ തലത്തിലും സസ്ഥാന തലത്തിലുമെല്ലാം. ചര്‍ച്ചിലിന്റേയും ഫിദലിന്റേയുമെല്ലാം ചുണ്ടത്തെ ചുരുട്ട്‌ ഭുവനപ്രശസ്തം.













ഇന്ത്യയില്‍ നെഹറു മുതല്‍ ഒരുപാടുപേര്‍ നല്ല പുകവലിക്കാരായിരുന്നുവെന്നും നമുക്കറിയാം. 



കേരളത്തിലെത്തിയാല്‍ രാഷ്ട്രീയ-സാമൂഹ്യ-സാഹിത്യ രംഗങ്ങളിലെല്ലാം അതിപ്രശസ്തരായ ഒരുപാടുപേര്‍ അവരുടെ പുകവലിയ്ക്കും പ്രസിദ്ധരാണ്‌. നായനാരുടെ ബീഡിവലി, ആര്യാടന്റെ സിഗരറ്റ്‌ വലി.... ബഷീര്‍, തകഴി, എന്‍ പി, എം ടി തുടങ്ങി സാഹിത്യകാരന്മാരുടെ നീണ്ട നിരയുമുണ്ട്‌ ബീഡി-സിഗരറ്റ്‌ വലിക്കാരായി.












 പല പ്രശസ്തരുമായി ബീഡി പങ്കിടാനുള്ള "സുവര്‍ണാവസരവും" പലപ്പോഴുമെന്റെ "വലി ജീവിതത്തില്‍" ഉണ്ടായിട്ടുണ്ട്‌. ഒരു "ചങ്ങലവലിക്കാര"നായിരുന്ന (ഇപ്പോള്‍ ആണോ എന്നറിയില്ല) സീതാറാം യച്ചൂരിയ്ക്ക്‌- ബ്രാന്‍ഡ്‌ വില്‍സായിരുന്നു- ദിനേശ്‌ ബീഡി പരിചയപ്പെടുത്തിയത്‌ ഈയുള്ളവനാണെന്നത്‌ എന്റെ സ്വകാര്യ അഹങ്കാരം.

പുകവലിപുരാണം നിര്‍ത്താന്‍ കഴിയാത്ത അത്രയുമുണ്ട്‌. തുടരുന്നില്ല..... 
 ബീഡിവലിയും തുടരാതിരിയ്ക്കാന്‍ കഴിയുമെന്ന് കരുതട്ടേ.






Friday, July 27, 2012

മഴ ബാബുരാജിനെ പാടുമ്പോള്‍


മഴ ബാബുരാജിനെ പാടുമ്പോള്‍

ജൂലൈ 26. സന്ധ്യ 7 മണി. ആകാശം ഇരുണ്ടതെങ്കിലും പുറത്ത്‌ മഴ പെയ്യുന്നില്ല. 

അളകാപുരിയുടെ ഹാളിനകത്ത്‌ മഴയുടെ സംഗീതം തുടങ്ങാനുള്ള തയ്യാറെടുപ്പാണ്‌. ഇവിടെ മഴ എന്നത്‌ വളര്‍ന്നു വരുന്ന ഒരു ഗായികയുടെ പേരാണ്‌. കാലിക്കറ്റ്‌ യുണിവേര്‍സിറ്റി ജീവനക്കാരിയും ഗായികയുമായ ഹസീനയുടേയും ദേശാഭിമാനി വാരിക ചീഫ്‌ സബ്‌ എഡിറ്റര്‍ ഷിബു മുഹമ്മദിന്റേയും മകളാണ്‌ ഈ പതിനാലുകാരി. കോഴിക്കോട്‌ പ്രോവിഡന്‍സ്‌ ഗേള്‍സ്‌ ഹൈസ്കൂളില്‍ പത്താം തരം വിദ്യാര്‍ഥിനി. ഏഴുവര്‍ഷം മുന്‍പ്‌ സംഗീതാഭ്യസനം ആരംഭിച്ച മഴ ഹിന്ദുസ്ഥാനി സംഗീതത്തിലാണ്‌ ഇപ്പോള്‍ പഠനം തുടരുന്നത്‌. നിരവധി വേദികളില്‍ പാടി സംഗീതാസ്വാദകരുടെ പ്രശംസ പിടിച്ചുപറ്റിയ പ്രതിഭാധനയായ കുട്ടി. "മഴ ബാബുരാജിനെ പാടുമ്പോള്‍" എന്ന പേരില്‍ മെഹ്‌ഫില്‍ സായാഹ്നമാണ്‌ സംഘാടകര്‍ ഒരുക്കിയിരിയ്ക്കുന്നത്‌. വിവിധ മണ്ഡലങ്ങളില്‍ പ്രശസ്ഥരായവരുള്‍പ്പെടെ ക്ഷണിയ്ക്കപ്പെട്ടവരുടെ ഒരു വലിയ സദസ്സ്‌ മഴയുടെ സംഗീതത്തിന്‌ കാതോര്‍ത്തിരിയ്ക്കയാണ്‌ ഹാളിന്നുള്ളില്‍.

ഏഴര മണിയോടെ മഴയുടെ ആലാപനം ആരംഭിച്ചു. കോഴിക്കോടിന്റെ അഭിമാനമായ "ബാബുക്ക" എന്ന എം എസ്‌ ബാബുരാജിന്റെ അനശ്വരഗാനങ്ങളാണ്‌ മഴ അവതരിപ്പിയ്ക്കുന്നത്‌. മലയാളികള്‍ എക്കാലവും മനസ്സില്‍ സൂക്ഷിക്കുന്ന "തേടുന്നതാരെ ശൂന്യതയില്‍..." എന്ന ഗാനത്തോടെ മഴ ആരംഭിക്കുന്നു. തുടര്‍ന്ന് "അനുരാഗനാടകത്തിന്‍ അന്ത്യമാം രംഗംതീര്‍ന്നു" തുടങ്ങി ബാബുരാജിന്റെ പത്തോളം ഗാനങ്ങള്‍ മഴ മനോഹരമായി ആലപിച്ചു. ഇവയ്ക്കു പുറമെ സദസ്സ്യരുടെ ആവശ്യപ്രകാരം "സോജാ രാജകുമാരീ സോജാ" എന്ന ഗാനവും കോഴിക്കോട്‌ അബ്ദുള്‍ ഖാദര്‍ പാടി അനശ്വരമാക്കിയ "മായരുതേ വനരാധേ" (രചന വാസു പ്രദീപ്‌) എന്ന ഗാനവും മഴ പാടി. ദേശ്‌ രാഗം അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയ ഈ മനോഹരഗാനത്തോടെ ഗാനസന്ധ്യ അവസാനിച്ചപ്പോള്‍ സംഗീതസാന്ദ്രമായ ഒരു സായാഹ്നത്തില്‍ ഒത്തുചേരാന്‍ കഴിഞ്ഞ സന്തോഷത്തോടെയാണ്‌ സദസ്യര്‍ ഹാള്‍ വിട്ടിറങ്ങിയത്‌.

മെഹ്‌ ഫിലില്‍ മഴയ്ക്ക്‌ അകമ്പടിയായി റോഷന്‍ ഹാരിസ്‌ (തബല), ഇബ്രാഹിംകുട്ടി (സിത്താര്‍), കബീര്‍ ചാവക്കാട്‌ (ഹാര്‍മോണിയം), ലത്തീഫ്‌ ചാവക്കാട്‌ (ഗിറ്റാര്‍) എന്നിവരുണ്ടായിരുന്നു. ഉപകരണ സംഗീതത്തില്‍ പയറ്റിത്തെളിഞ്ഞ ഈ കലാകാരന്മാര്‍ മഴയുടെ ആലാപനത്തിന്റെ മാറ്റുകൂട്ടുന്നതില്‍ നല്ല പങ്കു വഹിച്ചു.

നിരന്തര സാധനയും കൂടുതല്‍ സദസ്സുകളും ഈ കൊച്ചു ഗായികയെ ഉയങ്ങളിലേയ്ക്ക്‌ എത്തിക്കുമെന്നതില്‍ സംശയിക്കേണ്ട. യുവഗായികമാരില്‍ പ്രശസ്ഥരായ ഗായത്രി, മഞ്ജരി, സിതാര എന്നിവരുടെ നിരയിലെ ഒരു കണ്ണിയായി ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ മഴയും എത്തുമെന്ന് തീര്‍ച്ചയായും നമുക്ക്‌ പ്രതീക്ഷിക്കാം മഴയ്ക്ക്‌ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു.
 — 

Saturday, July 21, 2012

വിനോദ്‌ സുകുമാരന്‌ അഭിനന്ദനങ്ങള്‍



വിനോദ്‌ സുകുമാരന്‌ അഭിനന്ദനങ്ങള്‍

2011ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിയ്ക്കപ്പെട്ടപ്പോള്‍ കോഴിക്കോട്‌ അല്‍ ഹിന്ദ്‌ എലൈറ്റ്‌ അപ്പാര്‍ട്‌ മെന്റ്‌ നിവാസികള്‍ക്ക്‌ പ്രത്യേക സന്തോഷത്തിനു വകയായി. എലൈറ്റ്‌ നിവാസിയായ വിനോദ്‌ സുകുമാരനാണ്‌ ഏറ്റവും മികച്ച ചിത്രസംയോജകനുള്ള പുരസ്കാരം ലഭിച്ചത്‌. നാടകരംഗത്ത്‌ ശ്രദ്ധേയനായ പി ബാലചന്ദ്രന്‍ സംവിധാനം ചെയ്ത "ഇവന്‍ മേഘരൂപന്‍" എന്ന സിനിമയിലെ ചിത്ര സംയോജനമാണ്‌ വിനോദിനെ അവാര്‍ഡിനു അര്‍ഹനാക്കിയത്‌.

ഒരു വ്യാഴവട്ടത്തിലേറെയായി ചലച്ചിത്രരംഗത്തു പ്രവര്‍ത്തിക്കുന്ന വിനോദ്‌ സുകുമാരന്‍ തൃശ്ശൂര്‍ സ്കൂള്‍ ഓഫ്‌ ഡ്രാമയിലെ പഠനശേഷം പൂനെ ഫിലിം ഇന്‍സ്റ്റി റ്റ്യൂട്ടില്‍ നിന്നാണ്‌ മാസ്റ്റര്‍ ഡിപ്ലോമ നേടിയത്‌. നേരത്തെ നാടകരംഗത്ത്‌ അരങ്ങിലും അണിയറയിലും തന്റെ കഴിവുകള്‍ തെളിയിച്ചിട്ടുള്ള വിനോദ്‌ ചലച്ചിത്ര രംഗത്തും തന്റെ കഴിവുകള്‍ കാഴ്ച്ച വെച്ചുകൊണ്ടിരിക്കുന്നു. പൂനയിലെ പഠനം പൂര്‍ത്തിയാക്കിയശേഷം ബോളിവുഡിലെ പ്രഗത്ഭരുടെകൂടെയാണ്‌ വിനോദിന്റെ സിനിമാജീവിതം ആരംഭിച്ചത്‌. പ്രശസ്ത ചിത്രസംയോജക രേണു സലൂജയോടൊപ്പം മഹേഷ്‌ ഭട്ട്‌, സുഭാഷ്‌ ഘായ്‌, സുധീര്‍ മിശ്ര തുടങ്ങിയവരുടെ ഹിന്ദി സിനിമകളില്‍ എഡിറ്ററായി പ്രവര്‍ത്തിച്ച ശേഷം കേരളത്തിലെത്തി. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പ്രശസ്ത സംവിധായകന്‍ ശ്യാമപ്രസാദിന്റെ സിനിമകളുടെ സ്ഥിരം എഡിറ്ററാണ്‌ വിനോദ്‌. അകലെ, ഒരേ കടല്‍ തുടങ്ങി അരികെ വരെ എത്തിനികുന്നു ആ കൂട്ടുകെട്ട്‌. ശ്യാമിന്റെ "അഗ്നിസാക്ഷി"യില്‍ അസോസിയേറ്റ്‌ ഡയറക്ടറായും പ്രവര്‍ത്തിച്ചു.


ചിത്രസംയോജകന്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ത്തന്നെ ഒരു സംവിധായകന്‍ എന്ന നിലയിലും വിനോദ്‌ സുകുമാരന്‍ തന്റെ പ്രാഗത്ഭ്യം പലതവണ തെളിയിച്ചിട്ടുണ്ട്‌. ഒരു സംവിധായകന്റെ ആദ്യസിനിമക്കുള്ള ദേശീയ പുരസ്കാരം (2002) നേടിയിട്ടുള്ള വിനോദ്‌ നിരവധി ഹ്രസ്വചിത്രങ്ങളുടെ സംവിധായകനുമാണ്‌. ഇപ്പോള്‍ സ്വന്തമായി സംവിധാനം നിര്‍വ്വഹിക്കുന്ന ഒരു മുഴുനീളചിത്രത്തിന്റെ പണിപ്പുരയിലാണ്‌ ഇദ്ദേഹം.


ഭാവനയുടേയും കഴിവിന്റേയും കാര്യത്തിലെന്നപോലെ പുരസ്കാര ലബ്ധിയുടെ കാര്യത്തിലും വിനോദ്‌ സുകുമാരന്‍ സമ്പന്നനാണ്‌ നേരത്തെ 2008ല്‍ മികച്ച ചിത്രസംയോജകനുള്ള സംസ്ഥാന പുരസ്കാരം (ചിത്രം: "ഒരേ കടല്‍") വിനോദിനായിരുന്നു. ഫിലിം ക്രിട്ടിക്‌ അസോസിയേഷന്‍ അവാര്‍ഡ്‌ (2005- അകലെ), മാതൃഭൂമി പുരസ്കാരം (2005: അകലെ) തുടങ്ങി നിരവധി അവാര്‍ഡുകള്‍ നേടിയ വിനോദിന്റെ സിനിമകള്‍ വിവിധ അന്താരാഷ്ട്രമേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും അഭിനന്ദനങ്ങളും പുരസ്കാരങ്ങളും നേടുകയും ചെയ്തിട്ടുണ്ട്‌. വിവിധ ചലച്ചിത്ര പഠനസ്ഥാപനങ്ങളില്‍ ഗസ്റ്റ്‌ ലക്ചററായും വിനോദിന്റെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്‌


ഈ യുവ ചലച്ചിത്രകാരനില്‍ നിന്ന് ഒട്ടേറെ നല്ല സിനിമകള്‍ വരും ഇനിയും നമുക്ക്‌ പ്രതീക്ഷിക്കാം. വിനോദിനു ഒരിക്കല്‍ കൂടി അഭിനന്ദനങ്ങളും ആശംസകളും നേരുന്നു.

(വിവരങ്ങള്‍ക്ക്‌ കടപ്പാട്‌ വിക്കിപീഡിയയോട്‌)