Saturday, July 6, 2013

എ എസ്സിനെ ഓര്‍ക്കുമ്പോള്‍...


എ എസ്‌ നായര്‍ (1936-1988)

പ്രശസ്ത രേഖാചിത്രകാരനും കാര്‍ട്ടൂണിസ്റ്റുമായിരുന്ന എ എസ്‌ നായരുടെ ഇരുപത്തഞ്ചാം ചരമവാര്‍ഷികദിനമായിരുന്നു കഴിഞ്ഞ ജൂണ്‍ 30. ഇതോടനുബന്ധിച്ച്‌ കോഴിക്കോട്‌ ലളിതകലാ അക്കഡമി ആര്‍ട്ട്‌ ഗാലറിയില്‍ എ എസ്സിന്റെ രേഖാചിത്രങ്ങളുടെ ഒരു പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു. മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ 1961-88 കാലയളവില്‍ എസ്‌ വരച്ച ചിത്രങ്ങളില്‍നിന്ന് തിരഞ്ഞെടുത്ത കുറച്ചെണ്ണം.  അച്ചടിക്കാനായി കൊടുക്കുമ്പോള്‍ ചിത്രങ്ങളില്‍ എ എസ്‌ സ്വന്തം കൈപ്പടയില്‍ എഴുതിയ നിര്‍ദേശങ്ങള്‍ അടക്കമുള്ള ഒറിജിനലിന്റെ പകര്‍പ്പുകളായിരുന്നു ചിത്രങ്ങള്‍. ധാരാളം ആസ്വാദകരെ ആകര്‍ഷിച്ച ആ ചിത്രപ്രദര്‍ശനം കണ്ടു മടങ്ങുമ്പോള്‍ 28 കൊല്ലം മുമ്പ്‌ എ എസ്സുമൊത്ത്‌ ഒരേ കോളനിയിലെ വ്യത്യസ്ത ഫ്ലാറ്റുകളില്‍ ജീവിച്ച മൂന്നു കൊല്ലത്തെ അനുഭവങ്ങള്‍ ഓര്‍മ്മയിലെത്തി.

ആരായിരുന്നു “എ എസ്‌ “എന്ന രണ്ടക്ഷരങ്ങളില്‍ പൊതുവെ അറിയപ്പെട്ടിരുന്ന എ എസ്‌ നായര്‍ എന്ന ചിത്രകാരന്‍? അത്തിപ്പറ്റ ശിവരാമന്‍ നായര്‍ ആ മനുഷ്യന്റെ ജീവിതം ചെര്‍പ്പുളശ്ശേരിയ്ക്കടുത്ത കാറല്‍മണ്ണയില്‍ നിന്ന് ആരംഭിക്കുന്നു. 1936ൽ മേയ് മാസത്തിൽ പാലക്കാട് ജില്ലയിലെ കാറല്‍മണ്ണയിലെ അത്തിപ്പറ്റ വീട്ടിൽ ആണ്‌ ജനനം. കാറൽമണ്ണ യു.പി. സ്കൂളിൽപ്രാഥമിക പഠനം. തുടര്‍ന്ന് ചെര്‍പ്പുളശ്ശേരി ഹൈസ്കൂളിൽ എസ്.എസ്.എൽ.സി വരെ.  കടുത്ത ദാരിദ്ര്യം നിമിത്തം തൃക്കിടീരി മനയെ ആശ്രയിച്ചായിരുന്നു ജീവിതം. മനയ്ക്കലെ വാസുദേവൻ നമ്പൂതിരി,  മദിരാശി സ്കൂൾ ഓഫ് ആർട്സിൽ ചിത്രകല പഠിക്കാൻ പറഞ്ഞയച്ചത് എ.എസ്സിന്റെ ജീവിതത്തിലെ വഴിത്തിരിവായി. പല പ്രശസ്ത ചിത്രകാരന്മാരുടേയും ഗുരുവായ  കെ സി എസ്സ്‌ പണിയ്ക്കര്‍ ആയിരുന്നു ചിത്രകലയിൽ എ.എസിന്റെയും  ഗുരു.  മദിരാശിയിൽ മറ്റുവരുമാനങ്ങളില്ലാത്ത എ.എസ്, ചെര്‍പ്പുളശ്ശേരിയ്ക്കടുത്ത ചളവറ സ്വദേശിയായ ആർ. കൃഷ്ണൻ നായർ നടത്തുന്ന ഹോട്ടലിൽ ജോലിക്കാരനായി,  അവിടെ തന്നെ താമസിച്ചു പഠനം തുടരുകയായിരുന്നു.  പിന്നീട്‌ കൃഷ്ണൻ നായരുടെ ബധിരയും മൂകയുമായ മകളെ  1964ൽ വിവാഹം ചെയ്തു. അതിൽ ഒരു മകളുണ്ട്,  സുധ. സുധയ്ക്കും, ഭര്‍ത്താവ്‌  ജയദേവനും മാതൃഭൂമിയില്‍ ജോലി. രണ്ടു കുട്ടികള്‍ സംതൃപ്തജീവിതം നയിക്കുന്നു.


കാറൽമണ്ണ പൊതുജന വായനശാല നടത്തിയിരുന്ന “കൈരളി” കൈയെഴുത്തുമാസികയിലൂടെ ആണ് എ.എസിന്റെ ആദ്യകാല രേഖാചിത്രങ്ങൾ പുറത്തുവന്നത്. മദിരാശിയിൽ പഠിക്കുന്ന കാലത്ത് മാതൃഭൂമി വാരാന്ത്യപ്പതിപ്പിലും  ജയകേരളം  മാസികയിലും വരച്ചിരുന്നു. ചിത്രകല പഠനത്തിനുശേഷം “പേശും‌പടം” എന്ന തമിഴ് സിനിമാമാസികയുടെ പത്രാധിപസമിതിയിൽ കുറച്ചുകാലം ജോലി നോക്കി. 1961 ല്‍ ആണ്‌  മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ ചിത്രകാരനായി ജോലിക്ക് ചേര്‍ന്നത്‌. എം വി ദേവന്‍ മാതൃഭൂമിയിൽനിന്നും പോയ ഒഴിവിൽ. ദേവൻ തന്നെആയിരുനു എ.എസ്സിന്റെ പേർ മാതൃഭൂമി മാനേജ്മെന്റിനോട് നിർദ്ദേശിച്ചത്. മൂന്നു പതിറ്റാണ്ടോളം ആഴ്ച്ചപ്പതിപ്പിലൂടെ മലയാളത്തിലേയും ഇതര ഭാഷകളിലേയും ഒട്ടനവധി കഥാപാത്രങ്ങൾക്ക് രേഖാചിത്രങ്ങളിലൂടെ ദൃശ്യാവിഷ്കാരം നടത്തിയ. അദ്ദേഹം മികച്ചൊരു കാർട്ടൂണിസ്റ്റുകൂടെ ആയിരുന്നു. നാടകത്തിലും കേരളീയ അനുഷ്ഠാനകലകളിലും ഏറെ തൽ‌പ്പരനായിരുന്നു. മരണം എന്ന പേരിൽ ഒരു നാടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മറാഠനോവലിസ്റ്റ് വി എസ്‌ ഖാണ്ഡേക്കറുടെ  യയാതി എന്നനോവൽ മലയാളത്തിൽ പരിഭാഷപ്പെടുത്തി മാതൃഭൂമിയിൽ ഖണ്ഡശ:പ്രസിദ്ധീകരിച്ചപ്പോൾ ഇലസ്റ്റ്‌റേഷൻ ചെയ്തത് എ.എസ്. ആയിരുന്നു. 


കൂടാതെ മലയാളത്തിലെ ഒട്ടനവധി എഴുത്തുകാരുടെ നോവലുകള്‍ക്കും, ചെറുകഥകള്‍ക്കും അദ്ദേഹം ഇലസ്ട്രേഷൻ നിർവ്വഹിച്ചിട്ടുണ്ട്.  ബഷീര്‍, ലളിതാംബിക അന്തര്‍ജ്ജനം, കോവിലന്‍, എം ഗോവിന്ദന്‍, എം സുകുമാരന്‍ , കേശവദേവ്‌, മാടമ്പ്‌, വത്സല,  ആശാപൂര്‍ണ്ണാ ദേവി, സേതു എന്നിവരടക്കം ഒരുപാടുപേരുടെ രചനകള്‍ക്ക്‌.









 മാതൃഭൂമി ചീഫ് ആർട്ടിസ്റ്റായി ജോലിയിലിരിക്കെ 1988 ജൂൺ 30ന് അൻപത്തിരണ്ടാം വയസ്സിലാണ്‌ എ എസ്സിന്റെ അപ്രതീക്ഷിത മരണം സംഭവിച്ചത്‌



നേരത്തെ പരിചയമുണ്ടായിരുന്നുവെങ്കിലും എ എസ്സുമായി അടുത്ത്‌ ഇടപഴകുന്നത്‌ 1985 മുതല്‍ക്കായിരുന്നു. കോഴിക്കോട്ടെ പത്രപ്രവര്‍ത്തകര്‍ക്കായി  കേരള സംസ്ഥാന ഹൗസിംഗ്‌ ബോര്‍ഡ്‌ നിര്‍മ്മിച്ചുനല്‍കിയതായിരുന്നു കെ പി കേശവമേനോന്‍ ഹൗസിംഗ്‌ കോളനിയിലെ രണ്ടു ബ്ലോക്കുകള്‍. അവിടെ പത്രക്കാരല്ലാത്ത കുറച്ചുപേര്‍ക്കും ഫ്ലാറ്റുകള്‍ അനുവദിച്ചു കിട്ടി. അക്കൂട്ടത്തില്‍ ഒരെണ്ണം ലഭിച്ചപ്പോള്‍ ഞാന്‍ അങ്ങോട്ട്‌ താമസം മാറ്റിയത്‌ 85 ല്‍. സമീപവാസികളെല്ലാം പ്രശസ്തരായ പത്രപ്രവര്‍ത്തകരായിരുന്നു. മാതൃഭൂമിയില്‍ നിന്ന് എ എസ്സ്‌, ജെ ആര്‍ പ്രസാദ്‌, ദേശാഭിമാനിയിലെ ഇ പി ജനാര്‍ദ്ദനന്‍ (അതെ..എക്കണോമിക്സ്‌ ടൈംസിലെ നല്ല ജോലി രാജിവെച്ച്‌ ദേശാഭിമാനിയില്‍ അസിസ്റ്റന്റ്‌ എഡിറ്ററായി ചേര്‍ന്ന ഈ പി ജെ തന്നെ. ലളിതജീവിതം, സാമ്പത്തിക കാര്യങ്ങളില്‍ അഗാധ അറിവ്‌),  മലപ്പുറം മൂസ, സി എം അബ്ദുറഹിമാന്‍, സിദ്ധാര്‍ഥന്‍ പരുത്തിക്കാട്‌ എന്നിവര്‍. മനോരമയിലെ ബാലകൃഷ്ണന്‍ മാങ്ങാട്‌, കേരളകൗമുദിയിലെ പി ജെ മാത്യു, യു കെ കുമാരന്‍, ടി വി വേലായുധന്‍, യു എന്‍ ഐ വിജയേട്ടന്‍,കേസരിയിലെ സുകുമാരേട്ടന്‍, ദിനത്തന്തി ശ്രീനിവാസന്‍ സാമി, ദീപിക കൃഷ്ണപ്പണിക്കര്‍ തുടങ്ങി ഒരുപാടുപേരുടെ ഇടയിലായിരുന്നൂ താമസം. അന്ന് ഇന്ത്യന്‍ എക്സ്പ്രസ്സിലായിരുന്ന, ഇപ്പോള്‍ ദേശാഭിമാനി കണ്‍സള്‍ടിംഗ്‌ എഡിറ്റര്‍ എന്‍ മാധവന്‍ കുട്ടിക്കും അവിടെ ഒരു ഫ്ലാറ്റ്‌ ഉണ്ടായിരുന്നു, അദ്ദേഹം അവിടെയായിരുന്നില്ല താമസമെങ്കിലും.



ഇ പി, സിദ്ധാര്‍ഥന്‍, എ.എസ്‌, മാത്യു തുടങ്ങിയവരെല്ലാം ഞാന്‍ താമസിച്ചിരുന്ന ബ്ലോക്കില്‍ത്തന്നെയായിരുന്നു. മിക്കവാറും ദിവസങ്ങളില്‍ രാത്രി എട്ടുമണിയോടെ ഒരു ഒത്തുകൂടലുണ്ട്‌, ചീട്ടു കളിക്കാനായി. വേദി എന്റെ ഫ്ലാറ്റിനു മുന്നില്‍. എ എസ്‌ തന്നെയാകും മുന്‍ കൈ എടുക്കുക, മിയ്ക്കവാറും. പിന്നെ ഒന്നുരണ്ടു മണിക്കൂര്‍ വാശിയേറിയ 28 കളി. തോല്‍ക്കുന്നവര്‍ തലയില്‍ തൊപ്പിയൊക്കെ വെക്കേണ്ടി വരും!

എന്റെ മകന്‍ അടക്കമുള്ള ഫ്ലാറ്റിലെ കുട്ടികളുടെ "ഇഷ്ടതാരങ്ങളായിരുന്നൂ" എ.എസ്‌ മാമനും ഇ.പി അങ്കിളുമെല്ലാം.  (ഭാര്യ  നേരത്തെ മരണമടഞ്ഞതിനാല്‍ എ.എസ്‌ മകള്‍ സുധയെ ബോര്‍ഡിംഗില്‍ ചേര്‍ത്ത്‌ പഠിപ്പിക്കയായിരുന്നു  അക്കാലത്ത്‌).  കുട്ടികളുടെ കൂട്ടുകൂടി തമാശകള്‍ പറഞ്ഞ്‌ ചിരിയരങ്ങൊരുക്കുന്ന എ എസ്‌  മനസ്സില്‍ നിന്ന് മായില്ല

1988 ജൂണ്‍ 30. ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത ഒരു ദിവസമായിരുന്നു. കാലത്ത്‌ 10 മണിയോടടുത്ത്‌ ഓഫീസിലിലേക്ക്‌ പോകാനായി ഞാന്‍ ഇറങ്ങുമ്പോള്‍ എ എസ്സും കൂടെ ഉണ്ടായിരുന്നു. യുണിവേര്‍സിറ്റിയില്‍ ഒരു പരിപാടിയുണ്ട്‌. അതിനു പോകണം വൈകീട്ട്‌ കാണാം എന്നാണ്‌ പിരിയുമ്പോള്‍ എ എസ്‌ പറഞ്ഞത്‌. 



ഉച്ചയ്ക്ക്‌ ഒരുമണിയോടെ സിദ്ധാര്‍ഥന്റെ ഫോണ്‍ വന്നു. “നമ്മുടെ എ എസ്‌...” വാക്കുകള്‍ മുറിയുന്നു. എ എസ്‌ പോയി എന്ന് പറഞ്ഞൊപ്പിച്ചു, സിദ്ധന്‍. “മാതൃഭൂമി എം എം പ്രസ്സിലുണ്ട്‌  ഉടനെ വരില്ലേ... “

തീര്‍ത്തും അവിശ്വസനീയമായ വാര്‍ത്ത കേട്ട അമ്പരപ്പോടെ തരിച്ചു നിന്നു. പിന്നീട്‌ സമനില വീണ്ടെടുത്ത്‌ മാതൃഭൂമിയിലേയ്ക്ക്‌. അവിടെയെത്തിയപ്പോഴാണ്‌ വിവരങ്ങള്‍ അറിയുന്നത്‌. എ എസ്‌ യുണിവേര്‍സിറ്റിയിലേയ്ക്ക്‌ പോയില്ല. 12.30 ആയപ്പോള്‍ ഒരു ഓട്ടോ റിക്ഷയില്‍ മാതൃഭൂമിയുടെ പടിക്കലെത്തി ഇറങ്ങുമ്പോഴേക്കും കുഴഞ്ഞു വീഴുന്നു. നീണ്ട 27 കൊല്ലം താന്‍ ജോലിചെയ്ത സ്ഥാപനത്തിനു മുന്നിലെത്തി ജീവന്‍ വെടിയുന്നു. ഹൃദയാഘാതമായിരുന്നു. ഞങ്ങളൊക്കെ എത്തുമ്പോള്‍ പത്രക്കടലാസുകള്‍ക്കിടയില്‍ ആ മെലിഞ്ഞു നീണ്ട ശരീരം കിടത്തിയിരിക്കുന്നു

വെറും 52 കൊല്ലം മാത്രം നീണ്ട ജീവിതം. ഒരുപാട്‌ വിഷമങ്ങള്‍ ഉള്ളിലൊതുക്കി പരിചയക്കാര്‍ക്കെല്ലാം സ്നേഹം വാരിക്കോരിക്കൊടുത്ത്‌, നര്‍മ്മത്തില്‍ ചാലിച്ച സംഭാഷണത്താല്‍ മറ്റുള്ളവരുടെ വേദനകള്‍ നുള്ളിക്കളയാന്‍ ശ്രമിച്ച എ എസ്സിനെ നിശ്ചലശരീരം അധികനേരം നോക്കിനില്‍ക്കാന്‍ കെല്‍പ്പില്ലായിരുന്നു.

വൈകുന്നേരം മൃതദേഹം വഹിച്ച ആംബുലന്‍സിന്റെ കൂടെ കാറില്‍ പി ജെ മാത്യു, സിദ്ധാര്‍ഥന്‍, മെഡിക്കല്‍ ഫീല്‍ഡില്‍ പ്രവര്‍ത്തിക്കുന്ന സി ജെ മാത്യു എന്നിവരോടൊപ്പം കാറല്‍മണ്ണയ്ക്ക്‌. മിഥുനത്തിലെ ഇരുണ്ട  ഒരു സായാഹ്നം, ചന്നം പിന്നം മഴപെയ്യുന്നു. മൂടിക്കെട്ടിയ ആകാശം പോലെത്തന്നെ മൂടിക്കെട്ടിയ മനസ്സുമായി ഞങ്ങള്‍ കാറല്‍മണ്ണയിലെത്തി. ദുഖസാന്ദ്രമായ അന്തരീക്ഷത്തില്‍ നടന്ന സംസ്കാരച്ചടങ്ങുകള്‍ക്ക്‌ ശേഷം അര്‍ധരാത്രി തിരിച്ചു പോന്നു.

ഒരുപാടു മരണങ്ങള്‍ക്ക്‌ സാക്ഷ്യം വഹിയ്ക്കേണ്ടി വന്നിട്ടുണ്ടെങ്കിലും ഇതുപോലെ അപ്രതീക്ഷിതവും മനസ്സില്‍ കടുത്ത ആഘാതമേല്‍പ്പിച്ചതുമായ മരണങ്ങള്‍ ചുരുക്കമായിരുന്നു, അതു വരെ.


എ എസ്സിന്റെ ഇരുപത്തഞ്ചാം ചരമവാര്‍ഷികത്തോടനുബന്ധിച്ച്‌ അദ്ദേഹത്തിന്റെ രേഖാചിത്രങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിക്കാന്‍ മുന്‍ കൈയ്യെടുത്ത ജെ ആര്‍ പ്രസാദിനും കൂട്ടുകാര്‍ക്കും നന്ദി.

(എ എസ്‌ ജീവിതരേഖ, ചിത്രങ്ങള്‍ എന്നിവയ്ക്ക്‌ കടപ്പാട്‌: പ്രസാദ്‌ എഡിറ്റ്‌ ചെയ്ത്‌ പ്രസിദ്ധീകരിച്ച "എ എസ്‌ -വരയും കാലവും" എന്ന പുസ്തകം, ജൂണ്‍ 30ന്റെ മാതൃഭൂമി വാരാന്തപ്പതിപ്പ്‌)

1 comment:

poems of CNKumar said...

നല്ല കുറിപ്പ് ........