Sunday, December 28, 2008
നവവത്സര ആശംസകളോടൊപ്പം ജാനകിയേടത്തിയുടെ കവിതയും
(ശ്രീമതി വി എന്‍ ജാനകി എന്റെ സഹപ്രവര്‍ത്തകയായിരുന്നു.അതിലുമുപരി എനിയ്ക്കു സഹോദരീതുല്യയും. പത്തുനാല്‍പ്പതു വര്‍ഷമായി കവിതയെ ഉപാസിച്ചു കഴിയുന്നുവെങ്കിലും നീലക്കുറിഞ്ഞി പൂക്കുന്നതുപോലെ ദീര്‍ഘകാല ഇടവേളക്കുശേഷം മാത്രമേ ഒരു കവിത പുറത്തുവരൂ.അങ്ങിനെ ലഭിച്ച ഒരെണ്ണം ഇവിടെ പോസ്റ്റുചെയ്യുന്നു. കവയിത്രി തന്നെ ആലപിച്ചത് പോസ്റ്റ് ചെയ്യാന്‍ ആഗ്രഹിച്ചെങ്കിലും അവരുടെ വിസമ്മതം തടസ്സമായി. അതുകൊണ്ട് സ്വയം ശ്രമിക്കുന്നു)
ആഡിയോ അപ് ലോഡറുകള്‍ ഒന്നും വഴങ്ങുന്നില്ല. അതിനാല്‍ വളഞ്ഞു മൂക്കു പിടിക്കേണ്ടി വന്നു.
ആരെങ്കിലും സഹായിച്ചാല്‍ പെരുത്ത് ഉപകാരം.
സമാഗമം വി എന്‍ ജാനകി
ഇവിടെയീ മുളങ്കാടിന്റെ ഗീതവും
തരുനിരകള്‍ തന്‍ ശീതളഛായയും
അതിനിഗൂഡമാമേതോ സമസ്യതന്‍
പൊരുളു തേടിയലയും സമീരനും
ഒരു വിമോഹന സ്വപ്നാനുഭൂതിയില്‍
മതിമയങ്ങിയൊഴുകും തടിനിയും
മമ ഹൃദയാന്തരാളത്തിലിന്നൊരു
മധുരചിത്രം രചിയ്ക്കുമി സ്സന്ധ്യയില്‍
ഹാ! നിളേ, നിന്റെ തീരത്തണഞ്ഞു ഞാന്‍
ഭൂതകാല സ്മൃതികളില്‍ മുങ്ങുവാന്‍!
എന്റെ കൗമാര സ്വപ്നങ്ങളത്രയും
പങ്കുവെച്ചവള്‍ നീയെന്‍ സഹോദരി!
നിന്റെ വൃദ്ധിക്ഷയങ്ങള്‍ക്കു സാക്ഷിയായ്
നിന്നവള്‍, ഞാനു,മെന്‍ മൂകദു:ഖവും.
ജീവിതത്തിന്റെ സംഗരഭൂമിയില്‍
എന്നെയും മറ,ന്നങ്കം നടത്തവെ
ചിന്തതന്‍ മണിച്ചെപ്പിലൊളിപ്പിച്ച
സാന്ധ്യതാരമായ് മാറി നിന്നോര്‍മകള്‍
യുദ്ധമെല്ലാം കഴിഞ്ഞൂ, പടക്കോ-
പ്പൊന്നൊഴിയാതഴിച്ചുവെച്ചിന്നു ഞാന്‍
എത്തീ നിന്‍ തീരഭൂമിയിലന്നത്തെ
കൊച്ചുകുട്ടിയായ്, നിന്‍ പ്രിയതോഴിയായ്
എത്രവര്‍ഷം കടന്നുപോയെന്നതും
എത്ര പാതകള്‍ പിന്നിട്ടുവെന്നതും
എത്ര നീറുന്ന പ്രശ്നങ്ങള്‍ ജീവിത-
രഥ്യയില്‍ മുള്ളു പാവിയെന്നുള്ളതും
ഞാന്‍ മറക്കുന്നു, സ്നേഹാര്‍ദ്രയാമെന്റെ
സോദരീ നിന്നരികത്തു നില്‍ക്കവെ.
നീയുമെത്രയോ ശോഷിച്ചുപോയ്-
ഭാഗ്യദേവത കൈവെടിഞ്ഞുവോ നിന്നെയും?
ഓടിയോടിത്തളര്‍ന്നവള്‍ ഞാന്‍, ഇന്നു-
മോടീടുന്നു നീ ലക്ഷ്‌യത്തിലെത്തുവാന്‍.
നമ്മള്‍ കണ്ടൊരാസ്വപ്നങ്ങള്‍ മാത്രമാ-
ണന്നുമിന്നും നമുക്കുള്ള സാന്ത്വനം!
Subscribe to:
Posts (Atom)