Monday, August 3, 2015

ഹൃദ്യം ഈ വായനാനുഭവം

"There are many books we read and throw away.There are others we wish to keep and savour again and again"





There are many books we read and throw away.
There are others we wish to keep and savour again and again"

ഡോ. വല്ലത്ത്  ബാലകൃഷ്ണന്റെ  ആത്മകഥാപരമായ ലേഖനങ്ങൾ അടങ്ങിയ                     A Passion Named Life എന്ന പുസ്തകത്തിലെ രണ്ടു വാക്യങ്ങളാണ് മുകളിൽ എടുത്തെഴുതിയത്.  ലേഖകൻ അമേരിക്കയിലെ പ്രശസ്തമായ മേയോ ക്ലിനിക്ക് സന്ദർശിച്ചതും അവിടെനിന്ന്  “ദ് ഡോക്ടേർസ് മേയോ “എന്ന  പുസ്തകം കരസ്ഥമാക്കാൻ ഇടയായതും വിശദീകരിക്കുന്ന ലേഖനത്തിന്റെ തുടക്കമാണിത്.  ഡോ ബാലകൃഷ്ണന്റെ A Passion Named Life എന്ന പുസ്തകത്തിനും രണ്ടാമത്തെ വാക്യം തികച്ച്ചും അനുയോജ്യമാണ് എന്ന് എനിക്കു തോന്നുന്നു.

ഡോ. വല്ലത്ത് ബാലകൃഷ്ണൻ ഇന്ത്യയിലെ പ്രശസ്തരായ ഗാസ്റ്റ്രോ എന്ററോളജിസ്റ്റുകളിലൊരാളാണ്. പതിറ്റാണ്ടുകളോളം ആഗ്നേയഗ്രന്ധി സംബന്ധിച്ച (Pancriatology) പഠന ഗവേഷണങ്ങൾ നടത്തിവരുന്ന ഇദ്ദേഹം ആതുരസേവനരംഗത്തും അദ്ധ്യാപനരംഗത്തും തന്റെ പ്രാഗത്ഭ്യം തെളിയിച്ചയാളുമാണ്. ഇന്ത്യയിൽ ഗാസ്റ്റോ എന്ററോളജിയിൽ ഡി എം  ബിരുദം കരസ്ഥമാക്കിയ ആദ്യത്തെ രണ്ടുപേരിലൊരാൾ, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗാസ്റ്ററോ യൂനിറ്റിന്റെ സ്ഥാപകൻ തുടങ്ങി ഒട്ടേറെ വിശേഷണങ്ങൾക്ക് ഉടമയായ ഡോ വല്ലത്ത് ബാലകൃഷ്ണൻ  നിരവധി  പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.  ഡോ. ബി സി റോയ് നാഷനൽ അവാർഡ്,   Lifetime Achievement Award of the Indian Society of Gastroenterology, Lifetime Achievement Award of the Association of Physicians of India (Kerala chapter), Dr P N Chuttani Memorial Award of the National Academy of Medical Sciences, Dr P N Chuttani Oration Award of the Indian Society of Gastroenterology, Warner Oration Award of the Indian Society of Gastroenterology ഏറ്റവും നല്ല ഭിഷഗ്വരനുള്ള കേരള സംസ്ഥാന അവാർഡ് എന്നിവ അവയിൽ ചിലതു മാത്രം. വിദേശങ്ങളിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുമുള്ള നിരവധി  മെഡിക്കൽ സർവ്വകലാശാലകളിൽ ഇദ്ദേഹം  പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും പ്രഭാഷണം നടത്തുകയും ചെയ്തിട്ടുണ്ട് എന്ന കാര്യവും സ്മരണീയമാണ്.

1989ൽ കേരള സർക്കാർ മെഡിക്കൽ സർവീസിൽനിന്ന് സ്വയം വിരമിച്ചതിനുശേഷവും കൊച്ചിയിലെ സുധീന്ദ്ര മെഡിക്കൽ മിഷൻ ആശുപത്രിയിൽ ഡോ ബാലകൃഷ്ണൻ കുറച്ചുകാലം സേവനമനുഷ്ഠിച്ചു. തുടർന്ന് 2001 മുതൽ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ വകുപ്പു മേധാവിയായി സേവനം തുടരുന്നു. ആതുരശുശ്രൂഷയോടൊപ്പം തന്റെ പഠന- ഗവേഷണപരിപാടികളും അദ്ദേഹം മുന്നോട്ടു കൊണ്ടുപോകുന്നു.

ആത്മകഥാപരമായ 40 ലേഖനങ്ങളാണ്  പുസ്തകത്തിലെ ഉള്ളടക്കമെങ്കിലും  അതതുകാലത്തെ സാമൂഹികവും, ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ കാര്യങ്ങളോട് ഇഴചേർത്താണ് അവ രചിക്കപ്പെട്ടിരിക്കുന്നത്. ലളിതവും പ്രൗഢവുമായ ശൈലി. വായനക്കാരിൽ ആകാംക്ഷ ജനിപ്പിക്കാനുതകുന്ന രചനാരീതി. ഡോ ബാലകൃഷ്ണന്റെ തൂലിക ചലിക്കുന്നത് ഈ വഴിയാണ്. പുസ്തകത്തിലെ ആദ്യ അദ്ധ്യായമായ  “മരണത്തോടു മുഖാമുഖം” ആരംഭിക്കുന്നത് നോക്കൂ.

“ അതൊരു ചൊവ്വാഴ്ച്ച രാവിലെയായിരുന്നു. 2001 ഡിസമ്പർ 11.ആ ദിവസം ഞാനൊരിക്കലും മറക്കില്ല. അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ഞാൻ ജോലിയിൽ പ്രവേശിച്ചിട്ട് ആറു മാസമാകുന്നു. ഇപ്പോൾ ഹൃദ്രോഗസംബന്ധമായ ചികിത്സക്കായി കത്തീറ്ററൈസേഷൻ ലാബിലേക്ക് എന്നെ മാറ്റുകയാണ്. മയക്കം വരാനുള്ള മരുന്നുകൾ തന്നിട്ടുണ്ടാവാമെങ്കിലും എന്താണ് സംഭവിക്കുന്നതെന്നത് ഞാൻ പൂർണ്ണമായും അറിയുന്നുണ്ടായിരുന്നു.”

വായനക്കാരിൽ ഉദ്വേഗം നിലനിർത്തി തുടർവായനക്ക് പ്രേരിപ്പിക്കുന്ന ആരംഭം. സമാനമായ സാഹചര്യങ്ങളിലൂടെ ഒന്നിലധികം തവണ നേരത്തെ കടന്നുപോയ അനുഭവം പങ്കുവെച്ച്  ചികിത്സാസംബന്ധമായ കാര്യങ്ങൾ വിശദീകരിച്ച്  അദ്ദേഹം എഴുത്ത് തുടരുന്നു. രണ്ട്  മുതൽ അഞ്ചുവരെയുള്ള അദ്ധ്യായങ്ങളിൽ തന്റെ ജന്മഗേഹം സ്ഥിതിചെയ്യുന്ന  തൃശൂർ നഗരം, വീട്, അന്നത്തെ കൂട്ടുകുടുംബം  എന്നീ കാര്യങ്ങളാണുള്ളത്. 1930-40 കളിലെ തൃശൂരിനെക്കുറിച്ച് ഒരു നഖചിത്രം വരച്ചിടുമ്പോൾ അന്നത്തെ നഗരത്തിന്റെ യഥാതഥചിത്രം വായനക്കാർക്കു നൽകുവാൻ അദ്ദേഹം ശ്രദ്ധിച്ചിരിക്കുന്നു. ചരിത്രപരവും ഭൂമിശാസ്ത്രപരവും സാമൂഹികപരവുമായ വിശദാംശങ്ങളടക്കം ഇവിടെു ഉൾക്കൊള്ളിച്ചിരിക്കുന്നു. തുടർന്നുള്ള അദ്ധ്യായങ്ങളിൽ മാതാപിതാക്കൾ, മാതൃസഹോദരി ദേവുചേച്ചി എന്നിവരെക്കുറിച്ചുള്ള ഹൃദയഹാരിയായ വിവരണം. കൗമാരകാലത്ത് വിടാതെ പിടികൂടിയുരുന്ന ശ്വാസകോശ അസുഖങ്ങൾമൂലം ഒരു കൊല്ലം സ്കൂളിൽ പോകാനാവാതെ വീട്ടിൽ വിശ്രമിക്കേണ്ടിവന്ന അനുഭവമുണ്ടായി കൊച്ചു ബാലകൃഷ്ണന്. എന്നാൽ ആ കാലം വായനക്കും സാഹിത്യസംബന്ധമായ എഴുത്തിനും ഉപയോഗപ്പെടുത്തുകയാണ് ഉണ്ടായത്. കുട്ടികളുടെ കൂട്ടായ്മയായ ബാലജന സംഘം രൂപീകരിച്ചതും പരിമിതികളെ ശക്തിയായി മാറ്റിയെടുക്കാൻ ശ്രമിച്ചതും ഇക്കാലത്തുതന്നെ. സംഘത്തിന്റെ നേതൃത്വത്തിൽ ഒരു കൈയ്യെഴുത്ത് മാസിക പ്രസിദ്ധീകരിച്ചതും നാടകങ്ങൾ അരങ്ങേറിയതുമെല്ലാം വിശദമായി പ്രതിപാദിക്കുന്നുണ്ട്. വല്ലത്ത് വീട്ടിലെ ബാലജനസംഘം കേവലം ഒരു “കുട്ടിക്കളി” ആയിരുന്നില്ല. അന്താരാഷ്ടകാര്യങ്ങളടക്കം ചർച്ച ചെയ്യുകയും അഭിപ്രായരൂപീകരണം നടത്തുകയും ചെയ്തിരുന്ന സംഘം 1948ൽ സുക്കാർണോവിന്റെ നേതൃത്വത്തിൽ നടന്നിരുന്ന ഇന്തോനേഷ്യൻ സ്വാതന്ത്യപ്പോരാട്ടത്തിനു പിന്തുണ നൽകാൻ കേന്ദ്രസർക്കാറിനോട് അഭ്യർത്ഥിക്കുന്ന പ്രമേയം പാസ്സാക്കുകയും അത് പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹറുവിന് അയച്ചുകൊടുക്കുകയും ചെയ്തു! അത്ഭുതപ്പെടേണ്ട, ആ കത്ത്  കൈപ്പറ്റിയെന്ന മറുപടി പ്രധാനമന്ത്രിയുടെ ആഫീസിൽ നിന്ന് സംഘം പ്രസിഡന്റായ ബാലകൃഷ്ണനു ലഭിക്കുകയും ചെയ്തു.

ബാലജന സംഘത്തിന്റെ പ്രവർത്തനങ്ങൾക്കു മുൻകൈയ്യെടുത്ത ഈ കൂട്ടായ്മ പിന്നീട് ചരിത്രത്തിൽ ഇടം പിടിച്ച മറ്റൊരു വലിയ സംരംഭത്തിലേക്കും വളർന്നു. മലയാളത്തിലെ ആദ്യത്തെ റിയലിസ്റ്റിക് സിനിമയായ ന്യൂസ് പേപ്പർ ബോയ് അഭ്രപാളികളിലെത്തിക്കാൻ പ്രവർത്തിച്ചവരുടെ മുൻനിരയിൽ സംവിധായകൻ പി രാമദാസിനോടൊപ്പം (1933–2014) ബാലകൃഷ്ണനും അനുജൻ നരേന്ദ്രനുമുണ്ടായിരുന്നു. നരേന്ദ്രൻ ബാലതാരമായി വേഷമിടുകയും ചെയ്തു ആ സിനിമയിൽ. ആ സിനിമാ നിർമ്മാണവുമായി ബന്ധപ്പെട്ട ഓർമ്മകളും ഡോക്ടർ നമ്മോട് പങ്കുവെക്കുന്നുണ്ട്, വിശദമായിത്തന്നെ.

വൈദ്യശാസ്ത്ര പഠനകാല അനുഭവങ്ങൾ, വിവാഹം, വിവാഹാനന്തരം നടത്തേണ്ടിവന്ന സൈനികസേവനം, താൻ അടുത്തറിഞ്ഞ വിവിധ വ്യക്തികൾ, വിദേശ രാജ്യങ്ങളിലെ അനുഭവങ്ങൾ എന്നിവയുടെയെല്ലാം മനോഹര വാങ്‌മയചിത്രങ്ങളുണ്ട് തുടർന്നുള്ള അദ്ധ്യായങ്ങളിൽ. മോസ്കോവിലെ ഒരു ഹോട്ടലിൽ ലിഫ്ട്ടിൽ വെച്ച് അമിതാഭ് ബച്ചനെ കണ്ടുമുട്ടിയതുപോലുള്ള അനുഭവങ്ങളുടെ രസകരമായ കൊച്ചു കുറിപ്പുകളും ഇടക്കിടെയുണ്ട്. ഫിറോസ്‌പൂരിലെ സൈനിക ആശുപത്രിയിൽ നടന്ന കലാപരിപാടികളുടെ ഭാഗമായി പരമ്പരാഗത രീതിയിൽ കേരളീയ വിവാഹം രംഗത്തവതരിപ്പിച്ചതും അതിന് ഒന്നാം സമ്മാനം ലഭിച്ചതുമൊക്കെ വായിക്കുമ്പോൾ ഡോക്ടറുടെ സംഘാടനമികവിനു മുന്നിൽ നമിച്ചുപോകും. 

The Making of a Physician  എന്ന ഖണ്ഡം ചെറുതെങ്കിലും എല്ലാ ഡോക്ടർമാരും സസൂക്ഷ്മം വായിക്കേണ്ടതും സ്വജീവിതത്തിൽ പ്രാവർത്തികമാക്കേണ്ട മൂല്യങ്ങൾ ഉള്ളതുമായ ഒന്നാണ്. തുടർന്നു വരുന്ന  ഡോ കെ എൻ പൈ എന്ന വലിയ മനുഷ്യനെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പും ഹൃദയഹാരിതന്നെ.

ഈ പുസ്തകത്തിലെ ഏറ്റവും ഹൃദയസ്പർശിയായ ഭാഗം ഏതെന്നു ചോദിച്ചാൽ രണ്ടാമതൊന്ന് ആലോചിക്കാതെ  ഏതു വായനക്കാരനും പറയുക ഇരുപതാമത്തെ ഖണ്ഡമായ എന്റെ ജീവിതത്തിലെ ഏറ്റവും ദുഖഃസാന്ദ്രമായ ദിവസം (The Saddest day in my life) ആയിരിക്കുമെന്ന് എനിക്ക് തോന്നുന്നു. ഏതായാലും എന്റെ മനസ്സിൽത്തട്ടിയ, കണ്ണുകൾ ജലാർദ്രമാക്കിയ . അദ്ധ്യായമായിരുന്നു അത്. ഡോ. ബാലകൃഷ്ണൻ ഫ്രാൻസിൽ ഔദ്യോഗികമായ ഒരു പഠന പരിപാടിക്ക് പോയ സന്ദർഭത്തിലായിരുന്നു  അച്ഛന്റെ അന്ത്യം.കടുത്ത ആസ്മയുള്ള അച്ഛന്റെ രോഗാവസ്ഥ മോശമായ സാഹചര്യത്തിൽ ഫ്രാൻസിലേക്കുള്ള യാത്ര ഒഴിവാക്കാമെന്നായിരുന്നൂ ഡോക്ടർ ആദ്യം തീരുമാനിച്ചത്. എന്നാൽ യാത്ര ഒഴിവാക്കേണ്ടതില്ലെന്ന അച്ഛനടക്കമുള്ളവരുടെ അഭിപ്രായം കണക്കിലെടുക്കുകയും  അത്യാവശ്യം വരികയാണെങ്കിൽ വിദഗ്ധ ചികിത്സക്കുള്ള ഏർപ്പാടുകൾ നടത്തുകയും ചെയ്തശേഷമാണ് ഡോക്ടർ പോയത്. യാത്രക്കിറങ്ങുമ്പോൾ പതിവില്ലാത്തവിധം പുറത്തുതട്ടി  അച്ഛൻ യാത്രയാക്കിയതും അദ്ദേഹം ഓർക്കുന്നു. ഇന്നത്തെപ്പോലെ ടെലിഫോൺ സൗകര്യമൊന്നും വികസിച്ചിട്ടില്ലാതിരുന്ന മൂന്നു പതിറ്റാണ്ടു മുമ്പ്, 1985ൽ മണിക്കൂറുകളുടെ കാത്തിരിപ്പിനുശേഷം നാട്ടിൽ ബന്ധപ്പെട്ടു, ഉടൻ തിരിക്കാൻ തയ്യാറെടുക്കുകയാണെന്ന് അറിയിച്ചപ്പോൾ “ഇപ്പോൾ ഇങ്ങോട്ട് വരാനുള്ള തീരുമാനം അച്ഛൻ അംഗീകരിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ,  അവിടത്തെ ജോലികൾ പൂർത്തിയാക്കിയശേഷം മാത്രം മടങ്ങിയാൽ മതി” എന്നായിരുന്നു അമ്മയുടെ മറുപടി. വാക്കുകളിൽ ഡോ ബാലകൃഷ്ണൻ വരച്ചിടുന്ന ചിത്രം മനസ്സിൽനിന്ന് മായില്ല.

ഡോക്ടർ ബാലകൃഷ്ണൻ കവിതയിലും കൃതഹസ്തനാണ്. മലയാളത്തിലും ഇംഗ്ലീഷിലും കവിതയെഴുതാനുള്ള അദ്ദേഹത്തിന്റെ കഴിവിനു നിദർശനമായി രണ്ടു കവിതകളും ഈ പുസ്തകത്തിലുണ്ട്. മലയാളത്തിലെഴുതി ഡോക്ടർ തന്നെ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയവയാണവ. പതിറ്റാണ്ടുകൾ പഴക്കമുള്ള ധാരാളം ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോകളും ചില കാരിക്കേച്ചറുകളും പുസ്തകത്തിന്റെ കമനീയത വർദ്ധിപ്പിക്കുന്നു. ഡോക്ടർ എം എസ് വല്ല്യത്താൻ എഴുതിയ പ്രൗഡഗംഭീരമായ മുഖവുര, കമനീയമായ അച്ചടി, ലേ ഔട്ട് എന്നിവയും എടുത്തുപറയേണ്ടവ തന്നെ.

പ്രസാധനം: ഫോളിയോ, തിരുവനന്തപുരം
പേജ്  260, വില 300 രൂപ.




ഈ പുസ്തകത്തിനു പുറമെ വൈദ്യശാസ്ത്രസംബന്ധമായും അല്ലാതേയും ആറു പുസ്തകങ്ങൾ കൂടി ഡോ. ബാലകൃഷ്ണന്റേതായി പ്രസിദ്ധീകൃതമായിട്ടുണ്ട്.


പിൻകുറിപ്പുകൾ
1. ഡോ. വല്ലത്ത് ബാലകൃഷ്ണനെക്കുറിച്ചും അദ്ദേഹത്തിന്റെ കൃതികളെക്കുറിച്ചും കൂടുതൽ അറിയാൻ അദ്ദേഹത്തിന്റെ വെബ് സൈറ്റ് സന്ദർശിക്കുക.  ഇതു വഴിയും അവിടെയെത്താം.

2. ഡോ. ബാലകൃഷ്ണന്റെ Fire in My Belly എന്ന കൃതി "ജഠരാഗ്നി ജ്വാലകൾ" എന്ന പേരിൽ കേരളശബ്ദം വാരികയിൽ 2015 ജൂലായ് മാസം 19 മുതൽ ഖണ്ഡശ പ്രസിദ്ധീകരിച്ചുവരുന്നുണ്ട്. മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തുന്നത് ഡോ ബി ഉമാദത്തൻ.