ശ്രീ കെ പി കേശവമേനോന്റെ പ്രഖ്യാതമായ ആത്മകഥയായ "കഴിഞ്ഞ കാലം" ദശാബ്ദങ്ങള്‍ക്ക് ശേഷം വീണ്ടും വായിച്ചപ്പോള്‍ മനസ്സിലുയര്‍ന്ന പല ചിന്തകളില്‍ ഒന്ന് പങ്കുവെക്കട്ടെ.
സ്വാതന്ത്ര്യസമര സേനാനി, മലബാറിലെ കോണ്‍ഗ്രസ്സിന്റെ ആദ്യ സെക്രട്ടറി, കേന്ദ്ര-സംസ്ഥാന തലങ്ങളില്‍ വിവിധ പുരസ്കാരങ്ങള്‍ നേടിയ പ്രഗത്ഭമതി, സിലോണിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ തുടങ്ങി ഒട്ടേറെ വിശേഷണങ്ങള്‍ക്കൊപ്പം “മാതഭൂമി”യുടെ തുടക്കം കുറിച്ചവരില്‍ പ്രമുഖനും സ്ഥാപക പത്രാധിപരുമെന്ന തൂവല്‍ കൂടി അദ്ദേഹത്തിന്റെ തൊപ്പിയിലുണ്ട്. ഏറ്റവും തിളക്കമുള്ള ഒരു പൊന്‍ തൂവല്‍!
മാതൃഭൂമി യുടെ പ്രസിദ്ധീകരണം ആരംഭിക്കാന്‍ നടത്തിയ ശ്രമകരമായ പ്രവര്‍ത്തങ്ങള്‍, പത്രം വിഭാവനം ചെയ്ത നിലപാടുകള്‍, ആദ്യപ്രതിയുടെ മുഖപ്രസംഗത്തിലെ പ്രസക്തഭാഗങ്ങള്‍ എന്നിവയെല്ലാം തന്റെ സ്വതസ്സിദ്ധമായ ലളിതഭാഷയില്‍ അദ്ദേഹം വ്യക്തമാക്കുന്നുണ്ട് തന്റെ ആത്മകഥയില്‍. (കഴിഞ്ഞ കാലം- മാതൃഭൂമി പ്രസിദ്ധീകരണം- ഏഴാം പതിപ്പ്-2009)
അദ്ദേഹം എഴുതുന്നു:
"രാജ്യത്തിന്റെ പൊതുക്ഷേമം മാത്രം ലക്ഷ്യമാക്കി, സത്യത്തെ കൈവിടാതെ, ഒരുതരക്കാരുടേയോ മതക്കാരുടേയോ കാര്യത്തെ നിവര്‍ത്തിക്കുവാനല്ല ഞങ്ങള്‍ പുറപ്പെട്ടിരിക്കുന്നതെന്ന് എപ്പോഴും ഓര്‍മ്മവെച്ച്, സാധാരണാവകാശങ്ങളെ സംബന്ധിച്ചിടത്തോളം എല്ലാ മനുഷ്യരും സമന്മാരാണെന്നുള്ള വിശ്വാസത്തോടെ, സ്വാതന്ത്ര്യവര്‍ധനക്കായി നിര്‍ഭയം പൊരുതുന്നതില്‍ ഞങ്ങള്‍ ഒരിക്കലും പിന്നോക്കം വെക്കുന്നതല്ല" എന്നെഴുതിയ ഭാഗം വായിച്ചപ്പോള്‍ അത് കേരളീയരോട് ചെയ്യുന്ന ഒരു പാവനപ്രതിജ്നയല്ലേ എന്ന് എനിക്ക് തോന്നി....വെറുപ്പോ പക്ഷഭേദമോ ഇല്ലാതെ മാതൃഭൂമി യിലെ വിമര്‍ശനങ്ങള്‍ നിര്‍ഭയവും നിഷ്പക്ഷവുമായിരിക്കേണമെന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. പൊതുജനങ്ങള്‍ അറിയേണ്ട സംഭവങ്ങള്‍ നിറവും തരവും മാറ്റാതെ അവരുടെ മുന്നില്‍ വെക്കണമെന്ന വിചാരവുമുണ്ടായിരുന്നു....സത്യം-സമത്വം-സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം മുഖപ്രസംഗത്തിനു മീതെ കണ്ടിരുന്നത് മാതൃഭൂമി യുടെ ദര്‍ശനങ്ങള്‍ മററുള്ളവരെ അറിയിക്കുവാന്‍ മാത്രമല്ല, പത്രത്തിന്റെ ലക്ഷ്യം എന്താണെന്നു പ്രവര്‍ത്തകന്മാരെ എപ്പോഴും ഓര്‍മ്മപ്പെടുത്തുന്നതിനുകൂടിയായിരുന്നു....ഒരു മര്യാദക്കാരനു പറയുവാന്‍ പാടില്ലാത്തത് ഒരു പത്രത്തില്‍ പ്രസിദ്ധപ്പെടുത്തുവാന്‍ പാടില്ലെന്ന് പ്രശസ്തനായ ഒരു പത്രാധിപര്‍ പറഞ്ഞത് ഞാനോര്‍ക്കുന്നു."(പേജ് 134,135,136)
ഉദ്ധരണികള്‍ നീട്ടുന്നില്ല. സ്ഥാപകപത്രാധിപരുടെ ആശയാഭിലാഷങ്ങള്‍ക്കനുസരിച്ചാണോ മാതൃഭൂമി ഇന്ന് പ്രസിദ്ധീകരിക്കപ്പെടുന്നതെന്ന് നമുക്കു ചിന്തിക്കാം. “സത്യം-സമത്വം-സ്വാതന്ത്ര്യം” എന്ന തലക്കുറിയുടെ വാക്കുകള്‍ക്ക് മുന്നില്‍ "അ" എന്നുകൂടി ചേര്‍ക്കുകയെങ്കിലും ചെയ്യുമോ ഇന്നത്തെ സാരഥികളായ വീരവിരാടകുമാരന്മാര്‍!
1 comment:
നീണ്ട കാലയളവിനുശേഷം ഒരു പോസ്റ്റ് ഇടുന്നു
Post a Comment