ഇതൊരു സത്യസന്ധമായ അനുഭവക്കുറിപ്പാണ്. ഇവിടെ പരാമർശിക്കുന്ന വ്യക്തികൾ ജീവിച്ചിരിക്കുന്നവരാണ്, അവരുടെ യഥാർത്ഥ പേരുകൾ തന്നെയാണ് എഴുതിയിട്ടുള്ളതും. ഈ അനുഭവത്തിന് മറ്റേതെങ്കിലും സമകാലിക സംഭവവുമായി സാമ്യമുണ്ടെന്ന് ആരെങ്കിലും കരുതിയാൽ ഞാൻ ഉത്തരവാദിയല്ല. അതു താനല്ലയോ ഇത് എന്ന വർണ്ണ്യത്തിൽ ആശങ്ക വേണ്ടാ ന്ന് ചുരുക്കം
കോഴിക്കോട്ട് നഗരഹൃദയത്തിൽനിന്ന് 8 കി മി ദൂരത്ത് ചേവരമ്പലം എന്ന പ്രദേശത്താണ് ഞാൻ നേരത്തെ താമസിച്ചിരുന്ന വീട് എന്ന് ചിലർക്കെങ്കിലും അറിയാമല്ലോ. ആറു കൊല്ലം മുമ്പ് 2010 ൽ യാത്രാ സൗകര്യം കണക്കിലെടുത്ത് നഗരത്തിനടുത്തുള്ള ഒരു ഫ്ലാറ്റിലേയ്ക്ക് താമസം മാറ്റിയതാണ്. എങ്കിലും വീടിന്റേയും പുരയിടത്തിന്റേയും കൈവശാവകാശം കൈവിട്ടിട്ടില്ല. അത്യാവശ്യം മാവും, പ്ലാവും, കവുങ്ങും, തെങ്ങും വാഴയുമൊക്കെയായി സസ്യശ്യാമള കോമളമാണ് ചേവരമ്പലത്തെ 25 സെന്റ് പുരയിടം. താമസം മാറ്റിയെങ്കിലും യഥാകാലം നടത്തേണ്ടതായ തേങ്ങയിടീക്കൽ, പറമ്പ് കൊത്തി വൃത്തിയാക്കൽ, വാഴക്കന്നു മാറ്റി കുഴിച്ചിടൽ തുടങ്ങിയ ജോലികളൊക്കെ നടത്താൻ അവിടെ അടുത്തുള്ള ഗോപാലനെയാണ് ഏൽപ്പിക്കാറുള്ളത്. കക്ഷി ആളൊരു മിടുക്കനാണ് തെങ്ങുകയറ്റം ഒഴികെയുള്ള എല്ലാ ജോലികളും അയാൾ തന്നെ ചെയ്യും. (ഗോപാലൻ ശങ്കരനല്ലാത്തതിനാൽ തെങ്ങിൽ കയറാറില്ല, അതിനു വേറെ ആളെ ഏർപ്പാടാക്കിത്തരികയാണ് പതിവ്.). ഒറ്റ പ്രശ്നമേയുള്ളൂ. കൂടെ നിന്ന് പണിയെടുപ്പിച്ചില്ലെങ്കിൽ നമുക്ക് പണിയാവും. പക്ഷെ ഇപ്പോൾ കൂടെ നീന്ന് മേൽനോട്ടത്തിന് കഴിയില്ലല്ലോ
ഇക്കൊല്ലവും പതിവുപോലെ പറമ്പു കിളച്ചു വൃത്തിയാക്കുക, തെങ്ങുകളുടെ തടം തുറക്കുക തുടങ്ങിയ കാര്യങ്ങൾ നടത്താൻ ഒരു മാസം മുമ്പ് ഗോപാലനെ വിളിച്ചു പറഞ്ഞു. ഇപ്പോൾ കാര്യങ്ങളെല്ലാം ഓൺ ലൈനിൽ ഫോണിലൂടെയാണ് ഏൽപ്പിക്കുക പതിവ്. എല്ലാം ചെയ്യാമെന്നു പറഞ്ഞ അയാൾ മറ്റൊരു കാര്യം കൂടി ഓർമ്മിപ്പിച്ചു.
നമ്മടെ മാവിന്റെയൊക്കെ മോളില് കുറച്ച് ഇത്തിക്കണ്ണി വളരുന്നുണ്ട്. അതൊക്കെ ഒന്ന് വെട്ടിക്കളഞ്ഞാൽ മാവിനു നല്ലതാ
ശരിയാണ്. ഇത്തിക്കണ്ണിയുടെ ശല്യം കൂടുന്നുണ്ട്. അതോണ്ട് അതൊക്കെ വെട്ടിക്കളയുന്നത് മാവിന്റെ രക്ഷയ്ക്ക് നല്ലതുതന്നെ. . അതും ചെയ്യാൻ ഏൽപ്പിച്ചു. പണിയൊക്കെ കഴിഞ്ഞ് കൂലി വേലായുധേട്ടന്റെ വീട്ടിൽ ചെന്ന് വാങ്ങിയാൽ മതി എന്നും പറഞ്ഞു.
അതാണ് പതിവ്. വേലായുധേട്ടൻ അവിടെ അയൽവാസിയാണ്. എന്റെ മുൻസഹപ്രവർത്തകൻ. പി എ വി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന പി എ വേലായുധൻ. ശാസ്ത്ര സാഹിത്യ പരിഷത്ത്, ലൈബ്രറി കൗൺസിൽ തുടങ്ങിയവയുടെ സജീവ പ്രവർത്തകനും സാമൂഹ്യ കാര്യങ്ങൾക്കായി സമർപ്പിത ജീവിതം നയിക്കുന്ന ആളുമാണ്. എന്റെ അവിടുത്തെ ബാങ്കറാണ് പി എ വി. മാസത്തിലൊരിക്കൽ അവിടെ പോയി കണക്കു തീർക്കും.
വൈകുന്നേരം ഗോപാലൻ വിളിച്ചു.
"ഇത്തിക്കണ്ണിയൊക്കെ വെട്ടിക്കളഞ്ഞു. മാവ് വൃത്തിയാക്കി. ഇനി ആ ശല്യം ഉണ്ടാവില്ല. കൂലി വേലായുധേട്ടന്റെ വീട്ടീന്ന് വാങ്ങീട്ട്ണ്ട്"
സന്തോഷം
മാസം ഒന്നു കഴിഞ്ഞ് ഇന്നലെയാണ് ആ വഴി പോകാനായത്. പി എ വിക്ക് കാശു കൊടുക്കണം. ഇത്തിക്കണ്ണി പോക്കിയ മാവും കാണണം
പോയി, കണ്ടു….. ഹെന്റെ ഗോപാലാ… ഇത്തിരി ഇത്തിക്കണ്ണി കളയാനായി ആശാൻ ചെയ്തുവെച്ച ചെയ്ത്തു കണ്ട് കണ്ണു നിറഞ്ഞു. പടർന്നു പന്തലിച്ചു നിന്നിരുന്ന മാവിന്റെ ശിഖരങ്ങളെല്ലാം വെട്ടിവെളുപ്പിച്ചിരിക്കുന്നു. ബാക്കിയുള്ളത് രണ്ടോ മൂന്നോ ശാഖകൾ മാത്രം.
നടന്നു, ഗോപാലന്റെ വീട്ടിലേയ്ക്ക്
"എന്താ ഗോപാലാ ഈ ചെയ്തു വെച്ചത് ? ഇത്തിക്കണ്ണി കളയാനായി മാവിന്റെ കൊമ്പു മുഴുവൻ വെട്ടിക്കളഞ്ഞത് എന്തിനാ ??"
"അത് ങ്ങക്ക് അറിയാഞ്ഞിട്ടാ. ഇത്തിക്കണ്ണി മാത്രം വെട്ടിക്കളഞ്ഞാ അതു പിന്നേം വളരും. ആ കൊമ്പൊക്കെ വെട്ടിക്കളഞ്ഞാപ്പിന്നെ ആ പേടി വേണ്ട. ങ്ങള് പേടിക്കേണ്ട കാര്യല്ല. ഒന്നോ രണ്ടോ കൊല്ലം കൊണ്ട് മാവ് നല്ലോണം തളിർത്ത് വരും നല്ല മാങ്ങേം കിട്ടും"
.
മാങ്ങ… തേങ്ങയാണ് , മനസ്സിൽ കരുതി.
കോവാലൻ ഈ പണി ചെയ്തതിന്റെ ഗുട്ടൻസ് എനിയ്ക്ക് പിടി കിട്ടി. വെട്ടിയൊഴിവാക്കിയ മാവിൻ കൊമ്പൊക്കെ ഗോപാലന്റെ വീട്ടിലേയ്ക്കുള്ള വിറകായി കൊണ്ടു പോയിരിക്കുന്നു. എലിയെ കൊല്ലാൻ ഇല്ലം ചുടുക എന്നൊക്കെ പറയുന്ന പോലെ ഇത്തിക്കണ്ണി ഒഴിവാക്കാൻ മാക്കൊമ്പാകെ വെട്ടിക്കളയുന്ന രീതി.
എന്നാലും ഗോപാലാ, എന്നോടിതു വേണ്ടായിരുന്നു.
മാങ്ങ… തേങ്ങയാണ് , മനസ്സിൽ കരുതി.
കോവാലൻ ഈ പണി ചെയ്തതിന്റെ ഗുട്ടൻസ് എനിയ്ക്ക് പിടി കിട്ടി. വെട്ടിയൊഴിവാക്കിയ മാവിൻ കൊമ്പൊക്കെ ഗോപാലന്റെ വീട്ടിലേയ്ക്കുള്ള വിറകായി കൊണ്ടു പോയിരിക്കുന്നു. എലിയെ കൊല്ലാൻ ഇല്ലം ചുടുക എന്നൊക്കെ പറയുന്ന പോലെ ഇത്തിക്കണ്ണി ഒഴിവാക്കാൻ മാക്കൊമ്പാകെ വെട്ടിക്കളയുന്ന രീതി.
എന്നാലും ഗോപാലാ, എന്നോടിതു വേണ്ടായിരുന്നു.
(ഇത്തിക്കണ്ണി നിർമ്മാർജ്ജനത്തിനു മുൻപും ശേഷവുമുള്ള മാവാണ് ഫോട്ടോവിലുള്ളത്)