ഈയിടെയായി നമ്മുടെ കുട്ടികള്‍- പലപ്പോഴും "വലിയ കുട്ടികളും", ചിലപ്പോഴെങ്കിലും "വലിയ വലിയ കുട്ടികളും"- ധാരാളമായി ഉപയോഗിയ്ക്കുന്ന ഒരു വാക്കാണ് "കുഴപ്പമില്ല" എന്നത്.
" എങ്ങിനെയുണ്ടായിരുന്നൂ പരീക്ഷ" എന്നു ചോദിച്ചാല്‍ ഉടനെ വരും മറുപടി: കുഴപ്പമില്ല.
"ഇന്നലെ കണ്ട സിനിമ എങ്ങനെ" എന്നാണ് ചോദ്യമെങ്കിലും കുഴപ്പമില്ല എന്ന മറുപടി കിട്ടും.
പരീക്ഷ ഒരുവിധം നന്നായി എഴുതി, സിനിമ കണ്ടിരിക്കാം എന്നൊക്കെയാവും "കുഴപ്പമില്ല" എന്ന വാക്കുകൊണ്ട് അവര്‍ ഉദ്ദേശിക്കുന്നത്. വാസ്തവത്തില്‍ "നോ പ്രോബ്ലം", "ഇറ്റ് ഡസിന്റ് മാറ്റര്‍" എന്നൊക്കെ അര്‍ത്ഥം കൊടുക്കാവുന്ന "കുഴപ്പമില്ല" ആണ് ഇവിടെ ഉപയോഗിക്കുന്നത് അല്ല, അതുകൊണ്ടൊന്നും ഒരു കുഴപ്പവും ഇല്ലതാനും.
പറഞ്ഞുവരുന്നത് പുതിയ പ്രയോഗങ്ങളെക്കുറിച്ചാണ്. കുറച്ചേറെ കാലമായി കേള്‍ക്കുന്ന ഒരു പ്രയോഗമാണ് "അടിപൊളി". ഗംഭീരം എന്ന അര്‍ത്ഥത്തിലാണ് പ്രയോഗം. "ഹോ ഗാനമേള അടിപൊളി ആയിരുന്നു ഭായ്, വരാതിരുന്നത് കഷ്ടമായി" എന്നൊക്കെ പറഞ്ഞ് നമ്മുടെ നഷ്ടബോധം കൂട്ടുന്നവരുണ്ട്. വാസ്തവത്തില്‍ അടി എന്നാല്‍ തല്ലുമാകാം, അപ്പോള്‍ അടിപൊളി തല്ലിപ്പൊളി ആകില്ലേ? ഈ കാലത്ത് ഇങ്ങനെ പറയുന്നവനാണ് തല്ലിപ്പൊളി ആകുക. "ഭയങ്കരം" എന്ന "ഭയത്തെ അങ്കുരിപ്പിക്കുന്ന" എന്ന അര്‍ത്ഥമുള്ള വാക്ക് അഴീക്കോട് മാഷിനുപോലും മറ്റൊരര്‍ത്ഥത്തില്‍ പ്രയോഗിക്കേണ്ടിവന്ന കാലമാണിത്! പ്രയോഗസാധുതാപ്രമാണം അനുസരിച്ച് ഭയങ്കരം അതിമനോഹരമാകുന്നു. "ഭയങ്കര ഭംഗി" ധാരാളം കേള്‍ക്കുന്ന പ്രയോഗവുമാകുന്നു.
ഇപ്പോഴത്തെ ലേറ്റസ്റ്റ് പ്രയോഗം "പണി"യാണ്. "അവനിട്ടൊരു പണി ഞാന്‍ കൊടുക്കും" എന്നാണ് പറയുക. അവനൊരു ജോലി കൊടുക്കും എന്നല്ല, അവനെ ഞാനൊന്നു കുടുക്കും എന്നാണ് ഉദ്ദേശിക്കുന്നത് !. ഏറ്റവും അവസാനം കേള്‍ക്കുന്നത "എട്ടിന്റെ പണി"യെക്കുറിച്ചാണ്. "പണിയുടെ" സുപ്പര്‍ലേറ്റീവ് ഡിഗ്രി എന്നാണ് അര്‍ത്ഥമെന്ന് ഊഹിക്കുന്നു. അറിവുള്ളവര്‍ എന്നെ ബോധവല്‍ക്കരിക്കുമല്ലോ.
ഇല്ലെങ്കിലും കുഴപ്പമില്ല !!