Sunday, May 17, 2015

ഒരുവട്ടം കൂടിയെന്നോർമ്മകൾ മേയുന്ന…..


വിദ്യാഭ്യാസകാലത്തെക്കുറിച്ചുള്ള ഗൃഹാതുരസ്മരണകൾ മനസ്സിൽ സൂക്ഷിക്കുന്ന പലരും ഇടക്കൊക്കെ ഓർക്കുന്ന ഒരു ഗാനമാണ് “ഒരുവട്ടം കൂടിയെന്നോർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം”. ഒ എൻ വി എഴുതി എം ബി എസ് സംഗീതം നൽകി യേശുദാസ്, എസ് ജാനകി എന്നിവർ പാടിയ മനോഹരമായ സിനിമാഗാനം. നീണ്ട 51 വർഷങ്ങൾക്ക്ശേഷം കോഴിക്കോട്ടെ സാമൂതിരി ഗുരുവായൂരപ്പൻ കോളേജിലെ 1964-66 പ്രീ ഡിഗ്രി ഫസ്റ്റ് ഗ്രൂപ്പ് വിദ്യാർത്ഥികളുടെ പുനഃസമാഗമവേളയിൽ ഇന്ന് (2015 മെയ് 17) ഒത്തുകൂടിയ പലരുടേയും മനസ്സിൽ ഈ ഗാനം തിരയടിച്ചത് സ്വാഭാവികം.

 അഞ്ചു മാസത്തിലധികം നീണ്ട മുന്നൊരുക്കങ്ങൾക്കൊടുവിൽ ഇന്ന് 43 പേർ ഒത്തുചേർന്നു. കൂടെ അന്നത്തെ കുറച്ച് അദ്ധ്യാപകരും അദ്ധ്യാപകേതര ജീവനക്കാരും ഞങ്ങളുടെ ക്ഷണം സ്വീകരിച്ച് എത്തിയെന്നത് ഇരട്ടിമധുരം പകർന്നു,. പത്തു പെൺകുട്ടികളടക്കം മൊത്തം 100 പേരുണ്ടായിരുന്നു ആ ബാച്ചിൽ. അവരിൽ എട്ടോളം പേർ മരണമടഞ്ഞുവെന്നാണ് ലഭ്യമായ വിവരം. അവശേഷിക്കുന്നവരിൽ എഴുപതോളംപേരെ ഞങ്ങൾക്ക് ബന്ധപ്പെടനായി. കേന്ദ്ര-സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ, എഞ്ചിനീയർമാർ, അദ്ധ്യാപകർ, അഭിഭാഷകർ, ബിസിനസ്സുകാർ എന്നിങ്ങനെ വിവിധ മണ്ഡലങ്ങളിൽ ജോലിയിൽ ഏർപ്പെട്ടവരായിരുന്നു മിക്കവരും. പ്രീ ഡിഗ്രിക്കുശേഷം തുടർപഠനം നടത്തി കോഴ്സുകൾ പൂർത്തീകരിച്ചവരും , ഇടക്കുവെച്ച് പഠനം അവസാനിപ്പിച്ച് ജോലിയിൽ കയറിയവരുമുണ്ടായിരുന്നു ഇക്കൂട്ടത്തിൽ. നേരിട്ടും, ഇ മെയിൽ തുടങ്ങിയ സംവിധാനങ്ങളിലൂടെയും നിരന്തരസമ്പർക്കം പുലർത്തിയാണ് കൂടിച്ചേരലിന്റെ പരിപാടികൾക്ക് രൂപം നൽകിയത്. പുറമെ 2014 ഡിസമ്പർ മുതൽ മാസത്തിലൊരു ദിവസം “അവൈലബിൾ ഓർഗനൈസിംഗ് കമ്മറ്റി” യോഗം ചേർന്ന് ക്രമീകരണങ്ങൾ വിലയിരുത്തുകയും ചെയ്യുമായിരുന്നു.

നഗരത്തിൽനിന്ന് പൊക്കുന്നിലെ കോളേജിലെക്കുള്ള ദൂരവും പങ്കെടുക്കേണ്ടവരുടെ ശാരീരിക അവസ്ഥയും പരിഗണിച്ച് ഗുരു കോളേജ് ആദ്യം പ്രവർത്തിച്ച തളി സാമൂതിരി കോളേജ് ഹയർ സെക്കൻഡറി സ്കൂളാണ് സംഗമവേദിയായി തിരഞ്ഞെടുത്തത്. രാവിലെ ഒമ്പതുമണിയോടെ സഹപാഠികൾ എത്തിത്തുടങ്ങി. മുംബൈ, കൊച്ചി എന്നിവിടങ്ങളിലുള്ളവരടക്കം ഈ കൂട്ടായ്മയിലേയ്ക്ക് എത്തിയെന്നത് സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്ന ഒരു വസ്തുതയാണ്. പത്ത്-പത്തരയോടെ റജിസ്റ്റ്രേഷൻ പൂർത്തീകരിച്ചു. ബാച്ചിലെ പഠിതാക്കളായിരുന്ന 43 പേരും കുറെ പേരുടെ ജീവിതപങ്കാളികളും അന്നത്തെ അദ്ധ്യാപകരും, അദ്ധ്യാപകേതര ജീവനക്കാരുമെല്ലാം ചേർന്ന് ഏതാണ്ട് നൂറോളം പേർ സമാഗമത്തിനെത്തി.

കൂട്ടായ്മ സംഘാടക സമിതി കൺവീനർമാരിലൊരാളായ ബി ജി രാഘവൻ ഓരോരുത്തരെയായി പരിചയപ്പെടുത്തി. ഗുരുവായൂരപ്പനിൽ പഠിച്ച് അവിടെത്തന്നെ ജോലിയിൽ പ്രവേശിച്ച് പ്രിൻസിപ്പലായി വിരമിച്ച വി കെ ഹരിദാസിന്റെ ആമുഖഭാഷണത്തിനുശേഷമായിരുന്നു പരിചയപ്പെടുത്തൽ ചടങ്ങ്.

 ഉച്ച പന്ത്രണ്ടുമണിക്ക് മീര നടരാജന്റെ പ്രാർത്ഥനാഗീതത്തോടെ സമാഗമത്തിന്റെ ഔപചാരിക ചടങ്ങുകൾ തുടങ്ങി.  കെ എൻ ഗോപിനാഥന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഡ്വ. ഡി വി നാരായണൻ സ്വാഗതം ആശംസിച്ചു. ദിവംഗതരായ സഹപാഠികൾ, അദ്ധ്യാപകർ എന്നിവരെ അനുസ്മരിച്ച് ഗോപാലൻ കുട്ടി സംസാരിച്ചു, സദസ്സ് ഒരു മിനിറ്റ് മൗനാചരണം നടത്തി. തുടർന്ന് ഗുരുവായുരപ്പൻ കോളേജിൽ നിന്ന് വിരമിച്ച ശ്രീ കെ സി സി രാജ ഭദ്രദീപം കൊളുത്തി ഉൽഘാടനം നിർവ്വഹിച്ചു. കോളേജിലെ ഇപ്പോഴത്തെ പ്രിൻസിപ്പൽ ഡോ. രതി തമ്പാട്ടിയും പ്രൊഫ. ശോഭീന്ദ്രനും ആശംസകൾ നേർന്നു. അന്നത്തെ അദ്ധ്യാപകരായ പ്രൊഫസർമാർ. നന്ദകുമാർ, നാരായണൻകുട്ടി, ഡേവിഡ്, കുഞ്ഞികൃഷ്ണൻ നമ്പ്യാർ, മാധവൻ നായർ എന്നിവരേയും ലാബ് അസിന്റന്റുമാരായ ഉണ്ണി, മാധവൻ എന്നിവരേയും പൊന്നാട അണിയിച്ച് ആദരിച്ചു. 64-66 ബാച്ചിന്റെ വകയായി കോളേജ് ലൈബ്രറിയിലേക്ക് കുറച്ച് പുസ്തകങ്ങൾ മുൻ ലൈബ്രേറിയൻ കൂടിയായ കെ എൻ ഗോപിനാഥൻ പ്രിൻസിപ്പൽ രതി തമ്പാട്ടിയെ ഏൽപ്പിച്ചു.

                (ശ്രി കെ സി സി രാജ ഭദ്രദീപം കൊളുത്തി സമാഗമം ഉൽഘാടനം ചെയ്യുന്നു)


പഴയ കഥകൾ അയവിറക്കി, കൃഷ്ണമോഹൻ ഒരുക്കിയ ചില ഫൺ ഗെയിമുകളിൽ പങ്കെടുത്ത്, വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും കഴിച്ച് ഞങ്ങൾ പിരിഞ്ഞു- അടുത്ത വർഷം കൂടുതൽ വിപുലമായതോതിൽ കൂടിച്ചേരാം എന്ന പ്രതീക്ഷയോടെ.

                                  ( കുറച്ചുപേരുടെ ജീവിതപങ്കാളികൾ  സമാഗമവേളയിൽ)

No comments: