രാവിലെ കുളിച്ച് കുറിയിട്ട് (ഓ ചുമ്മാ.. കുറിയൊന്നും ഇട്ടില്ലെന്നേ.. ശൈലീഭംഗിയ്ക്കായി എഴുതിയെന്നേയുള്ളൂ) പുറത്തോട്ട് ഇറങ്ങാന്‍ തുടങ്ങുകയായിരുന്നു. മലയാളവും, കലാകൗമുദിയുമൊക്കെ വാങ്ങിക്കണം. പിന്നെ ആരെയെങ്കിലും കണ്ടാല്‍ കുറച്ചു വാചകമടിയ്ക്കാം എന്നൊക്കെയായിരുന്നൂ വിചാരം.
അപ്പോഴാണ് പെണ്ണുമ്പിള്ള പറയുന്നത് "ദേ പുട്ടിന്റെ പൊടി തീര്ന്നു കെട്ടോ. അഞ്ചു കിലോ പച്ചരി വാങ്ങ്യേച്ച് വരണം പൊടിപ്പിയ്ക്കാന്‍."
ഓ വാങ്ങിച്ചോളാമേ എന്നും പറഞ്ഞ് ഇറങ്ങി.
നമ്മുടെ കാര്യങ്ങളൊക്കെ ഒരുവിധം തീര്ത്തു. ഇനി പച്ചരി വാങ്ങണം. കാര്യം പറഞ്ഞപ്പോ നുമ്മടെ ചങ്ങാതി പറഞ്ഞു "ഇയ്യാള് ആ റേഷന്‍ കടേലൊന്നു കേറി ചോദിച്ചേ. ഇക്കുറി വന്ന പച്ചരി നല്ലതാ. മാര്ക്കറ്റില്‍ 20 രൂപയുടെ സാധനമാ. വില കുറച്ചു കിട്ടും"
നമ്മളും ഒരു റേഷന്‍ കാര്‍ഡ് ഉടമയാണല്ലോ. ഒരു 15 കൊല്ലമായി ആ വഴിയ്ക്ക് പോകാറില്ലെന്നേയുള്ളു. ഇനി ഇപ്പൊ അതു വഴിയൊന്നു പോയി നോക്കാമെന്നു കരുതി. വീട്ടീ പോയി കാര്‍ഡുമെടുത്ത് പോയി.
പച്ചരി സ്റ്റോക്കുണ്ടോ.
ഉണ്ടല്ലോ, എത്ര വേണം
ഒരു അഞ്ചു കിലോ കിട്ടിയാല്‍ കൊള്ളാം.
ശരി
എത്രയാ വില?
പത്തു രൂപ
അമ്പതിന്റെ നോട്ടെടുത്തു കൊടുത്തു
സാറേ ഒരു പത്തു രൂപ ചെയ്ഞ്ച് ഉണ്ടാകില്ലേ?
ഉണ്ടാക്കാമെന്നു പറഞ്ഞ് പത്തു റൂഭാ നോട്ടു എടുത്തു കൊടുത്തു. അങ്ങേര് അമ്പതിന്റെ നോട്ട് തിരികെ തന്ന് പറഞ്ഞു: അഞ്ചു കിലോയുടെ വിലയാ പത്തു രൂപ.
എന്റെ ഈശോയേ, കഴിഞ്ഞ തവണ കിലോക്ക് 21 രൂപ വെച്ച് വാങ്ങിയ പച്ചരിയ്ക്ക് രണ്ടു രൂപയേയ്. കൊള്ളാമല്ലോ നമ്മുടെ സര്ക്കാര്‍.
വീട്ടിലെത്തി പെണ്ണുമ്പിള്ളയോട് ചോദിച്ചു അരി എങ്ങിനെയുണ്ട്?
നല്ല പച്ചരി. ഏത് കടേന്നാ വാങ്ങിയത്?
കഥ മുഴുവന്‍ പറഞ്ഞു. അപ്പോള്‍ അവളു ചോദിക്കുവാ എന്നാപിന്നെ നിങ്ങക്ക് ഒരു പത്തു കിലോ വാങ്ങിക്കൂടായിരുന്നോ എന്ന്!